അക്രമത്തിന്‍റെ ബലി വഴി

അക്രമത്തിന്‍റെ ബലി വഴി

"യുദ്ധമാണ് എല്ലാറ്റിന്‍റെയും പിതാവും രാജാവും" ഹെരാക്ലീറ്റസിന്‍റെ വാചകം അന്വര്‍ത്ഥമാക്കുന്നതാണ് എല്ലാക്കാലങ്ങളും. പ്രതിയോഗി എന്ന പച്ചയായ ജീവിതയാഥാര്‍ത്ഥ്യം കീഴടക്കണം. ഒരുവന്‍റെ കാമവഴി പ്രതിയോഗിയുടെ പിന്നാലെയാണ്. അനുകരിച്ചു പ്രതിയോഗി തടസ്സമായി തട്ടിനീക്കേണ്ട വൈരിയാകുന്നു. ആക്രമണത്തിന്‍റെ അരങ്ങു സജ്ജമായി. ഈ പ്രതിയോഗി സംഘത്തിന്‍റെയാകാം, ആള്‍ക്കൂട്ടത്തിന്‍റെയും. ഭയത്തിന്‍റെയും വൈരത്തിന്‍റെയും ദൈവം ബലി ആവശ്യപ്പെടുന്നു. ഈ ദൈവങ്ങളെ ശാന്തമാക്കണം. ഗ്രീക്കു ദുരന്തനാടകങ്ങളും പഴയ നിയമപ്രവാചകരുടെ പാരമ്പര്യവും "ബലിയുടെ പ്രതിസന്ധി" അവതരിപ്പിക്കുന്നു.
പല പ്രാചീന മതങ്ങളിലും മൃഗമാണു ബലിയര്‍പ്പിക്കപ്പെടു ന്നത്. എന്നാല്‍ നരബലിയും ഉണ്ടായിരുന്നു, അതിന്‍റെയെല്ലാം ചില ആവര്‍ത്തനസംഭവങ്ങള്‍ ഇപ്പോഴും നടക്കുന്നു. അബ്രാഹത്തോടാണു ദൈവം ആവശ്യപ്പെട്ടത് ഇസഹാക്കിനെ ബലി ചെയ്യാന്‍. ബലിയുടെ കത്തി ഉയര്‍ന്നപ്പോള്‍ അതു തടഞ്ഞു. ഇസഹാക്കിനു പകരം ആടിനെ ബലിയാക്കി. ഇസ്ലാമിക പാരമ്പര്യപ്രകാരം ഈ ആടിനെയാണ് ആബേല്‍ ബലി ചെയ്തത്. അയാളുടെ പകരക്കാരനായി ആടു മാറുന്നു. പഴയ നിയമത്തില്‍ ജനങ്ങളുടെ പാപത്തിന്‍റെ ക്രോധവും വൈരവും വെറുപ്പുമെല്ലാം കെട്ടിവച്ചു ബലിയാടിനെ ബലി ചെയ്യുന്നു. ബലി അക്രമമാണ്; അക്രമത്തിന്‍റെ പ്രകടനവും അനുഷ്ഠാനവുമാണ്. ആ കാഴ്ച കാണുന്നവന്‍റെ വികാരവിരേചനയായി അതു മാറുന്നു. കോപവും വെറുപ്പും വൈരവും അക്രമവും അപരനിലേക്ക് ആവസിപ്പിച്ചു മുക്തി നേടുന്നു.
അക്രമം സമൂഹത്തെ ബാധിക്കുന്ന വസന്തപോലെയാണ്. അതിനെ നിയന്ത്രിച്ചില്ലെങ്കില്‍ സമൂഹം ഇല്ലാതാകും. പൊലീസും പട്ടാളവും നീതിപീഠങ്ങളും വികസിതമോ ഫലപ്രദമോ അല്ലാതിരുന്ന പ്രാചീന സാഹചര്യങ്ങളില്‍ അതു പരിഹരിക്കുന്നതു മതത്തിന്‍റെ ബലിപീഠത്തിലാണ്. ഈ അക്രമത്തിന്‍റെ പകര്‍ച്ചവ്യാധി തടയുന്ന നരബലിയെ "പരിഹാരം' (Pharmakon) എന്ന വിധത്തിലാണ് അഞ്ചാം നൂറ്റാണ്ടില്‍പോലും ഗ്രീക്ക് സമൂ ഹം കണ്ടത്. കുമിഞ്ഞുകൂടുന്ന ക്രോധത്തിന് ഒരു ഇര കൊടുത്ത് അതിനെ ബലി ചെയ്തു കാണിക്കുക. ക്രോധമടങ്ങി ശാന്തി വരാനുള്ള അനുഷ്ഠാനം. കോഴിവെട്ട് മുതല്‍ മനുഷ്യക്കുരുതി വരെ ഇങ്ങനെ അരങ്ങേറുന്നു. അതു ക്രമസമാധാനത്തിന്‍റെ പ്രാചീനമതത്തിന്‍റെ മാന്ത്രികമാര്‍ഗമാണ്.
കായേന്‍ മൃഗത്തെ ബലി ചെയ്തില്ല. അയാള്‍ സഹോദരന്‍റെ ഘാതകനായി. ജോസഫിന്‍റെ ചേട്ടന്മാര്‍ ജോസഫിനെ കൊന്നില്ല, വിറ്റു പകരം ആടിനെ കൊന്ന് ആ ചോരയില്‍ വസ്ത്രം മുക്കി പിതാവിനെ കാണിച്ച് അവരുടെ സ്പര്‍ധയ്ക്കു പരിഹാരം കണ്ടു. ഇത്തരം ബലികള്‍ കാലഹരണപ്പെട്ടു. കായേന്‍ സ്വന്തം മൃഗീയതയെ ബലി ചെയ്യണമെന്ന ആത്മീയവ്യാഖ്യാനമായി. ക്രിസ്തു ബലിയര്‍പ്പിക്കാനല്ല പഠിപ്പിക്കുന്നത് ബലിയാക്കപ്പെടുന്നവരെ സംരക്ഷിക്കാനാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org