ഹോമര്‍ ക്രിസ്തുവിനു മുമ്പ് എട്ടാം നൂറ്റാണ്ടില്‍ ട്രോജന്‍ യുദ്ധത്തെ ആസ്പദമാക്കി എഴുതിയ മഹാകാവ്യമാണ് ഇലിയഡ്. ഇലിയും, ട്രോയി നഗരത്തിന്റെ മറ്റൊരു പേരാണ്. ട്രോജന്‍ യുദ്ധത്തിന്റെ പത്താം വര്‍ഷത്തിലാണ് കവതി ആരംഭിക്കുന്നത്. ഗ്രീക്കുകാര്‍ ട്രോയ് നഗരം ആക്രമിച്ചു നശിപ്പിച്ച്, നഗരവാസികളെ കൊന്നുതള്ളി. ഹെലന്‍ എന്ന ലോകസുന്ദരിയെ ട്രോയിയുടെ രാജകുമാരന്‍ പാരിസ് തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടു സ്പാര്‍ട്ടയിലെ രാജാവിന്റെ സഹോദരന്‍ കപ്പല്‍ വ്യൂഹമായി നഗരത്തെ ആക്രമിക്കുന്നു. യുദ്ധം വെട്ടുന്ന ഒരു പട്ടാളക്കരനും താത്പര്യമുള്ള ഒരു വിഷയമായിരുന്നില്ല ഹെലന്‍. മാത്രമല്ല യുദ്ധത്തില്‍ ട്രോയി നശിപ്പിക്കപ്പെട്ടപ്പോള്‍ ഹെലന്‍ ആ നഗരത്തില്‍ ഉണ്ടായിരുന്നില്ല, അവള്‍ ഈജിപ്റ്റിലായിരുന്നു.
യുദ്ധം എന്തിനായിരുന്നു എന്നത് യുദ്ധം ചെയ്യുന്നവര്‍ക്കു പോലും അറിയാത്ത മിഥ്യയായിരുന്നു.
ഈ കാവ്യത്തിലെ ഏറ്റവും ശ്രദ്ധേയനായ പോരാളി ഗ്രീക്കു പട്ടാളത്തിന്റെ അത്ഭുത യുദ്ധവീരനായ അക്കില്ലസ് ആയിരുന്നു. ഈ മഹാകാവ്യത്തിന്റെ മുഖ്യകഥാപാത്രമെന്നു പറയാവുന്നതു അക്രമമാണ്. അതു കോപിഷ്ഠനായ യുദ്ധവീരന്‍ അക്കില്ലസ്സിലൂടെ അവതരിപ്പിക്കുന്നു. യുദ്ധം എന്തിനായിരുന്നു എന്നത് യുദ്ധം ചെയ്യുന്നവര്‍ക്കു പോലും അറിയാത്ത മിഥ്യയായിരുന്നു. യുദ്ധവീരനായ അക്കില്ലസ് തന്നെ പറയുന്നു, ട്രോയി നിവാസികള്‍ ആരും തന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്. അര്‍ത്ഥമോ ലക്ഷ്യമോ ഇല്ലാതെ ഒരു യുദ്ധം ചുരുക്കം ചിലരുടെ സങ്കല്പമിഥ്യയാണ്. ലക്ഷ്യമില്ലാത്ത കൊലയും രക്തച്ചൊരിച്ചിലും ഏതോ മായമോഹത്തിനുവേണ്ടി മാത്രമായിരുന്നു.
ഈ യുദ്ധത്തിനു വലിയ മാറ്റം ഉണ്ടാകുന്നത് ട്രോയിയിലെ യുദ്ധവീരനായ ഹെക്റ്റര്‍ അക്കില്ലസ്സിന്റെ ആത്മാര്‍ത്ഥ സുഹൃത്തായ പത്രോക്കുളസിനെ കൊന്നതാണ്. തന്റെ ജീവനേക്കാള്‍ അധികം സ്‌നേഹിച്ച സുഹൃത്തിനെ കൊന്നതിനു കലിതുള്ളി തന്റെ സുഹൃത്തിന്റെ പട്ടടയില്‍ 12 ട്രോജന്‍ ആണ്‍കുട്ടികളെ കഴുത്തറുത്തു കൊന്നു കത്തിക്കുന്നു. വൈരത്തിന്റെ ഭ്രാന്തില്‍ കൂട്ടക്കുരുതി നടത്തി രക്തപ്പുഴ സൃഷ്ടിക്കുന്നു. തന്റെ കൂട്ടുകാരനെ കൊന്നവന്റെ ശവം രഥത്തില്‍ കെട്ടിയിട്ട് ട്രോയി നഗരത്തിനെ പല തവണ ചുറ്റുന്നു. യുദ്ധം ലക്ഷ്യമില്ലാത്ത കൊലയുടെ ഭ്രാന്തായി. മനുഷ്യനെ വെറും സാധനമാക്കുന്ന നടപടി നിരന്തരം തുടരുന്നു.
എന്നാല്‍ ഈ ക്രൂരതയുടെ പന്ത്രണ്ടാം ദിവസം ആരും കാണാതെ കൊല്ലപ്പെട്ടവന്റെ പിതാവ് പ്രിയാം അക്കില്ലസ്സിന്റെ അടുക്കലേക്കു വന്ന് അയാളുടെ കാല്‍ക്കല്‍ വീണു കേഴുന്നു, മകന്റെ ശവത്തിനുവേണ്ടി. ആദ്യം ആ പിതാവിനെ അയാള്‍ തട്ടിമാറ്റി. പക്ഷെ, അക്കില്ലസ് തന്റെ പിതാവിനെ ഓര്‍ത്തു കരയുന്നു. ഈ മഹാകാവ്യം അവസാനിക്കുന്നതു യുദ്ധത്തിന്റെ അന്ധകാരത്തിലല്ല. മഹാകാവ്യം അവസാനിക്കുന്നത് കരച്ചിലിലും പരസ്പരം കേള്‍വിയിലും അതു സൃഷ്ടിക്കുന്ന സൗഹൃദത്തിലുമാണ്. ആയുധമെടുത്തു കൊല്ലാന്‍ നടന്ന ശത്രുക്കളില്‍ ഒരുവന്‍ തന്റെ രണ്ടു മക്കളെ കൊന്നവന്റെ കാല്‍ക്കല്‍ വീണു കരഞ്ഞു; ആ കരച്ചില്‍ വിരുദ്ധ പക്ഷത്തും കണ്ണീരുണ്ടാക്കി. പരസ്പരം നോക്കി. അക്കില്ലസിന്റെ ശരീരവും വ്യക്തിത്വവും സുന്ദരമായി കണ്ട പ്രിയാം ആദരവോടെ നോക്കി. തന്റെ കാല്‍ക്കല്‍ വീണു കിടക്കുന്ന ഒരു പിതാവിന്റെ സുന്ദരമായ മുഖം അക്കില്ലസ് അത്ഭുതത്തോടെ കണ്ടു. പരസ്പരം ആദരവോടെ നോക്കി, പരസ്പരം കേള്‍ക്കാന്‍ ചെവി കൊടുത്തു. ഇലിയഡ് മഹാകാവ്യം പ്രകാശിതമാകുന്നത് ഈ സൗഹൃദത്തിലാണ്. അക്രമത്തിന്റെ കൊലയില്‍ ഖേദിക്കുന്നു. കടുത്ത വൈരം മൃദുവായ കരുണയായി മാറുന്നു. കരുണയും സ്‌നേഹവും പിറക്കുന്ന സാഹചര്യത്തില്‍ മനുഷ്യന് ഭാവി വിരിയുന്നു. ശവമാക്കുന്നവര്‍ മനുഷ്യരാകാന്‍ തുടങ്ങുന്നു. മനുഷ്യരെ അരിഞ്ഞു വീഴ്ത്തിയവര്‍ കരയാന്‍ തുടങ്ങുന്നു. ഹോമര്‍ കാവ്യത്തില്‍ അത്ഭുതമാണ് സൃഷ്ടിക്കുന്നത്.
സിമോണ്‍ വൈല്‍ തന്റെ ഈ കാവ്യവ്യാഖ്യാനത്തില്‍ എഴുതി, ''ശുദ്ധവും ഹൃദ്യവുമായ കണ്ണാടികള്‍.'' ഈ കാവ്യം കണ്ണാടിയാണ്. അക്രമത്തിന്റെയും യുദ്ധങ്ങളുടെയും പിന്നിലെ അര്‍ത്ഥമില്ലാത്ത മോഹങ്ങള്‍ കാണിക്കുന്നു. യാഥാര്‍ഥ്യ ബോധമോ യാഥാര്‍ഥ്യത്തിലുള്ള ശ്രദ്ധയോ ഇല്ലാത്ത സ്വപ്‌നമിഥ്യകള്‍ ഉണ്ടാക്കുന്ന ഭീകരദുരന്തങ്ങള്‍. ശ്രദ്ധയില്ലാത്ത ജീവിതത്തിന്റെ അധികാരകാമം സൃഷ്ടിക്കുന്ന മിഥ്യകള്‍ക്കുവേണ്ടിയുള്ള അക്രമം. ഹോമറിന്റെ കാവ്യം അറിയാത്ത സ്‌നേഹരൂപങ്ങളില്ല. ജയിച്ചവരും തോറ്റവരും അവസാനം കഷ്ടനഷ്ടങ്ങളുടെ വ്രണങ്ങള്‍ നക്കി ജീവിക്കേണ്ടി വരുന്നു. സിമോണ്‍ വൈല്‍ എഴുതി ''ഗ്രീക്ക് ദുരന്ത നാടകങ്ങള്‍, സോഫോക്ലീസിന്റെയും എസ്‌ക്കിലസ്സിന്റെയും നാടകദുരന്തങ്ങള്‍, ഹോമറിന്റെ മഹാകാവ്യത്തിന്റെ തുടര്‍ച്ച മാത്രമാണ്.''
യഹൂദയായിരുന്ന വൈല്‍ അഗാധമായ ക്രിസ്തുഭക്തയായിരുന്നു. അവള്‍ കത്തോലിക്കാസഭയില്‍ അംഗമാകാന്‍ ഒരുങ്ങി. പക്ഷെ, അവസാനം അവള്‍ പിന്‍മാറി. സഭയുടെ പ്രഖ്യാപിത വിശുദ്ധരില്‍ കുരിശുയുദ്ധക്കാരും ഉണ്ടായിരുന്നു എന്ന കാരണത്താല്‍. അവള്‍ സ്വന്തം യഹൂദപാരമ്പര്യം തള്ളിപ്പറഞ്ഞു. ലോകത്തെ ഭീഷണിപ്പെടുത്തുന്ന രണ്ടു മായാമോഹങ്ങളുടെ പ്രതിസന്ധിയാണ് റോമാസാമ്രാജ്യവും ഇസ്രായേലും എന്നവള്‍ കരുതുന്നു. റോമക്കാര്‍ ഭരിക്കാന്‍ ജനിച്ചവരായി സ്വയം വിശേഷിപ്പിച്ചു. ബാക്കി മനുഷ്യരെ അടിമകളും നികൃഷ്ഠരുമാക്കി. ഇസ്രായേലിന്റെ വീക്ഷണത്തില്‍ ദരിദ്രരും അവശരും പീഡിതരും പാപികളാണ്. പാപം മൂലമാണ് സഹനങ്ങള്‍ ഉണ്ടാകുന്നത്.
ദൈവം പാപികളെ ശിക്ഷിക്കുന്നു. ശിക്ഷിക്കുന്ന ദൈവത്തിന്റെ നടത്തിപ്പുകാരായി അവര്‍ മാറി. കത്തോലിക്കാസഭ ഈ രണ്ടു പ്രലോഭനങ്ങള്‍ പേറുന്നു. അത് അതിമാത്രം യഹൂദമായി മാറുന്നു! അക്രമത്തിന്റെ യഹൂദ പാരമ്പ്യം സഭയെ ചിലപ്പോള്‍ അന്ധമാക്കുന്നു. അതുപോലെ റോമിന്റെ അധികാരകാമത്തിന്റെ ഭീകര രൂപങ്ങള്‍ സഭയിലും ഉണ്ടാകാം. ശ്രദ്ധയാണ് ധര്‍മ്മവും അച്ചടക്കവും ആത്മനിയന്ത്രണവും ഉണ്ടാക്കുന്നത്. തന്നെ ശ്രദ്ധിക്കുന്നതും തന്നിലെ ദൈവത്തെ ശ്രദ്ധിക്കുന്നതും അപരനെ ശ്രദ്ധിക്കുന്നതുമാകും. ശ്രദ്ധയാണ് പ്രാര്‍ത്ഥന.
സീറോ മലബാര്‍ സഭയില്‍ നടക്കുന്നത് ഒരു യുദ്ധമല്ലേ? ഭൗതികമായി ആരും കൊല്ലപ്പെടുന്നില്ല. പക്ഷെ, ആത്മീയമായി സാമൂഹികമായി, ധാര്‍മ്മികമായി നിരന്തരമായി അപരനു നരകം സൃഷ്ടിക്കുന്നു, കൊച്ചാക്കുന്നു, തേജോവധം ചെയ്യുന്നു, സമ്മര്‍ദത്തിന്റെ പ്രതിസന്ധിയിലാക്കുന്നു - കൊല്ലാക്കൊല നടത്തുന്നു. ഹോമര്‍ നമ്മെ വീണ്ടും വിചാരപ്പെടുത്തുമോ? അള്‍ത്താരയില്‍ തൂങ്ങിക്കിടക്കുന്നതു ഭീകരമായ അക്രമത്തിന്റെ ഇരയാണ്. എല്ലാവരും ആരുടെ കൂടെയാണ്?