അബ്രാഹത്തിന്റെ ബലിയും ഡീക്കന്മാരുടെ പട്ടവും

അബ്രാഹത്തിന്റെ ബലിയും ഡീക്കന്മാരുടെ പട്ടവും
Published on

എറണാകുളം-അങ്കമാലി അതിരൂപതയിലെ എട്ടു ഡീക്കന്മാരുടെ പട്ടം ഇതുവരെ നടത്തിയിട്ടില്ല. നിശ്ചയപ്രകാരമുള്ള ഏകീകൃത കുര്‍ബാന മാത്രമേ അവര്‍ ചൊല്ലു എന്ന നിര്‍ബന്ധത്തിലാണ് സീറോ മലബാര്‍ മെത്രാന്മാര്‍. എന്നാല്‍ സിനഡ് നിശ്ചയിച്ച തലശ്ശേരി അതിരൂപതാധ്യക്ഷനും എറണാകുളം-അങ്കമാലി രൂപതയുടെ ഭരണാധിപന്‍ ബിഷപ്പും ബന്ധപ്പെട്ട മറ്റുള്ളവരുമായി നടന്ന പലവട്ടം ചര്‍ച്ചകളില്‍ വന്ന സമവായമനുസരിച്ച് അവര്‍ക്ക് പട്ടം കൊടുക്കാന്‍ തീയതി നിശ്ചയിക്കുകയും അതിനു മറ്റു തീരുമാനങ്ങള്‍ നടത്തുകയും ചെയ്തപ്പോഴാണ് സ്ഥിരം സിനഡ് ചേര്‍ന്ന് സമവായം അംഗീകരിക്കില്ല എന്ന നിശ്ചയം വന്നിരിക്കുന്നത്. എട്ടു വൈദികര്‍ത്ഥികളെ ബലിയാടാക്കി അതിരൂപതയിലെ വൈദികരും ജനങ്ങളും ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഇല്ലാതെ വളരെ ബോധപൂര്‍വം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് എന്ന് പറയാതെ വയ്യ.

അബ്രഹത്തോട് തന്റെ മകനെ ബലിയര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട ഭാഗം വേദപുസ്തകത്തിലുണ്ട്. അബ്രഹാം ദൈവത്തിന്റെ കല്പനകേട്ട് മകനെ ബലിപീഠത്തില്‍ കിടത്തി ബലിയര്‍പ്പിക്കാന്‍ കത്തി ഉയര്‍ത്തുന്നു. ഇസഹാക്ക് അതുകണ്ടു. ദൈവം അത് തടയുന്നു. ഈ ബൈബിള്‍ ഭാഗം ഇന്ന് എങ്ങനെ വ്യാഖ്യാനിക്കും? അബ്രഹാം ചെയ്തതുപോലെ സ്‌നേഹിക്കുന്ന മകനെ ബലിയര്‍പ്പിക്കണമെന്ന നിലപാടാണോ നമ്മുടെ പിതാക്കന്മാര്‍ സ്വീകരിക്കുന്നത്? ഈ എട്ടുപേരെയും ബലിപീഠത്തില്‍ ബലിയാക്കണമെന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. ഇതാണ് സഭ ഇന്ന് നേരിടുന്ന വലിയ പ്രതിസന്ധി.

ലോകത്തില്‍ ഇന്ദ്രിയ ഗോചരമായ കാര്യങ്ങള്‍ നമ്മുടെ സാധാരണ ഭാഷയില്‍ വിവരിക്കാം. അത് വ്യാച്യാര്‍ത്ഥത്തില്‍ മനസ്സിലാക്കുകയും ചെയ്യാം. ഒരു നാടകത്തില്‍ കാണുന്നതും പറയുന്നതും ആ വിധത്തില്‍ മനസ്സിലാക്കാം. എന്നാല്‍ നാടകത്തിനു പിന്നില്‍ നാടകം എഴുതി അവതരിപ്പിക്കുന്നവന്‍ വേദിയില്‍ വരുന്നില്ല. അത് എങ്ങനെ പുറം ലോകത്തിലെ പ്രാതിഭാസികമല്ലാത്തതായി നാം കാണുന്നു. അത് അഥവാ കേളി ഉണ്ടാക്കുന്നവനെക്കുറിച്ച് പ്രതിഭാസിക ഭാഷയില്‍ പറയാനാവില്ല, മനസ്സിലാക്കാനാവില്ല. ഈ പ്രശ്‌നം പ്ലേറ്റോയുടെ 'സോഫിസ്റ്റ്' എന്ന കൃതിയില്‍ ഉന്നയിക്കുന്നു. സോക്രട്ടീസ് അതിനു നല്‍കുന്ന ഉത്തരം വാച്യാര്‍ത്ഥത്തിന്റെ ഭാഷയെന്നല്ല, കാവ്യഭാഷയെന്നാണ്. കാവ്യഭാഷയെ വാച്യാര്‍ത്ഥത്തില്‍ മനസ്സിലാക്കാനാവില്ല. ഹൈഡഗര്‍ ഇതു ശരിയായ വിധമായി കാവ്യഭാഷയെ പരിഗണിക്കുന്നു. ഈ കാവ്യഭാഷ ആവരണമിട്ട ഭാഷയാണ് എന്ന് അദ്ദേഹം പറയുന്നു. അബ്രഹത്തിന്റെ ബലിയെക്കുറിച്ചു നല്‍കപ്പെട്ട കൃതിയെ ആശ്രയിച്ചു മാത്രമേ വ്യാഖ്യാനിക്കാനാവൂ.

ഈ പ്രശ്‌നം ശരിയായി മനസ്സിലാക്കിയ വ്യാഖ്യാന പണ്ഡിതരാണ് ഗാഡമറും, പോള്‍ റിക്കറും. അബ്രാഹത്തിന്റെ ബലിയെ ''വിശുദ്ധമായ ഭ്രാന്തായി'' പോള്‍ റിക്കര്‍ വിശേഷിപ്പിച്ചു. ''വളരെ അന്ധവും ഭീകരവുമായ ഭ്രാന്ത്'' എന്ന് അദ്ദേഹം എഴുതി. അബ്രാഹത്തിന് രണ്ട് കല്‍പ്പനകള്‍ കിട്ടി. മകനെ ബലി ചെയ്യാനും മകനെ ബലി ചെയ്യാതിരിക്കാനും. എന്താണ് അദ്ദേഹത്തിനു കിട്ടുന്ന വെളിപാട്? എങ്ങനെ ദൈവത്തിന്റെ വെളിപാട് വ്യാഖ്യാനിക്കണം? യഹൂദനായ ലെവിനാസ് ഈ വ്യാഖ്യാനത്തില്‍ പറഞ്ഞത് ദൈവത്തേക്കാള്‍ ദൈവപ്രമാണം അനുസരിക്കുക എന്നാണ്.

അബ്രാഹത്തിന്റെ ധാരണ ഒരു മൗലികവാദിയുടെ ആണോ? തീവ്രവാദപരമായതും അക്ഷരാര്‍ത്ഥത്തില്‍ ഉള്ളതുമായ വ്യാഖ്യാനം മൗലികവാദപരമായില്ലേ? അബ്രാഹത്തിന്റെ ആന്തരികത ഇങ്ങനെ മൗലികവാദപരമായി വ്യാഖ്യാനിച്ച പ്രതിസന്ധിയല്ലേ നാം കാണുന്നത്? ഈ മൗലികവാദ വ്യാഖ്യാനങ്ങള്‍ നിലവിലുണ്ട്. ബൈബിള്‍ മൗലികവാദപരമായി വ്യാഖ്യാനിക്കുന്നത് ഒരു മതത്തിന് സംഭവിക്കാവുന്ന പ്രതിസന്ധിയാണ്. സീറോ മലബാര്‍ സഭയില്‍ ഈ അടുത്തകാലത്ത് അസംബ്ലിയില്‍ സഭയെ സമുദായമായി കാണുന്ന നിലപാടുകള്‍ കണ്ടു. ചില രാഷ്ട്രീയ പാര്‍ട്ടികളോടും ഒട്ടിനില്‍ക്കുന്ന പ്രവണതയും പ്രകടമായി. ലൗ ജിഹാദിനെക്കുറിച്ചും നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ചും പ്രസ്താവനകള്‍ വന്നു. നിയമത്തിന്റെ കാര്‍ക്കശ്യം മൗലികവാദപരമാണ്. നിയമം പാലിക്കാത്തവരെ സഭയ്ക്കു പുറത്താക്കുന്ന ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ കണ്ടു. കൊന്ന് പാഷണ്ഡികളെ ഇല്ലാതാക്കിയതു പോലുള്ള ജ്വരം ചില വേദികളില്‍ കാണുന്നു. നുണ ആവര്‍ത്തിച്ച് മാര്‍പാപ്പയോടും വത്തിക്കാന്‍ അധികാരികളോടും പറഞ്ഞുണ്ടാക്കിയ ഒരു വിഷയമാണ് ആരാധനക്രമം വിവാദമെന്ന് മറക്കാനാവില്ല.

എറണാകുളം അങ്കമാലി അതിരൂപതയില്‍ വിവാദപരമായ ആരാധനക്രമ പ്രശ്‌നത്തില്‍ ചെലവഴിക്കുന്ന പണത്തെക്കുറിച്ച് വല്ലാതെ വിറളി പുരണ്ട ചില പിതാക്കന്മാരുണ്ട്. അവരില്‍ ചിലര്‍ മാര്‍പാപ്പയുടെ അടുത്തുവരെ നുണ പറഞ്ഞ കഥകള്‍ വെറും സാങ്കല്പികമല്ലല്ലോ. ഐക്യമാണ് നിര്‍ബന്ധിക്കേണ്ട ഏക പുണ്യം, ഐക്യരൂപ്യമല്ല. ഇത് ഇന്നും എന്തുകൊണ്ട് സഭാധികാരികള്‍ മനസ്സിലാക്കുന്നില്ല? സ്‌നേഹത്തിന്റെ നിയമമാണ് യേശുക്രിസ്തുവിന്റെ സുവിശേഷം. രണ്ടു വിധത്തില്‍ ഒരു കുര്‍ബാനക്രമം അനുവദിക്കില്ല എന്ന ശാഠ്യത്തിന്റെ പിന്നില്‍ സുവിശേഷമാണോ? തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിക്കാതെ സ്‌നേഹത്തിന്റെ പ്രവര്‍ത്തികള്‍ ചെയ്യുന്ന പ്രസാദവരത്തിന്റെ സഭ നിയമത്തിന്റെ കാര്‍ക്കശ്യത്തിലായത് എന്നു മുതലാണ്? ദൈവത്തിന്റെ സമൃദ്ധിയുടെ ദാനസ്രോതസ്സ്, ആളുകളെ ബലി ചെയ്യാതെ, അടങ്ങാത്ത കോപത്തിന്റെ സഭയായത് എങ്ങനെ? നിങ്ങള്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ച് പരിഹരിക്കാനല്ലേ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമായി പറഞ്ഞത്. ''നാം സംഭാഷണമാകണം'' എന്നല്ലേ മാര്‍പാപ്പ ആവര്‍ത്തിച്ച് പറയുന്നത്. സംഭാഷണവും അതിന്റെ സമവായങ്ങളും സഭയില്‍ അസാധ്യമായോ?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org