അധികാര സമീക്ഷ അനിവാര്യം

അധികാര സമീക്ഷ അനിവാര്യം

പോള്‍ തേലക്കാട്ട്

അധികാരതര്‍ക്കം പന്ത്രണ്ട് അപ്പസ്‌തോലന്മാരില്‍ ആരംഭിക്കു ന്നു. സെബദീപുത്രന്മാരുടെ അനന്തരങ്ങള്‍ എന്നുമുണ്ടാകും. യേശു അധികാരത്തിനു സേവനം എന്ന അര്‍ത്ഥമാണ് നല്കിയത്. അതു പാദക്ഷാളനമാണ് എന്നതു മറന്നു കാലുകഴുകിക്കലാണ് എന്നു കരുതിയവര്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ മാര്‍പാപ്പ പാപ്പസ്ഥാനം വികേന്ദ്രീകരിക്കണം എന്നു പറയുന്ന ആളാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ ഇടവക, രൂപത തുടങ്ങിയ സഭാഭരണത്തിന്റെ എല്ലാ പടവുകള്‍ക്കും ഒരേ ഒരു രൂപകമാണ് നല്കുന്നത് – സിനഡ് – സമ്മേളനം എന്നര്‍ ത്ഥം. സംഭാഷണത്തിന്റെ വഴിയേ നടക്കണം എന്നര്‍ത്ഥം.

കത്തോലിക്കാസഭയുടെ ഭരണസിരാകേന്ദ്രത്തിന്റെ കൂരിയയിലെ അംഗങ്ങളോട് 2014 ഡിസംബറില്‍ സംസാരിച്ചപ്പോള്‍ അതിലെ അംഗങ്ങള്‍ ആത്മീയരോഗത്തെക്കുറിച്ച് തുറന്നു സംസാരിച്ചു. ഈ അഴുക്കുകള്‍ അലക്കി വെടിപ്പാക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം അതിന്റെ രോഗങ്ങളെ അക്കമിട്ട് നിരത്തി. 1) പരസ്പര സംവേദനമില്ലാത്തവര്‍ നിലവറകളില്‍ അടച്ചുപൂട്ടിക്കഴിയുന്നു, 2) സ്ഥാനമാനങ്ങള്‍ക്കു വേണ്ടി കിടമത്സരം, 3) പരദൂഷണം, 4) നിഷ്പക്ഷത എന്ന നിര്‍ഗുണാവസ്ഥ, 5) സ്വന്തം ഗ്രൂപ്പുകളും സംഘങ്ങളും. ഈ പറഞ്ഞ അഞ്ച് രോഗങ്ങള്‍ വത്തിക്കാന്‍ കൂരിയായില്‍ ഉണ്ടെങ്കില്‍ അതിന്റെ രൂപതാ പതിപ്പുകളിലും സ്വാഭാവികമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ കാനഡയിലെ കാര്‍ഡിനല്‍ മാര്‍ക് ക്വിലെറ്റിനു എഴുതി "അല്മായര്‍ ദൈവജനത്തിന്റെ ഭാഗമാണ്. ലോകത്തിന്റെയും സഭയുടേയും മുന്‍നിരക്കാര്‍. നാം അവരെ സേവിക്കാനാണ്, അവര്‍ നമ്മെ സേവിക്കാനല്ല വിളിക്കപ്പെട്ടിരിക്കുന്നത്."

ഈ അധികാര കാഴ്ചപ്പാടിനെ വെട്ടിനിരത്തുന്നതാണ് വൈദികാധിപത്യം. പ്രതിസന്ധി അല്മായരെക്കുറിച്ചു സംസാരിക്കുന്ന സഭയില്ലെന്നല്ല, അല്മായരോട് സംസാരിക്കുന്ന സഭയില്ലെന്നാണ്. കന്യാസ്ത്രീകളെക്കുറിച്ചു സംസാരിക്കുന്ന സഭ കാണാം, പക്ഷെ, അവരോട് സംസാരിക്കുന്ന സഭയില്ലാതെ വരുന്നു. പരമ്പരാഗതമായ അധികാര കാഴ്ചപ്പാട് തുടരാനാവില്ല എന്നതാണ് മാര്‍പാപ്പ പറഞ്ഞു വയ്ക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ 2021 മാര്‍ച്ച് 8-ന് കല്‍ദായ സഭയിലെ മെത്രാന്മാരോടും വൈദികരോടും സംസാരിച്ചപ്പോള്‍ പറഞ്ഞു: "അജപാലകരാകുക, ജനങ്ങളുടെ ഉദ്യോഗസ്ഥരല്ല. എപ്പോഴും ജനങ്ങളുടെ ഭാഗം, ഒരിക്കലും ജനങ്ങളില്‍ നിന്നു മാറി നില്‍ക്കുന്ന വിശേഷാവകാശങ്ങളുള്ള വര്‍ഗ്ഗമല്ല."

ഉത്തരവാദിത്വമുള്ള അജപാലകരാകുക. ഉത്തരവാദിത്വം, ഉത്തരം പറയലാണ്. ഏല്പിക്കപ്പെട്ട ദൗത്യത്തിന്റെ കണക്കു പറയുന്ന ഒരു പുതിയ ശൈലികള്‍ ഉണ്ടാകണം. 2013 മുതല്‍ 2021 വരെ വൈദികരുടെ വത്തിക്കാന്‍ കാര്യാലയത്തിന്റെ കാര്‍ഡിനല്‍ ബനിയാമിനൊ സ്റ്റെല്ല വിരമിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ 8 വര്‍ഷത്തെ നേതൃത്വം അന്വേഷിച്ച് വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാര്‍ പാപ്പ ഒരു ഇറ്റാലിയന്‍ ബിഷപ്പിനെ നിയമിച്ചു. ഇതുതന്നെ ഈ മാര്‍ പാപ്പ ആരാധനക്രമ വകുപ്പിന്റെ അദ്ധ്യക്ഷനായിരുന്ന കാര്‍ഡിനല്‍ റോബര്‍ട്ട് സാറയുടെ അധികാരത്തെക്കുറിച്ച് സമീക്ഷ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇറ്റാലിയന്‍ മെത്രാന്‍സംഘത്തെ തലവനെ നിയമിച്ചിരുന്നു. മാര്‍പാപ്പ അധികാര സമീക്ഷ എന്ന നടപടി ആരംഭിക്കുന്നു എന്നതാണ് ഇതു സൂചിപ്പിക്കുന്നത്.

മാര്‍പാപ്പയുടെ ഈ നവീകരണശ്രമങ്ങളെ എതിര്‍ക്കുന്നവര്‍ സഭാതലങ്ങളില്‍ എല്ലാമുണ്ട്. അധികാരത്തിന്റെ പഴയ പദവികളും യശസ്സുകളും അതേപടി വേണമെന്നും റോമാ ചക്രവര്‍ത്തിയുടെ കിരീടവും ചെങ്കോലും കളയാനാവില്ലെന്നും കരുതുന്നവരുണ്ടാകാം. ഫ്രാന്‍ സിസ് പാപ്പായുടെ "സ്‌നേഹത്തില്‍ ആനന്ദം" എന്ന അപ്പസ്‌തോലിക ലേഖനത്തില്‍ 19 ഭാഗങ്ങളില്‍ ഗൗരവമേറിയ തെറ്റുകളുണ്ടെന്നു 45 വൈദികരും പണ്ഡിതരും പറഞ്ഞല്ലോ. അതിലെ നാലു കാര്യങ്ങളില്‍ നാലു കര്‍ദ്ദിനാളന്മാര്‍ മാര്‍പാപ്പയെ പരസ്യമായി വെല്ലുവിളിച്ചല്ലോ. സഭയുടെ മുന്നോട്ടുള്ള വഴി സംവാദപരവും സംഭാഷണ പരവുമായിരിക്കും. അവിടെ അധികാരികള്‍ ഉത്തരവാദിത്വത്തിന്റെ കണക്കുകള്‍ പറയാന്‍ ബാധ്യസ്ഥരുമാകും.

ഒരു ഇടവകയിലോ രൂപതയിലോ ഒരു വികാരിയെ അഥവാ ബിഷപ്പിനെ നിയമിച്ചാല്‍ അവിടം വിടുന്നതുവരെ കാര്യങ്ങള്‍ എല്ലാം അദ്ദേഹത്തിനു വിടുന്ന പതിവ് വീണ്ടുവിചാരത്തിനു വിധേയമാകണം. ഒരു നിശ്ചിതകാലത്തിനു ശേഷം സ്ഥാനം മാറുകയും സ്ഥാനത്തിരുന്നപ്പോഴത്തെ അധികാരവിനിയോഗത്തെക്കുറിച്ച് നിഷ്പക്ഷമായ വിലയിരുത്തല്‍ നടത്തുകയും വേണം. അതിനുവേണ്ട ശൈലികളും സംവിധാനങ്ങളും ഉണ്ടാകണം. മാറ്റാനാവാത്ത വൈവാഹികബന്ധമാണെന്ന വാശി ഉണ്ടാക്കുന്ന പ്രശ്‌നമില്ല. വൈദികര്‍ക്കും മെത്രാന്മാര്‍ക്കും നിശ്ചിതകാലയളവില്‍ മാറ്റങ്ങള്‍ ആവശ്യമാണ്. മാത്രമല്ല അധികാരപ്രയോഗത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിലയിരുത്തലും ആരംഭിക്കേണ്ടതാണ്.

ഇത് ആരേയും വേദനിപ്പിക്കാനോ മുടക്കാനോ ശിക്ഷിക്കാനോ അല്ല. കാര്യങ്ങള്‍ കൂടുതല്‍ ക്രൈസ്തവമായും വിമര്‍ശനപരമായും വിലയിരുത്താനും അതില്‍നിന്നു പാഠങ്ങള്‍ പഠിക്കാനും മാറ്റങ്ങള്‍ സ്വീകരിക്കാനും ഇടയാക്കും. ദൈവത്തിന്റെ ദാനമായ അധികാരം ബലഹീനമായ മണ്‍പാത്രങ്ങളിലാണ് എന്ന എളിയബോധം എല്ലാ സഭാധികാരം കയ്യാളുന്നവര്‍ക്കും അനിവാര്യമാണ്. ദൈവികമായ മൂല്യങ്ങള്‍ കാലികമായി സംഭവിക്കുമ്പോള്‍ വൈരുദ്ധ്യങ്ങളുടെ സഹവാസമാണ് സംഭവിക്കുന്നത്. അസാധ്യമായതാണ് സംഭവിക്കുന്നത്. സംഭവിച്ച സത്യം മുഴുവന്‍ പറയാനാവാത്തതുമാണ്. സത്യം പകുതി മാത്രമേ പറയാനാവൂ. മനുഷ്യന്‍ മനുഷ്യനായതില്‍ നാണിച്ചു പോകു ന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. ഈ സന്ദര്‍ഭങ്ങളിലും ദുഃഖാനുഭവങ്ങളിലൂടെയാണ് മനുഷ്യന്‍ ഭയന്നുവിറച്ചും അധികാരത്തിന്റെയും പദവികളിലിരിക്കേണ്ടതും, മനുഷ്യത്വത്തിന്റെ ഉയര്‍ന്നമണ്ഡലങ്ങളിലേക്ക് ഉയരേണ്ടതും. അവിടെയൊക്ക ആത്മശോധനകളും തിരിഞ്ഞു നോക്കലുകളും നടക്കുന്നുണ്ടാവാം. പക്ഷെ സഭയുടെ തലങ്ങളില്‍ ദൈവത്തിന്റെ അധികാരനടത്തിപ്പിന്റെ നിഷ്പക്ഷവും ദൈവികമായ ഓഡിറ്റിംഗ് നടത്തുന്നതു സഭയിലുള്ള വിശ്വാസ്യത വീണ്ടെടുക്കാനും അധികാരം സഭയിലും സഭയ്ക്കുവേണ്ടിയുമാണെന്ന് ഉറപ്പാക്കുന്നതു മാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org