വേലയെടുക്കുന്നത് മാന്യത

വേലയെടുക്കുന്നത് മാന്യത

സി. നിബി സി.എം.സി.

നിന്‍റെ അവസ്ഥയ്ക്കുതക്ക വണ്ണം വേലയെടുക്കുക. വേലയെടുക്കാതിരിക്കുന്നത് മാന്യതയുള്ള ആളുകളുടെ രീതിയല്ല, പിന്നെയോ വീടും കുടിയും സന്തതിയും ഇല്ലാത്തവരുടെ നടപ്പാകുന്നു (ചാവരുള്‍).

വിശുദ്ധ ചാവറയെന്ന കര്‍മ്മയോഗിയുടെ കാലിക പ്രസക്തമായ ഈ വാക്കുകള്‍ക്ക് ഫലഭൂയിഷ്ഠമായ ഏദേന്‍ എന്ന ആദ്യ കര്‍മ്മഭൂമിയുടെ ഗന്ധമുണ്ട്. കഠിനാധ്വാനം ചെയ്തുകൊണ്ട് കാലയാപനം ചെയ്ക (ഉല്പത്തി 3:17). കര്‍ഷകന്‍റെ കൈത്തഴമ്പും കാലിക്കൂടിന്‍റെ ഗന്ധവും കായേന്‍-ആബേല്‍ കഥാപാത്രങ്ങള്‍ കൈമാറി തലമുറകള്‍ പിന്നിടുമ്പോള്‍ അധ്വാനത്തിന്‍റെ ആത്മാവും ആന്തരികതയും നസ്രത്തിലെ മരപ്പണിക്കാരനായ തച്ചന്‍റെ മകന്‍ യേശുവില്‍ പൂര്‍ത്തിയാകുന്നു. അധ്വാനത്തിന്‍റെ അനിവാര്യത വെളിപ്പെടുത്തിക്കൊണ്ട് അധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ (2 തെസ 3:10) എന്ന പൗലോസിന്‍റെ കല്പനയും ആത്മീയതയും ചാവറയച്ചന്‍റെ വാക്കുകളില്‍ നിഴലായി നില്ക്കുന്നു. വേല വേദമായും കര്‍മ്മം ധര്‍മ്മമായും അധ്വാനം ആരാധനയായും ഉള്‍ക്കാഴ്ചയില്‍ തെളിയിക്കുന്നവന് സമൂഹം മാന്യതയും മഹത്ത്വവും നല്കി ആദരിക്കുമെന്നത് എക്കാലത്തെയും യാഥാര്‍ത്ഥ്യമാണ്.

സാങ്കേതികവിദ്യയുടെ പുരോഗതി അധ്വാനത്തിനും ജോലിക്കും വന്‍തോതില്‍ പകരമാകുന്ന ഹാനികരമായ അവസ്ഥ ഈ തലമുറയെ അലസതയിലേക്കും ആലസ്യത്തിലേക്കും വലിച്ചിഴയ്ക്കുന്നു. ഒരു വിരല്‍ത്തുമ്പില്‍ തുറക്കാവുന്ന ലോകവും ഒരു ബട്ടണില്‍ പൂര്‍ത്തിയാക്കാവുന്ന ജോലിയും അനാരോഗ്യത്തിലേയ്ക്ക് അലക്ഷ്യതയിലേയ്ക്കും പുതുതലമുറയെ അടുപ്പിക്കുന്നു. ജീവിതപാതയിലേക്കുള്ള ആദ്യചുവടുവയ്പ്പില്‍ തന്നെ നാം ജോലിക്കുള്ള വിളിയിലേക്കാണ് ചുവട്വയ്ക്കുന്നത്. ഈ ഭൂമിയിലെ ജീവിതത്തിനും സമൂഹത്തിന്‍റെ വികസനത്തിനും വളര്‍ച്ചയ്ക്കും വ്യക്തിപരമായ സംതൃപ്തിക്കുള്ള ഒരു പാതയായി വേല അഥവാ ജോലിയെ കണ്ടുമുട്ടാനാകുകയെന്നത് ശ്രേഷ്ഠമാണ്. എന്നാല്‍ കുറഞ്ഞ മുടക്ക് മുതലില്‍ കൂടുതല്‍ ലാഭം, കുറഞ്ഞ അധ്വാനം കൂടുതല്‍ ഫലം, കുറഞ്ഞ സമയം കൂടുതല്‍ വേതനം. ഇങ്ങനെ ഉപഭോഗ സംസ്ക്കാരത്തിന്‍റെ വശ്യതയിലൂടെ നീങ്ങി ഏത് മാര്‍ഗങ്ങളിലൂടെ പോലും പണം സ്വന്തമാക്കാന്‍ കുടുംബങ്ങളില്‍ മാതാപിതാക്കള്‍ ശ്രമിക്കുന്നത് മക്കളിലേക്കും തലമുറകളിലേക്കും പടര്‍ന്നുപിടിക്കുന്ന മടിയെന്ന സര്‍വ്വദുര്‍ഗുണങ്ങളുടെയും മാതാവിനെയാണ്.

മടി മദ്യപാനത്തിന്‍റെ കാരണമാകുന്നു. മദ്യപാനം ലോകത്തിന്‍റെ മുന്‍പാകെ എത്രയും അപമാനമുള്ളതും തമ്പുരാന്‍റെ തിരുമുമ്പില്‍ എത്രയും പാപകരവുമാകുന്നു (ചാവരുള്‍).

സുഖലോലുപന്‍ ദരിദ്രനായിത്തീരും. വീഞ്ഞിലും സുഗന്ധ തൈലത്തിലും ആസക്തി കാട്ടുന്നവന്‍ ധനവാനാവുകയില്ല (സു ഭാ. 21:17) എന്ന വചനവും വെളിപ്പെടുത്തുക സമാനമായ ചാവരുള്‍തന്നെയാണ്. കാലത്തിന് അപ്പുറം കര്‍മ്മങ്ങളെ കണ്ടവന്‍, കുടുംബങ്ങളില്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയാകുവാന്‍ ആഹ്വാനം ചെയ്തവന്‍, ഇന്നത്തെ തലമുറയോട് വിശുദ്ധിയോടെ നില്ക്കുന്നതിന് മയക്കുമരുന്നുകള്‍, സീരിയലുകള്‍, സോഷ്യല്‍ മീഡിയകളായ വാട്സാപ്പ്, ഫേസ് ബുക്ക്, വീഡിയോ ഗെയ്മുകള്‍, അശ്ലീലചിത്രങ്ങള്‍, അശ്ലീല പുസ്തകങ്ങള്‍, ആഡംബര ഭക്ഷണ രീതികള്‍, അടിപൊളിയാഘോഷങ്ങള്‍, മാന്യമല്ലാത്ത വസ്ത്രധാരണം എന്നിവ ഉപേക്ഷിക്കാനും പ്രായത്തിനനുസരിച്ച് ചെറിയ ജോലികള്‍ ചെയ്തും അലസതയെ അതിജിവിച്ച് ദൈവതിരുമുമ്പില്‍ വിശുദ്ധ നിക്ഷേപങ്ങളായി ജീവിതവിജയം കൈവരിക്കാനും നമ്മെ ക്ഷണിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org