Latest News
|^| Home -> Pangthi -> ഉള്‍പ്പൊരുള്‍ -> മതങ്ങള്‍ വിഴുങ്ങിയ രാഷ്ട്രീയ മുന്നണികള്‍ കേരളത്തിനു ബാധ്യതയാകുന്നോ?

മതങ്ങള്‍ വിഴുങ്ങിയ രാഷ്ട്രീയ മുന്നണികള്‍ കേരളത്തിനു ബാധ്യതയാകുന്നോ?

Sathyadeepam

ഫാ. സേവ്യര്‍ കുടിയാംശ്ശേരി

ഫാ. സേവ്യര്‍ കുടിയാംശ്ശേരി

തിരഞ്ഞെടുപ്പു കഴിഞ്ഞു. പെട്ടിപൊട്ടിക്കാന്‍ കാത്തിരിക്കുകയാണെല്ലാവരും. കണക്കു കൂട്ടലും കിഴിക്കലും തകൃതിയായിട്ടു നടക്കുന്നുണ്ട്. അവകാശവാദങ്ങള്‍ക്കൊരു കുറവുമില്ല. എല്ലാവരും ജയിക്കും. തോല്‍ക്കാന്‍ ആരുമില്ല. ബി.ജെ.പി.ക്കു, പക്ഷേ ജയിക്കണമെന്നു നിര്‍ബന്ധവുമില്ല. തൂക്കു മന്ത്രിസഭയായാല്‍ നന്ന്. 35 സീറ്റെങ്കിലും കിട്ടിയാല്‍ ഭരണമേല്‍ക്കാനുള്ള ചെപ്പടിവിദ്യകള്‍ പലേടത്തും പ്രയോഗിച്ചു വിജയിച്ചിട്ടുള്ളതു കൈയിലുണ്ട്. തിരഞ്ഞെടുപ്പിലെ ശരിതെറ്റുകള്‍ സംബന്ധിച്ചു ഉള്‍പാര്‍ട്ടി പിടലപ്പിണക്കങ്ങള്‍ കോടതി വരാന്തവരെ എത്തിയിരിക്കുന്നു. ആലപ്പുഴയില്‍ നിന്ന് ആംഗലേയ ഭാഷയ്ക്ക് ഒരു പുതിയ പ്രയോഗവും ലഭിച്ചു. പൊളിറ്റിക്കല്‍ ക്രിമിനല്‍. ഈ പ്രയോഗം നമ്മുടെ ജി. സുധാകരന്റെ പേരില്‍ ബ്രിട്ടീഷ് ഡിക്ഷണറിയില്‍ കയറിക്കൂടുമായിരിക്കും. എന്തായാലും മെയ് രണ്ടിന് ആരെങ്കിലുമൊക്കെ ജയിക്കും. ജനം വീണ്ടും തോല്‍ക്കും. ഇതുവരെ ഇടതുവലതു മുന്നണികളുടെ നാടകമായിരുന്നു. ഇപ്പോഴിതാ മറ്റൊരു മുന്നണികൂടി സജീവമായി ഗോദയിലിറങ്ങിയിരിക്കുന്നു. മാത്രമല്ല ഇടതുവലതു മുന്നണികള്‍ക്കു കടുത്ത ഭീഷണി ഉയര്‍ത്തി ബി.ജെ.പി. കരുത്തു കാട്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പിലെ പെര്‍ഫോമന്‍സ് മൊത്തത്തില്‍ വിലയിരുത്തിയാല്‍ ഒന്നാം സ്ഥാനം ബി.ജെ.പി.ക്കുതന്നെ. തികഞ്ഞ അവധാനതയോടെ മത്സരാര്‍ത്ഥികളെ കണ്ടുപിടിച്ചു ഫീല്‍ഡിലിറക്കാന്‍ കഴിഞ്ഞു. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗം കീഴടക്കി. സമാഹരിച്ച പണമൊന്നും വ്യക്തികള്‍ വീട്ടില്‍ കൊണ്ടുപോകാത്തതുകൊണ്ട് രാജ്യത്തെ വിലയ്ക്കുവാങ്ങാന്‍ മാത്രം ഫണ്ടുണ്ടു പാര്‍ട്ടിക്ക് എന്നാണ് അടക്കം പറച്ചിലുകള്‍. അധികാരവും പണവും തിരഞ്ഞെടുപ്പു വിജയത്തിന് എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് ബി.ജെ.പിയെ ആരും പഠിപ്പിക്കേണ്ടതില്ല. ശത്രുവിനെ വരച്ചവരയില്‍ നിര്‍ത്താനും സ്വന്തം പതാക ഉയര്‍ത്തി നിര്‍ത്താനും ബി.ജെ.പിക്കറിയാം. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ബ്ലൂ ഇക്കോണമിയെക്കുറിച്ച് ആരെക്കൊണ്ടും മിണ്ടിച്ചില്ല. ബി.ജെ.പിയെ പഴിചാരി രക്ഷപ്പെടാമായിരുന്നിട്ടും ഇടതു പാര്‍ട്ടിക്കതിനു സാധിക്കാതെയും പോയി. കേന്ദ്ര ഏജന്‍സികളെ രാജ്യസേവനത്തില്‍നിന്നു മാറ്റി പാര്‍ട്ടി സേവനത്തിനു പ്രയോജനപ്പെടുത്തിയ വിദ്യ ബി.ജെ.പിയല്ലാതെ മറ്റാരും ഇതു വരെ മനസ്സിലാക്കിയിട്ടുപോലുമില്ല. 35 സീറ്റുകിട്ടിയാല്‍ തങ്ങള്‍ ഭരണം നടത്തുമെന്നു പറയാന്‍മാത്രം കളിയറിയാമെന്ന് ബി.ജെ.പി തെളിയിച്ചു കഴിഞ്ഞു ഗോവയിലും മറ്റും. തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയം മറന്നപോലുണ്ട് ഇടതുവലതു മുന്നണികളുടെ ചെയ്തികള്‍ ശ്രദ്ധിച്ചാല്‍. രാഷ്ട്രീയമെന്നാല്‍ കക്ഷിരാഷ്ട്രീയമല്ല, രാഷ്ട്രത്തെ സംബന്ധിക്കുന്ന കാര്യങ്ങളാണ്. മറ്റു വാക്കുകളില്‍പ്പറഞ്ഞാല്‍ ജനങ്ങളുടെ നിരവധിയായ പ്രശ്‌നങ്ങളാണു ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. അതെല്ലാം മറന്നിട്ട് ശബരിമല എന്ന ഒറ്റ വിഷയത്തില്‍ ഒതുക്കിയില്ലേ. മനുഷ്യനേക്കാള്‍ മതത്തിനു പ്രാധാന്യം നല്‍കുന്നതിലെ അനൗചിത്യം ഇപ്പോള്‍ ആര്‍ക്കും ഒരു വിഷയമേയല്ല. മതം പറഞ്ഞ് വോട്ടു നേടുന്ന എളുപ്പവഴി സ്വര്‍ണമുട്ടയിടുന്ന കോഴിയെ കൊന്ന് പെട്ടെന്നു പണക്കാരനാകാനുള്ള മോഹം വിളിച്ചുവരുത്തുന്നതു പോലെ ദുരന്തമാണ്. പൗരത്വ വിഷയവും കര്‍ഷകസമരവും കുത്തകപ്രീണനനയങ്ങളും, എല്ലാം അംബാനിയുടെ വീട്ടിലെത്തിക്കുന്ന ഭ്രാന്തന്‍ രീതികളും പോരായിരുന്നോ ബി.ജെ.പിയെ കരയ്ക്കിരുത്താന്‍. ഇക്കാര്യങ്ങളൊന്നും വിഷയമാക്കാന്‍ ഇടതു വലതു മുന്നണികള്‍ക്കു കഴിഞ്ഞില്ല. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത ബി.ജെ.പി.ക്കുമുണ്ടായി. വട്ടിയൂര്‍ക്കാവും നേമവും ഇതുപോലെ വിഷയമാക്കി ബി.ജെ.പിയെ വളര്‍ത്തി നിര്‍ത്തിയതു കോണ്‍ഗ്രസ്സിന്റെ പരാജയമായിപ്പോയി. കോണ്‍ഗ്രസ്സ് വെറും ആള്‍ക്കൂട്ടമായി മാറിയതിന്റെ ജാള്യത കുട്ടിക്കോണ്‍ഗ്രസ്സുകാരുടെ മുഖത്തു കാണാമായിരുന്നു. തോമസ് പിക്കറ്റിയെപ്പോലുള്ളവര്‍ തയ്യാറാക്കികൊടുത്ത അതിഗംഭീരമായ പ്രകടനപത്രിക പുറംലോകം കാണാതെ പെട്ടിയില്‍ നിത്യ വിശ്രമം കൊള്ളുന്നു. അനേകം നേതാക്കളുടെ ബാഹുല്യമുണ്ടെങ്കിലും കോണ്‍ഗ്രസ്സിനൊരു നേതാവില്ല എന്നതാണ് കോണ്‍ഗ്രസ്സിന്റെ തളര്‍ച്ചയ്ക്കു കാരണം. പറയുമ്പോള്‍ എല്ലാം പറയണമല്ലോ. പ്രതിപക്ഷ നേതാവു തിളങ്ങി. പക്ഷേ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കാന്‍ പ്രതിപക്ഷത്തുനിന്ന് ആരും ഇല്ലാതെപോയി. കോണ്‍ഗ്രസ്സിന്റെ ആള്‍ക്കൂട്ട നേതാക്കള്‍ ഒറ്റയാന്‍ വഴിതേടിയപ്പോള്‍ ഇടതുപക്ഷത്തിന് ഒരു നല്ല ക്യാപ്റ്റനെക്കിട്ടി, പ്രളയകാലത്തും കോവിഡ് പ്രതിരോധത്തിലും ഭരണകക്ഷി ചെയ്ത കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഭരണത്തുടര്‍ച്ച അവകാശപ്പെടാവുന്നതാണ്. ഉറപ്പാണു ഭരണത്തുടര്‍ച്ച എന്നത് എല്ലാം ശരിയാക്കാം എന്നപോലെ പൊളിഞ്ഞു പാളീസായെന്നു പറയാനേ സാധിക്കുന്നുള്ളൂ. കാരണം തുടര്‍ച്ചയായ അഴിമതി ആരോപണങ്ങളും ഭരണരംഗത്തെ ചില മേഖലകളിലുണ്ടായ കെടുകാര്യസ്തയും തന്നെ. ഗൃഹപാഠം ചെയ്യാനാവാഞ്ഞതും വിലയിരുത്തലുകള്‍ ഇല്ലാതിരുന്നതും മുഖ്യമന്ത്രിയുടെ ഓഫീസിനുതന്നെ വിനയായി. തോമസ് ഐസക്കിനേയും ജി. സുധാകരനേയും മാറ്റി നിര്‍ത്തിയത് പരാജയം വിലയ്ക്കു വാങ്ങുന്നതു പോലായില്ലേ എന്ന് പാര്‍ട്ടിക്കാര്‍തന്നെ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ബി.ജെ.പി. കേഡര്‍ പാര്‍ട്ടി സ്റ്റാറ്റസില്‍ വിലസി. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ തിരഞ്ഞെടുപ്പു ദിനത്തില്‍ സമദൂരം വലിച്ചെറിഞ്ഞിട്ട് ഭരണമാറ്റം ജനങ്ങളാഗ്രഹിക്കുന്നു എന്നു പറഞ്ഞതാര്‍ക്കുവേണ്ടിയായിരുന്നു എന്ന് പരിശോധിക്കേണ്ടതാണ്. ന്യൂനപക്ഷ ക്ഷേമകാര്യങ്ങളുടെ നടത്തിപ്പു സംബന്ധിച്ചു നിലനില്‍ക്കുന്ന അനീതി ക്രൈസ്തവ സമൂഹത്തെ അസംതൃപ്തരാക്കിയിട്ടുണ്ട്. ലൗ ജിഹാദ് പോലുള്ള വിഷയങ്ങളില്‍ ഇടതുവലതു മുന്നണികള്‍ കാട്ടുന്ന അലംഭാവവും ക്രൈസ്തവരെ ചൊടിപ്പിച്ചിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനം സംബന്ധിച്ച വിഷയങ്ങളില്‍ എന്‍.ഡിയെയോടും എല്‍.ഡി.എഫിനോടും മുറുമുറുപ്പുണ്ടു ലത്തീന്‍ കത്തോലിക്കര്‍ക്ക്. ഭരണത്തുടര്‍ച്ചയെന്നും ഭരണമാറ്റമെന്നും മാറി മാറിപ്പറഞ്ഞ രണ്ടു പ്രയോഗങ്ങളല്ലാതെ ആര്‍ക്കും ആത്മാര്‍ത്ഥതയില്ലായിരുന്നു ആ വിഷയത്തില്‍. ഇരുമുന്നണികളുടേയും ആഭ്യന്തരപ്രശ്‌നങ്ങള്‍ ജയപരാജയങ്ങളേക്കാള്‍ രൂക്ഷമായിരുന്നു. അതിനാല്‍ ഒരു വിലാപയാത്രപോലായിരുന്നു തിരഞ്ഞെടുപ്പു പ്രചാരണജാഥകളെല്ലാം. മതങ്ങള്‍ വിഴുങ്ങിയ രാഷ്ട്രീയ മുന്നണികള്‍ കേരളത്തിനു ബാധ്യതയാകുന്നു. ഇനിയെന്താ വേണ്ടത്. ആരുടെയെങ്കിലും വിജയമോ ആരുടെയെങ്കിലും പരാജയമോ അല്ല, മൊത്തത്തിലുള്ള ഒരു രാഷ്ട്രീയ ഉയിര്‍ത്തെഴുന്നേല്‍പാണു കേരളത്തിനുവേണ്ടത്.

Leave a Comment

*
*