Latest News
|^| Home -> Pangthi -> നോമ്പുകാല ചിന്തകൾ -> സ്‌നേഹംകൊണ്ടു മുദ്രിതമായ ശരീരം

സ്‌നേഹംകൊണ്ടു മുദ്രിതമായ ശരീരം

Sathyadeepam

മ്യൂസ് മേരി ജോര്‍ജ്

മ്യൂസ് മേരി ജോര്‍ജ്

സ്‌നേഹത്തിന്റെ സാക്ഷ്യപ്പെടുത്തലുകളുടെ വ്യത്യസ്താനുഭവങ്ങള്‍ കൊണ്ടു നിബിഡമാണ് പീഡാനുഭവവാരത്തിലെ ഓരോ വിശുദ്ധ ഗ്രന്ഥഭാഗവും. ഇവന്‍ മരണയോഗ്യന്‍ എന്ന് പുരോഹിതന്മാരും പ്രമാണിമാരും മുദ്രയിട്ട ഒരു ചെറുപ്പക്കാരന്റെ രക്തസ്‌നാനമായ മരണവും ഉയിര്‍പ്പും നാം അവിടെ വായിക്കുന്നു. ക്രിസ്തീയ വിശ്വാസത്തിന്റെ ഈ കാതല്‍ നമ്മുടെ ജീവിതഇടങ്ങളില്‍ നിറയ്ക്കുന്ന സ്‌നേഹത്തിന്റെ സംഗീതവും വ്യാകരണവും എന്തായിരിക്കുമെന്ന ആലോചനയാണീ കുറിപ്പ്.

ഭൂമിയില്‍ ജനിച്ചു മണ്ണിലെ ജീവിതത്തിന്റെ സുഖസന്തോഷങ്ങളിലൂടെ കടന്ന് പീഡകളേറ്റ് മരണത്തിലൂടെ ഭൂമിയിലെ മനുഷ്യരെ രക്ഷിക്കാന്‍ സ്വന്തം പുത്രനെ അയയ്ക്കാന്‍ സന്നദ്ധനായ ദൈവത്തില്‍ നിന്ന് ആ സ്‌നേഹഗാഥ ആരംഭിക്കുന്നു. വിട്ടുകൊടുക്കല്‍ എന്ന സ്‌നേഹഭാവത്തിന്റെ പൊരുളന്വേഷണം ആരംഭിക്കേണ്ട ഇടവും അതുതന്നെ. മനുഷ്യരോടുള്ള സ്‌നേഹാധിക്യം കൊണ്ടു പുത്രനെ ഭൂമിയിലേയ്ക്കയച്ച ദൈവത്തില്‍ നിന്നു തുടങ്ങി സ്‌നേഹത്തിന്റെ സുവിശേഷമായി മാറിയ പുത്രന്റെ മരണവും ഉത്ഥാനവും വരെ നീണ്ട സ്‌നേഹപാതകള്‍ സഹനത്തിന്റേതും ത്യാഗത്തിന്റേതുമായിരുന്നു. പീഡാനുഭവ വാരത്തിലെ ഓരോ സംഭവങ്ങളും സ്‌നേഹത്തിനുവേണ്ടി കഷ്ടത സഹിച്ച ദൈവപുത്രന്റെ വ്യഥയെ വായിച്ചറിയുന്ന സമയങ്ങളാണ്.

പെസഹാ എന്ന അനുഷ്ഠാനം യഹൂദന്മാരെ സംബന്ധിച്ചിടത്തോളം ‘കടന്നുപോകലി’ന്റെ സ്മരണ ആയിരുന്നു. അടിമജനതയുടെ വിടുതിയുടെ തുടക്കമായിരുന്നു അത്. അരകെട്ടിയും ചെരുപ്പുകള്‍ മുറുക്കിയും യാത്രാസന്നദ്ധരായി നിന്നുകൊണ്ട് ഒരു ജനത ഭക്ഷിച്ച ആ പെസഹാ ഭക്ഷണം അടിമദേശത്തെ അവസാന ഭക്ഷണം ആയിരുന്നു. പ്രതീക്ഷയും പ്രത്യാശയും നിറഞ്ഞ മനസ്സോടെ തിടുക്കത്തില്‍ കഴിച്ച ആ പെസഹാ പിന്നീട് പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍ മാത്രമായി മാറി. അതിന്റെ വിമോചകാംശവും ദൈവാശ്രയത്വത്തിലുള്ള പിടഞ്ഞു നില്പ്പും കാലഹരണപ്പെട്ടുപോയി. അല്ലെങ്കില്‍ സ്മരണമാത്രമായി മാറിയ ഒരനുഷ്ഠാനത്തിന്മേല്‍ പങ്കുവയ്ക്കലിന്റെ – സഹനത്തിന്റെ – മൂല്യം സ്ഥാപിക്കപ്പെട്ട സന്ദര്‍ഭമായി പുതിയ നിയമവും പുതിയ പെസഹയും ഉണ്ടാകുന്നു. തന്റെ ശരീരത്തെ പങ്കുവയ്ക്കുന്ന മനുഷ്യപുത്രന്‍, രക്തത്തെ ദാനമായി നല്കുന്ന രക്ഷകന്‍ നമ്മുടെ ജീവിത ഇടങ്ങളില്‍ പുതിയ പെസഹായിലൂടെ സ്‌നേഹമെന്നാല്‍ പങ്കിടലിന്റെ മൂര്‍ദ്ധന്യഭാവമാണെന്ന അര്‍ത്ഥം മുദ്രയിട്ടു. സ്‌നേഹമെന്നത് ഉടലിന്റെ ഭാഷ്യമായി നമ്മുടെ രക്ഷകന്‍ വ്യാഖ്യാനിച്ച പെസഹയുടെ കാതലില്‍ നമ്മുടെ ശിലാഹൃദയങ്ങള്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടുണ്ടോ? ശരീരം നുറുക്കി/പങ്കിട്ടു കൊടുത്തുകൊണ്ട് ശിഷ്യഗണത്തിനു മുമ്പില്‍ അവതരിപ്പിച്ച സ്‌നേഹപാഠം അനുഷ്ഠാനാത്മകമായ ഒന്നു മാത്രമായി മാറുമ്പോള്‍ അകക്കാമ്പു നഷ്ടമായ പെസഹയാണ് നമ്മള്‍ ഭക്ഷിക്കുന്നത്. സ്‌നേഹത്തിന്റെ പൊറുതികേടില്‍ സ്വയം മുറിയാനും സഹിക്കാനും സജ്ജമാകേണ്ട ശരീരത്തിന്റെ ഉത്തരവാദിത്തങ്ങള്‍ കൂടി പെസഹയില്‍ ഉള്ളടങ്ങിയിരിക്കുന്നു. യുദ്ധവിജയിയായ ദൈവത്തില്‍നിന്നു രോമം ക ത്രിക്കാന്‍ പോകുമ്പോഴും ശാന്തനായിരിക്കുന്ന സഹനത്തിന്റെ ആ രാജകുമാരന്‍ പകര്‍ന്നുതന്ന രക്തത്തോളം പോന്ന സൗഹൃദത്തില്‍ നമ്മുടെ ഭാഗഭാഗിത്തം എങ്ങനെയെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ശരീരവും രക്തവും പങ്കിടുവോളം എത്തിയ സ്‌നേഹത്തിനു നാം നല്‌കേണ്ടുന്ന മറുസ്‌നേഹത്തിന്റെ ആഴങ്ങളെ ധ്യാനിച്ചു കൊണ്ടു മാത്രമേ പെസഹയുടെ പാനപാത്രത്തില്‍ വിരല്‍ തൊടാവൂ…

സ്‌നേഹമെന്നത് ഉടലിന്റെ ഭാഷ്യമായി നമ്മുടെ രക്ഷകന്‍ വ്യാഖ്യാനിച്ച പെസഹയുടെ കാതലില്‍ നമ്മുടെ ശിലാഹൃദയങ്ങള്‍ ഇനിയും എത്തിച്ചേര്‍ന്നിട്ടുണ്ടോ? ശരീരം നുറുക്കി/പങ്കിട്ടു കൊടുത്തുകൊണ്ട് ശിഷ്യഗണത്തിനു മുമ്പില്‍ അവതരിപ്പിച്ച സ്‌നേഹപാഠം അനുഷ്ഠാനാത്മകമായ ഒന്നു മാത്രമായി മാറുമ്പോള്‍ അകക്കാമ്പു നഷ്ടമായ പെസഹയാണ് നമ്മള്‍ ഭക്ഷിക്കുന്നത്. സ്‌നേഹത്തിന്റെ പൊറുതികേടില്‍ സ്വയം മുറിയാനും സഹിക്കാനും സജ്ജമാകേണ്ട ശരീരത്തിന്റെ ഉത്തരവാദിത്തങ്ങള്‍ കൂടി പെസഹയില്‍ ഉള്ളടങ്ങിയിരിക്കുന്നു.

ഒറ്റുകാരനും തന്റെ കൃത്യം നിര്‍വ്വഹിച്ചത് സ്‌നേഹത്തിന്റെ ശരീരഭാഷകൊണ്ടുതെന്നയാണ്. ചുംബനത്താല്‍ അടയാളപ്പെടുത്തിയ ആ തിരസ്‌ക്കാരത്തിന്റെ പേര് ഒറ്റ് എന്നായി മാറി. ഒറ്റുകൊടുക്കുന്ന വാക്കും നോക്കും ജീവിത ഇടങ്ങളില്‍ നിറയുകയും കവിയുകയും ചെയ്തുകൊണ്ടു നാം ജീവിതത്തിന്റെ പാനപാത്രങ്ങള്‍ നിറയ്ക്കുമ്പോള്‍ ഒറ്റുകാരന്റെ പാനപാത്രത്തില്‍ നാം വിരല്‍മുക്കുന്നു. നമ്മുടെ ജീവിതങ്ങളെ വ്യാജ സ്‌നേഹത്തിന്റെയും കപട ഭാഷണത്തിന്റെയും യുക്തി വൈചിത്ര്യങ്ങളാല്‍ വ്യാഖ്യാനിക്കുമ്പോള്‍ ഒട്ടുമേ നിരാശ ബാധിക്കാത്ത ഒറ്റുകാരന്റെ ജീവിതമായി സ്വയം മാറരുത് എന്ന അര്‍ത്ഥന പെസഹ ആചരണത്തിനിടയില്‍ കേള്‍ക്കാതെ പോകരുത്.

ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കാന്‍ കൂടെ വിളിച്ചുകൊണ്ടുപോയവരെ ലോകം പരിക്ഷീണിതരാക്കി മാറ്റി. വിയര്‍പ്പുതുള്ളികള്‍ രക്തമാകുംവരേക്കും സഹനവും യാചനയും കൊണ്ടു സിരാപടലമാകെ വെന്തും വിയര്‍ത്തും ഗുരുപ്രാര്‍ത്ഥിക്കുമ്പോള്‍ ആ സ്‌നേഹസഹനങ്ങളുടെ ഗരിമയെ ധ്യാനിക്കുന്നതിന് സജ്ജമാകാതിരുന്ന ശിഷ്യരോടു ചോദിക്കുന്ന ചോദ്യം ഇന്നും മാനസ വാതിലുകളില്‍ കാറ്റുണര്‍ത്തുന്നു. എനിക്കായി അല്‍പനേരം ഉണര്‍ന്നിരിക്കാനാവതില്ലേ? ഈ ഉണര്‍ന്നിരിക്കല്‍ കൊണ്ട് ഉറക്കൊഴിഞ്ഞു പ്രാര്‍ത്ഥന ചൊല്ലുക എന്നതിനപ്പുറം നമ്മുടെ ജീവിതഇടങ്ങളില്‍ നമ്മുടെ പ്രിയനായി നിരന്തരം നിലനിര്‍ത്തേണ്ടുന്ന ജാഗ്രത്ഭാവത്തിന്റെ പ്രതീകാത്മക ഭാവമാണ് ഉറക്കൊഴിക്കല്‍ എന്നത്. എനിക്കായി ഉറങ്ങാതിരിക്കാനാവില്ലേ എന്നു ചോദിക്കുന്ന നാഥന്റെ കണ്ണുകളിലെ യാചനാഭാവം നാം കണ്ണടച്ചും ഉറക്കം തൂങ്ങിയും അഭിമുഖീകരിക്കുന്ന നിരവധിയായ അനീതികള്‍ക്കും അസത്യങ്ങള്‍ക്കും എതിരേ നിലനിര്‍ത്തേണ്ട ജാഗ്രത്‌നിലയാണ്.

തള്ളിപ്പറയുന്ന കൂട്ടുകാരന്‍ സ്‌നേഹസൗഹൃദങ്ങളുടെ ഉഷ്ണനിലകളെ ശീതീകരിക്കുന്നവനാണ്. ഇവനെ ഞാനറിയുന്നില്ല എന്ന് ഭയചകിതനായ ശിഷ്യന്‍/സുഹൃത്ത് പറയുമ്പോള്‍ പീഡാസഹനത്തിന്റെ വ്യഥിതനിലകളില്‍ നിന്നുകൊണ്ട് അവനെ ഉറ്റു നോക്കുന്ന ഗുരുവിന്റെ കണ്ണുകളില്‍ ഊറിനിറഞ്ഞ കനിവില്‍ പശ്ചാത്താപക്കണ്ണീരുകൊണ്ടു കാലുകഴുകിയ ശിഷ്യനെ എങ്ങനെ മറക്കും. സ്‌നേഹവും തിരസ്‌ക്കരണവും നിറഞ്ഞ ജീവിതവഴികളിലൂടെ ഇടറിയിടറി നാം മുന്നോട്ടു പോകുമ്പോള്‍ വിചാരണയുടെ തിക്തനിലയില്‍ ആയിരിക്കുമ്പോഴും പത്രോസിനെ നോക്കിയ നോട്ടം ഇന്നും നമ്മുടെ അകതാരില്‍ പിടഞ്ഞു നില്‍ക്കുന്നുണ്ടോ എന്ന് ഒന്നു ചുഴിഞ്ഞു നോക്കിയാല്‍ ആ കണ്ണുകള്‍ എത്രവട്ടം നമ്മെ വിടാതെ നോക്കിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവില്‍ പശ്ചാത്താപം കൊള്ളാന്‍ നമുക്കാകുമോ?

ഹന്നാസ്, കയ്യാഫാസ്, പീലാത്തോസ് രണ്ടു വട്ടം, ഹേറോദേസ്, ജനക്കൂട്ടം, പുരോഹിതസംഘം ഒക്കെയും മാറി മാറി വിചാരണ ചെയ്ത ഒരു നിരപരാധിയെ നാം പീഡാനുഭവ വായനയില്‍ കാണുന്നു. ഈ മനുഷ്യനില്‍ ഞാനൊരു കുറ്റവും കാണുന്നില്ല എന്നു പറഞ്ഞത് വിജാതീയനായ പീലാത്തോസ് മാത്രം. ആസൂത്രണം ചെയ്തു നടപ്പാക്കിയ കുറ്റവിചാരണയില്‍ പീലാത്തോസ് പെട്ടുപോയി എന്നെനിക്കു തോന്നാറുണ്ട്. ഒരവസരത്തില്‍ സത്യം എന്താണ് എന്നൊരു ചോദ്യം പോലും അദ്ദേഹത്തിന്റെ നാവില്‍ നിന്നുവരുന്നുണ്ട്. പക്ഷേ അധികാരത്തിന്റെ പ്രലോഭനങ്ങളില്‍ അയാള്‍ പെട്ടുപോയി. ലോകത്തെ മുഴുവന്‍ നിരുപാധികം സ്‌നേഹിച്ച ഒരാള്‍ ക്രൂശോളം ഒറ്റപ്പെട്ടുപോയത് നാം കാണുന്നു. സ്‌നേഹത്തിന്റെ വ്യര്‍ത്ഥഭാഷണങ്ങളില്‍ നാം കുരുങ്ങുമ്പോള്‍ ഒറ്റപ്പെട്ടുപോകുന്ന സൗഹൃദങ്ങളെ തിരിച്ചറിയാന്‍ കഴിയണം.

കരയുന്ന സ്ത്രീകളോട് സാന്ത്വനം പകര്‍ന്ന ആ കൂട്ടുകാരന്‍ നമ്മില്‍ ജീവിക്കുന്നുണ്ടോ? അവന്റെ മുഖം പതിഞ്ഞ തൂവാലയുമായൊരുവള്‍ നമ്മില്‍ നിരന്തരം ഉയിര്‍ക്കുന്നുണ്ടോ? അത്രമേല്‍ ആഴത്തില്‍ സ്‌നേഹിക്കുമ്പോള്‍ മാത്രമേ ആ മുഖം നമ്മില്‍ മുദ്രയിടൂ എന്ന സത്യം കുരിശുമായുള്ള യാത്ര ഓര്‍മ്മിപ്പിക്കുന്നു. ജറുസലേം സ്ത്രീകളുടെ കണ്ണീരും അനാഥത്വവും തിരിച്ചറിഞ്ഞ അവരുടെ സ്‌നേഹിതന്‍ ചോരയും യാതനയും നിറഞ്ഞു തുളുമ്പിയ സന്ദര്‍ഭത്തിലും അവരോടു സംസാരിക്കുന്നു. സംസാരിക്കേണ്ട ഇടങ്ങളില്‍ നാം പുലര്‍ത്തുന്ന നിശബ്ദതയെ ഭേദിക്കാന്‍ നമ്മുടെ നാഥന്‍ നമ്മോടു പറയുന്നുണ്ട്. കുരിശില്‍ കിടക്കുമ്പോഴും കൂടെ പീഡ അനുഭവിക്കുന്നവരോട് സ്‌നേഹഭാഷണം നടത്തുന്നു. സൗഹൃദത്തിന്റെ നിത്യമായ സത്യം വാഗ്ദാനം ചെയ്യുന്നു. അമ്മയോടും പ്രിയസ്‌നേഹിതനോടും സംസാരിക്കുന്നു. മാതൃസ്‌നേഹത്തിന്റെ പരകോടിയിലാണ് ആ സംഭാഷണം അടിത്തറയിടുന്നത്. തന്റെ ഏറ്റവും മികച്ച വിശ്വാസിയായ അമ്മയെ കൈവിടാത്ത ആ സംഭാഷണം നമ്മുടെ വീടകങ്ങളില്‍ മാതാപിതാക്കളോടുള്ള പെരുമാറ്റത്തില്‍ പ്രതിഫലിക്കുന്നുണ്ടോ? പിതാവായ ദൈവത്തോടും കുരിശില്‍ കിടന്നുകൊണ്ട് ഇടവിട്ടിടവിട്ടു സംസാരിക്കുന്നു. സങ്കടവും സമര്‍പ്പണവും നിറഞ്ഞ ആ സംഭാഷണങ്ങളില്‍ ഒരു ജീവിതത്തിന്റെ സത്യം മുഴുവനുണ്ട്. ജനത്തോടും സംസാരിക്കുന്നു. തന്റെ ദാഹം നിരന്തരമായ അനുഭവമായി തിരിച്ചറിയാത്ത ജനപരമ്പരയുടെ മേല്‍ ഒരു നിലവിളിയായി ആ ശബ്ദം ഇന്നു നിലനില്‍ക്കുന്നുണ്ടോ?

ആലോചനകള്‍ കുരിശില്‍ ഒടുങ്ങുന്നില്ല. ഉയിര്‍പ്പിന്റെ ഓരോ അനുഭവ ഇടങ്ങളും നമ്മുടെ ഗുരുവിന്റെ സ്‌നേഹസാന്ത്വനങ്ങള്‍ കൊണ്ടു നിര്‍ഭരമാണ്. മഗ്ദലനക്കാരിയുടെ സ്‌നേഹത്തിനു മുന്നില്‍ ചകിതരായ ശിഷ്യന്മാര്‍ക്കു നടുവില്‍, സംശയാലുവായ ശിഷ്യന്റെ മുമ്പില്‍, വിശന്നിരിക്കുന്നവര്‍ക്കു മുന്നില്‍, ചിതറിയ ആട്ടിന്‍പറ്റം പോലെയായിത്തീര്‍ന്ന സുഹൃത്തുക്കള്‍ക്കു മുന്നില്‍ അവന്‍ വാക്കായും പൊരുളായും അപ്പമായും അടയാളമായും വന്നു നിറയുന്നത് നാം അറിയുന്നുണ്ടോ? സ്‌നേഹത്തിന്റെ ആ പാനപാത്രം നമ്മുടെ വിഷലിപ്തമായ ചുണ്ടുകള്‍കൊണ്ടു നുകരരുത് എന്ന ഓര്‍മ്മപ്പെടുത്തലില്‍ ഉയിര്‍പ്പ് ജീവിക്കുന്നു. നമ്മുടെ വിശ്വാസത്തെ സ്‌നേഹത്തിന്റെ ശുദ്ധീകരണജലം കൊണ്ട് വെടിപ്പാക്കി നിലനിര്‍ത്തുക.

Comments

One thought on “സ്‌നേഹംകൊണ്ടു മുദ്രിതമായ ശരീരം”

  1. Sreelatha rejeev says:

    സ്നേഹം.. സൗഹൃദം. ഒക്കെ എത്ര സന്തോഷവും സമാധാനവും ആണ്.. Muse ന്റെ ഈ എഴുത്ത് വായിക്കുമ്പോ തള്ളിപ്പറയലുകൾ, മത്സരങ്ങൾ , അപമാനിക്കൽ, അതിക്ഷേപങ്ങൾ ഒക്കെ ഇന്നത്തെ സൗഹൃദങ്ങളെ, സന്തോഷങ്ങളെ, സ്നേഹത്തെ ഒക്കെ കളയുന്നില്ലേ എന്ന ഒര് ആവലാതി.,…… മനോഹരമായ കുറിപ്പ്…… സ്നേഹം, ആദരം 🙏❣️

Leave a Comment

*
*