പ്രവാചകനെക്കുറിച്ച് ഒരു കവി

പ്രവാചകനെക്കുറിച്ച് ഒരു കവി
Published on

''സ്വര്‍ഗവും നരകവുമായി കല്യാണം'' എന്ന കവിതയില്‍ വില്യം ബ്ലേക്ക് എഴുതി, ''പ്രവാചകരായ ഏശയ്യയും ജെറമിയായും എന്റെ അത്താഴത്തിനു വന്നു.'' അപ്പോള്‍ കവി ചോദിച്ചു, ''ദൈവം നിങ്ങളോട് സംസാരിച്ചു എന്ന് ഇടയ്ക്കിടയ്ക്കു പറയുന്നത് നിങ്ങളെ തെറ്റിദ്ധരിക്കാന്‍ ഇടയാക്കില്ലേ? നിങ്ങള്‍ നിങ്ങളുടെ വാക്കുകള്‍ ദൈവത്തിന്റെയാക്കി ആധിപത്യം ഉണ്ടാക്കുകയല്ലേ?'' ഏശയ്യ പറഞ്ഞു, ''എന്റെ പരിമിതമായ കാണലിന്റെ ഇന്ദ്രിയം കൊണ്ട് ഒരു ദൈവത്തെയും കണ്ടിട്ടില്ല, കേട്ടിട്ടില്ല. പക്ഷേ എന്റെ ഇന്ദ്രിയങ്ങള്‍ എല്ലാറ്റിലും നിത്യത കണ്ടെത്തി. അതൊക്കെ എന്നെ പ്രേരിപ്പിച്ചു. സത്യസന്ധമായ ധര്‍മ്മരോഷം ദൈവത്തിന്റെ സ്വരമായിരുന്നു. പിന്നെ ഞാന്‍ പ്രത്യാഘാതങ്ങള്‍ നോക്കിയില്ല, എഴുതി.'' കവി ചോദിച്ചു, ''താങ്കള്‍ നഗ്‌നനായും നിഷ്പാദുകനായും മൂന്നു കൊല്ലം നടന്നത് എന്തുകൊണ്ട്?'' ''നമ്മുടെ ഗ്രീസിലെ കൂട്ടുകാരന്‍ ഡയോജിനസ് നടന്നതിനു തന്നെ.''

പ്രവാചകനായ എസക്കിയേലിനോട് ചോദിച്ചു, ''ശക്തമായ പ്രചോദനം (persuasion) കാര്യങ്ങള്‍ അങ്ങനെ ആക്കുകയാണോ?'' ''ശക്തമായ പ്രചോദനം മലകളെ മാറ്റുമെന്ന് എല്ലാ കവികളും വിശ്വസിച്ചു. അറിവിന്റെ അടിസ്ഥാനം കാവ്യ പ്രചോദനമാണ്. കാഴ്ചയുടെ കവാടം ശുദ്ധിയാക്കുന്നവനു എല്ലാത്തിലും നിത്യത കാണാം.'' കാവ്യ പ്രചോദനത്തില്‍ കവിയും പ്രവാചകനും ഒന്നാകുന്നു. കണ്ടും കേട്ടും മനുഷ്യന്‍ പ്രചോദിതനാകുന്നു. പ്രചോദിതനാകുകയെന്നാല്‍ അഹത്തിന്റെ സ്വഗത ഉറക്കത്തില്‍ നടക്കുന്നവന്‍ ഉണരുന്നതാണ്. അത് അപരന്റെ ആന്തരികതയിലെ ശല്യപ്പെടുത്തലില്‍ സംഭവിക്കുന്നതാണ്.

ഞാന്‍ എനിക്കുവേണ്ടി സംസാരിക്കുന്നവനാണ്. ഞാന്‍ മറ്റാരുടെയും വക്താവല്ല. മറ്റാര്‍ക്കും വേണ്ടി പറഞ്ഞാല്‍ അത് എന്റെ ആന്തരികതയുടെ തനിമയുടെ പ്രശ്‌നമാകും. പ്രവചനം എന്നത് എന്നെയും അപരനെയും ദൈവത്തെയും സംബന്ധിക്കുന്ന ത്രികോണ പ്രശ്‌നമാകും. ഞാന്‍ എനിക്കു വേണ്ടി മാത്രമാണോ? ഞാന്‍ എന്നില്‍ അടക്കപ്പെട്ടവനാണോ? പ്രചോദനം എന്നത് എന്നിലേക്കു ഞാനല്ലാത്തതു കടന്നുണ്ടാക്കുന്നതാണ്. ഞാന്‍ ആയിരിക്കുന്നവനല്ല, ആയിത്തീരുന്നവനാണ്. ആയിത്തീരുന്ന എന്റെ ബോധം പുറത്തേക്ക് തുറന്നതാണ്. അപരനുമായുള്ള ബന്ധം ഭാഷയിലാണ് സംഭവിക്കുക. ഭാഷയില്‍ത്തന്നെ പ്രവാചികമാനമുണ്ട്. അപരനുമായുള്ള ബന്ധമാണ് ഭാഷ. ഭാഷ അങ്ങേ വശത്തുനിന്നു വരുന്ന ബന്ധമാണ്. ഭാഷണ ശബ്ദം അപര സാന്നിധ്യമാണ് ഉണ്ടാക്കുന്നത്. അപരന്റെ സഹനത്തിന് എന്നെ കുറ്റപ്പെടുത്തുകയും അപരനുവേണ്ടി സാഹസത്തിനു തയ്യാറാകുകയും ചെയ്യുന്നത് ആത്യന്തിക സൗഹൃദമാണ്. അത് പുറത്തു പറഞ്ഞ് വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ല. അതു വ്യക്തിത്വത്തിന്റെ രഹസ്യവും മഹത്വവുമാണ്.

അപരന്റെ വേദന എന്നിലേക്കു കടന്നാണ് എന്നെ ശല്യപ്പെടുത്തുന്നത്. അപരന്റെ നിലവിളിയും അവന്റെ വേദനയും കള്ളനെ പോലെ എന്റെ തൊലിക്കുള്ളില്‍ പ്രവേശിച്ച് എന്നെ വേദനിപ്പിക്കുന്നു.

അപരന്റെ വേദന എന്നിലേക്കു കടന്നാണ് എന്നെ ശല്യപ്പെടുത്തുന്നത്. അപരന്റെ നിലവിളിയും അവന്റെ വേദനയും കള്ളനെ പോലെ എന്റെ തൊലിക്കുള്ളില്‍ പ്രവേശിച്ച് എന്നെ വേദനിപ്പിക്കുന്നു. അത് എന്നില്‍ മുറിവുണ്ടാക്കുന്നതും എനിക്കു പരിക്കു പറ്റുന്നതും ഞാന്‍ മറക്കുന്നു. അങ്ങനെ അപരനുവേണ്ടി ഇറങ്ങിത്തിരിക്കുന്നു, പറയുന്നു, കോപിക്കുന്നു - അവന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. എനിക്കുവേണ്ടി പറയുന്ന ഞാന്‍ അപരനുവേണ്ടി പറയാന്‍ തുടങ്ങുന്നു. എന്റെ വാക്കുകളുടെ ഉടമസ്ഥത മറ്റാര്‍ക്കുമാകുന്നില്ല. ഇതു സര്‍വസാധാരണമായി നമ്മുടെ ഇടങ്ങളില്‍ സംഭവിക്കുന്നു.

മനുഷ്യന്റെ ധാര്‍മ്മികതയും ആത്മീയതയും പ്രവാചികമാണ്. എന്തുകൊണ്ട് ഞാന്‍ അപരനിലേക്ക് തുറന്നവനായി? അപരന്റെ വേദനയിലും അപരന്റെ മൃഗീയതയിലും ഞാന്‍ ഞെട്ടി എന്നിലൂടെ എന്തോ കടന്നു പോകുന്നു. അപരന്റെ മുഖം എനിക്ക് വെളിപാടാകുന്നു. എന്നെക്കുറിച്ചുള്ള അറിവ് എന്നില്‍ അവസാനിക്കുന്നില്ല. ബൈബിളിന്റെ പഴയ നിയമത്തില്‍ ദൈവം ''നീ എവിടെ?'' എന്നു ചോദിക്കുന്നതിനു ''ഇതാ ഞാന്‍'' എന്നു പറയുന്നതു പ്രവാചകനാണ്. മനുഷ്യന്റെ മാംസത്തിലും അസ്ഥികളിലും എഴുതപ്പെട്ട ദൈവത്തിന്റെ കല്‍പ്പനകളുടെ വിളി തടയുന്നതും മുടക്കുന്നതുമായ തഴക്കത്തെ മറികടന്നും അത് അകത്തു പ്രവേശിക്കും. ഇത് അപരന്റെ വേദനയിലും അനീതിയിലും സഹനത്തിലും സംഭവിക്കും. അപരരുടെ വേദന എന്നില്‍ ഉണ്ടാക്കുന്ന ഭാഷയാണ് പ്രവചനം. അത് നടത്തുമ്പോള്‍ എന്റെ തനിമ പ്രതിസന്ധിയിലാകും. ഞാന്‍ പരിക്കു പറ്റുന്നവനാകും. ഞാന്‍ എനിക്കുവേണ്ടിയോ എന്നത് എന്റെയും ചോദ്യമാകും. അവരെന്റെ കാര്യം എന്നില്‍ ഉത്തരവാദിത്വവും പ്രത്യാഘാതങ്ങളും ഉണ്ടാക്കും. എല്ലാം ഏതോ നിശ്ശബ്ദമായ നിര്‍വൃതിയില്‍ അനുഭവിക്കും.

കവിയെപ്പോലെ പ്രചോദിതമായി പ്രതികരിക്കുന്നത് കര്‍ത്താവാണ്. അതാണ് ആമോസ് എഴുതിയത് ''സിംഹം ഗര്‍ജിച്ചു; ആരാണ് കേള്‍ക്കാത്തത്? ദൈവം സംസാരിച്ചു; ആരാണ് പ്രവചിക്കാതിരിക്കുക?'' (ആമോസ് 3:6). ഞാന്‍ ഞാനാകുന്നത് എങ്ങനെ? എനിക്കു ഞാനാകാന്‍ അന്യനിലേക്ക് ഇറങ്ങിച്ചെല്ലണമെന്നതു എന്റെ ആന്തരികതയുടെ ഘടനയാണ്. ഞാന്‍ നിരന്തരമായി അകത്തുനിന്നും പുറത്തുനിന്നും ശല്യപ്പെടുത്തപ്പെടുന്നു. ഞാന്‍ അടച്ചുപൂട്ടി ഉറങ്ങാം. ആ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തുന്നത് അപരന്റെ നിലവിളിയാവും. ആ ഉണര്‍വില്‍ ഉണ്ടാകുന്ന ഭാഷയാണ് പ്രവാചികം. കാളിദാസന്‍ രഘുവംശത്തില്‍ വാല്മീകി എന്ന കവിയെ നിര്‍വചിച്ചു പറഞ്ഞു: 'രുദിതാനുസാരി കവി' - കരച്ചിലിന്റെ പിന്നാലെ പോകുന്നവന്‍ കവി. അത് സീതയുടെ കരച്ചിലോ ക്രൗഞ്ച പക്ഷിയുടെ വിലാപമോ ആകാം. ഏലിയ നാബോത്തിന്റെ മുന്തിരിത്തോട്ട കഥ കേട്ടു. ഏലിയ രാജാവിന്റെ മുമ്പിലേക്ക് നയിക്കപ്പെട്ടു. സ്‌നേഹത്തിനു പകരം ചോദിക്കാതെ സ്‌നേഹിക്കണമെന്നു പഠിപ്പിച്ച ദൈവം നാസി ഗ്യാസ് ചേമ്പറുകളില്‍ നിശ്ശബ്ദനായി. മനുഷ്യജീവനെ കത്തിക്കുന്ന ഭീകരത വിശുദ്ധിയുടെ ചരിത്രം തടയുന്നില്ല! എന്തുകൊണ്ട്?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org