ആദിക്രമത്തിന്‍റെ ചെവിട്ടോര്‍മ്മ

ആദിക്രമത്തിന്‍റെ ചെവിട്ടോര്‍മ്മ

തലയ്ക്കു മുകളിലൂടെ കടന്നുപോകുന്ന വിമാനത്തിന്‍റെ ഹുങ്കാരം. മനുഷ്യന്‍റെ യാത്രയുടെ അഹന്ത ആക്രോശിച്ചു ജീവിതം ശബ്ദമുഖരിതമാണ്. പക്ഷേ, കാലം കടന്നുപോകുന്നതു മനുഷ്യന്‍ കേള്‍ക്കുന്നില്ല. കാലത്തിന്‍റെ കടന്നുപോക്കിന്‍റെ ശബ്ദമാണു നിശ്ശബ്ദത. അതു കേള്‍ക്കാന്‍ ചെവിയുള്ളവന്‍ ജീവിതത്തിന്‍റെ രഹസ്യമറിയുന്നു. നിശ്ശബ്ദതകൊണ്ടാണു സംഗീതം ഉണ്ടാകുന്നത്. അതു നിശ്ശബ്ദതയില്‍ മുങ്ങിനില്ക്കുന്നു.

ലോകക്രമത്തിന്‍റെ പ്രതിധ്വനിയാണു സംഗീതം. ലോകക്രമത്തിന്‍റെ അദൃശ്യവും അഗോചരവുമായ സ്വനമേളമാണു സംഗീതത്തിന്‍റെ രഹസ്യം. ഈ ക്രമമാണു സംഗീതത്തില്‍ പ്രതിധ്വനിക്കുന്നത്. അതുകൊണ്ടാണു പടുപാട്ടു പാടാത്ത കഴതയുമില്ല എന്നു പറയുന്നത്. പാട്ടില്‍ ഏറ്റവും മോശക്കാരന്‍പോലും തന്നിലെ സ്വരലയത്തില്‍ നിന്ന് അറിയാതെ പാടിപ്പോകുന്നു. അപ്പോള്‍ ആ സംഗീതം മനുഷ്യനിലെ ആദിക്രമത്തിന്‍റെ ഓര്‍മയാണ്. പാടുന്നവന്‍ തന്നിലെ ക്രമത്തിന്‍റെ പാരമ്പര്യ ഓര്‍മയില്‍ നിന്നു പാടിപ്പോകുന്നു. വാസ്തുശില്പങ്ങള്‍ ഖനീഭവിച്ച സംഗീതമാണ്. അഗസ്റ്റിന്‍ തന്‍റെ ആത്മകഥയില്‍ എഴുതി: "കുറ്റകരമായി ഞാന്‍ പാപം ചെയ്തു എന്ന് ഏറ്റുപറയുന്നു; അപ്പോള്‍ ഞാന്‍ ആ സംഗീതം കേട്ടില്ല" (10.33.50). തന്നിലെ സംഗീതം കേള്‍ക്കാത്തവന്‍ അക്രമത്തിലേക്കു കൂപ്പുകുത്തുന്നു.

ആരോഗ്യകരമായ സംഗീതം ക്രമത്തിന്‍റെ അദ്ധ്യാപകനാണ്. അതു മലിനമായി അസുരവാദ്യമായാല്‍ അക്രമത്തിന്‍റെ അദ്ധ്യാപകനാകും. സംഗീതത്തിന് അതുകൊണ്ട് ഗ്രീക്കു പുരാണത്തില്‍ രണ്ടു പ്രതിരൂപങ്ങളാണ്. സംഗീതംകൊണ്ടു വഴി തെറ്റിച്ച് അപകടപ്പെടുത്തുന്ന സൈറനുകളും സംഗീതംകൊണ്ടു പാതാളവാസികളെപ്പോലും കണ്ണീരണിയിച്ച ഓര്‍ഫേവൂസും. ഓര്‍ഫേവുസിന്‍റെ സംഗീതം വിമലീകരിക്കുന്നു. പ്ലേറ്റോയുടെ ചിന്തയില്‍ അക്രമാസക്തനായ യുദ്ധക്കുതിരയെ സംഗീതം മെരുക്കുന്നു. സംഗീതംകൊണ്ടു സിംഹത്തെ കലപ്പയിലും പുലിയെ വണ്ടിയിലും പൂട്ടുന്നു. അതു പ്രവാചകരുടെ കലയും ദൈവത്തിന്‍റെ പ്രസാദവുമാണ്.

വായിലെ വായുവിനെ സംഗീതമാക്കുന്ന മാന്ത്രികത ഓര്‍മയില്‍നിന്നു വീണ്ടെടുക്കുന്ന ഒരു ക്രമീകരണമാണ്. കവിതയ്ക്ക് അനിവാര്യമാണ് വാക്കുകള്‍, എങ്കിലും വാക്കുകള്‍ സംഗീതത്തിന് അനിവാര്യമല്ല. വാക്കുകള്‍ തോല്ക്കുമ്പോള്‍ സംഗീതം സംസാരിക്കും. കാരണം സംഗീതത്തില്‍ സംസാരിക്കുന്നതു പ്രകൃതിയുടെ സത്തയാണ്. പ്രപഞ്ചസത്തയുടെ ഉന്നതമായ സാര്‍വത്രികഭാഷയാണു സംഗീതം. അത് അമൂര്‍ത്തമായ ശൂന്യ ഭാഷയാണ്. ബുദ്ധിയുടെ സംഗീതമാണു ഗണിതശാസ്ത്രം. ഗണിതശാസ്ത്രത്തിന്‍റെ ശൂന്യമായ സാര്‍വത്രികതയല്ല സംഗീതത്തിന്‍റേത്. അത് ആശയങ്ങളുടെ സാര്‍വത്രിതകതയുമല്ല: മറിച്ചു യാഥാര്‍ത്ഥ്യത്തിന്‍റെയാണ്. സംഗീതത്തോളം സാര്‍വത്രികമായ ഭാഷയില്ല. സംഗീതമാണു കാലദേശാതീതമായി ഏതു കാലത്തും എല്ലാവരും മനസ്സിലാക്കുന്ന ഹൃദയത്തിന്‍റെ ഏകഭാഷ. ലോകം മാറ്റാന്‍ സംഗീതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയാല്‍ മതി. സൗഹൃദം സംഗീതമാക്കുന്ന സ്നേഹമാണ് ഈ പ്രപഞ്ചത്തിന്‍റെ രഹസ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org