സീറോ മലബാര്‍ സഭ മാര്‍പാപ്പയുടെ സഭയാണോ?

സീറോ മലബാര്‍ സഭ മാര്‍പാപ്പയുടെ സഭയാണോ?
Published on

അടുത്ത കാലത്ത് ഷെക്കീന ടി വി യില്‍ ആര്‍ച്ചുബിഷപ് തറയിലുമായുള്ള ഒരഭിമുഖം കണ്ടു. സമുദായ ചിന്ത, പാരമ്പര്യത്തിലേക്കുള്ള തിരിച്ചുപോക്ക് ഇസ്ലാം വിരോധം എന്നീ മൗലികവാദ ചുവയുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും ആ കെണികളില്‍ വീഴാതെ ആര്‍ച്ചുബിഷപ്പ് തെന്നി മാറുന്നുണ്ട്.

എന്നാല്‍ സീറോ മലബാര്‍ സഭയുടെ പ്രശ്‌നങ്ങള്‍ അവസാനിക്കരുത് എന്നാഗ്രഹമുള്ളവരുണ്ട് എന്ന കാര്യം അദ്ദേഹത്തിന് ഉറപ്പാണ്. അതിന് മെത്രാന്മാരും ഉത്തരവാദികളാണ് - മതബോധനം നടത്താത്തതാണ് മുഖ്യകാരണം. ഇവിടെ കുറ്റത്തിന്റെ വിരല്‍ ചൂണ്ടുന്നതു എറണാകുളം-അങ്കമാലി അതിരൂപത ഭരിച്ചവരിലേക്കാണ്. ഈ പ്രശ്‌നം അവസാനിക്കരുത് എന്നു തീര്‍ച്ചപ്പെടുത്തിയവരുണ്ടെന്ന് അദ്ദേഹത്തിനു പൂര്‍ണ്ണ ഉറപ്പാണ്. ഇതിനുവേണ്ട ഭീമമായ പണം എവിടെ നിന്ന് എന്ന കാര്യം പറഞ്ഞ് അദ്ദേഹം നിര്‍ത്തി.

ഈ ഭാഷ 'ഞങ്ങള്‍ - അവര്‍' എന്ന വിഭജനത്തിന്റെയാണ്.

ദക്ഷിണാഫ്രിക്കക്കാരനായ ജെ എം കോറ്റ്‌സി എഴുതിയ ''കാപ്പിരികളെ കാത്ത്'' (Waiting for the Barberians) എന്ന നോവല്‍ ആര്‍ച്ചുബിഷപ്പ് വായിക്കണമെന്നു പറയാന്‍ തോന്നി. വിറകു പെറുക്കാന്‍ നടന്ന സ്ത്രീയെ കാത്തിരിക്കുന്ന ഈ പട്ടാളം പിടികൂടി പീഡിപ്പിച്ചു ബലാല്‍സംഗം ചെയ്തു. കാരണം അവള്‍ അദൃശ്യമായിരിക്കുന്ന ഭീകര കിരാത പട്ടാളത്തിന്റെ രഹസ്യ ഏജന്റാണ് എന്നതില്‍ സംശയമില്ല. കാരണമുണ്ട്, തിന്മ എപ്പോഴും അപ്പുറത്താണ്. തിന്മയ്‌ക്കെതിരായ യുദ്ധ സന്നാഹത്തിന്റെ നിലപാടില്‍ മാറ്റമില്ല. അപ്പുറത്തുള്ളവര്‍ അപരിഷ്‌കൃതരാണ്, കാടന്മാരാണ് - ബാര്‍ബേറിയന്‍സ്. ഇതൊക്കെത്തന്നെയല്ലേ സിനഡും തുടര്‍ച്ചയായി പറയുന്നത്.

ഇതേ ചാനലില്‍ തന്നെയാണല്ലോ, വിമതരുടെ സാമ്പത്തിക ശ്രോതസ്സുകളെക്കുറിച്ച് മാര്‍പാപ്പയ്ക്കു കത്തെഴുതിയ മെത്രാപ്പോലീത്തയുടെ വെളിപ്പെടുത്തലുകള്‍ നടന്നത്. പക്ഷെ, ആര്‍ച്ചുബിഷപ് തറയില്‍ അതൊക്ക ആവര്‍ത്തിക്കാന്‍ ധൈര്യക്കുറവ് കാണിച്ചു. എതിര്‍പക്ഷത്തു നില്‍ക്കുന്നവരെ 'വിമതര്‍' എന്നു പേരു വിളിച്ചതു സിനഡാണല്ലോ. അതൊക്കെ വിളിക്കാനും വിമതരെ ആക്ഷേപിക്കാനും പുതിയ നുണകള്‍ കണ്ടുപിടിക്കാനും വാദിക്കാനും സ്വന്തം സൈനികരുണ്ടല്ലോ. അവര്‍ എതിരാളികളെ തേജോവധം ചെയ്യും; നുണ പ്രചരിപ്പിക്കാന്‍ വിദഗ്ദ്ധരാണ്.

തിന്മ എപ്പോഴും അപ്പുറത്താണ്. തിന്മയ്‌ക്കെതിരായ യുദ്ധ സന്നാഹത്തിന്റെ നിലപാടില്‍ മാറ്റമില്ല. അപ്പുറത്തുള്ളവര്‍ അപരിഷ്‌കൃതരാണ്, കാടന്മാരാണ്.

ബാര്‍ബേറിയന്‍സ്.

ഇതിനൊക്കെ പ്രതിഫലം കൊടുക്കുന്നത് ആരാണ് എന്നു ചോദിക്കാന്‍ ഷക്കീന ചാനല്‍ ധൈര്യം കാണിക്കില്ല. ഇത്ര ഭീകരമായ തെളിവുകള്‍ ഹാജരാക്കിയിട്ട് മാര്‍പാപ്പ അവസാനമായി കഴിഞ്ഞ മേയ് 13-ന് നടത്തിയ പ്രസംഗം എന്തുകൊണ്ട് അതു മെത്രാന്മാരോടോ വൈദികരോടോ പ്രതിസ്ഥാനത്തു നിന്ന അതിരൂപതയോടോ ആകാതെ സഭയോടു പൊതുവിലായി? അതില്‍ മാര്‍പാപ്പ മതബോധനം നടത്താനുമല്ല പറഞ്ഞത്. ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദ്ദേശിച്ചതു പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയുണ്ടാക്കാനാണ്. സഭയോട് അഭിപ്രായ വ്യത്യാസങ്ങളും വിവാദങ്ങളും പരിഹരിക്കാനും ഭയമില്ലാതെ ചര്‍ച്ച ചെയ്യാനും പോംവഴി കണ്ടെത്താനുമാണ്. സഭയുടെ മെത്രാന്മാര്‍ എന്താണ് ചെയ്തത്?

സഭയില്‍ നിന്നു പുറത്താക്കുന്ന നടപടികളുടെ തിട്ടൂരവുമായാണല്ലോ നാട്ടില്‍ തിരിച്ചു വന്നത്. മാര്‍പാപ്പയുടെ സിനഡാലിറ്റി സീറോ മലബാര്‍ സഭയ്ക്കു ബാധകമാണോ? മാര്‍ തറയിലിന്റെ കാഴ്ചപ്പാടില്‍ ''മാര്‍പാപ്പയുടെ സഭ''യില്‍ സീറോ മലബാര്‍ സഭയുണ്ടോ?

മാര്‍ തറയില്‍ സീറോ മലബാര്‍ സഭ 'മാര്‍പാപ്പയുടെ സഭ' യല്ല എന്നു പറയാന്‍ ആഗ്രഹിച്ചതാണ് എന്നു തോന്നുന്നില്ല. പക്ഷെ, ഈ പദം പറഞ്ഞു, ബോധപൂര്‍വം അങ്ങനെ പറയാന്‍ അദ്ദേഹം ആഗ്രഹിച്ചു കാണില്ല. അബദ്ധത്തില്‍ അത് അബോധത്തില്‍ നിന്നു തെറിച്ചു വീണതാകും. അത് അബോധത്തില്‍ ഒളിഞ്ഞു കിടന്നതാണ്. സ്ത്രീകളുടെ കാലു കഴുകാം എന്നു പറഞ്ഞത് 'മാര്‍പാപ്പയുടെ സഭയ്'ക്ക് അനുവദിച്ച കാര്യമായിരുന്നു.

സീറോ മലബാര്‍ സഭയ്ക്കു ബാധകല്ല. മാര്‍ തറയില്‍ ഇപ്പോള്‍ സിനഡ് നടപ്പിലാക്കുന്ന ഏകീകൃത കുര്‍ബാനയര്‍പ്പണം വലിയ സംഭവവും സഭയുടെ ഐക്യത്തിനു വളരെ ആവശ്യമാണ് എന്നതില്‍ വാചാലനുമാണ്. പക്ഷെ, മാര്‍പാപ്പ ഈ ഐകരൂപ്യം എന്ന യൂണിഫോമിറ്റി ഐക്യമല്ല എന്നു വ്യക്തമാക്കിയിട്ടുള്ളത് അദ്ദേഹം കണ്ടിട്ടുണ്ടോ? ഐക്യരൂപ്യം ക്രൈസ്തവമല്ല എന്നുപോലും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞി ട്ടുണ്ട്. ഇന്ത്യയില്‍ രാഷ്ട്രീയത്തില്‍ ഐകരൂപ്യം ഐക്യത്തിന് അനുപേക്ഷണീയമാണ് എന്നു പറയുന്നത് ഒരു മൗലികവാദ പാര്‍ട്ടിയാണ്. അവരോടാണ് ഇവിടെ പ്രതിപക്ഷം പറയുന്നത് പലമ (plurality) യുടെ ഒരുമയാണ് ഇന്ത്യ എന്ന്.

ഇവിടെ മൗലികവാദത്തിന്റെ ബാധയേറ്റിരിക്കുന്നത് ആര്‍ക്കാണ്? ''സംഭാഷണം, അതാണ് നമ്മള്‍'' എന്നതു അംഗീകരിക്കാന്‍ തയ്യാറില്ലാത്ത സഭാധികാരത്തിലാണ് നാം. ഞങ്ങള്‍-അവര്‍ എന്ന വര്‍ഗ വൈരുധ്യത്തില്‍ നിന്നു പുറത്തു കടക്കാതെ എങ്ങനെയാണ് യേശുവിന്റെ പുനരുത്ഥാനത്തിന്റെ സാക്ഷിയാകുന്നത്?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org