മറ നീക്കാനാവാത്ത മര്‍ത്യന്‍

മറ നീക്കാനാവാത്ത മര്‍ത്യന്‍

പോള്‍ തേലക്കാട്ട്.

"ഇന്നലെയും ഇന്നും നാളെയുമുള്ള എല്ലാം ഞാനാണ്. എന്റെ മറ നീക്കാന്‍ ഒരു മര്‍ത്യനും ഒരിക്കലും കഴിയുകയില്ല." ഈജിപ്തിലെ പ്രസിദ്ധമായ ഈസിസ് ദേവിയുടെ നൈല്‍ നദീതീരത്തുള്ള വിഗ്രഹത്തിന്റെ ചുവട്ടിലെ ലിഖിതമാണിത്. എല്ലാ കലകളുടെയും ദേവതയും പ്രകൃതിമാതാവിന്റെ ദേവതയുമായി ഈസിസ് പരിഗണിക്കപ്പെടുന്നു. ഗ്രീസിലും പിന്നീടു റോമിലും ആരാധനാമൂര്‍ത്തിയായിരുന്നു. സംരക്ഷണത്തിന്റെയും മറച്ചുവയ്ക്കലിന്റെയും ഈ ആവരണം സ്ത്രീകളുടെ അനിവാര്യ ശിരോവസ്ത്രമായി. ആവരണം മാറ്റി രഹസ്യം വെളിവാക്കുന്ന നടപടിയായി എല്ലാ ശാസ്ത്രീയാന്വേഷണങ്ങളും.

ഈസിസ് ദേവതയുമായി വോള്‍ട്ടര്‍ നടത്തുന്ന സാങ്കല്പികസംഭാഷണത്തില്‍ പറയുന്നു: "നിന്റെ പാതകളുടെ ചലനവഴികള്‍"ക്കുള്ള മറയായി ഈ ശിരോവസ്ത്രത്തെ വ്യാഖ്യാനിക്കുന്നു. "നിന്റെ നിയമങ്ങളെല്ലാം അഗാധമായ ക്ഷേത്രഗണിതമാണ്. നിന്നെ നയിക്കുന്ന നിത്യനായ ക്ഷേത്രഗണിതാവ് ഉണ്ടായിരിക്കണം. ആത്യന്തികമായ യുക്തി നിന്റെ നടപടികളുടെ അദ്ധ്യക്ഷനായുണ്ട്." ഈ സംഭാഷണം അവസാനിക്കുമ്പോള്‍ ദേവത പറയുന്നു: "എന്റെ സ്രഷ്ടാവിനോടു ചോദിക്കൂ." പ്രകൃതിയും ദാര്‍ശനികനും തമ്മിലുള്ള സംഭാഷണമാണ്.

എമ്മാനുവേല്‍ കാന്റ് 1790-ല്‍ സാഹിത്യത്തെയും കലയെയും കുറിച്ചുള്ള മൂന്നാമത്തെ ഗ്രന്ഥമെഴുതിയപ്പോള്‍ ഈ പ്രപഞ്ചദേവതയെക്കുറിച്ചും അവളുടെ ആവരണത്തെക്കുറിച്ചും ഇങ്ങനെ എഴുതി: "ഒരുപക്ഷേ, ഇത്രയും ഉദാത്തമായത് ഇതിനുമുമ്പ് ഒരിക്കലും ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ല." പ്രാപഞ്ചികലോകത്തിന്റെ പ്രതിഭാസങ്ങള്‍ "അത്ഭുതവും അമ്പരപ്പും പ്രദ്യോതിപ്പിക്കുന്നു" എന്ന് അദ്ദേഹം എഴുതി. എന്നാല്‍ ഷില്ലര്‍ എന്ന ജര്‍മന്‍ ചിന്തകനെ സംബന്ധിച്ചിടത്തോളം മനുഷ്യനു മനസ്സിലാക്കാനാവാത്ത സത്യത്തെയാണു സൂചിപ്പിക്കുന്നത്. കാരണം സത്യം വിഭജിച്ചു വിളമ്പാനാകാത്തതാണ്. ഐന്ദ്രിയമായ നമ്മുടെ അറിവ് എപ്പോഴും പരിമിതമാണ്. അതുകൊണ്ട് അവളുടെ ആവരണം മാറ്റാനാവില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സമകാലികനായ ഗോഥേ എഴുതി "പ്രകൃതി അതിന്റെ ആവരണങ്ങള്‍ മാറ്റി രഹസ്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍", "ഏറ്റവും ശ്രേഷ്ഠമായ വ്യാഖ്യാനങ്ങള്‍ക്കു ദാഹിക്കുന്നു. ഇവിടെ മറനീക്കാന്‍ ശാസ്ത്രത്തിന്റെ മറനീക്കലിനെയും മറികടന്നുപോകുന്നു. അതു വ്യാഖ്യാനവും സങ്കല്പവുമായി മാറുന്നു. മറകള്‍ മാറ്റാനാവില്ല, മറിച്ചു നമുക്ക് ഊഹിക്കാനും വ്യാഖ്യാനിക്കാനും കഴിയും."

ഈ മറ നീക്കലും വ്യാഖ്യാനവും ഊഹവുമാണു സംസ്‌കാരങ്ങളെ സൃഷ്ടിക്കുന്നതും സമൂഹങ്ങളെ നയിക്കുന്നതും. പ്രപഞ്ചവിലാസത്തിനിടയില്‍ ദൈവമാണ് എന്ന് യഹൂദചിന്തകനായ സ്പിനോസ എഴുതി. ദൈവം അഥവാ പ്രപഞ്ചം എന്ന അദ്ദേഹത്തിന്റെ സമാസത്തില്‍ ഇസിസ് എന്ന പ്രപഞ്ച ദേവി ദൈവത്തിന്റെ വിലാസമാണ് – ഈ പ്രപഞ്ചകേളിയുടെ മറയുടെ പിന്നില്‍ ദൈവമാണ് എന്ന ചിന്ത വ്യാപകമാണ്. പ്രപഞ്ചത്തെ ദൈവത്തിന്റെ ക്ഷേത്രമാക്കുന്നു. ദൈവത്തിന്റെ വിലാസത്തിന്റെ പ്രകാശനത്തിന്റെ വെളിവാകലിന്റെയും തട്ടികയുടെയും സ്‌ക്രീനുമാണു കാലദേശങ്ങള്‍. കാലദേശങ്ങളുടെ ദ്വിമാന തട്ടികയില്‍ നിരാമയമായ പ്രപഞ്ചകേളി അരങ്ങേറുന്നു. അതിന്റെ പിന്നിലെ അര്‍ത്ഥപ്രസക്തികള്‍ വായിച്ചു മനസ്സിലാക്കുന്നതിലാണു മനുഷ്യസമൂഹത്തിന്റെ ഔന്നത്യവും സംസ്‌കാരവും നിലകൊള്ളുന്നത്. ദൈവസാന്നിദ്ധ്യം മറയ്ക്കപ്പെട്ടിരിക്കുന്നു. മറ നീക്കാനുള്ള എല്ലാ നടപടികളും സാദ്ധ്യതയുടെ മണ്ഡലമാണ്. അതുകൊണ്ടു മറയ്ക്കപ്പുറത്ത് എന്ത് എന്ന ചോദ്യം ഉത്തരമില്ലാത്തതും വ്യാഖ്യാനത്തിനും സങ്കല്പത്തിനും കാവ്യകലാകാരന്മാരുടെ കവനത്തിനും വിടുന്നു. അപ്പുറത്തെക്കറിച്ചു ഇപ്പുറത്തു പറഞ്ഞവരാണു പ്രവാചകര്‍. മറനീക്കലിന്റെ കഥയായി ഓരോ മതപാരമ്പര്യങ്ങള്‍ നിലകൊള്ളുന്നു.
മോസസ് അങ്ങനെ മറനീക്കി കണ്ടു എന്നവകാശപ്പെട്ട് ജനങ്ങളെ അതിന്റെ വെളിച്ചത്തില്‍ നയിച്ചവനായിരുന്നു. അലക്‌സാന്‍ഡ്രിയായിലെ ഫീലോ എന്ന യഹൂദചിന്തകന്‍ എഴുതി: "സാഹിത്യകാരന്മാരായ ഗ്രീക്ക് എഴുത്തുകാര്‍ അദ്ദേഹത്തെക്കുറിച്ചു (മോസസ്) പരാമര്‍ശിക്കാതിരുന്നതു അസൂയകൊണ്ടാണ്." ഫ്‌ളാവിയൂസ് ജോസഫ് മോസസിനെ ഏറ്റവും വലിയവനായിത്തന്നെ കാണുന്നു. ഗ്രീക്കുകാരുടെ "നിന്നെത്തന്നെ അറിയുക" എന്നതുപോലും നടപ്പിലാക്കിയ ഏറ്റവും വലിയ നിയമദാതാവായിരുന്നു മോസസ്. പ്രപഞ്ചത്തില്‍ പ്രകൃതിയെയും ചരിത്രത്തെയും വായിച്ചു വ്യാഖ്യാനിച്ചതില്‍ മോസസിനെപ്പോലെ ആരുമില്ല. പ്രകൃതിയുടെയും ചരിത്രത്തിന്റെയും മറനീക്കല്‍ മോഹം വെളിവാക്കിയതു പത്തു കല്പനകളായിരുന്നല്ലോ.

ഡോറ ഹ്യൂര്‍സ്റ്റന്‍ എന്ന കറുത്ത വര്‍ഗക്കാരന്‍ "മോസസ്, മലയുടെ മനുഷ്യന്‍" എന്ന നോവലില്‍ പത്തു കല്പനകള്‍ കണ്ടെത്തിയതിനെ ഇങ്ങനെ വിവരിക്കുന്നു: "പറയുന്നതു നടത്താന്‍ കഴിവുള്ള ദൈവത്തിന്റെ പത്തു വിശുദ്ധ വാക്കുകള്‍ പഠിക്കാന്‍ വേണ്ട സമയം മലമുകളില്‍ മോസസ് ചെലവഴിച്ചു. ദൈവത്തില്‍ നിന്നു പത്തു വാക്കുകളാണു പഠിച്ചത്. ശക്തിയുടെ വിശുദ്ധമായ ഈ വാക്കുകളെ പത്തു കല്പനകളാക്കി. വാക്കുകളുടെ മറുവശത്ത് എന്തും തകര്‍ക്കാന്‍ പോന്ന മുദ്രകളായിരുന്നു." മോസസ് തന്റെ അവസാനകാലമായപ്പോള്‍ അധികാരങ്ങള്‍ ജോഷ്വായ്ക്കു കൊടുത്തു. വാഗ്ദാന നാടു കടക്കാതെ ഏകാന്തതയിലേക്കു പിന്‍ വാങ്ങി. അദ്ദേഹം ഇസ്രായേല്‍ ജനതയ്ക്കു ചെയ്യാത്തത് എന്താണ്? ഒന്നുമില്ല. അരമനയില്‍ പാര്‍ത്തു കിരീടം ധരിക്കുക… ഇല്ല. അങ്ങനെ അദ്ദേഹം മരിക്കാന്‍ ആഗ്രഹിച്ചില്ല. അദ്ദേഹത്തിനു സ്വാതന്ത്ര്യം വേണമായിരുന്നു. പ്രകൃതിയോടും ദൈവത്തോടും ചോദിക്കാന്‍ ചോദ്യങ്ങളുണ്ടായിരുന്നു… സാധാരണ മനുഷ്യനെപ്പോലെ രോഗിയായപ്പോള്‍ പത്തു കല്പനകള്‍ക്ക് എന്തു സംഭവിക്കും എന്നു പര്യാലോചിച്ചോ? ഹെബ്രായരുടെ ഇടയില്‍ അദ്ദേഹം മരിച്ചില്ല. മരിക്കുന്നതായി അവര്‍ കാണണ്ട… നേബോ പര്‍വതത്തിനു മുകളില്‍ തന്റെ കബറിടം ഉണ്ടാക്കാന്‍ പോയി. അദ്ദേഹം വന്നതും പോയതും രഹസ്യത്തിലേക്കായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org