അതൃപ്തിയുണ്ടാക്കുന്ന വെളിപാടുകള്‍

അതൃപ്തിയുണ്ടാക്കുന്ന വെളിപാടുകള്‍

"തൃപ്തരായവര്‍ക്ക് സാങ്കല്പിക വ്യാപാരങ്ങളില്ല, അതുള്ളത് അതൃപ്തര്‍ക്കാണ്. സ്വപ്നാടനത്തിന്‍റെ പിന്നിലെ ശക്തി അതൃപ്തിയാണ്. ഓരോ സ്വപ്നവും ഒരു ആഗ്രഹപൂര്‍ത്തിയും അതൃപ്തമായ യാഥാര്‍ത്ഥ്യത്തിന്‍റെ മെച്ചപ്പെടുത്തലുമാണ്." ഇതു മനഃശാസ്ത്രജ്ഞനായ ഫ്രോയിഡിന്‍റെ വീക്ഷണമാണ്. അബോധത്തിന്‍റെ വളക്കൂറുള്ള മണ്ണില്‍ നിന്നാണു ആഗ്രഹപൂര്‍ത്തിയുടെ സ്വപ്നങ്ങള്‍ വിരിയുന്നത്. മനസ്സിന്‍റെ ഭാരമൊഴിവാക്കുന്ന ഒരു നടപടിയാണിത്.
എന്നാല്‍ ഇതുതന്നെയാണല്ലോ സംസ്കാരത്തിന്‍റെ വലിയ സൃഷ്ടാക്കളാകുന്ന കവികളുടെയും സാഹിത്യകാരനമാരുടെയും പ്രതിഭയുടെ അടിസ്ഥാനവും. അചിന്ത്യമായതു കവി സ്വപ്നം കാണുന്നു, അഥവാ സ്വപ്നമാക്കുന്നു. യാഥാര്‍ത്ഥ്യത്തോടുള്ള അതൃപ്തിയാണ്, വര്‍ത്തമാനത്തോടുള്ള കലഹമാണ് ഇല്ലാത്തതിലേക്കും അജ്ഞാതമായതിലേക്കും കവിയെ നയിക്കുന്നത്. സാഹിത്യകാരന്‍ ജീവിതവുമായി ശണ്ഠയിലാണ്. ആയിരിക്കുന്ന കഥയെ ആകാമായിരിക്കുന്ന കഥകളാല്‍ ഭേദ്യം ചെയ്യുന്നു. കലാകാരനും കവിയും വല്ലാത്ത അങ്കലാപ്പിലാണ്. കാണുന്നതിനെ കാണാന്‍ ആഗ്രഹിക്കുന്നതുമായി കൂട്ടിക്കുഴയ്ക്കുന്നു.
ഫലമായി കവിയും പ്രവാചകനും എപ്പോഴും ഏതോ അസാന്നിദ്ധ്യത്തിന്‍റെ സാന്നിദ്ധ്യം സൃഷ്ടിക്കുന്നതില്‍ മുഴുകുന്നു. അതുകൊണ്ട് അയാള്‍ ഇല്ലാത്തതു പറഞ്ഞുണ്ടാക്കുകയാണ് – കഥയായി, കവിതയായി, നാടകമായി. ഇല്ലാത്തതു ഭാഷയില്‍ ഉണ്ടാക്കുന്നു. യാഥാര്‍ത്ഥ്യത്തില്‍ നിന്നു കവി മാറിനിന്ന് അജ്ഞാതമായവയിലേക്കു തിരിയുന്നു. ഇല്ലാത്തതിന്‍റെയും ഉള്ളതിന്‍റെയും മദ്ധ്യത്തില്‍ അയാള്‍ ചോദ്യചിഹ്നമായി മാറുന്നു. ഫ്രോയിഡ് എഴുതി: "കലാകാരന്‍ ആദ്യംമുതലേ യാഥാര്‍ത്ഥ്യത്തില്‍നിന്നു തിരിയുന്നു. സങ്കല്പജീവിതത്തിലേക്കു നീങ്ങി കാമാതുരമായ ആഗ്രഹങ്ങളുടെ വിഹാരമനുവദിക്കുന്നു. അപ്പോഴാണ് അയാളുടെ സങ്കല്പലോകങ്ങള്‍ യഥാര്‍ത്ഥ ലോകത്തില്‍ മാറ്റത്തിന്‍റെ കഥനങ്ങളും കാവ്യങ്ങളുമായി പിറക്കുന്നത്."
എന്നാല്‍ ഹൈഡഗര്‍ ഇതിനെ കാണുന്നതു വേറൊരു വിധമാണ്. കവിയിലാണു സത്യത്തിന്‍റെ വെളിപാടുണ്ടാകുന്ന ത്. സത്യത്തിന്‍റെ അനാവരണം കവി തിരിച്ചറിയുന്നു. അജ്ഞാതമായവയിലേക്കു മനസ് തുറന്നു കവി കാത്തിരിക്കുന്നു, സത്യത്തിന്‍റെ വെളിപാടിനായി. വെളിപാടിനെ ഭാഷയില്‍ രൂപങ്ങളാക്കി വിളമ്പുന്നു. സ്വന്തം അഹം ഉരിഞ്ഞുമാറ്റിയുള്ള കാത്തിരിപ്പില്‍ അസ്തിത്വത്തിന്‍റെ വെളിവ് സ്വീകരിക്കുന്ന ഇടമാണ്, അഥവാ വേദിയാണു കവി. അയാള്‍ അതു ഭാഷയാക്കുന്നു. ഫ്രോയിഡിന്‍റെ അബോധം ഹൈഡഗറില്‍ വളിപാടിന്‍റെ കാത്തിരിപ്പു വേദിയാണ്. വൈദേശികമായ കാഴ്ചയും വെളിച്ചവും അയാള്‍ ആവഹിക്കുന്നു – അതു പരിചിതമായ ഭാഷയില്‍ പൊതിഞ്ഞുതരുന്നു കവി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org