Latest News
|^| Home -> Pangthi -> ചാവരുളിന്‍റെ പൊരുള്‍ -> രണ്ടാം കല്പ്പനയുടെ ഒരു പുനര്‍വായന

രണ്ടാം കല്പ്പനയുടെ ഒരു പുനര്‍വായന

Sathyadeepam

പാഠം – 2

ഡോ. വര്‍ഗീസ് കൊളുത്തറ CMI

വിശുദ്ധ ചാവറയച്ചന്‍ താന്‍ ജനിച്ച കൈനകരിയെയും നാട്ടുകാരെയും വീട്ടുകാരെയും തന്‍റെ ജീവിതാവസാനത്തില്‍ ഓര്‍ത്തു, പ്രാര്‍ത്ഥിച്ചു, ഒത്തിരി സ്വപ്നങ്ങള്‍ കണ്ടു. ചാവറ പിതാവ് കൈനകരിക്കാര്‍ക്ക് എഴുതി, ‘നിങ്ങള്‍ക്ക് പ്രത്യേകമായി ഏറെയൊന്നും ഞാന്‍ ചെയ്തിട്ടില്ല. ആയതിനാല്‍ എല്ലാറ്റിനുമായി എന്‍റെ കൈയെഴുത്താല്‍ ഇതിനെ ഞാന്‍ നിങ്ങള്‍ക്ക് തരുന്നു, ഞാന്‍ മരിച്ചാലും ഈ കടലാസ് മരിക്കുകയില്ല.’

തന്‍റെ രണ്ടാമത്തെ കല്പ്പനയായി ചാവറയച്ചന്‍ തന്‍റെ ചാവരുളില്‍ എഴുതി: ‘സര്‍ക്കാര്‍വഴക്കുകള്‍ കുടുംബങ്ങളെ നശിപ്പിക്കുന്നു. എത്ര ന്യായമുള്ള സംഗതികളെകുറിച്ചായിരുന്നാലും സര്‍ക്കാരില്‍ പോകാതിരിക്കുകയായിരുന്നു നന്ന്, എന്ന് അവസാനം പറയുവാന്‍ ഇടയാക്കുകയും ചെയ്യും. സര്‍ക്കാരില്‍ പോയതിനെക്കുറിച്ച് ഒരിക്കലും ഒരുത്തനും ഉപകാരമെങ്കിലും സന്തോഷമെങ്കിലും ഉണ്ടായിട്ടില്ല.’

എങ്ങനെയാണ് നമുക്കൊക്കെ സര്‍ക്കാരുമായി ഇന്ന് കേസുകള്‍ നടത്തേണ്ടിവരിക?

1. നമ്മുടെ വസ്തുവകകളോ സമ്പത്തോ പൊതുസമൂഹനന്മയ്ക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ അത് നമ്മുടെ വ്യക്തിതാത്പര്യങ്ങള്‍ക്ക് എതിരാകാം. അപ്പോള്‍ നമ്മള്‍ കേസിന് പോകും.

2. ഒരു വ്യക്തി പൊതുഖജനാവിലേക്ക് നിയമാനുസൃതമായി നികുതിയും വാടകയും സേവനനികുതികളും നല്കാതിരിക്കുന്നതിനോ ഇളവുകിട്ടുന്നതിനോ ആയി കോടതിയെ സമീപിക്കാം.

3. ഒരു വ്യക്തി തങ്ങളുടെ കുടുംബങ്ങളിലെ സ്വത്ത് ഭാഗംവയ്ക്കുന്നതിലൂടെ ഉളവാകുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനും വേണ്ടി കോടതിയെ സമീപിക്കാം.

ഇതുപോലെയുള്ളതും മറ്റുവ്യവഹാരങ്ങളുമായി നമ്മള്‍ കാലവും സമയവും സമ്പത്തും അനാവശ്യമായി ചെലവഴിച്ച് മാനഹാനിയും ധനനഷ്ടവും കുടുംബത്തിന്‍റെ സമാധാനവും സ്വസ്ഥതയും നശിപ്പിക്കും. ഇതിനെതിരെ ചാവറയച്ചന്‍ വിരല്‍ചൂണ്ടുന്നു.

വസ്തുതര്‍ക്കങ്ങള്‍ക്കും മറ്റുമായി സര്‍ക്കാരുമായി ഗുസ്തി പിടിച്ച് കേസുനടത്തി സാമ്പത്തികമായി തകര്‍ന്നടിഞ്ഞിട്ടുള്ള കുടുംബങ്ങളെ മുന്നില്‍കണ്ടുകൂടിയാകാം ഇത്തരം സാരോപദേശം അന്നു ചാവറയച്ചന്‍ നല്കിയത്.

വ്യക്തിതാത്പര്യങ്ങള്‍ക്കും സ്വന്തംകാര്യങ്ങള്‍ക്കും ഉപരിയായി സമൂഹത്തിന്‍റെ പൊതുനന്മയ്ക്ക് പരിഗണന കൊടുക്കുവാന്‍ ചാവറയച്ചന്‍ പഠിപ്പിക്കുന്നു. നമ്മള്‍ പറയുന്നതാണ് ന്യായമായ കാര്യമെന്ന് നമുക്കുറപ്പുണ്ടെങ്കില്‍പോലും സമൂഹത്തിന്‍റെ അഭിവൃദ്ധിക്ക് തടസ്സമായി വ്യക്തിതാത്പര്യങ്ങള്‍ വിജയിക്കുവാന്‍ കേസു നടത്തുകയും വഴക്കുകള്‍ സൃഷ്ടിക്കുകയും ചെയ്യരുത്. സമൂഹത്തിന്‍റെ പൊതുനന്മയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഒരിക്കലും ഒരുപകാരവും ഉണ്ടാകില്ലെന്നും നമ്മുടെ കൂടുംബങ്ങളില്‍ സന്തോഷവും സതൃപ്തിയും ദൈവകൃപയും ഉണ്ടാവുകയില്ലെന്നും വിശുദ്ധ ചാവറയച്ചന്‍ നമ്മെ പഠിപ്പിക്കുന്നു.

‘പൊതുതാത്പര്യഹര്‍ജികള്‍’ എന്ന ഓമനപ്പേരു നല്കി വ്യക്തിതാത്പര്യങ്ങള്‍ക്കായി നാടിന്‍റെ പൊതുവികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവയ്ക്കുന്ന ശൈലികള്‍ നമ്മള്‍ നിറുത്തണമെന്ന് ഈ നാടിന്‍റെ പുണ്യമായ വിശുദ്ധ ചാവറയച്ചന്‍ പഠിപ്പിക്കുന്നു. നാടിന്‍റെ വികസനങ്ങള്‍ക്കായി റോഡുകള്‍, പാലങ്ങള്‍, ഹൈവേകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേസ്റ്റേഷനുകള്‍, മറ്റ് വികസനപദ്ധതികള്‍ എല്ലാം നാടിന്‍റെ പൊതുവികസനത്തിനായി നടപ്പാക്കുമ്പോള്‍ കേസുനടത്തിയും വ്യക്തിതാത്പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തും വികസനപ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്‍റെ വിരുദ്ധശക്തികളായി നമ്മള്‍ മാറരുതെന്നും ചാവറയച്ചന്‍ ഓര്‍മ്മിപ്പിക്കുന്നു. ഈ ‘ദൈവത്തിന്‍റെ സ്വന്തം നാടി’ന് വരദാനമായി കിട്ടിയ ഭൂപ്രകൃതിയുടെ താളവും ഓളവും തകര്‍ക്കാതെ നടപ്പിലാക്കാവുന്ന വികസനത്തിന്‍റെ തുകിലുണര്‍ത്തുപാട്ടുകള്‍ക്ക് നമുക്ക് കാതോര്‍ക്കാം. മുരടിപ്പിന്‍റെ, സ്വാര്‍ത്ഥതയുടെ വ്യക്തിതടസ്സങ്ങള്‍ നമുക്ക് സൃഷ്ടിക്കാതിരിക്കാം. ക്രിയാത്മകവികസനത്തിന്‍റെ വക്താക്കളാകാം.

Leave a Comment

*
*