അബ്രാഹത്തിന്റെ ബലിയും സീറോ മലബാര്‍ സഭയും

അബ്രാഹത്തിന്റെ ബലിയും സീറോ മലബാര്‍ സഭയും
Published on

അബ്രാഹത്തോട് ദൈവം വിളിച്ചു പറഞ്ഞു: ''നീ സ്‌നേഹിക്കുന്ന നിന്റെ ഏകമകന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ട് മോറിയ ദേശത്തേക്ക് പോകുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി സമര്‍പ്പിക്കണം'' (ഉല്‍പത്തി. 22:1-2). അബ്രാഹം മോറിയ മലയില്‍ മകനെ ബലിചെയ്യുവാന്‍ കത്തി ഉയര്‍ത്തി. പക്ഷേ, ദൈവം തടഞ്ഞു. പകരം ആടിനെ ബലിചെയ്തു. ഇസഹാക്ക് തന്നെ കൊല്ലാന്‍ കത്തി ഉയര്‍ത്തിയതു കണ്ടു. അവനു വിശ്വാസം നഷ്ടമായി. അബ്രാഹത്തിനു മകനെ കാണാനോ സംഭാഷിക്കാനോ കഴിയാതായി. അയാളെ നാട്ടില്‍ വെറുക്കപ്പട്ടവനായി ജനം കണ്ടു. മകനെ കൊല്ലാന്‍ ശ്രമിച്ചു എന്ന പാപത്തില്‍ അയാള്‍ ജീവിതം മുഴുവന്‍ ദുഃഖിതനായി.

വെളിപാട് എന്നു പറയുന്നത് അവ്യക്തമാണ്. അതു വെളിപ്പെടുത്തിക്കിട്ടുന്നവന്റെ മനസ്സിലാക്കലിലും അതു ഭാഷാന്തരം ചെയ്യുന്നതിലും തെറ്റു പറ്റാം. നാം തെറ്റുന്ന പ്രതലത്തി ലാണ്, ഭാഷയിലാണ്, ബോധത്തിലാണ്. തെറ്റുക മാത്രമല്ല, തെറ്റായി മനസ്സിലാക്കി സ്വന്തം അഹത്തിന്റെ ആധിപത്യം സൃഷ്ടിക്കലും ഉണ്ടാകാം.

ഈ ബലി മൂന്നു മതങ്ങള്‍ ആചരിക്കുന്നു, അതു മനസ്സിലാക്കുന്നതിലും വ്യത്യാസമുണ്ട്. മത തീവ്രവാദികള്‍ ഇന്നും അന്നുമുണ്ട്. സെപ്തംബര്‍ 11, 2001-ല്‍ വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ വിമാനം ബോംബാക്കി തകര്‍ത്തു മരിച്ച മുഹമ്മദ് അത്തയുടെ ബാഗില്‍ കണ്ട കുറിപ്പനുസരിച്ച് രക്തസാക്ഷിത്വ ത്തിനുശേഷം രക്തസാക്ഷികളോടും പ്രവാചകരോടും ഒപ്പം കിട്ടാനുള്ള ''സന്തുഷ്ട ജീവിത''ത്തെക്കുറിച്ച് പറയുന്നു. അക്ഷരാര്‍ത്ഥത്തില്‍ വേദഭാഗം മനസ്സിലാക്കിയുള്ള മത തീവ്രവാദം. ദൈവം കൊല്ലാന്‍ പറഞ്ഞാല്‍ അത് അനുസരിക്കേണ്ടതല്ലേ? മുസ്ലീം തീവ്രവാദത്തില്‍ കോപിക്കുന്ന ക്രൈസ്ത വര്‍ സ്വന്തം സഭാചരിത്രത്തിലും ഇതുപോലെ സംഭവിച്ചതു മറക്കരുത്. ആര്‍ക്കിലെ ജോവാനെ പിശാചുബാധിത എന്നു പറഞ്ഞാണ് കുറ്റിയില്‍ കെട്ടി കത്തിച്ചത്. ആയിരക്കണക്കിനു സ്ത്രീകളെ പിശാചുക്കളായും ആയിരങ്ങളെ പാഷണ്ഡികളായും കൊന്നതു ചരിത്രമാണ്. മതത്തിന്റെ തീവ്രവാദങ്ങള്‍ എല്ലായിടത്തുമുണ്ട്. അന്നൊക്കെ കൊന്നത് ഉറപ്പിലാണ്, സംശയമുണ്ടായില്ല. ഇവരൊക്കെ അബ്രാഹത്തെപോലെ സ്വന്തം 'മകനെ' തിരെ കത്തി ഉയര്‍ത്തുന്നു.

ഞങ്ങള്‍ക്കു തെറ്റിയിട്ടില്ല എന്ന ഉറപ്പാണ് ഇവിടെയൊക്കെ മൗലികം. ദൈവം പറഞ്ഞു എന്നതിലും ഉറപ്പുണ്ട്. ''മോശ സംസാരിക്കുകയും, ദൈവം ഇടിമുഴക്കത്തില്‍ ഉത്തരം നല്കുകയും ചെയ്തു.'' (പുറപ്പാട് 19:19). ദൈവം സംസാരിച്ചത് ഇടിമുഴക്കത്തിന്റെ ശബ്ദത്തിലാണ്. ഇടിമുഴക്കത്തില്‍ ദൈവം സംസാരിച്ചതായി ബൃഹദാരണിക ഉപനിഷദ് പറയുന്നു. അവര്‍ അതു ഭാഷാന്തരം ചെയ്തു ദത്ത, ദയത്വം, ദമ്യത എന്ന് എഴുതി. മോശ അതു പത്തു കല്പനകളായി എഴുതി. എന്താണ് കേട്ടത്? എന്താണ് മനസ്സിലാ ക്കിയത്? മനസ്സിലാക്കല്‍ ഒരു വ്യാഖ്യാനമാണ്. രണ്ടു പാരമ്പര്യങ്ങള്‍ രണ്ടു വിധത്തില്‍ കേട്ടു. പണ്ട് നീഷേ എഴുതി, ''വസ്തുതകളില്ല, വ്യാഖ്യാന ങ്ങളേയുള്ളൂ.'' വ്യാഖ്യാന വ്യത്യാസങ്ങള്‍ ഒരു മതത്തിനുള്ളില്‍ത്തന്നെ യുണ്ടാകാം. ഒരു വ്യാഖ്യാനം ശരി, മറ്റേതു തെറ്റ് എന്നു പറഞ്ഞു ആളുകളെ ബലി ചെയ്യുന്നതോ? ചില ആളുകള്‍ പിശാചു ബാധിതരാണ് എന്നതു വളരെ വ്യക്തമാണ്, ഉറപ്പാണ് ചിലര്‍ക്ക്.

ഇവിടെ എല്ലാവരും ഒരു കാര്യം മറക്കുന്നു. വെളിപാട് എന്നു പറയുന്നത് അവ്യക്തമാണ്. അതു വെളിപ്പെടുത്തിക്കിട്ടുന്നവന്റെ മനസ്സിലാക്കലിലും അതു ഭാഷാന്തരം ചെയ്യുന്നതിലും തെറ്റു പറ്റാം. നാം തെറ്റുന്ന പ്രതലത്തി ലാണ്, ഭാഷയിലാണ്, ബോധത്തിലാണ്. തെറ്റുക മാത്രമല്ല, തെറ്റായി മനസ്സിലാക്കി സ്വന്തം അഹത്തിന്റെ ആധിപത്യം സൃഷ്ടിക്കലും ഉണ്ടാകാം. മതം അപകടകരമാകുന്നത് ഇവിടെയാണ്. തെറ്റിന്റെയും പാപത്തിന്റെയും മൗലിക കഥകള്‍ എല്ലാം തെറ്റുമെന്ന അസ്തിത്വ വിധി മനുഷ്യന്‍ പേറുന്നു എന്നു വ്യക്തമാക്കുന്നു. ആരും ഇതിന് അപവാദമല്ല.

''വലതു കണ്ണ് പാപഹേതുകമാകുന്നെങ്കില്‍ അതു ചുഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക. ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതി നേക്കാള്‍ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്'' (മത്താ. 5:29). യേശുവിന്റെ ഈ വാക്കുകള്‍ വ്യക്തമാണ്. കണ്ണുകൊണ്ട് പാപം ചെയ്യാന്‍ പ്രലോഭിതരാകുത്തവരുണ്ടോ? ലൈംഗിക പ്രലോഭനം ഉണ്ടാകാത്തവര്‍ ആരാണ്?

മംഗലപ്പുഴ സെമിനാരിയില്‍ പഠിച്ചിരുന്ന കാലത്തു ഞങ്ങള്‍ കേട്ടിട്ടുള്ള ഒരു കഥയുണ്ട്. പ്രലോഭനം നിമിത്തം സ്വന്തം ജനനേന്ദ്രിയം മുറിച്ച ശെമ്മാശന്റെ കഥ. അയാള്‍ വൈദികനായി എന്നു കേട്ടിട്ടില്ല. അയാള്‍ ചെയ്തതു തെറ്റാണോ, യേശു അതല്ലേ പറഞ്ഞത്? അതു തന്നെയല്ലേ മധ്യശതകങ്ങളില്‍ പിശാചു ബാധിതരോടും പാഷണ്ഡികളോടും ചെയ്തത്? സിനഡിന്റെ തീരുമാനം മാറ്റാനാവില്ല. അതിനു തെറ്റാവരമുണ്ട്! ഇത് മതതീക്ഷ്ണതയുടെ വിവേക രഹിതമായ പതിപ്പാണ്. ഒന്നില്‍ കൂടുതല്‍ ശരികള്‍ ഒരേ സമയം ഉണ്ടാകും. വ്യാഖ്യാന വ്യത്യാസങ്ങള്‍, ഇവിടെയാണ് വിവേകം വേണ്ടിവരുന്നത്. വ്യാഖ്യാന വിദഗ്ധനായ പോള്‍ റിക്കര്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നു.

1) വേദഗ്രന്ഥത്തെയും അതിന്റെ ഭാഷയേയും അക്ഷരാര്‍ഥത്തില്‍ മനസ്സിലാക്കരുത്. അത് കാവ്യഭാഷയായി മനസ്സിലാക്കണം. കാവ്യം പ്രതിബിംബന ഭാഷയാണ്. അതുകൊണ്ട് റിക്കര്‍ എഴുതി, ''വിഗ്രഹങ്ങള്‍ ഉടയ്ക്കപ്പെടണം, ബിംബങ്ങള്‍ക്കു സംസാരിക്കാന്‍.'' പറയുന്നതിനെക്കാള്‍ ഭിന്നമായ എന്തോ ഭാഷ സൂചിപ്പിക്കുന്നു. പക്ഷെ, സൂചിപ്പിക്കുന്നത് പറയു ന്നില്ല. അതാണ് വ്യാഖ്യാനിക്കുന്നവന്‍ അന്വേഷിക്കേണ്ടത്, പറയേണ്ടത്. (2) വ്യക്തികള്‍ക്കും സമിതികള്‍ക്കും മെത്രാന്മാര്‍ക്കും തെറ്റും. ഞങ്ങള്‍ക്കു തെറ്റില്ല എന്ന അഹന്തയില്‍ തമ്പടിക്കേണ്ടതില്ല. (3) വിധിച്ചു കുറ്റക്കാരായി പുറംതള്ളുന്നതു നിങ്ങളുടെ സഹോദരങ്ങളെയാണ്.

അവിടെയാണ് മനുഷ്യത്വം മറക്കുന്നത,് പൈശാചികത ഉണ്ടായിപ്പോകുന്നത്. നിന്റെ വ്യാഖ്യാനവും അവന്റെ വ്യാഖ്യാനവും ശാന്തമായി കേള്‍ക്കാനും പരസ്പരം സംഭാഷിക്കാനും മനസ്സുള്ളിടത്തു ദുരന്തങ്ങള്‍ ഉണ്ടാകില്ല. ദുരന്തങ്ങള്‍ ഉണ്ടാകുന്നത് ദൈവമരണത്തിലാണ്. റിക്കര്‍ എഴുതി, ''നമ്മെ വേര്‍തിരിക്കുന്ന അകലം ഉപരിതലത്തില്‍ വളരെ വലുതാണ്; ഞാന്‍ ആഴത്തില്‍ കുഴിച്ചാല്‍ അപരനോടടുക്കും, അവനും ഇതേ പാതയിലാണ് സഞ്ചരിക്കുന്നത്.''

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org