കാണിക്കലുകാരനെ കാണാത്ത കാണിക്കല്‍

കാണിക്കലുകാരനെ കാണാത്ത കാണിക്കല്‍

അവസാന വിശകലനത്തില്‍ ദൈവമുണ്ട് എന്നു തെളിയിക്കുക അസാദ്ധ്യമാണ്. കാരണം അത് എനിക്കു പുറത്തുനിന്ന് കാണിക്കാന്‍ ആര്‍ക്കാണു കഴിയുക? ദൈവത്തിനു മാത്രമേ ദൈവത്തെ കാണിക്കാന്‍ കഴിയുകയുളളൂ. ദൈവം സ്വയം അങ്ങനെ കാണിക്കുമോ? ലോകം കാണിക്കലാണ്. അനുസ്യൂതം കാണിക്കലിന്‍റെ കേളിയായി ലോകം നടനം കൊള്ളുന്നു. ഒരു ചെടി അതിനെ കാണിക്കുകയാണ്, പൂക്കളിലും കായ്കളിലും. ഞാന്‍ എന്‍റെ ആയുസ്സുകൊണ്ട് എന്നെ കാണിച്ചുകൊണ്ടിരിക്കുന്നു. ഈ കാണിക്കല്‍ സ്ഥലകാലങ്ങളുടെ യവനികയിലാണ്. ഭൗതികമായതിന്‍റെ തട്ടത്തില്‍ ലോകത്തിന്‍റെ കാണിക്കല്‍ അരങ്ങേറുന്നു.
അരങ്ങേറ്റം നോക്കിനില്ക്കുന്നവന്‍ കാഴ്ചകള്‍ കാണുന്നു. അതു പൂവാണ്, ഇലയാണ്, ആകാശമാണ്, താരകളാണ്. കാഴ്ചയില്‍ മതിമറന്നു നില്ക്കുന്നവന്‍ കാണിക്കല്‍ എന്ന നടപടി ശ്രദ്ധിക്കുന്നില്ല. കാഴ്ചയുണ്ടാക്കുന്നതു കാണിക്കലില്‍നിന്നാണല്ലോ.

കാണിക്കല്‍പ്രക്രിയ കാഴ്ച കാണുന്നവര്‍ കാണാതെ പോകാം. അതു കാണാന്‍ പാടില്ലാത്തതുകൊണ്ടാകണമെന്നില്ല. കാണിക്കല്‍ പ്രക്രിയ കാഴ്ചയില്‍ മറഞ്ഞിരിക്കുന്നു. അതു കാണാന്‍ നാം കൂട്ടാക്കാത്തതാണ്. കാഴ്ചയുടെ പിന്നില്‍ കാണിക്കലുണ്ട്. അത് എങ്ങനെ സംഭവിക്കുന്നു? കാണിക്കല്‍ കര്‍മ്മമില്ലാതെ ദൃശ്യമുണ്ടാകില്ല. ഉണ്ടായിരിക്കുന്നതിന്‍റെ പിന്നില്‍ ഉണ്ടാക്കല്‍ നടക്കുന്നു. അതു ദൃശ്യമല്ല. അതു ദൃശ്യത്തില്‍ നിന്നു പിന്‍വാങ്ങി, മറഞ്ഞിരിക്കുന്നു. കര്‍മ്മം കാണുന്നവന്‍ ക്രിയ കാണാതെ പോകാം. കാരണം ഭൗതികതയുടെ യവനികയില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ യവനിക കാണാതെ പോകുന്നു. യവനിക മാത്രമല്ല കാണിക്കല്‍ എന്ന ദാനമാണു സംഭവിക്കുന്നത്. അത്ആരു കാണുന്നു? കാണാനുണ്ട്, പക്ഷേ, കാണുന്നില്ല. കാഴ്ചയില്‍നിന്ന് അതു പിന്‍വലിഞ്ഞു പോകുന്നു; അത് ആരും ശ്രദ്ധിക്കുന്നില്ല. വിഗ്രഹത്തില്‍ വിശുദ്ധനെ കാണാനാകാത്തവിധം വിഗ്രഹം വശീകരിക്കുന്നു. പ്രത്യക്ഷത്തില്‍ ദാനത്തിന്‍റെ പ്രത്യക്ഷം കാണാതെ പോകുന്നു.

തട്ടികയില്‍ വരച്ച ചിത്രം, തട്ടികയല്ല, അതു ചിത്രത്തിന്‍റെ ചായവുമല്ല. ചിത്രത്തിന്‍റെ ഭാവം പ്രത്യേകമായി വരച്ചതുമല്ല. അത് ആ വരകളിലൂടെ തെളിയുന്നതും വരയില്‍ പൂരിതമായി നില്ക്കുന്നതുമായ ഏതോ മാനമാണ്. അതാണു വെളിപാടായി മാറുന്നത്, പക്ഷേ, അതു കാഴ്ചക്കാരന്‍റെ ബോധമണ്ഡലത്തിലെ പ്രതിഭാസമാണ്.

കാഴ്ചയും അതു കാണപ്പെടുന്ന തിരശ്ശീലയും പ്രതിഭാസമാക്കിയതിനെയാണു കാണുന്നത്. ദൈവത്തെ ഇങ്ങനെ സ്ഥലകാലങ്ങളിലെ പ്രത്യക്ഷമായി കാണുമ്പോള്‍ അതു ദൈവത്തിന്‍റെ ചിത്രംപോലെ ദൈവത്തില്‍നിന്നകലുന്നു. അസ്തിത്വത്തിന്‍റെ തട്ടികയില്ലാതെ ദൈവത്തെക്കുറിച്ചു പറയാന്‍ ശ്രമിക്കുമ്പോള്‍ "ദൈവം സ്നേഹമാകുന്നു" എന്ന യോഹന്നാന്‍റെ ഭാഷയാണു വെളിപാടാകുന്നത്. അസ്തിത്വത്തിന്‍റെ കാണിക്കലിന്‍റെ സത്യത്തില്‍ നിന്നാണു ദൈവികതയുടെ ചിന്ത വിരിയുന്നത്. വിഗ്രഹത്തില്‍ നിന്ന് അകലെയാണു വിശുദ്ധന്‍ എന്നതു വിഗ്രഹം നിഷേധിക്കും നിത്യതയില്‍നിന്ന്, വളരെ അകലെയാണു കാലം എന്നതും കാലത്തിന്‍റെ കാഴ്ച നിഷേധിക്കുന്നു. വിഗ്രഹവും ദൈവവചനവും മനുഷ്യന്‍റെ സൃഷ്ടികളാണ്. ദൈവത്തിന്‍റ ലോകം. അതിന്‍റെ കാണിക്കലില്‍ അകക്കണ്ണുള്ളവന്‍ മാത്രം കാഴ്ചയില്‍നിന്നു പിന്‍വാങ്ങുന്ന ദൈവികത കാണുന്നു. ആ കണ്ട ദൈവികത ദൈവമല്ലെന്നു പറയുന്ന നിരീശ്വരരുണ്ട്. ലോകകാഴ്ച കണ്ടു മയങ്ങിപ്പോകുന്നവന്‍ ലോകത്തില്‍ ആണ്ടുപോകുന്ന ഭോഗിയല്ല മുന്‍പറഞ്ഞ നിരീശ്വരന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org