രണ്ടു കുട്ടികള്‍ എന്ന നയം കുത്തിപ്പൊക്കി ബി ജെ പി സംസ്ഥാനങ്ങള്‍

രണ്ടു കുട്ടികള്‍ എന്ന നയം കുത്തിപ്പൊക്കി ബി ജെ പി സംസ്ഥാനങ്ങള്‍

അധികാരലബ്ധി ആവര്‍ത്തിക്കാനുള്ള ഗൂഢപദ്ധതി

ഫാ. സുരേഷ് പള്ളിവാതുക്കല്‍ ഒഎഫ്എം ക്യാപ്

വര്‍ദ്ധിച്ച ജനസംഖ്യകൊണ്ട് ഇന്ത്യയ്ക്കുള്ള നേട്ടം ആദരണീയരായ സാമ്പത്തികശാസ്ത്രജ്ഞര്‍ എടുത്തുകാണിക്കുന്ന ഒരു കാലമാണിത്. ലോകത്തിനില്ലാത്ത ഒന്ന് ഇന്ത്യയ്ക്കുണ്ട് എന്നവര്‍ പറയുന്നു: ദശലക്ഷകണക്കിനു യുവജനങ്ങള്‍. ഈ യുവജനങ്ങള്‍ തങ്ങളുടെ വൈദഗ്ദ്ധ്യവും ബുദ്ധിയും ഉപയോഗിച്ച് ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേയ്ക്ക് എത്തിക്കുമെന്നതാണ് അവരുടെ സിദ്ധാന്തം. ഈ ചിന്തയ്ക്കു പ്രാമുഖ്യം കിട്ടിക്കൊണ്ടിരിക്കെയാണ് പെട്ടെന്ന് കഥ മാറുന്നത്. ജനസംഖ്യാവിസ്‌ഫോടനത്തെ കുറിച്ചും ബോംബ് പൊട്ടാന്‍ പോകുന്നതിനെ കുറിച്ചുമായി ചര്‍ച്ചകള്‍. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയിലെ തിരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോകുകയാണെന്നും മക്കളുടെ എണ്ണത്തിന്റെ പേരു പറഞ്ഞ് വോട്ടര്‍മാരെ ധ്രുവീകരിച്ചാല്‍ യുപിയില്‍ ബിജെപിയ്ക്ക് അധികാരത്തില്‍ വീണ്ടും വരാന്‍ അതവരെ സഹായിക്കുമെന്നുള്ളതുകൊണ്ടാണ് ഇപ്പോള്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയാക്കുന്നതെന്നും മനസ്സിലാക്കാന്‍ ശരാശരി മാധ്യമ സാക്ഷരത മാത്രം മതി.

സംസ്ഥാനത്തെ ജനങ്ങളില്‍ രണ്ടു മക്കള്‍ നയം അടിച്ചേല്‍പിക്കുന്നതിന്റെ യുക്തി മറ്റെങ്ങനെയാണു നമുക്കു വിശദീകരിക്കാനാകുക? വിഭവസ്രോതസ്സുകളുടെ ദൗര്‍ലഭ്യമുള്ളതിനാല്‍ ജനനനിരക്കു കുറയ്ക്കുന്നതിനു വേണ്ടി ജനസംഖ്യാ നിയന്ത്രണനിയമം കൊണ്ടു വരികയാണെന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അസ്സം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയും പറയുന്നു. പക്ഷേ, ജനനനിരക്ക് അല്ലാതെ തന്നെ കുറഞ്ഞു വരികയാണെന്നതാണു വസ്തുത. അവികസിതമായ ഉത്തര്‍പ്രദേശില്‍ പോലും ജനനനിരക്ക് കുറയുന്നു. "മുസ്ലീങ്ങളില്‍ നിന്നുള്ള അപകടം" എന്നതിനെ കുറിച്ച് യോഗി പരസ്യമായി പറയുന്നില്ല. പക്ഷേ, മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുന്നത് അസ്സമിന് അപകടമുണ്ടാക്കുന്നുവെന്ന് ശര്‍മ്മ പരസ്യമായി തന്നെ പറഞ്ഞു.

ഉത്തര്‍പ്രദേശാണ് ഏറ്റവും ജനങ്ങളുള്ള സംസ്ഥാനം. ജനനനിരക്കിന്റെ ദേശീയ ശരാശരി 2.1 ആയിരിക്കെ, ഉത്തര്‍പ്രദേശിലേത് 2.7 ആണ്. ആരോഗ്യം, സ്‌കൂള്‍ വിദ്യാഭ്യാസം, മാനവവികസനസൂചിക തുടങ്ങി അനേകം മേഖലകളില്‍ സംസ്ഥാനത്തിന്റെ പ്രകടനം വളരെ മോശമാണ്. പക്ഷേ ജനസംഖ്യാ വളര്‍ച്ചയുടെ കാര്യത്തിലല്ലാതെ ഇവയിലേതെങ്കിലും മേഖലകളില്‍ അടിയന്തിരമായി ഇടപെടേണ്ടതാണെന്നു യോഗി ആദിത്യനാഥിന്റെ കീഴിലുള്ള ബിജെപി ഗവണ്‍മെന്റിനു തോന്നുന്നില്ല എന്നതാണു കൗതുകകരം.

രണ്ടു മക്കളിലധികമുള്ള ദമ്പതിമാര്‍ക്കു ശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഉത്തര്‍പ്രദേശിലെ ക്രൂരമായ ജനസംഖ്യാ ബില്‍ 2021. ഈ ദമ്പതിമാരെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നു വിലക്കുക, റേഷന്‍ കാര്‍ഡ് വിഹിതം നാലു യൂണിറ്റായി ചുരുക്കുക, സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാന്‍ അവസരമില്ലാതാക്കുക തുടങ്ങിയവയാണ് ശിക്ഷകള്‍. മറുവശത്ത് നിയമം പാലിക്കുന്നവര്‍ക്ക് അനേകം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ അധിക ശമ്പളവര്‍ദ്ധനവുകള്‍, വീടു പണിയാനുള്ള ഭൂമിക്കു സൗജന്യ നിരക്കുകള്‍, വൈദ്യുതിബില്ലുകളിലും മറ്റും ഇളവുകള്‍, ഒറ്റക്കുട്ടിക്ക് 20 വയസ്സു തികയുന്നതു വരെ സൗജന്യ ആരോഗ്യ ശുശ്രൂഷാ സൗകര്യങ്ങളും ഇന്‍ഷുറന്‍സും, ഒറ്റക്കുട്ടികള്‍ക്ക് എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രവേശനത്തിനു മുന്‍ഗണന എന്നിങ്ങനെ പട്ടിക നീണ്ടു പോകുന്നു. വരികള്‍ക്കിടയില്‍ മറച്ചുവച്ചിരിക്കുന്നതാണ് നികൃഷ്ടമായ ലക്ഷ്യങ്ങള്‍. ജനനനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തില്‍ നിന്നു ഭിന്നമായി ബില്‍ ലക്ഷ്യമിടുന്നത് "വ്യത്യസ്ത സമുദായങ്ങള്‍ക്കിടയിലെ ജനസംഖ്യാ സന്തുലനം ഉറപ്പാക്കുക" എന്നതാണ്. ഇവിടെയാണു സംഗതിയുടെ മര്‍മ്മം കിടക്കുന്നത്. സന്തുലനം ഇല്ലാതാക്കുന്ന സമുദായമേതാണെന്ന് അതു തിരിച്ചു പറയുന്നില്ല, പക്ഷേ കാര്യം തികച്ചും വ്യക്തമാണ്.

ജനസംഖ്യാ വര്‍ദ്ധനവിന്റെ കണക്കുകള്‍ ഒന്നു പരിശോധിച്ചാല്‍ പല കാര്യങ്ങളും വെളിച്ചത്താകും. മുസ്ലീം ദശവര്‍ഷ ജനസംഖ്യാ വളര്‍ച്ചാനിരക്ക് 2011 -ല്‍ 20 വര്‍ഷത്തേതില്‍ വച്ച് ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. 1991-ലെ 32.8 ശതമാനം വര്‍ദ്ധനവില്‍ നിന്ന് അത് 24.6 ശതമാനമായി താഴ്ന്നു. ഹിന്ദുക്കളുടേതാകട്ടെ 1991-ലെ 22.7 ശതമാനത്തില്‍ നിന്ന് 2011 ല്‍ 16.7 ശതമാനമായും താണു. അടുത്ത സെന്‍സസ് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് എല്ലാ സാദ്ധ്യതയും.

വര്‍ഷങ്ങളായി ബിജെപി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഭീതി, മുസ്ലീം ജനസംഖ്യ ഉയരുമെന്നും ഹിന്ദുക്കള്‍ ഇവിടെ ന്യൂനപക്ഷമാകുമെന്നുമാണ്. മുസ്ലീങ്ങള്‍ ഉടനെ ഭൂരിപക്ഷമാകുമെന്നും ഹിന്ദുമതത്തെ വിഴുങ്ങുമെന്നുമുള്ള പ്രചാരവേല സോഷ്യല്‍ മീഡിയായില്‍ ശക്തമായി നടക്കുന്നുണ്ട്. ഇത് എന്നെങ്കിലും നടക്കുമെന്നതിന് യാതൊരു തെളിവുമില്ല. ഇന്ത്യയിലെ മുസ്ലീങ്ങളുടെ അനുപാതം പരിശോധിച്ചാല്‍ ഇത് തികഞ്ഞ ഒരു അസാദ്ധ്യത ആണെന്നു കാണാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. മുസ്ലീം സമുദായത്തെ ഒന്നാകെ അധിക്ഷേപിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയാ പ്രചാരണം അനിയന്ത്രിതമായി തുടരുകയും അങ്ങേയറ്റം വിഷം പരത്തുകയും ചെയ്യുന്നു. വിദ്യാസമ്പന്നരായ ആളുകളെ പോലും ഈ ഭീതി ബാധിച്ചിരിക്കുന്നുവെന്നതാണ് ഖേദകരം. എന്തിനാണ് ഇങ്ങനെയൊരു പരിഭ്രാന്തി പരത്തുന്നത്? കാര്യം വ്യക്തമാണ്, തിരഞ്ഞെടുപ്പിനു മുമ്പു ധ്രുവീകരണം സൃഷ്ടിക്കുക.

ഉത്തര്‍പ്രദേശിലെ ഈ നീക്കങ്ങളില്‍ അന്തര്‍ഭവിച്ചിരിക്കുന്ന അപകടങ്ങള്‍ കാണുന്നതിനപ്പുറമാണ്. ആദിവാസി, ദളിത്, മുസ്ലീം, പിന്നാക്ക വിഭാഗങ്ങളിലാണ് ഇതേ ക്രമത്തില്‍ തന്നെ ജനനനിരക്ക് ഉയര്‍ന്നിരിക്കുന്നത്. ബില്‍ നിയമമായാല്‍ ഈ വിഭാഗങ്ങള്‍ക്ക് ഒട്ടേറെ ക്ഷേമപദ്ധതികള്‍ നിഷേധിക്കപ്പെടും. രാജ്യത്തെ ഏറ്റവും ദരിദ്രമായ ഈ വിഭാഗങ്ങള്‍ പരമദരിദ്രമായി തീരുക എന്നതാകും അതിന്റെ ഫലം. പാവപ്പെട്ടവരിലെ ജനനനിരക്ക് മറ്റുള്ളവരേക്കാള്‍ ഉയര്‍ന്നതായിരിക്കുമെന്നത് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. അതുകൊണ്ട് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്ന ഈ പരിഹാരം സ്ഥിതിഗതികളെ കൂടുതല്‍ വഷളാക്കുകയേയുള്ളൂ. സംസ്ഥാന ഗവണ്‍മെന്റുകള്‍ ഒന്നിനു പുറകെ മറ്റൊന്നായി ഇത്തരം നിയമങ്ങളുമായി വന്നാല്‍ ഇത്തരം വിഭാഗങ്ങള്‍ക്കായി പാര്‍ലമെന്റ് രൂപപ്പെടുത്തുന്ന ക്ഷേമപദ്ധതികള്‍ എങ്ങനെ അവരിലേക്കെത്തും? ഈ ആനുകൂല്യങ്ങള്‍ കരസ്ഥമാക്കുന്നതില്‍നിന്ന് ജനങ്ങളെ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കു തടയാനാകുമോ?

ഇപ്പോഴത്തെ ബില്‍ ഒരു പ്രത്യേക സമുദായത്തെ പ്രത്യേകമായി ലക്ഷ്യം വയ്ക്കുന്നതാണെങ്കിലും അതു എല്ലാ സമുദായങ്ങളിലും ദുരിതം സൃഷ്ടിക്കും. ഉത്തരേന്ത്യയിലെ ഭൂരിപക്ഷ സമുദായത്തിലെ ജനങ്ങള്‍ക്കു പൊതുവെ ആണ്‍കുട്ടികളോടു പ്രത്യേകമായ താത്പര്യമുണ്ട്. ബില്‍ നിയമമായാല്‍ ലിംഗനിര്‍ണയ പരിശോധനകള്‍ നടത്താനും പെണ്‍ഭ്രൂണഹത്യകള്‍ നടത്താനും സ്ത്രീകളുടെ മേലുള്ള സമ്മര്‍ദ്ദമുയരും.

വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, ദാരിദ്ര്യം ലഘൂകരിക്കുക, ആരോഗ്യസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ അടിസ്ഥാന നടപടികള്‍ സ്വീകരിക്കുന്നതിനു പകരം വിവിധ നിയന്ത്രണ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ബിജെപി മുഖ്യമന്ത്രിമാര്‍ ആവേശം കാണിക്കുന്നത് എന്തുകൊണ്ട്? വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിര്‍മ്മാര്‍ജനം തുടങ്ങിയവയില്‍ ഊന്നലേകാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കുമെന്നു നമുക്കു പ്രത്യാശിക്കാനാകുമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org