അനുഷ്ഠാനഭ്രമം

അനുഷ്ഠാനഭ്രമം
Published on

മതം അനുഷ്ഠാനമാണ് എന്നു തെറ്റിദ്ധരിക്കുന്ന പ്രതിസന്ധി നമുക്കുണ്ട്. എല്ലാ മതങ്ങളിലും പുരോഹിതര്‍ അനുഷ്ഠാനങ്ങള്‍ക്കും വലിയ പ്രസക്തി ഉണ്ടാക്കുന്ന സാഹചര്യവും ഉണ്ട്. എറണാകുളം-അങ്കമാലി അതിരൂപത ഒരു അനുഷ്ഠാന നവീകരണ ധര്‍മ്മത്തിനുവേണ്ടി മൂന്നു കൊല്ലത്തോളം സഭാധികാരികളുമായി സമരത്തിലായിരുന്നു. ഒക്‌ടോബര്‍ വിപ്ലവം നടക്കുമ്പോള്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ തിരുവസ്ത്രങ്ങളെക്കുറിച്ച് വിവാദ പ്രതിസന്ധിയിലായിരുന്നു എന്ന കഥയുണ്ട്. ഇവിടെ ആരാധനക്രമ പ്രതിസന്ധി നടക്കുമ്പോള്‍ ഇന്ത്യ ഒരു ഏകാധിപത്യത്തിലേക്ക് തകര്‍ന്നടിയുന്ന രാഷ്ട്രീയം നടമാടുകയായിരുന്നു. മനുഷ്യന്റെ ഭീകരമായ പ്രലോഭനം ദൈവം ആകുകയാണ്. മനുഷ്യന്‍ന്റെ സൂപ്പര്‍ ഹീറോ ആയി അവരുടെ മേല്‍ ആധിപത്യം സൃഷ്ടിക്കുക; ഇത് ഒരു തരം മന്ത്രവാദ രോഗമാണ്. ആര്‍ എസ് എസ് തലവന്‍ ദൈവമാകുന്ന പ്രലോഭനത്തില്‍ വീഴുന്ന നേതാക്കളെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് അകത്തു നിന്ന് തന്നെയുണ്ടായ വിമര്‍ശനം ആയിരുന്നു. അനുഷ്ഠാനങ്ങളെ മന്ത്ര തന്ത്രങ്ങളാക്കുന്ന പ്രതിസന്ധി പഴയകാലത്ത് ഉണ്ടായിരുന്നു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രൈസ്തവ അനുഷ്ഠാനങ്ങളെ 'നല്ല' മന്ത്രവാദമായി വിശേഷിപ്പിച്ചിട്ടുണ്ട്.

അനുഷ്ഠാനമോ കൂദാശയോ കൂദാശാനുകരണങ്ങളോ മാന്ത്രികമാക്കുമ്പോള്‍ ആരാധനയുടെ ഭാഷയെയാണ് വലിയ മന്ത്രത്തിന്റെ മായാജാലം സൃഷ്ടിക്കുന്നു എന്നു വരുത്തുന്നത്. അനുഷ്ഠാനത്തിന്റെ ഭാഷയും അതിന്റെ കര്‍മ്മങ്ങളും ബിംബങ്ങളാണ്. അതിന്റെ ലക്ഷ്യം അതിലില്ല, അതൊരു മാര്‍ഗമാണ്.

ദൈവത്തിന്റെ ചിറകുകള്‍ക്കുള്ളില്‍ അഭയം തേടുന്നവരുണ്ട്. ദൈവത്തിന്റെ പാറയില്‍ ജീവിതം ഉറപ്പിക്കുന്നവരുണ്ട്. ഇവിടെയൊക്കെ ദൈവത്തിന് ചിറകുകള്‍ ഉണ്ട്, ദൈവം പാറയാണ് എന്നല്ല പറയുന്നത്. കാര്യങ്ങള്‍ എന്താണ് എന്ന് പറയുന്നത് ഭാഷയാണ്.

അനുഷ്ഠാന ഭാഷ മനസ്സിലാക്കിയാലേ അനുഷ്ഠാനങ്ങളുടെ അര്‍ത്ഥം മനസ്സിലാകൂ. വൈദികര്‍ ധരിക്കുന്ന തിരുവത്രങ്ങള്‍ ആരാധനയുടെ ഭാഷയുടെ ഭാഗമാണ്. തിരുവസ്ത്രങ്ങള്‍ ഒരു മന്ത്രവും നടത്തുന്നില്ല. കൂദാശകള്‍ വസ്തുനിഷ്ഠമായി പ്രസാദവരം നല്‍കുന്നു എന്നു പറയുമ്പോള്‍ അത് ഒരു മന്ത്രമാണ് എന്നല്ല. കൂദാശ അനുഷ്ഠിക്കുന്ന വ്യക്തിയുടെ ധര്‍മ്മനിഷ്ഠയും ആത്മീയതയും വേണ്ട എന്നുമല്ല. അതില്ലാതെ വന്നാലും കൂദാശ വാസ്തവമാകും എന്ന് പഠിപ്പിക്കുന്നത് സാധാരണ ജനങ്ങളെ വഞ്ചിക്കാതിരിക്കാനാണ്. ദൈവത്തിന്റെ പ്രസാദവരത്തിന്റെ കച്ചവടക്കാരല്ല വൈദികര്‍. അത് നിയമത്തിന്റെ ചട്ടക്കൂടില്‍ നിര്‍ബന്ധിക്കുന്നതും അപകടകരമാണ്.

ക്രൈസ്തവജീവിതം ഒറ്റപ്പെട്ട വ്യക്തികളുടെ ആത്മീയതയല്ല. അത് സംഘാത ആത്മീയതയാണ്. ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്നതും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതും ക്രൈസ്തവികതയുടെ തനിമയാണ്. പരസ്പരം ആദരിക്കുകയും സ്‌നേഹിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന സാമൂഹികത ഏത് അനുഷ്ഠാനത്തിന്റെയും ലക്ഷ്യമാണ്. സ്പര്‍ദ്ദയില്ലാതെ, വൈര്യമില്ലാതെ, അക്രമത്തിന്റെ വ്യവസ്ഥാപിത ഘടന ഇല്ലാതെ ജീവിക്കാന്‍ കഴിയണം.

തര്‍ത്തുല്യന്‍ എഴുതി, ''മാംസമാണ് രക്ഷ ആശ്രയിക്കുന്ന വിജാഗിരി.'' ആത്മാവ് ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ ഈ സമര്‍പ്പണം യാഥാര്‍ത്ഥ്യമാക്കുന്നത് മാംസമാണ്. ആത്മാവിന്റെ നിലപാടുകളും സമര്‍പ്പണവും പ്രകടമാക്കുന്നത് ശരീരത്തിലാണ്, ഭാഷയിലാണ്, കര്‍മ്മങ്ങളിലാണ്. ആത്മാവിന്റെ ധര്‍മ്മനിഷ്ഠയില്ലാത്ത ആചാരങ്ങള്‍ അര്‍ത്ഥശൂന്യമാണ്. ആചാരങ്ങളുടെ ലക്ഷ്യം ജീവിതത്തിന്റെ ചലനമാണ്. ആചാരങ്ങള്‍ അതില്‍ തന്നെ ഒന്നും നിര്‍വഹിക്കുന്നില്ല. കര്‍മ്മമായി മാറാത്ത ആചാരങ്ങള്‍ പൊള്ളയാകും.

ആരാധനക്രമ മതബോധം അനുഷ്ഠാനഭാഷ നടപ്പിലാക്കുന്നതിന്റെ പ്രാധാന്യമാണ് ലക്ഷ്യമാക്കുന്നത്. ഭൗതികവസ്തുക്കള്‍ എല്ലാം ദൈവത്തിലേക്ക് മാധ്യമമാകും. പക്ഷേ ഒരു വസ്തുവും ദൈവത്തിന് പകരം ആവില്ല. ദൈവത്തെക്കുറിച്ചും പ്രസാദവരത്തെക്കുറിച്ചും പറയുന്നതു വസ്തുനിഷ്ഠമായി പരിശോധിക്കാനാവില്ല. അതു കാവ്യഭാഷയാണ്. അനുഷ്ഠാനങ്ങളിലെ നിലപാട് ജീവിത നിലപാടാകണം. അനുഷ്ഠാനങ്ങള്‍ ചേമ്പിലയില്‍ വെള്ളം എന്ന പോലെയാകരുത്. അനുഷ്ഠാനങ്ങളില്‍ നിന്നു ജീവിതത്തിലേക്കു തര്‍ജമ്മ ഉണ്ടാകുമ്പോള്‍ അനുഷ്ഠാനഭ്രമം ഉണ്ടാകും. അനുഷ്ഠാനങ്ങള്‍ അപ്രസക്തമാകും. ആരാധനക്രമ ഭാഷ അപ്പോള്‍ നവീകരിക്കപ്പെടേണ്ടിയിരിക്കുന്നു. അത് ജീവിതഗന്ധിയാക്കാനുള്ള ശ്രമങ്ങള്‍ എപ്പോഴും അനിവാര്യമാണ്.

യഹൂദരുടെ അനുഷ്ഠാനങ്ങളെയും ദേവാലയത്തെയും യേശു രൂക്ഷമായി വിമര്‍ശിച്ചു. ജീവിതസ്പര്‍ശം ഇല്ലാത്ത അനുഷ്ഠാനങ്ങള്‍ അതില്‍ത്തന്നെ ലക്ഷ്യമാക്കുന്നവരാണ് ഫരിസേയര്‍. ഈ ഫരിസേയിസം ക്രൈസ്തവ സഭയിലേക്കും പ്രവേശിക്കും. യഹൂദര്‍ അവരുടെ അനുഷ്ഠാനങ്ങള്‍ അടിമുടി പൊളിച്ചെഴുതി. അത് ശ്രദ്ധിക്കാത്തവര്‍ ഇവിടെയും ധാരാളമാണ്. എ ഡി 70-ല്‍ ജറുസലേം ദേവാലയം നശിപ്പിക്കപ്പെട്ടതിനു ശേഷം യഹൂദര്‍ ദേവാലയം പുനരുദ്ധരിച്ചില്ല. എന്തുകൊണ്ട്? അവര്‍ പൗരോഹിത്യം അവസാനിപ്പിച്ചു. ബലികള്‍ ഇല്ലാതായി. പകരം അവര്‍ ഉണ്ടാക്കിയത് സിനഗോഗാണ്. അതു വേദ വായനയുടെ ഇടമായിരുന്നു. ദൈവസാന്നിധ്യം വേദത്തില്‍ അവര്‍ കണ്ടെത്തി. ദേവാലയത്തിന്റെ മതിലുകള്‍ ഇപ്പോഴും നിലകൊള്ളുന്നു. ഇസ്രായേല്‍ രാജ്യം സ്ഥാപിച്ചിട്ടും ദേവാലയം പണിതില്ല. വിലാപത്തിന്റെ മതിലുകള്‍ ദൈവത്തിന്റെ അസാന്നിധ്യത്തിന് മുറിവായി നിലകൊള്ളുന്നു. ദൈവസാന്നിധ്യത്തിന് അടയാളമില്ലാതായി. വിലാപത്തിന്റെ മതിലുകള്‍ അവരോടു പറയുന്നത് ദൈവത്തിനുവേണ്ടി ദൈവത്തിന്റെ സാന്നിധ്യം ഉണ്ടാക്കുന്നവരാകാനാണ്. യഹൂദന്‍ മിശിഹായാകാന്‍ വിളിക്കപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org