ഭാഗ്യപ്പെട്ട പാപം

ഭാഗ്യപ്പെട്ട പാപം

ലത്തീന്‍ കത്തോലിക്കാ പാരമ്പര്യത്തില്‍ ഈസ്റ്ററിന്‍റെ തലേന്നുള്ള പ്രാര്‍ത്ഥനയില്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചിരിക്കുന്ന ഒരു പ്രയോഗമാണ് – ഭാഗ്യപ്പെട്ട പാപം (Felix culpa). ആദിപാപം ക്രിസ്തുവിന്‍റെ വരവിനു കാരണമായി എന്നതിലാണ് ആ പാപത്തെ ഭാഗ്യപ്പെട്ട പാപം എന്നു വിളിക്കുന്നത്. ഇതു വി. അഗസ്റ്റിന്‍, അക്വിനാസ് എന്നിവരുടെ കൃതികളിലും കാണാം.

തെറ്റു തെറ്റാണെന്നു തിരിച്ചറിയുന്നതാണു നമുക്കു ഭാഗ്യപ്പെട്ട വാതിലായി മാറുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം തെറ്റിലൂടെയാണു സത്യത്തിലേക്കു യാത്ര ചെയ്യുന്നത്. തെറ്റിന്‍റെ അദ്ധ്യാപിക കൂടെ യാത്ര ചെയ്യുന്ന കൂട്ടുകാരിയും വഴികാട്ടിയുമാണ്. രാത്രിയില്‍ നിന്നു പുറത്തേക്കുള്ള ചാട്ടങ്ങളായി തെറ്റുകള്‍ മാറുന്നു. തെറ്റ് പലപ്പോഴും എത്തിപ്പെട്ടതിന്‍റെ പിന്നിലെ കോവണിപ്പടികളാണ്. അതാണു നാം ശരിയായ ദിശയിലാണ് എന്നതിന്‍റെ അടയാളവും. നാം എത്തേണ്ടിടത്ത് എത്തിയില്ല എന്നതു നിരാശയുടെ ഭാവമല്ല അടുത്തെത്തി എന്ന ആശയുടെ ബോദ്ധ്യമാണ്. ഒപ്പം എത്തേണ്ടിടത്ത് എത്തിയില്ല എന്ന തിരിച്ചറിവും.

തെറ്റിയെന്നറിയുന്നതുകൊണ്ട് ഒന്നും നഷ്ടപ്പെടാനില്ല. പക്ഷേ, ദൗര്‍ഭാഗ്യമാകുന്നതു നാം എത്തി എന്ന മിഥ്യയില്‍ കുടുങ്ങുന്നതായിരിക്കും. എത്തിയെന്നു കണ്ടെത്തുമ്പോള്‍ യാത്ര അവസാനിക്കുകയാണ്. കണ്ടെത്തിയതല്ല കണ്ടെത്തേണ്ടത് എന്ന ബോധവും വെളിവുമാണു ഭാഗ്യമാകുന്നത്. അല്ലെങ്കില്‍ തെറ്റു തെറ്റല്ലെന്നറിഞ്ഞ് അതില്‍ കെട്ടിക്കിടക്കും. കണ്ടെത്തി എന്നു കരുതി വിട്ടുപോകാതെ യാത്ര അവസാനിപ്പിക്കുന്നതാണു വലിയ ദുരന്തം.

ഞാന്‍ മുന്നോട്ടുപോകുന്നതു തെറ്റില്‍ നിന്നു തെറ്റിലേക്കാണ്. തെറ്റിന്‍റെ കാലടികളെ കടന്നുപോകുന്നു. ഇതില്‍ സങ്കടമുണ്ടാകാം, എത്തിയില്ലല്ലോ എന്ന സങ്കടം, പക്ഷേ, ആനന്ദവുമുണ്ട്. എത്തിയതല്ല എത്തേണ്ടത് എന്ന കണ്ടെത്തലില്‍. സത്യത്തിന്‍റെ അന്വേഷണത്തിലാണ് അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും പിന്തള്ളി പോകുന്നത്. എപ്പോഴും അന്വേഷിക്കുന്നതിന്‍റെ അസാന്നിദ്ധ്യമാണു മുമ്പിലുള്ളത്. നിഴലുകളിലൂടെയും പ്രേതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ഈ ലോകത്തില്‍ നാം അലയുന്നു. തെറ്റിന്‍റെ നിരാമയമായ കണ്ടെത്തലിലൂടെ അലയുന്നു. "കാശി" എന്ന പേരുവച്ചതെല്ലാം മായയാണ് എന്നു തിരിച്ചറിയുന്നു. കാശി തേടി കാശിയുമായി ഞാന്‍ നടക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org