ശത്രുക്കളല്ല; സഹോദരങ്ങള്‍

ശത്രുക്കളല്ല; സഹോദരങ്ങള്‍
Published on

ഒരേസമയം അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന മനുഷ്യബന്ധമെന്ന സമസ്യയുടെ വാതില്‍ അതിന്റെ അസാധാരണമായ ഇരട്ടത്താപ്പാണ്. ഈ ഇരട്ടത്താപ്പിന്റെ രഹസ്യം നാം പലപ്പോഴും അറിയാറില്ല. ഏതായാലും തുറക്കാത്ത വാതില്‍ തുറന്നു. എല്ലാവര്‍ക്കും സ്തുതി പറയാം. ഇതൊക്കെ ഇത്രമാത്രം നീട്ടി വഷളാക്കണമായിരുന്നോ? ചര്‍ച്ചയുടെ ആരംഭത്തിനു പറ്റിയ മാനസികാവസ്ഥ എങ്ങനെ ഉണ്ടായി? വേണ്ടത്ര പഠിക്കാതെ വത്തിക്കാനില്‍ പോയിവന്നവര്‍ വിഷയം വഷളാക്കി. പീഡിപ്പിച്ചു തോല്‍പ്പിക്കാം എന്ന ബോധ്യത്തിന്റെ ഉറപ്പ് ഇളകിക്കാണും. പീഡനം തിരിച്ചും കിട്ടാം. യുദ്ധത്തിനിറങ്ങുന്നവര്‍ക്ക് ഭയങ്കര ആത്മവിശ്വാസമാണ്. ജയിക്കാതെയും തോല്ക്കാതെയും നീളുമ്പോള്‍ ആത്മവിശ്വാസം പ്രതിസന്ധിയിലാകും.

ഒരു മേജര്‍ ആര്‍ച്ചുബിഷപ്പിനെ മാര്‍പാപ്പ മാറ്റിയത് എന്തുകൊണ്ടായിരിക്കും? പലരും പല ഉത്തരങ്ങള്‍ നല്‍കുന്നു. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്, സഭയുടെ പരമാധികാരം ഒരു പ്രശ്‌നവും പരിഹാരമില്ലാതെ ഒരു പരിധിയില്‍ കൂടുതല്‍ നീട്ടാന്‍ അധികാരി ആഗ്രഹിക്കില്ല. എന്തുകൊണ്ട് പ്രശ്‌നമുണ്ടായി എന്നത് മറക്കപ്പെടാം. പ്രശ്‌നം പരിഹരിക്കാത്തതു വലിയ പ്രശ്‌നമാകും. പ്രശ്‌നങ്ങള്‍ പലതും ഉണ്ടാക്കി എന്നതിനെക്കാള്‍ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ സഭാധ്യക്ഷനു കഴിയുന്നില്ല എന്നത് വിനയാകും. അധികാരിയായി തുടരുന്നത് അപകടമാണ് എന്നു കരുതുന്നവര്‍ വര്‍ധിക്കും. കീഴടക്കാനുള്ള വ്യഗ്രതയില്‍ കാലിനടിയിലെ മണ്ണ് ഒലിക്കും, കണ്ണില്‍ കാലുഷ്യം വര്‍ധിക്കും, ആധിപത്യത്തിന്റെ സൂര്യനേത്രം കത്തിക്കുന്നതാകും. ഇത്തരക്കാര്‍ സത്യം കാണില്ല.

കണ്ണീരു കലര്‍ന്ന കാഴ്ച മങ്ങി കരയുമ്പോള്‍ കണ്ണ് കാണും - അതു സത്യമായിരിക്കും. കരയാനാകാത്തവര്‍ ഒരിക്കലും സത്യം കാണില്ല. എറണാകുളം-അങ്കമാലി അതിരൂപതയെ വെട്ടി നിരത്താന്‍ കുറെക്കാലമായി സിനഡും അതിന്റെ മേലധികാരികളും കിണഞ്ഞു ശ്രമിക്കുന്നു. അവര്‍ വലിയ സഭാസ്‌നേഹികളും സഭാ സംരക്ഷകരുമായി ചമഞ്ഞു. ഒരു ചര്‍ച്ചയ്ക്കും തയ്യാറായില്ല. ഒരു ചര്‍ച്ചയുടെ റിപ്പോര്‍ട്ട് സാധക കുറിപ്പോടെ അയയ്ക്കാന്‍ ആവശ്യപ്പെട്ടിട്ട് സാധക കുറിപ്പോടെ വത്തിക്കാനിലേക്കു പോയതും അറിഞ്ഞില്ല; വത്തിക്കാന്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനെ മാറ്റിയപ്പോഴും കാര്യം മനസ്സിലാക്കിയില്ല. പുതിയ നേതാവ് പഴയ വഴി വിടാന്‍ തയ്യാറായില്ല. പ്രശ്‌ന പരിഹാരം ശിക്ഷ മാത്രമായി വത്തിക്കാനില്‍ ചെന്നവരെ മാര്‍പാപ്പ കേട്ടു. സഭയോട് പൊതുവായി ഒരു പ്രസംഗം പറഞ്ഞു. അതില്‍ നിങ്ങളുടെ പ്രശ്‌നം നിങ്ങള്‍ ധീരമായും ഉത്തരവാദിത്വപൂര്‍ണ്ണമായും പരിഹരിക്കാന്‍ ആവശ്യപ്പെട്ടു. സിനഡിലുള്ളവരില്‍ എത്രപേര്‍ ആ പ്രസംഗം വായിച്ചു മനസ്സിലാക്കി?

സംഭാഷണം ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷങ്ങളായി. പീഡനങ്ങളും അതിക്രമങ്ങളും ഏറ്റു പിടിച്ചു നിന്നത് ശീശ്മക്കാരാകാനല്ല; ജനാഭിമുഖമായി കുര്‍ബാന ചൊല്ലാനാണ്.

വേണ്ടത്ര ഗൃഹപാഠം നടത്താതെ വത്തിക്കാനില്‍ പോയവര്‍ വത്തിക്കാനിലെ മേലാധികാരികള്‍ പറഞ്ഞത് എഴുതിയെടുക്കുന്ന ഗുമസ്തന്മാരായി. അവര്‍ പറഞ്ഞത് മാര്‍പാപ്പയുടെ പ്രസംഗവുമായി പൊരുത്തപ്പെടുമോ എന്ന് നോക്കിയില്ല; മനസ്സിലാക്കിയില്ല. തിരിച്ചുവന്നത് വലിയ കല്‍പ്പനയുമായിട്ടാണ്. അതിനിടയില്‍ കല്‍പ്പന ചോര്‍ന്നു. പിന്നെ ഒപ്പിട്ട് പുത്തനാക്കി. അതിരൂപതയിലെ വൈദികര്‍ ശീശ്മയിലായി, സഭയ്ക്കു പുറത്താക്കപ്പെടുന്നു. തീരുമാനിക്കാനുള്ള സിനഡ് കൂടുന്നതിനു മുന്‍പ് തീരുമാനം പുറത്തായി. എന്തുകൊണ്ട്? കാരണം, ഹേഗലിന്റെ അടിമ ഉടമ വ്യവസ്ഥിതിയില്‍ അധികാരം നിര്‍വചിച്ചവരായിരുന്നു. മുകളില്‍ നിന്നു പറഞ്ഞതു വിശ്വസ്ത വിധേയനായി എഴുതിയെടുത്തു താഴേക്ക് ഉടമയായി അനുസരിക്കാന്‍ ആവശ്യപ്പെടുന്നു. എന്നിട്ടും ചെറുത്തുനില്‍പ്പ് തുടര്‍ന്നു. ചിലപ്പോള്‍ പരിശുദ്ധാത്മാവ് പ്രതിപക്ഷത്ത് ചേരും. സുരക്ഷിതത്വത്തിന്റെ കനല്‍പ്പലകകള്‍ ഇളകുമെന്നായി. പേരുദോഷം പ്രബലമാകുന്നതും തിരിച്ചറിഞ്ഞു. സിനഡിനും മേജര്‍ ആര്‍ച്ചുബിഷപ്പിനും മുകളില്‍ ആരുമില്ല എന്ന ഉറപ്പ് ഇളകി. പ്രശ്‌ന പരിഹാരം തങ്ങളുടെ ഉത്തരവാദിത്വമാണ് എന്നത് മറന്നു. പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കില്‍ വലിയ നടപടികള്‍ ഉണ്ടാകും എന്ന ഏതോ ദുസ്വപ്‌നം ഉണ്ടായി. പറഞ്ഞുതീര്‍ക്കണമെന്ന ബോധോദയമുണ്ടായത് അപ്പോഴാണ്. പിന്നെ അധികം സമയമെടുത്തില്ല.

സംഭാഷണം ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷങ്ങളായി. പീഡനങ്ങളും അതിക്രമങ്ങളും ഏറ്റു പിടിച്ചു നിന്നത് ശീശ്മക്കാരാകാനല്ല. ജനാഭിമുഖമായി കുര്‍ബാന ചൊല്ലാനാണ്; ജനങ്ങള്‍ അതാവശ്യപ്പെടുന്നു. നല്ലതും കൂടുതല്‍ നല്ലതും തമ്മിലുള്ള നിസ്സാര പ്രശ്‌നമായിരുന്നു. വിരമിച്ച വിവേകികളായ മെത്രാന്മാര്‍ പരിഹാര മാര്‍ഗം പറഞ്ഞു തന്നതാണ്. പുതിയ മനിക്കേയന്‍ തലമുറ വൈരനിര്യാതബുദ്ധിയിലായിരുന്നു. മേജര്‍ ആര്‍ച്ചുബിഷപ്പ് ഒരു ധാര്‍മ്മിക പിശകും വരുത്തിയില്ല; എല്ലാം എറണാകുളത്തുകാര്‍ പടച്ചുണ്ടാക്കിയ നുണകളാണ് എന്ന് സിനഡിനെക്കൊണ്ട് പറയിപ്പിച്ചിടത്താണ് മൗലികമായി തെറ്റിയത്. പിന്നെ നുണ കൊണ്ടുള്ള യുദ്ധത്തിലാണ്ടു. ഈ നുണയുടെ ബാബേല്‍ ഗോപുരത്തിലേക്ക് നാടുവിട്ട ദൈവം ഇറങ്ങിവന്നു. ഏകഭാഷയുടെ ബാബേലിലേക്ക് പലമയുടെ ഭാഷണവൈവിധ്യമായി ദൈവം ഇറങ്ങി. അപരനോട് സംസാരിക്കുന്നിടത്താണ് ധര്‍മ്മത്തിന്റെ വഴി തുറക്കുന്നത്. പ്രാര്‍ത്ഥിക്കുക എന്നാല്‍ പറയുകയും കേള്‍ക്കുകയുമാണ്. കുര്‍ബാനയിലെ എല്ലാ പ്രാര്‍ത്ഥനകളും സംഭാഷണങ്ങളാണ്. പ്രാര്‍ത്ഥനയിലാണ് വൈരികള്‍ മിത്രങ്ങളാകുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org