അവസാനമില്ലാത്ത പറച്ചിലിന്റെ ബഹുസ്വരത

അവസാനമില്ലാത്ത പറച്ചിലിന്റെ ബഹുസ്വരത
Published on

''എഴുത്തുകാരന്‍ എന്ന ഞാന്‍ നടത്തുന്ന കലാപരമായ കര്‍മ്മം ആത്മ പ്രകാശനമാണ്. ദെസ്തയേവ്‌സ്‌ക്കിയുടെ കല ആത്മകഥനമാണ്. ഒരു ആത്മാവിന്റെ അഥവാ ഒരാളുടെ ''ഞാന്‍'' എന്ന ബോധത്തിന്റെ ആഖ്യാനമല്ല. ഒരാളുടെ വെളിച്ചത്തില്‍ പലരുടെയും കഥനവുമല്ല. മറിച്ച് തുല്യമായി അനുഗ്ര ഹീതവും പൂര്‍ണ്ണാര്‍ഥത്തിലുള്ളതുമായ പല ബോധങ്ങളുടെ ആഖ്യാനമാണ്.'' മിഖായേല്‍ ബക്ത്തീന്‍ (1895-1975) എഴുതി. ''ആയിരിക്കുക എന്നാല്‍ പ്രകാശന വിലാസമാണ്. കേവലാര്‍ഥത്തില്‍ മരണം കേള്‍ക്കപ്പെടാതിരിക്കുന്നതും അംഗീകരിക്കപ്പെടാതിരിക്കുന്നതും മറക്കപ്പെടുന്നതുമാണ്. ആയിരിക്കുക എന്നാല്‍ അപരനുവേണ്ടിയാകുകയാണ്; അപരനിലൂടെ ഞാനാകുന്നതുമാണ്; അങ്ങനെ എനിക്കുവേണ്ടിയാകുന്നതാണ്. ഒരു വ്യക്തിക്ക് ആന്തരികമായ പരമാധികാരമണ്ഡലമില്ല; അയാള്‍ എപ്പോഴും അതിര്‍ത്തിയിലാണ്; സ്വയം അകത്തേക്കു നോക്കുന്നു; അയാള്‍ അപരന്റെ കണ്ണിലേക്കു നോക്കുന്നു, അഥവാ അപരന്റെ കണ്ണുകളോടെ നോക്കുന്നു. ഇതു ദെസ്തയേവ്‌സ്‌ക്കിയുടെ തത്ത്വ ശാസ്ത്രസിദ്ധാന്തമല്ല; അതു മനുഷ്യന്റെ ബോധത്തക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെ തിടമെടുത്ത രൂപമാണ്. ഏറ്റുപറച്ചില്‍ കലാപരമായ ദര്‍ശനത്തിന്റെയും പ്രകാശന ത്തിന്റെയും വിഷയമാണ്; അതു കേവലമായി കലയുടെ ആത്യന്തികരൂപമല്ല. അത് അദ്ദേഹത്തിന്റെ ഏറ്റുപറച്ചിലിന്റെ കലാരൂപവും പ്രകാശനവിഷയവുമാണ്.''

ഇതെഴുതിയ മിഖായേല്‍ ബക്ത്തീന്‍ സ്റ്റാലിന്റെ ഭരണകാലത്തില്‍ റഷ്യന്‍ കമ്മ്യൂണിസത്തില്‍ ജീവിച്ച വ്യക്തിയാണ്. മുകളില്‍ ഉദ്ധരിച്ചത് അദ്ദേഹം 1929 ല്‍ പ്രകാശനം ചെയ്ത ''ദെസ്തയേവ്‌സ്‌ക്കിയുടെ കാവ്യപ്രശ്‌നങ്ങള്‍'' എന്ന ഗ്രന്ഥത്തില്‍ നിന്നാണ്. ഈ പുസ്തകത്തിന്റെ ആദ്യരൂപത്തിന്റെ പ്രകാശന ത്തിനുശേഷം മതപരമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്തു. പത്തു കൊല്ലത്തെ ശിക്ഷയ്ക്കു വിധിച്ചെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആറു വര്‍ഷം നാടുകടത്തപ്പെട്ടു.

''ഒന്നും അവസാനമായി ലോകത്തില്‍ സംഭവിച്ചിട്ടില്ല. ലോകത്തെക്കുറിച്ച് അവസാന വാക്കു പറയപ്പെട്ടിട്ടില്ല. ലോകം തുറന്നു കിടക്കുന്നു, അതു സ്വതന്ത്രമാണ്. എല്ലാം ഇപ്പോഴും ഭാവിയിലാണ്, ഭാവിയായി രിക്കുകയും ചെയ്യും.''

ബക്ത്തീന്‍

ദെസ്തയേവ്‌സ്‌ക്കിയുടെ നോവല്‍ രചനയുടെ ഒരു മുഖ്യതത്ത്വമായി ബക്ത്തീന്‍ കണ്ടെത്തിയത് ഒന്നും പറഞ്ഞവസാനിപ്പിക്കുന്നില്ല എന്നതാണ്. ബക്ത്തീന്‍ എഴുതി ''ഒന്നും അവസാനമായി ലോകത്തില്‍ സംഭവിച്ചിട്ടില്ല. ലോകത്തെക്കുറിച്ച് അവസാന വാക്കു പറയപ്പെട്ടിട്ടില്ല. ലോകം തുറന്നു കിടക്കുന്നു, അതു സ്വതന്ത്രമാണ്. എല്ലാം ഇപ്പോഴും ഭാവിയിലാണ്, ഭാവിയായി രിക്കുകയും ചെയ്യും.''

എന്താണ് ബക്ത്തീനും അദ്ദേഹം വ്യാഖ്യാനിക്കുന്ന നോവലിസ്റ്റായ ദെസ്ത യേവ്‌സ്‌ക്കിയും പറയുന്നത്? മനുഷ്യരുടെ വര്‍ത്തമാനം അവസാനിപ്പിക്കാനും അവരുടെ വായ മൂടിക്കെട്ടാനും ആരും ശ്രമിക്കണ്ട എന്ന വ്യക്തമായ സന്ദേശം. ദെസ്തയേവ്‌സ്‌ക്കിയുടെ നോവലുകളില്‍ മരണം വളരെ വിരളമാണ്. എന്നാല്‍ നോവലുകളില്‍ ആത്മഹത്യയും കൊലപാതകവും ഉണ്ടുതാനും. മനുഷ്യന്റെ ജീവന്റെ ബോധത്തിന്റെ മരണം സൃഷ്ടിക്കുന്നതാണ് മരണം. ഈ ബോധ മരണം അംഗീകരിക്കാതിരിക്കയും ഓര്‍മ്മിക്കാതിരിക്കുകയും ചെയ്യുന്നത് സ്വാതന്ത്ര്യത്തിന്റെ നിഷേധത്തിലാണ്.

അദ്ദേഹത്തിനു ബോധമരണം സമൂഹം ചെയ്യുന്ന ഹത്യയാണ്. അപരനെ അംഗീകരിക്കാതിരിക്കുകയും ആദരിക്കാതിരി ക്കുകയും സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന മരണകരമായ അക്രമമാണ്. ഈ അക്രമം നടക്കുന്നത് ഭാഷ നിഷേധിച്ചാണ്, പറയാനുള്ള അവകാശം നിഷേധിച്ചാണ്. അവസാന വാക്കു പറഞ്ഞ് ഇനി ആരും ഒന്നും പറയണ്ട എന്ന ഏകഭാഷാധിപത്യത്തിലാണ് അതിക്രമം അരങ്ങ് പിടിച്ചടുക്കുന്നത്. അദ്ദേഹ ത്തിന്റെ നോവലുകള്‍ ഭാഷണ സ്വാതന്ത്ര്യത്തിന്റേയാണ്. അവ ഏക ഭാഷാധി പത്യത്തിന്റെയല്ല, ബഹുസ്വരത (polyphony) സംഭാഷണ മണ്ഡലത്തിലാണ് മനുഷ്യബോധത്തിന് അസ്തിത്വമുണ്ടാകുന്നത്. ഏകഭാഷയുടെ അധികാരം നിര്‍വചിച്ച് നിര്‍ത്തി ആര്‍ക്കും പറയാനാവാത്ത അവസാന വചനം പറയുന്ന നോവലുകളല്ല.

ഈ നോവലുകള്‍ എല്ലാം തന്നെ വലിയ ജീവിത സംഘട്ടനങ്ങളുടെയാണ്. ജീവിതം അദ്ദേഹത്തിനു സംഘട്ടനങ്ങളുടെയാണ്. അതു കരമസോവ് സഹോ ദരന്മാര്‍ എന്ന നോവല്‍ ശ്രദ്ധിച്ചാല്‍ മതി. വിശ്വാസിയും അവിശ്വാസിയും ക്രൂര തയും കരുണയും അധര്‍മ്മവും വിശുദ്ധിയും നിറഞ്ഞ വൈരുദ്ധ്യങ്ങളുടെ കഥാ പാത്രങ്ങള്‍ സ്വതന്ത്രമായി വ്യാപരിക്കുന്നു, സംസാരിക്കുന്നു, ബോധ്യങ്ങള്‍ വിളമ്പുന്നു, പരസ്പരം സംഘട്ടനത്തിലാകുന്നു. കാരമസോവ് സഹോദരന്മാരായ ഇവാനും അലോഷ്യയും വിരുദ്ധ സ്വഭാവക്കാരും ബോധ്യങ്ങള്‍ ഉള്ളവരുമാണ്. ക്രിസ്തുവും അന്തിക്രിസ്തുവിന്റെ കുറ്റവിചാരകനും പരസ്പരം മുഖാമുഖ മാകുന്നു. ചെകുത്താനുമായിപ്പോലും നോവലിസ്റ്റ് സംഭാഷണത്തിലാണ്. ഈ സംഘട്ടനങ്ങളുടെ നോവലില്‍ മുഖ്യവീരപുരുഷന്‍ ബഹുസ്വരത തന്നെയാണ്. പരസ്പര വിരുദ്ധമായ ഭാഷണങ്ങളുടെ തിളച്ചുമറിയുന്ന വേവുകലമായി നോവല്‍ മാറുന്നു. അവിടെ അദ്ദേഹം വരച്ചു കാണിക്കുന്നതു സംഭാഷണ ത്തിന്റെ ബഹുസ്വരതയാണ് - അതാണ് ജീവിതം.

ആധുനിക സമൂഹം സത്യത്തിന്റെ വഴിയായി സ്വീകരിക്കുന്നതു ബഹുസ്വരത യുടെ അന്തമില്ലാത്ത സംഭാഷണ വഴിയാണ്. പാര്‍ലമെന്റുകളും അസംബ്ലികളും സമ്മേളനങ്ങളും അന്തമില്ലാതെ തുടരുന്നു. എന്തിന് സത്യത്തിന്റെ വഴി സംഭാ ഷണവഴിയാണ്. സംഭാഷണമാണ് നാം എന്നതു ആധുനിക ലോകം അംഗീ കരിച്ചു മുന്നോട്ടു പോകുന്നു. ആരുടെയും ഏകസ്വരത്തിന് അധികാരം കൊടു ക്കാന്‍ ജനങ്ങള്‍ തയ്യാറല്ല. പലമ എന്ന ബഹുത്വമാണ് അവിടെ അധികാരത്തിന്റെ അടിസ്ഥാനം. അവസാനമില്ലാത്ത സംഭാഷണങ്ങളുടെ വഴിയാണ് ദൈവത്തിന്റെ വഴി എന്നതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സിനഡാലിറ്റി എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത്. ഇത് ഒരു വലിയ കാഴ്ചപ്പാടാണ,് മാറ്റമാണ്. ഇവിടെ ആരും ദൈവത്തിന്റെ അധികാരത്തിന്റെ കുത്തകാവകാശം പേറുന്നില്ല. ദൈവമാണ് ബാബേലിലെ ഏകഭാഷാധിപത്യം അവസാനിപ്പിച്ച് ബഹുസ്വരത ഉണ്ടാക്കിയത്.

പന്തക്കുസ്തയില്‍ ''അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു'' (നടപടി 2:4) പരിശുദ്ധാത്മാവ് അത്ഭുതകരമായി ഐക്യം ഉണ്ടാക്കുകയല്ല. അത് ഉണ്ടാക്കുന്നത് പരോക്ഷമായി മാനുഷികമായ വ്യത്യാസങ്ങളുടെ സിന ഡല്‍ വിധത്തിലാണ് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. സാമൂഹികമായ എല്ലാ വ്യത്യാസങ്ങളേയും മറികടക്കുന്നു. പരിശുദ്ധാത്മാവ് ഭാഷണ സ്വാതന്ത്ര്യം എല്ലാവര്‍ക്കും നല്‍കുന്നു. സീറോ മലബാര്‍ സഭയില്‍ ഈ സ്വാതന്ത്ര്യ ത്തിന്റെയും ഭാഷണത്തിന്റെയും അഭാവം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. വത്തിക്കാനിലെ സിനഡാലിറ്റി യോഗങ്ങളില്‍ ഈ സഭയുടെ അധികാരികള്‍ പങ്കെടുത്തിട്ട് എന്തു ഫലം എന്നു ചോദിക്കാന്‍ ഇടവരുന്നുണ്ട്. ഇതില്‍ സംബ ന്ധിക്കുന്നത് അവര്‍ക്ക് വ്യക്തിപരമായി ലഭിക്കുന്ന പ്രത്യേകാവകാശമൊന്നുമല്ല. സഭയ്ക്കുവേണ്ടി ആഗോള സഭ നല്‍കുന്ന സൗകര്യമാണ്. അതു സഭയ്ക്ക് ഉപകരിക്കണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org