പാഠം – 3 ‘നമ്മള്‍ സൂക്ഷിപ്പുകാരാണ് ഉടമസ്ഥരല്ല’

പാഠം – 3  ‘നമ്മള്‍ സൂക്ഷിപ്പുകാരാണ്  ഉടമസ്ഥരല്ല’

ഫാ. പോളി പയ്യപ്പിള്ളി CMI

"കാരണവന്മാരേ, നിങ്ങളുടെ മക്കളെ വളര്‍ത്തുന്ന കാര്യം നിങ്ങളുടെ എത്രയും പ്രധാനപ്പെട്ട കാര്യവും കടമയും ആകുന്നു എന്നു നന്നായി അറിഞ്ഞുകൊള്‍ക. മക്കള്‍, സര്‍വ്വേശ്വരന്‍ തമ്പുരാന്‍ സൂക്ഷിപ്പാനായി നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്ന ഒരു നിക്ഷേപമാകുന്നു. തന്‍റെ തിരുച്ചോര കൊണ്ട് ശുദ്ധീകരിക്കുന്നതിനും തന്‍റെ ശുശ്രൂഷികളാകുന്നതിനും വിധിദിവസത്തില്‍ തിരികെ ഏല്പിക്കുന്നതിനുമായി ഈശോമിശിഹാ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്ന ആത്മാക്കള്‍ ഇവരാകുന്നു എന്ന് നന്നായി അറിഞ്ഞുകൊള്‍വിന്‍." – ചാവരുള്‍ 2:1

"നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ അല്ല… നിങ്ങളിലൂടെ വന്നെത്തുന്നുവെങ്കിലും അവര്‍ നിങ്ങളില്‍ നിന്ന് ഉണ്ടാകുന്നില്ല. നിങ്ങളോടൊപ്പം ഉണ്ടെങ്കിലും അവര്‍ നിങ്ങള്‍ക്കു സ്വന്തമല്ല. അവര്‍ക്കു നിങ്ങളുടെ സ്നേഹം നല്കുക; വിചാരങ്ങള്‍ കൊടുക്കരുത്. എന്തെന്നാല്‍ അവര്‍ക്ക് സ്വന്തം വിചാരങ്ങളുണ്ടല്ലോ. കിനാവുകളില്‍ പോലും ചെന്നെത്തുവാന്‍ കഴിയാത്ത നാളെയുടെ മന്ദിരത്തിലാണല്ലോ അവരുടെ ചേതനകള്‍ വസിക്കുക. അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്കു പരിശ്രമിക്കാം. എന്നാല്‍ അവരെ നിങ്ങളെപ്പോലെയാക്കാന്‍ ഒരുമ്പിടരുത്. ജീവിതം പിന്നോട്ടൊഴുകുകയോ ഇന്നലെകളോടു കുശലം പറയുകയോ ചെയ്യുന്നില്ലല്ലോ." ഇത് ലെബനോണിലെ അനശ്വര കവി ഗലീല്‍ജിബ്രാന്‍റെ വരികള്‍.

ഫ്രാന്‍സിസ് പാപ്പ ഒരു കാര്യം നമ്മെ അനുസ്മരിപ്പിക്കുന്നു, "അവരുടെ (കുഞ്ഞുങ്ങളുടെ) ജീവിതത്തിന്‍റെ ആദ്യനിമിഷം മുതല്‍, പല കുട്ടികളും തിരസ്കരിക്കപ്പെടുകയും പരിത്യജിക്കപ്പെടുകയും ചെയ്യുന്നു. അവരുടെ ശൈശവവും ഭാവിയും അവരില്‍നിന്ന് അപഹരിക്കപ്പെടുന്നു. ഈ കുട്ടികളെ ലോകത്തിലേക്ക് കൊണ്ടുവന്നത് തെറ്റായിരുന്നുവെന്ന് സ്വയം നീതീകരിക്കാനെന്നവണ്ണം, പറയുവാന്‍ തുനിയുന്നവരുണ്ട്. ഇത് ലജ്ജാകരമാണ്."

മനുഷ്യന് ആഗ്രഹങ്ങളുണ്ടാകാം. ആഗ്രഹങ്ങളാണ് ജീവിതത്തിന് അര്‍ത്ഥം പകരുന്നത്. എന്നാല്‍ സ്വന്തം ആഗ്രഹങ്ങള്‍ സ്വയം നിവര്‍ത്തേണ്ടവയാണ്. ചിലരെങ്കിലും തങ്ങളുടെ ജീവിതത്തില്‍ പൂര്‍ത്തീകരിക്കപ്പെടാതെ പോയ സ്വപ്നങ്ങള്‍ മക്കളിലൂടെ നിറവേറ്റപ്പെടണമെന്ന് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെടുന്നവരാണ്.

മക്കളുടെ വ്യക്തിത്വത്തിനു തെല്ലും വില നല്കാതെ, അവരുടെ ആഭിമുഖ്യങ്ങള്‍ തിരിച്ചറിയാതെ അവരുടെ അഭിരുചിക്ക് ഇണങ്ങാത്ത പഠനപദ്ധതികളും ജോലികളും അവരെ നിബന്ധനകളായി കെട്ടിയേല്പിക്കുന്ന മാതാപിതാക്കള്‍ മക്കള്‍ ദൈവനിക്ഷേപമാണെന്നും തങ്ങള്‍ കാവല്‍ക്കാര്‍ മാത്രമാണെന്നും തിരിച്ചറിയാതെ പോകുന്നവരാണ്. പ്രായമായ മക്കളെ സ്വന്തം ചൊല്‍പ്പടിക്കു നിറുത്തിയും അവരുടെ ജീവിതപങ്കാളിക്കു മുഴുവനുമായി വിട്ടുകൊടുക്കാതെ സ്വന്തമായി പിടിച്ചുവച്ചും ജീവിതം നരകതുല്യമാക്കുന്ന മാതാപിതാക്കളെയും ഈ വകുപ്പില്‍തന്നെ ഉള്‍പ്പെടുത്താം.

കുട്ടികളുടെ അന്തസ്സ് നിശ്ചയിക്കുന്നത് ദൈവത്തിന്‍റെയും അത് തെരഞ്ഞെടുക്കുന്നതു കുട്ടികളുടെയും കാര്യമാണെന്നും ചാവറ പിതാവ് പറയുന്നു. 'നമ്മള്‍ സൂക്ഷിപ്പുകാരാണ്, ഉടമസ്ഥരല്ല.' ഈ വാക്കുകള്‍ ജീവിതാനുവര്‍ത്തിയാക്കുമെങ്കില്‍ ഒട്ടനവധി ദുരന്തങ്ങള്‍ ഒഴിവാക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org