Latest News
|^| Home -> Pangthi -> ചിന്താജാലകം -> ആത്മീയത പ്രാവാചികമാണ്‌

ആത്മീയത പ്രാവാചികമാണ്‌

ഫാ. പോള്‍ തേലക്കാട്ട്

”കടന്നുപോയ ദൈവം – അതിന്റെ അടയാളം ഒരു മുഖപടമല്ല. ദൈവത്തിന്റെ പടം ദൈവത്തിന്റെ രൂപമല്ല. പടമെന്നതിനു ദൈവത്തിന്റെ ഛായ എന്ന അര്‍ത്ഥവുമില്ല. അവന്‍ അവശേഷിപ്പിച്ചതു കാണുകയാണ്. ഈ ശേഷിപ്പില്‍ അവനെ കാണുന്നു – പുറപ്പാടിന്റെ ആവേശത്തിമിര്‍പ്പുപോലെ അവനിലേക്കു പോകാന്‍ ഈ പാടു പിന്തുടരണം. അതു ബിംബമല്ല. മറിച്ച് മറ്റുള്ളവരിലേക്കു പോകുക, അവരില്‍ അപരത്വത്തിന്റെ അവശേഷിപ്പ് നില്ക്കുന്നു” യഹൂദപണ്ഡിതനായ ലെവീനാസ് എഴുതി. ദൈവവുമായുള്ള ബന്ധം സങ്കല്പത്തിനോ കാവ്യത്തിനോ കല്പിക്കാനാവുന്നതല്ലെന്നും അതുകൊണ്ട് ആ ബന്ധത്തെ മിസ്റ്റിക്കല്‍ ആക്കുന്നതു പേഗനിസമായി മാറുമെന്നും അദ്ദേഹം വാദിക്കുന്നു. ഈ അതിഭൗതികബന്ധം ‘നിഷേധ’ത്തിന്റെയാണ്. അതു ദൈവമില്ലാത്തതുപോലുള്ള ദൈവബദ്ധമാണ്. യഹൂദപാരമ്പര്യപ്രകാരം മോശ ദൈവത്തെ കാണുന്നതു പിന്നില്‍ നിന്നാണ്. അതൊരു വെളിപാടല്ല. അതു ദൈവവുമായുള്ള ബന്ധത്തിന്റെ പ്രത്യേകത സൂചിപ്പിക്കുകയാണ്. അതു പക്വതയാര്‍ന്നവരുടെ മതമായി വിശേഷിപ്പിക്കപ്പെടുന്നു. ആ ബന്ധം ധര്‍മത്തിന്റെ കല്പനകളിലൂടെയുള്ള ബന്ധമാണ്. അതു നേരിട്ടല്ല, പരോക്ഷമാണ്. ലോകത്തിലുള്ള എന്തുമായി ദൈവത്തെ ബന്ധിപ്പിക്കുന്നത് അക്രമത്തിനു സാധുത നല്കലായി മാറും എന്നു ലെവീനാസ് കരുതുന്നു.

ഇങ്ങനെ ദൈവത്തെ ഡയനീഷ്യസിന്റെ ബന്ധംപോലുള്ള കലാപരവും കാവ്യാത്മകവുമായ ബന്ധമാക്കി. അത് അക്രമത്തിനു സാധുതയായി മാറിയ ചരിത്രം ധാരാളമുണ്ട്. മതത്തിന്റെ പേരിലുള്ള അക്രമങ്ങളുടെ പിന്നില്‍ ദൈവപ്രസാദം കിട്ടിയെന്നഭിമാനിക്കുന്നവനും കഴിയുമെന്ന് എന്നു വരുന്നു. ”യഹൂദന്റെ സെക്കുലറിസം സെക്കുലറല്ല” എന്നു പറയുന്നതുപോലെ ”യഹൂദന്റെ മിസ്റ്റിസിസം മിസ്റ്റിക്കലുമല്ല.” സാധാരണ മിസ്റ്റിസിസത്തെ നിരാശയുടെ മിസ്റ്റിസിസം എന്നു വിളിക്കുന്നു. അതില്‍ അതിഭൗതികമായതിന്റെ ശുദ്ധസാക്ഷ്യമില്ല. ദൈവത്തിനു രക്തസാക്ഷികള്‍ വേണമെന്ന മരണമോഹത്തിന്റെ സാക്ഷ്യമായി അതു മാറാം.

ദൈവവുമായി നേരിട്ടല്ല ബന്ധം, അതു പരോക്ഷമാണ്. അതു മനുഷ്യബുദ്ധിയില്‍ നിന്നുതന്നെ വ്യക്തമാണ്. മനുഷ്യന്റെ ബുദ്ധിയില്‍ ചോദ്യം ചെയ്യലിന്റെയും നീതിക്കായുള്ള ക്ഷണത്തിന്റെയും പ്രത്യേകതകള്‍ ഉണ്ട്. ഈ ചോദ്യം ചെയ്യലും നീതിക്കുവേണ്ടിയുള്ള ക്ഷണവും തമ്മിലുള്ള ധര്‍മ്മബോധത്തിന്റെ സാന്നിദ്ധ്യമാണ് അഹം. അഹം മറന്ന നാം നീതിയിലേക്കു നീങ്ങുന്നുമുണ്ട്. മനുഷ്യനെ ആത്മീയനാക്കുന്നതു ദൈവവുമായുള്ള ബന്ധമാണ് എന്നു പറഞ്ഞാലും അതു തന്റെ ചുറ്റുപാടുമായുള്ള ബന്ധത്തിന്റെ സ്വഭാവമാണ്. ബൈബിളിലെ മനുഷ്യര്‍ തങ്ങളുടെ നടപടികളും വിചാരങ്ങളും സ്വന്തം പറമ്പില്‍ വീടിനു പുറത്തേയ്ക്കു നീട്ടി അയല്‍ക്കാരിേലക്ക് അവരുടെ ജീവിതത്തിലേക്കു വ്യാപിക്കുന്നു. മനുഷ്യാത്മാവിന്റെ ഉത്ക്കണ്ഠ എന്റെ കാര്യത്തിലല്ല അവന്റെ കാര്യത്തിലാണ്; ബൈബിളിലെ മനുഷ്യന്റെ ദൈവത്തിന്റെ മുമ്പിലെ നിലപാട്. അതു അപരനെക്കുറിച്ചുള്ള നിലപാടാണ് – താന്‍ ദൈവത്തിന്റെ സാക്ഷിയായതുകൊണ്ടുതന്നെ.

അപരനോടുള്ള ഉത്തരവാദിത്വം ഞാന്‍ ആഗ്രഹിക്കാതിരിക്കുന്ന നിസ്സാ ഹായാവസ്ഥയിലും എന്നെ വേട്ടയാടുന്ന സഹിഷ്ണുതയാണ് ഉത്തരവാദിത്വത്തിന്റെ കേന്ദ്രം. ഈ സഹിഷ്ണുത എന്നതു നിഷ്‌ക്രിയത്വമോ നിര്‍മമതയോ അല്ല. മറിച്ച് അപരനു സംഭവിക്കുന്നതില്‍ എനിക്ക് ഇടപെടാനുള്ള കഴിവാണ്. എന്റെ പറച്ചിലിലും എഴുത്തിലും ഈ കയറിവരുന്നത് അതിനെ ചോദ്യം ചെയ്യുന്നതുമാണ്. എഴുത്തിനുമുമ്പുള്ള ഇടപെടല്‍ എഴുത്തിനു മുമ്പുള്ള സാഹിത്യമാണ്. താനാണു ഭാഷയ്ക്കു പ്രവാചകമഹത്ത്വം നല്കുന്നത്. അപരന്റെ ദുഃഖദുരന്തത്തിലും മാറ്റിവയ്ക്കാവുന്നവയല്ല, ദൈവവചനമാകുന്ന ഭാഷ അതുള്‍െക്കാള്ളുന്നതിനേക്കാള്‍ അധികം പറയാന്‍ കഴിയും.

പ്രവാചകവരം സാമൂഹികവിമര്‍ശനവുമാണ്. അപരരോടു കല്പിക്കുന്ന കല്പനയായിട്ടാണു പ്രവാചകവരം വരുന്നത്. അതു വേദപുസ്തകവ്യാഖ്യാനത്തിലൂടെ സംഭവിക്കാം. പിന്‍വലിഞ്ഞ ദൈവത്തിന്റെ കാല്പാടുകള്‍ സംസാരിക്കാന്‍ തടുങ്ങുന്നതാണത്. പ്രവാചകസ്വഭാവത്തില്‍ പുണ്യവാന്റെ ആവരണങ്ങളൊന്നുമില്ല. ധാര്‍മികലഹളയാണു പ്രവാചകന്‍ ഉദ്ഘാടനം ചെയ്യുന്നത്. അതു വിലാപമായി തുടരുന്നു, പ്രതിഷേധമാകുന്നു, ആധിപത്യങ്ങളോടുള്ള വിഘടനവുമാകുന്നു.

പ്രവാചകവചനം പ്രഭാഷണവും പ്രബോധനവുമായി പ്രത്യക്ഷമാകും. പ്രവാചകന്‍ വാദിയുമല്ല, പ്രതിയുമല്ല, മൂന്നാമനായ സാക്ഷിയാണ് – ധര്‍മത്തിന്റെ സാക്ഷി. അതിനു പ്രവാചകന് അധികാരം നല്കുന്നതു നമ്മോടും മറ്റുള്ളവരോടുമുള്ള ഉത്തരവാദിത്വമാണ്. ഉത്തരവാദിത്വം മൗലികമായി നീതിയുടെ നിലവിളിയാണ്. നീതി വിളിക്കുന്നു, വിധിക്കാന്‍ നീതിയുടെ വിധിയുണ്ടാകുമ്പോള്‍ പ്രവാചകന്‍ പ്രശ്‌നത്തിന്റെ അകത്തുമാണ്, പുറത്തുമാണ്. ഇവിടെയാണു നീതിയുടെ ഉത്തരവുണ്ടാകുക – നീതിയുടെ കലപ്‌ന.

പ്രവാചകന്റെ ഭാഷ വര്‍ത്തമാനത്തിന്റെ വസ്തുതകള്‍ വിവരിക്കുന്ന ഭാഷയല്ല. കല്പനയുടെ ഉത്തരവിന്റെ ഭാഷയാണ്. അയാള്‍ സംഭാഷണം നിര്‍ത്തി ഉത്തരവുകള്‍ പുറപ്പെടുവിക്കുകയാണ്. ഈ കല്പനകള്‍ അയാളുടെയല്ല, അയാളിലൂടെ വരുന്ന കല്പനയാണ്. കല്പിക്കുന്നവന്റെ അധി കാരം പുറത്തുനിന്നു വരുന്നു. പ്രവാചകന്റെ ജീവിതത്തിലും നടപടികളിലും നിത്യനായവന്‍, വരവാണ്, ഉണരലാണ് സംഭവിക്കുന്നത് അവന്‍ സംഭാഷിക്കുകയല്ല, അവന്‍ അടയാളപ്പെടുത്തുകയാണ് – ധര്‍മത്തിന്റെ വഴി.

Leave a Comment

*
*