Latest News
|^| Home -> Pangthi -> ചാവരുളിന്‍റെ പൊരുള്‍ -> ഒരു നല്ല അപ്പന്‍റെ ചാവരുള്‍: പാഠം 1

ഒരു നല്ല അപ്പന്‍റെ ചാവരുള്‍: പാഠം 1

Sathyadeepam

ഫാ. വില്‍സന്‍ തറയില്‍ CMI

നിങ്ങള്‍ തമ്മില്‍ത്തമ്മില്‍ ഉപവിയായിരിപ്പിന്‍, സ്നേഹമായിരിപ്പിന്‍ ഓരോരുത്തന്‍റെ കുറവുകളും, പോരായ്മകളും നിങ്ങള്‍ തമ്മില്‍ത്തമ്മില്‍ ക്ഷമിപ്പിന്‍

കൂടുമ്പോള്‍ ഇമ്പമുള്ള സ്ഥലത്തെയാണ് ‘കുടുംബം’ എന്ന് പറയുക. ഈ കുടുംബങ്ങളെക്കുറിച്ചു ഏറെ പരിഗണനയും, പ്രത്യാശയുമുള്ള ഒരു കര്‍മ്മയോഗിയായിരുന്നു 19-ാം നൂറ്റാ ണ്ടില്‍ ജീവിച്ച് മരിച്ച വി. ചാവറയച്ചന്‍. കുടുംബങ്ങള്‍ എങ്ങനെയോ അതുപോലെ നാം ജീവിയ്ക്കുന്ന പ്രപഞ്ചവുമായിരിക്കുമെന്ന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഉത്ബോധിപ്പിച്ചിട്ടുണ്ട്.

കൈനകരിയിലെ ഓലപ്പുരയില്‍ നിന്നും അനുഭവിച്ച കുടുംബ സ്നേഹവും, അതിനുശേഷം സെമിനാരിയില്‍ നിന്നും ഇടവക ജീവിതത്തില്‍ നിന്നും, സാമൂഹ്യ ജീവിതത്തില്‍ നിന്നും ലഭിച്ച സാഹോദര്യ സ്നേഹവും ചാവറയച്ചന്‍റെ പുണ്യജീവിതത്തിലെ പ്രചോദനങ്ങളായിരുന്നു. ഈ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സഭാമക്കളെ കുടുംബ ജീവിതത്തില്‍ കെട്ടുറപ്പുള്ളവരാക്കി തീര്‍ക്കുവാന്‍ വി. ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവ് 1868 ല്‍ നല്‍കിയ മാര്‍ഗ്ഗരേഖയാണ് ഒരു നല്ല അപ്പന്‍റെ ചാവരുള്‍. അദ്ദേഹം ഇതിനെ ഒരു ‘ദെസ്തമെന്ത’ (മരണശാസനം) ആയിട്ടാണ് കൈനകരിയിലെ കുരിശുപള്ളിക്കാര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ഈ മാര്‍ഗ്ഗരേഖയിലെ ആദ്യഭാഗമാണ് മേലുദ്ധരിച്ച വാക്യങ്ങള്‍.

നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍, ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍. നിങ്ങള്‍ക്ക് പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും’ (യോഹ 13 : 34-35). ഞാന്‍ നിങ്ങളോട് പറയുന്നു ശത്രുക്കളെ സ്നേഹിപ്പിന്‍ (മത്താ 5:44) ഈ യേശു വചനങ്ങളില്‍ നിന്നും ഉയിര്‍ക്കൊണ്ട ഒരു മാര്‍ഗ്ഗരേഖയായി ‘ഒരു നല്ല അപ്പന്‍റെ ചാവരുളിലെ’ ഈ ആദ്യ ഭാഗത്തെ നമുക്ക് ദര്‍ശിക്കാവുതാണ്.

സ്നേഹം തുടങ്ങുന്നത് കുടുംബങ്ങളില്‍ നിന്നാണ്. മദര്‍ തെരേസായുടെ വാക്കുകളാണിത്. ചാവറയച്ചന്‍ തന്‍റെ മാര്‍ഗ്ഗരേഖയുടെ ആമുഖത്തില്‍ തന്നെ പറഞ്ഞിരിക്കുന്നതിങ്ങനെയാണ്. ‘കുടുംബത്തിന്‍റെ ന്യായം ഇതാകുന്നു-ചോരയാലും സ്നേഹത്താലും തമ്മില്‍ത്തമ്മില്‍ ബന്ധപ്പെട്ട പല ആളുകള്‍ കാരണവന്മാരുടെ നേരെ ആദരവും അനുസരണയും ഉള്ളവരായി തമ്പുരാനോടും മനുഷ്യരോടും സമാധാനത്തില്‍ നടക്കുകയും അവരവരുടെ ജീവിതാന്തസ്സിനു തക്കതിന്‍ വണ്ണം നിത്യരക്ഷയെ പ്രാപിക്കുന്നതിനും പ്രയത്നം ചെയ്തു കൊണ്ട് കൂട്ടമായി ജീവിക്കുകയും ചെയ്യുന്നതാകുന്നു.”

മാതാപിതാക്കന്മാര്‍ തമ്മിലുള്ള സ്നേഹമാണ് ഒരു കുടുംബത്തിന്‍റെ അടിത്തറയെന്ന് ചാവറയച്ചന്‍ അടിവരയിട്ട് പറയുന്നു. ‘യേശുവിന്‍റെ കണ്ണുകളിലൂടെ’ എന്ന പുസ്തകത്തില്‍ സി. അലന്‍ എമ്സ് എഴുതിയിരിക്കുന്നതിങ്ങനെയാണ്. ‘യൗസേപ്പും മേരിയും ഗാനാലാപനം കഴിഞ്ഞപ്പോള്‍ ഔസേപ്പ് അമ്മയെ ചേര്‍ത്തുപിടിച്ചു, പിന്നെ കൈയ്യില്‍ താങ്ങിയെടുത്ത് മറിയത്തിലൂടെ ദൈവം ലോകത്തിനേകിയ മഹാദാനത്തെക്കുറിച്ച് അവിടുത്തെ സ്തുതിച്ചു കൊണ്ട് ആ മുറിയിലൂടെ ചുവടുകള്‍ വെച്ചു. അമ്മ ചിരിക്കുകയായിരുന്നു. അപ്പോള്‍ അമ്മ ആനന്ദപൂരിതയായിരുന്നു. കുനിഞ്ഞ് എന്നെയും പൊക്കിയെടുത്ത് അവരുടെ ഇടയില്‍ ചേര്‍ത്തു അമ്മ. ഞാനും അവരുടെ നൃത്തത്തില്‍ പങ്കു ചേര്‍ന്നു.’ ഒരു കുടുംബത്തിന്‍റെ സ്നേഹ സല്ലാപങ്ങള്‍ ഇവിടെ വിവരിക്കുകയായിരുന്നു. നമ്മുടെ കുടുംബങ്ങളിലെ സന്ധ്യാപ്രാര്‍ത്ഥനയും, അതിനുശേഷമുള്ള ഗാനാലാപനവും, സ്തുതി കൊടുക്കലുമെല്ലാം കുടുംബത്തിന്‍റെ സ്നേഹത്തിലും, ഉപവിയിമുള്ള വളര്‍ത്തുകളല്ലേയെന്ന് സാരം. ഇതുപോലെത്തന്നെ വീടുകളിലെ ഇരുണ്ട മുറികളില്‍ ആരാരുമറിയാതെ ഏകാന്തതയിലും, രോഗപീഡനങ്ങളിലും കഴിയുന്ന മാതാപിതാക്കന്മാരേയും, സഹോദരി സഹോദരന്മാരേയും ശുശ്രൂഷിക്കുന്നതില്‍ ഈ ചാവറയച്ചന്‍റെ ചാവരുള്‍ മാര്‍ഗ്ഗദീപമാകുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ചാവറയച്ചന്‍ കുടുംബങ്ങളെക്കുറിച്ച് പറഞ്ഞ ഒരു വാചകമുണ്ട് – ഒരു ക്രിസ്തീയ കുടുംബം സ്വര്‍ഗ്ഗരാജ്യത്തിന് സാദൃശ്യമാകുന്നു. നമ്മുടെ നാട്ടില്‍ നിന്നുള്ള ഒരു പൂര്‍വ്വ പിതാവില്‍ നിന്നും ലഭിക്കുന്ന സ്നേഹ സാരോപദേശം എന്ന നിലയില്‍ കുടുംബ നവീകരണ രംഗത്ത് ഇതൊരു മൂലധനം തന്നെയാണ്. ഭാര്യ ഭര്‍ത്താക്കന്മാര്‍, മാതാപിതാക്കന്മാര്‍, മക്കള്‍, സഹോദരര്‍ എന്നീ നിലകളില്‍ പരസ്പരം രക്തബന്ധികളായിരിക്കുന്ന കുടുംബാംഗങ്ങളുടെയിടയില്‍ സ്നേഹത്തിന്‍റേയും, ഐക്യത്തിന്‍റെയും പങ്കുവെയ്ക്കലിന്‍റേയും, ക്ഷമയുടേയും തലങ്ങളില്‍ ‘ഈ നല്ല അപ്പന്‍റെ ചാവരുളും’ അതിലെ പ്രബോധനങ്ങളും എന്നും മാര്‍ഗ്ഗദീപങ്ങളാകട്ടെ.

Leave a Comment

*
*