Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകള്‍ -> അയ്യമ്പുഴ ഗ്രാമം ചോദിക്കുന്നു: ഞങ്ങളുടെ ‘ഹരിതാഭേം പച്ചപ്പും’ ആര്‍ക്കാണ് നിങ്ങള്‍ തൂക്കിവില്‍ക്കുന്നത്?

അയ്യമ്പുഴ ഗ്രാമം ചോദിക്കുന്നു: ഞങ്ങളുടെ ‘ഹരിതാഭേം പച്ചപ്പും’ ആര്‍ക്കാണ് നിങ്ങള്‍ തൂക്കിവില്‍ക്കുന്നത്?

Sathyadeepam

ആന്റണി ചടയംമുറി

സര്‍ക്കാരേ, ഇതെന്തു ഭാവിച്ചാ? ഇങ്ങനെ ചോദിക്കുന്നത് എറണാകുളം ജില്ലയിലെ അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിലെ മൂന്നൂറോളം കുടുംബങ്ങളാണ്. ഇവരില്‍ ചിലര്‍ ഇടുക്കി അണക്കെട്ടിനു വേണ്ടിയും ഇടമലയാര്‍ കനാല്‍ പദ്ധതിക്കുവേണ്ടിയും നെടുമ്പാശ്ശേരി വിമാനത്താവളത്തിനുവേണ്ടിയും സ്ഥലമേറ്റെടുത്തപ്പോള്‍ കൂടും കുടുക്കയുമെടുത്ത് അയ്യമ്പുഴയില്‍ വന്ന് ഭൂമി വാങ്ങിച്ച് കൃഷി ചെയ്യുന്ന സാധാരണക്കാരാണ്. ‘ഗിഫ്റ്റ് സിറ്റി’ എന്നൊരു പദ്ധതിക്കുവേണ്ടി 70 സര്‍വ്വേ നമ്പറുകളിലുള്ള 220 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഇവിടെ ഏറ്റെടുക്കുന്നത്. ലോക ശ്രദ്ധയാകര്‍ഷിച്ച ആതിരപ്പിള്ളി വെള്ളച്ചാട്ടം ഈ ഗ്രാമ പഞ്ചായത്തിന്റെ അതിര്‍ത്തിയിലാണ്. അയ്യമ്പുഴയില്‍ നിന്ന് 50 മീറ്റര്‍ മാത്രം അകലമേയുള്ളൂ നിബിഡവനത്തിലേക്ക്. കസ്തൂരിരംഗന്റെ പ്രാഥമിക റിപ്പോര്‍ട്ടിലും ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടിലും ഇത് പരിസ്ഥിതി ലോല പ്രദേശമാണ്. എന്നിട്ടും, എന്തേ ഈ ഹരിത ഭൂമിയിലേക്ക്, ചെറുകിട കര്‍ഷകരുടെ ഈ ആവാസസ്ഥലത്തേയ്ക്ക് സര്‍ക്കാര്‍ കണ്ണെറിയുന്നു?

കര്‍ഷകന്റെ ‘ചങ്ക്’ എടുത്ത് ആര്‍ക്കാണ് ‘ഗിഫ്റ്റ്’ നല്കുന്നത്?

ഗിഫ്റ്റ് സിറ്റി എന്ന പേര് ഗ്ലോബല്‍ ഇന്റസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ് എന്ന (ഏകഎഠ) പൊതു സ്വകാര്യ സംരംഭത്തിന്റെ ചുരുക്കരൂപമാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ ജനപ്രതിനിധികള്‍ പറയുന്നത് അവര്‍ ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് അറിഞ്ഞിട്ടില്ലയെന്നാണ്. ആരാണ് ഒളിച്ചുകളിക്കുന്നത്? കുത്തകകളോട് പുറമേ പല്ലിറുമ്മി കാണിക്കുകയും, ഉള്ളാലെ അണച്ചുപിടിക്കുകയും ചെയ്യുന്ന ഇടതു സര്‍ക്കാരോ, പ്രതിപക്ഷ നിരയിലുള്ള എം.പി.യും എം.എല്‍.എ.യുമോ? നാട്ടുകാര്‍ക്കറിയില്ല. നവംബര്‍ 21-ന് അങ്കമാലിയില്‍ കോവിഡ് ചട്ടങ്ങള്‍ പാലിച്ച് നടത്തിയ പ്രകടനത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവരും പങ്കെടുത്തിരുന്നു.

എറണാകുളം ജില്ലയില്‍ ഫാക്ട് വക 2500 ഏക്കര്‍
വെറുതെ കിടപ്പുണ്ട്. കളമശ്ശേരി 
എച്ച്.എം.ടിക്കുമുണ്ട്
കുറെ ഹെക്ടര്‍ സ്ഥലം. 
ഇവിടെയൊന്നും വികസനം
നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍
ചെറുവിരലനക്കുന്നില്ല. കീഴാറ്റൂരിലായാലും
അയ്യമ്പുഴയിലായാലും കര്‍ഷകരുടെ നെഞ്ചത്താണ്
അവരുടെ കബഡികളി.

ചാനല്‍ തൊട്ടു, പത്രം തൊട്ടുതൊട്ടില്ല…

‘മലയാളത്തിന്റെ സുപ്രഭാത’മായ മാധ്യമ മുത്തശ്ശി അയ്യമ്പുഴയെക്കുറിച്ച് ഒരക്ഷരം മിണ്ടില്ലെന്ന് വാശിപിടിച്ചിരുന്നു. അവരുടെ ചാനലാകട്ടെ, അയ്യമ്പുഴക്കാര്‍ക്ക് അനുകൂലമായി വാര്‍ത്ത നല്കി. അയ്യമ്പുഴയിലെ ചെറുപ്പക്കാര്‍ പത്രം കത്തിച്ച് പ്രതിഷേധിച്ചപ്പോള്‍ ഗിഫ്റ്റ് പദ്ധതിക്കെതിരെയുള്ള വാര്‍ത്തകള്‍ ‘ചുറ്റുവട്ടം’ എഡിഷനില്‍ ഒതുക്കി പത്രമുത്തശ്ശി തടിതപ്പി. രണ്ടാം നമ്പര്‍ പത്രം ‘നല്ല തോതില്‍’ ഗിഫ്റ്റിനെതിരെ വാര്‍ത്തകള്‍ നല്കുന്നതാകാം മറ്റൊരു കാരണം.
എറണാകുളം-അങ്കമാലി അതിരൂപതയില്‍പ്പെട്ട രണ്ടു ദേവാലയങ്ങളാണ് നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശത്തുള്ളത്. അമലാപൂരം സെന്റ് ജോസഫ് ദേവാലയവും, കൊല്ലക്കോട് ഉണ്ണിമിശി ഹാ പള്ളിയും. അമലാപുരം പള്ളിയും മഠവും അക്വയര്‍ ചെയ്യില്ലെന്നാണ് പറയുന്നത്. എന്നാല്‍ വിശ്വാസികളില്ലാതെ പള്ളിയുണ്ടായിട്ട് എന്തു കാര്യം? പള്ളി വികാരി ഫാ. വര്‍ഗ്ഗീസ് ഇടശ്ശേരി ചോദിക്കുന്നു. 85 കുടുംബങ്ങളേ ഈ ഇടവകയിലുള്ളൂ. കൊല്ലക്കോട് ഇടവകയില്‍ 165 കുടുംബങ്ങളുണ്ട്. ഇവരില്‍ ഭൂരിപക്ഷവും കുടിയിറക്ക് ഭീഷണിയിലാണെന്ന് പള്ളി വികാരിയും ജനകീയ സമിതി സഹരക്ഷാധികാരിയുമായ ഫാ. ബിജോയ് പാലാട്ടി പറയുന്നു.

കോടികള്‍ കൊയ്യുന്നവരും കണ്ണുനീര്‍ കൊയ്യുന്നവരും

കാലടി പ്ലാന്റേഷന്‍സ് ഉള്‍പ്പെടുന്ന അയ്യമ്പുഴ പഞ്ചായത്തിന്റെ വിസ്തൃതി 4405 ഹെക്ടറാണ്. വീടുകള്‍ 3650. ജനസംഖ്യ 14,902. ഇവിടെയുള്ള വര്‍ രണ്ട് വിഭാഗത്തില്‍പ്പെടും. കുറെ പേര്‍ വെറുതെ ഭൂമി വാങ്ങിക്കൂട്ടിയവര്‍. അവര്‍ ഈ പദ്ധതിയെക്കുറിച്ച് മുന്നറിവുള്ള ഭൂ മാഫിയക്കാരാണെന്ന് ഇവിടെ രൂപീകരിച്ചിട്ടുള്ള ജനകീയ മുന്നേറ്റ സമിതി സംശയിക്കുന്നു. 40 മുതല്‍ 50 വരെ ഏക്കര്‍ സ്വന്തമുള്ളവരാണവര്‍. ശേഷിച്ച 60 മുതല്‍ 70 ശതമാനം വരെയുള്ള ചെറുകിടക്കാരുെട കൈയില്‍ അഞ്ചും പത്തും സെന്റു വരുന്ന തുണ്ടു ഭൂമികളേയുള്ളൂ. വന്‍കിടക്കാര്‍ക്ക് ഭൂമി വിറ്റാല്‍ കോടികള്‍ കിട്ടും. പാവങ്ങളായ ചെറുകിടക്കാര്‍ക്കോ? അവര്‍ എവിടെ പോകാന്‍? 1998, 2008, 2018 വര്‍ഷങ്ങളില്‍ ചെറിയ തോതില്‍ ഇരുള്‍ പൊട്ടലുണ്ടായ പ്രദേശമാണിതെന്ന് അമലാപുരം ജനകീയ മുന്നേറ്റ സമിതിയുടെ രക്ഷാധികാരി ഫാ. വര്‍ഗ്ഗീസ് ഇടശ്ശേരിയും കണ്‍വീനര്‍ ജോസ് ചുള്ളിക്കാരനും പറയുന്നു. എന്നിട്ടും ഇനിയും പ്രകൃതിയെ പ്രകോപിപ്പിക്കാന്‍ എന്തുകൊണ്ട് അധികൃതര്‍ മുതിരുന്നു? ഇപ്പോള്‍ തന്നെ സംസ്ഥാനത്തെ 14.4 ശതമാനം പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നുമുണ്ട്.
പരിസ്ഥിതി സംബന്ധിച്ച എല്ലാ കണക്കുകളും നമ്മുടെ രാജ്യത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. പത്തുവര്‍ഷത്തിനകം ലോകത്തിലെ ചൂടേറിയ 15 ഇടങ്ങളില്‍ 11 ഉം; ലോകത്തിലെ ഏറ്റവും മലിനമായ പത്തു നഗരങ്ങളില്‍ എട്ടും ഇന്ത്യയി ലായിരിക്കുമെന്ന് യു.എന്‍. മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. 2030-ഓടെ ഇന്ത്യയില്‍ ഭൂഗര്‍ഭജലം കിട്ടാക്കനിയാകുമത്രെ. 1970 മുതല്‍ ഇന്ത്യയില്‍ വന്യജീവികള്‍ കുറയുകയാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷം കുറയുന്നത് 1.7 ശതമാനം വന്യജീവികള്‍ വീതമാണ്. കാലാവസ്ഥാ വ്യതിയാനം 43 ശതമാനം ഉഭയജീവികളെയും 37 ശതമാനം ഉരഗജീവകളെയും 21 ശതമാനം പക്ഷികളെയും ബാധിച്ചുകഴിഞ്ഞു.

ചില പാര്‍ട്ടിക്കാര്‍ പാടുന്നു, ‘വികസനം’ അത് ഹമാരേ ‘സനം’!

‘ഗിഫ്റ്റ്’ പദ്ധതി തയ്യാറാക്കിയവര്‍ ക്വാറികളുള്ള സര്‍വ്വേ നമ്പറുകള്‍ ഒഴിവാക്കിയതായി അയ്യമ്പുഴക്കാര്‍ക്ക് പരാതിയുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം 3,322 ക്വാറികളേ കേരളത്തില്‍ പാടുള്ളൂ. ഇപ്പോള്‍ മദ്ധ്യ കേരളത്തില്‍ മാത്രം 2438 ക്വാറികളുണ്ട്. കേരളത്തിലെ 96 ശതമാനം ക്വാറികളും പുഴകള്‍ക്കരികെയാണ്. 2000 ത്തോളം ക്വാറികള്‍ വനപ്രദേശത്താണ്. സംരക്ഷിതവനത്തിനുള്ളില്‍ 1378 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു.

ഒരു കാര്യം കൂടി: തമിഴര്‍ക്ക് സാക്ഷരത കുറവാണെങ്കിലും, അവിടത്തെ സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം അടച്ചുപൂട്ടിയത് 1,600 റിസോര്‍ട്ടുകള്‍. കേരളത്തിലോ മലയുടെ നെഞ്ചുപിളര്‍ന്ന് റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്ന മന്ത്രി പുത്രന്മാര്‍ ബെന്‍സ് കാറില്‍ ഊരുചുറ്റുന്നു. ഒടുവില്‍ ഇലക്ഷന്‍ ചിഹ്നങ്ങളായ രണ്ടിലയും ആല്‍മരവുമെന്ന മട്ടില്‍ പരിസ്ഥിതിയുടെ പകല്‍ക്കിനാവ് കണ്ടിരിക്കേണ്ടി വരുമോ കേരളീയരായ നാം?

Leave a Comment

*
*