ശത്രുവിനു നിന്‍റെ മുഖം

ശത്രുവിനു നിന്‍റെ മുഖം

ദൈവത്തിന്‍റെ മുഖദര്‍ശനത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഏക ബൈബിള്‍ ഭാഗം യാക്കോബിന്‍റെ മല്‍പ്പിടുത്തം വിവരിക്കുന്നിടമാണ് (ഉത്പ. 32). അതു സംഭവിക്കുന്നതായി പറയുന്നതു രാത്രിയിലാണ്. മറ്റാര്‍ക്കും കാണാനാവാത്ത രാത്രി. അത് അനുഭവിച്ച യാക്കോബ് മാത്രമാണ് അതിനു സാക്ഷി. മല്‍പ്പിടുത്തം എന്നത് അക്രമമാണ്, അതു ശത്രുവുമയിട്ടാണ്. മല്‍പ്പിടുത്തത്തില്‍ യാക്കോബിനാണു പരിക്കു പറ്റുന്നത്. പേരില്ലാത്ത ശത്രുവിന്‍റെ കൈകളാല്‍ തോല്‍ക്കുന്നു. അവിടെ ലഭിച്ച വ്യക്തി നാമം ഒരു രാഷ്ട്രനാമമായി – ഇസ്രായേല്‍. പേരിന്‍റെ അര്‍ത്ഥം ദൈവത്തോടു മല്‍പ്പിടുത്തം നടത്തിയവന്‍ എന്നാണ്. ശത്രുവുമായി അക്രമം നടത്തിയവന്‍ ദൈവമാകുന്നു. അഥവാ ദൈവം അപരനാണ്, പേരില്ലാത്ത അന്യന്‍ എന്ന ശത്രു.

പക്ഷേ, അതിനു വളരെ ജീവത്തായ പശ്ചാത്തലമുണ്ട്. യാക്കോബ് തന്‍റെ ജ്യേഷ്ഠന്‍ ഏസാവിനെ വഞ്ചിച്ചു നാടും വീടും വിട്ടുപോയി. ചെന്നിടത്ത് അവനു നേരിടേണ്ടി വന്നതു വഞ്ചനയാണ്. വഞ്ചന സഹിക്കാനാവാതെ അയാള്‍ സ്വന്തം നാട്ടിലേക്കു മടങ്ങുന്ന യാത്രയിലാണ്. അതു തന്‍റെ ശത്രുവായി മാറിയ ചേട്ടന്‍റെ ലോകത്തിലേക്കാണ്. വഞ്ചനയുടെ വൈരവുമായി ജീവിക്കുന്ന ചേട്ടന്‍റെ അടുക്കലേയ്ക്കു യാത്രയായി, അതിര്‍ത്തി കടക്കുന്നു. കടവുകടന്ന് അയാള്‍ അക്കരെ ഇറങ്ങുന്നു – വലിയ ആകാംക്ഷയുമായി.

ഈ രാത്രിയുടെ മല്പ്പിടുത്തം ശത്രുതയും സാഹോദര്യവും ആതിഥ്യവും അന്യതയും സംബന്ധിക്കുന്നതാകുന്നു. വൈരത്തിന്‍റെയും അന്യരുടെയും നാട്ടിലേക്കു കടന്നുവരുന്നു – സ്വീകരിക്കുമോ ആട്ടിപ്പായിക്കുമോ? ശങ്കയുടെ രാത്രി മല്‍പ്പിടുത്തത്തിന്‍റെയായി. പേരില്ലാത്തവന്‍റെ പിടുത്തത്തില്‍ തോറ്റുപോയി. ജയിച്ചവന്‍ കൊടുത്ത പേരും ഉളുക്കുമായി പ്രഭാതത്തില്‍ നടന്നു നീങ്ങുമ്പോള്‍ അങ്ങേവശത്തുനിന്നു വരുന്നതു ചേട്ടനാണ് – ശത്രു, അന്യന്‍. അവന്‍റ വരവു കൊല്ലാനോ സ്വീകരിക്കാനോ?

ശത്രുതയും ആതിഥ്യവുമായി ബന്ധമുണ്ട് (Hostility and Hospitality). ശത്രുവും പരദേശിയുമായി വരുന്നവന് ആതിഥ്യം കിട്ടുമോ? യാക്കോബ് ഓടിച്ചെന്നു. തന്‍റെ ശത്രുവോ സഹോദരനോ എന്ന് ഉറപ്പില്ലാത്തവനെ കെട്ടിപ്പിടിച്ചു പറയുന്ന വാചകമാണു പഴയനിയമത്തിലെ അതിമനോഹരമായ ദൈവദര്‍ശന ഭാഗം "ദൈവത്തിന്‍റെ മുഖം കണ്ടാല്‍ എന്ന വിധം നിന്‍റെമുഖം ഞാന്‍ കാണുന്നു."

ശത്രുതയില്‍ പരിക്കേല്പിച്ചു തോല്പിച്ചവന്‍റെ മുഖമായിരുന്നു ദൈവത്തിന്‍റെ മുഖം. ദൈവത്തോടു തോറ്റവന്‍ തന്‍റെ ശത്രുവോ മിത്രമോ എന്ന് ഉറപ്പില്ലാത്തവനെ ചുംബിച്ചു ദൈവദര്‍ശനം നടത്തുന്നു. ശത്രുവിനു ദൈവത്തിന്‍റെ മുഖമാണ് എന്നതാണ് ഏറ്റവും ഉദാത്തമായ വെളിപാട്. ആ ചുംബനത്തിലാണു വര്‍ഷങ്ങള്‍ പഴകിയ വൈരം അലിഞ്ഞുപോയത്. ആ ചുംബനമാണു രാത്രിയില്‍ മല്‍പ്പിടുത്തത്തിന്‍റെ ആത്മസംഘര്‍ഷം സാദ്ധ്യമാക്കിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org