ഏകീകൃത കുര്‍ബാനയര്‍പ്പണത്തിന്റെ പിന്നിലെ സംശയ ദുരൂഹതകള്‍

ഏകീകൃത കുര്‍ബാനയര്‍പ്പണത്തിന്റെ പിന്നിലെ സംശയ ദുരൂഹതകള്‍
Published on

സീറോ മലബാര്‍ സഭയുടെ ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി അടിച്ചേല്‍പിക്കുന്ന നടപടികളാണല്ലോ. അതില്‍ സിനഡും അതിരൂപതയും തമ്മിലുള്ള പ്രതിസന്ധിയില്‍ നടന്ന ഭീകരമാറ്റങ്ങളില്‍ ചില അട്ടിമറികള്‍ സംശയിക്കാതിരിക്കാനാവാത്തതായി മാറിയിരിക്കുന്നു. കൊട്ടിഘോഷിക്കുന്ന ഏകീകരണം വെറും ആശയമോ സ്വപ്നമോ എന്നതിനെക്കാള്‍ കൃത്യമായി ആലോചിച്ചുണ്ടാക്കിയ ഒരു വ്യവസ്ഥിതിയാണ്. ഇതില്‍ പ്രത്യക്ഷത്തെക്കാള്‍ മനസ്സിലാക്കാന്‍ കഴിയാത്ത അടിയൊഴുക്കുകളും തിന്മയുടെ വ്യക്തമായ കടന്നുകയറ്റവും കാണാം. വ്യക്തികളുടെ നിഗൂഢമായ ലക്ഷ്യങ്ങളും വൈരവും ഒളിച്ചിരിക്കുന്നു എന്നു വരുന്നു. പ്രസിദ്ധ വ്യാഖ്യാന ശാസ്ത്ര പണ്ഡിതനായ പോള്‍ റിക്കറിന്റെ വ്യഖ്യാന വിശകലന തത്വങ്ങളില്‍ പറയുന്ന ഏകീകരണ (Totalizing) ത്തിനു പിന്നിലെ തിന്മയുടെ പ്രലോഭനത്തിന്റെ അടിയൊഴുക്കുകള്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം എഴുതി, ''നമ്മുടെ ഭക്തിപൂര്‍വകമായ നേട്ടങ്ങളെ പോലും ഭീഷണിപ്പെടുത്തുന്ന തിന്മയുടെ വസ്തുത പുറത്തു വരുന്നതു നമ്മുടെ ഇടയിലെ വ്യാജമായ ഏകീകരണത്തിലൂടെയാണ്.''

റിക്കര്‍ തുടരുന്നു. ''മനുഷ്യന്റെ വ്യക്തമായ തിന്മ പ്രത്യക്ഷമാകുന്നതു രാഷ്ട്രത്തിലും സഭയിലും അതിന്റെ സ്ഥാപിതമായ ഏകീകരണപദ്ധതികളിലും നടത്തുന്ന ഏകീകരണത്തിലും പുനര്‍വിചിന്തനത്തിലുമാണ്.'' പുനര്‍ വിചിന്തനത്തിന്റെയും ഏകീകരണത്തിന്റെയും പരിപാടികളില്‍ പ്രത്യക്ഷമാകുന്നതു നിര്‍ദോഷകരമാകില്ല എന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്കുന്നത്. ഇതൊക്കെയും മനുഷ്യന്റെ മനസ്സിന്റെ മലിനീകരണ വേദികളാകും.

സീറോ മലബാര്‍ സഭയുടെ സിനഡ് ഉപയോഗിച്ച ഒരു പദമാണ് ''ഏകീകരണം.'' ഈ പദത്തിന്റെ അര്‍ഥമെന്ത്? ഒന്നാകലാണോ? ഐക്യം ഉണ്ടാക്കലല്ല, ഒന്നാക്കലാണ്; ഒന്നാകലല്ല. അതു സഭയില്‍ സ്വാഭാവികമായി നടക്കേണ്ടതാണ്.

ഈ ഏകീകരണങ്ങള്‍ നടത്തുന്നത് ബോധപൂര്‍വകമായ തീരുമാനങ്ങളിലൂടെയാണല്ലോ. ഇവിടെ വിവാദപരമാകുന്നത്, അതില്‍ സംബന്ധിക്കുന്നവരുടെയും അവ നടത്തുന്നവരുടെയും ബോധാബോധമാണ്. ബോധത്തിന്റെ നടപടികള്‍ പുറത്തു പറയുന്നതുപോലെയും പ്രകടമാക്കുന്നതുപോലെയും നിഷ്‌ക്കളങ്കമല്ല എന്നാണ് ചരിത്രത്തില്‍ നീഷേ, ഫ്രോയ്ഡ്, മാര്‍ക്‌സ് എന്നീ മൂന്നു ചിന്തകര്‍ ചൂണ്ടിക്കാണിച്ചത്. മനുഷ്യന്റെ ബോധത്തിന്റെ പ്രത്യക്ഷങ്ങള്‍ വിശ്വസനീയമല്ലാതാക്കുന്ന അബോധമുഖംമൂടികളും തന്ത്രങ്ങളും തട്ടിപ്പുകളും ഒളിച്ചു കളികളും നിരന്തരം നടക്കുന്നു എന്നതാണ്.

മനുഷ്യന്റെ ബോധം തിന്മയുടെ പ്രലോഭനമണ്ഡലമാണ്. ബോധത്തിന്റെ ഭാഷയും അതിന്റെ രൂപകങ്ങളും ആത്മീയമായ ആവരണങ്ങളും വിമര്‍ശന ബുദ്ധ്യാ വിലയിരുത്തണമെന്നുവരുന്നു. ഇതാണ് ഫ്രോയിഡും, നീഷേയും ആവര്‍ത്തിച്ചു പറഞ്ഞത്. ബോധഭാഷയില്‍ സാമൂഹികമായി വര്‍ഗചൂഷണത്തിന്റെയും അന്യവല്‍ക്കരണത്തിന്റെയും വ്യാജങ്ങള്‍ കാണാന്‍ പഠിക്കണം എന്നാണ് മാര്‍ക്‌സ് പറഞ്ഞത്.

സീറോ മലബാര്‍ സഭയുടെ സിനഡ് ഉപയോഗിച്ച ഒരു പദമാണ് ''ഏകീകരണം.'' ഈ പദത്തിന്റെ അര്‍ഥമെന്ത്? ഒന്നാകലാണോ? ഐക്യം ഉണ്ടാക്കലല്ല, ഒന്നാക്കലാണ്; ഒന്നാകലല്ല. അതു സഭയില്‍ സ്വാഭാവികമായി നടക്കേണ്ടതാണ്. സഭയില്‍ ചര്‍ച്ചകളൊന്നുമില്ലാതെ ചില അധികാരികള്‍ നടത്തുന്ന ഒന്നാക്കല്‍. ''ഏകീകരണം'' ഒരു മൂടുപടമാണ്. അത് ഒരു പ്രത്യക്ഷ ഒന്നിപ്പിക്കലാണ്. പട്ടാളത്തില്‍ പല ജാതി വര്‍ണ്ണ വംശങ്ങള്‍ക്ക് ഓരേ യൂണിഫോം കൊടുത്തു നിര്‍മ്മിക്കുന്ന ഒന്നാക്കല്‍. ഇവിടെ പലമയുടെ വൈവിധ്യങ്ങള്‍ എല്ലാം നിഷേധിച്ച് യൂണിഫോം അടിച്ചേല്പിക്കുന്നു. ഇത് ഒരേ വേഷം ധരിപ്പിക്കലാണ്. ഐക്യമല്ല, ഐക്യരൂപ്യം. എല്ലാം ഒരേ വിധത്തിലാക്കുന്നു ഒരു തനിമ യാന്ത്രികമായി ഉണ്ടാക്കുകയാണ്. മറിച്ച് അതിന് അനിവാര്യമായ ദൈവശാസ്ത്രമോ അര്‍ഥമോ അവര്‍ നല്കുന്നുമില്ല. സഭയിലുള്ള വൈവിധ്യങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും മുകളില്‍ വ്യാജമായി ഇടുന്ന ഒരു കുപ്പായം. അത് ഇടേണ്ടവരോട് ചോദിക്കാന്‍ പോലും മനസ്സുണ്ടായില്ല.

''മാര്‍പാപ്പയുടെ സഭ''യില്‍നിന്നു ഭിന്നമാക്കി സ്വന്തം സഭയ്ക്കു തനിമ സൃഷ്ടിക്കുക എന്ന ബോധപൂര്‍വകമായ ഒരു രഹസ്യനീക്കം. പൊതുവില്‍ സഭയുടെ നേതാക്കള്‍ വിശ്വസനീയരായിരുന്നു. ഐക്യരൂപ്യത്തിന്റെ തീരുമാനം എടുക്കുന്നതിനു മുമ്പ് മാര്‍പാപ്പയുടെ കത്തു സംഘടിപ്പിക്കുന്ന തന്ത്രത്തിന്റെ പിന്നിലെ ലക്ഷ്യം എന്തായിരുന്നു? ഈ കത്തിനപേക്ഷിച്ചപ്പോള്‍ നുണകള്‍ വസ്തുതകളാക്കപ്പെട്ടില്ലേ? ഇതൊക്കെ ഒരു ചര്‍ച്ചയുമില്ലാതെ നടപ്പിലാക്കാനുള്ള കൗശലം കാണാതെ പോണോ?

നടപ്പിലാക്കിയതു ഐക്യമല്ല, ഐക്യരൂപ്യമാണ്. ഭാരതത്തില്‍ ഇപ്പോള്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം നടപ്പിലാക്കുന്നതു ഈ ഐക്യരൂപ്യമാണ്, ഐക്യമല്ല. 'ഇന്ത്യ പ്രതിപക്ഷ'ത്തിന്റെ വിമര്‍ശനമെന്താണ്? ഭാരതത്തിന്റെ വൈവിധ്യങ്ങള്‍ ആദരിക്കുന്ന ഐക്യമാണ് വേണ്ടത്. കത്തോലിക്കാ സഭയുടെ എക്യുമിനിസത്തിന്റെ കാഴ്ചപ്പാട് വൈവിധ്യങ്ങളെ നിരാകരിക്കുന്നതും സഭകളുടെ വൈവിധ്യത്തെ ഇല്ലായ്മ ചെയ്യുന്നതും ഒരു സഭയില്‍ മറ്റ് എല്ലാ സഭകളേയും ലയിപ്പിക്കുന്നതുമാണോ? ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്ന ഐക്യമെന്താണ്?

വൈവിധ്യങ്ങളെ അംഗീകരിക്കുന്ന വൈവിധ്യങ്ങളുടെ ഐക്യമാണ്. വൈവിധ്യങ്ങളെ നിരാകരിക്കുന്നതു ഐക്യരൂപ്യം എങ്ങനെയാണ് ഒരു ആദര്‍ശമാകുന്നത്? അത് ഒരു മൗലികവാദ നീക്കമാണ്. അടിച്ചേല്പിക്കലില്‍ പ്രകടമാകുന്നത് ആധിപത്യമല്ലേ? സിനഡിന്റെ ഉദ്ദേശ്യശുദ്ധിയാണ് പ്രതിസന്ധിയിലാകുന്നത്. അനുസരണം മഹാപുണ്യമാണോ? പക്ഷെ, അനുസരണം പുണ്യമാകാത്ത പ്രതിസന്ധികളുമുണ്ട്. വര്‍ണ്ണ വിവേചനം നിയമാനുസൃതമായിരുന്നില്ലേ? അടിമത്തം നിയമാനുസൃതമായിരുന്നില്ലേ? സതിപോലും ഒരു കാലത്തു നിയമാനുസൃതമായിരുന്നല്ലോ? അവ ശക്തന്മാരുടെ നിയമങ്ങളാണ്, നീതിയല്ല.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org