“ആള്‍ക്കൂട്ടമാണ് അസത്യം”

“ആള്‍ക്കൂട്ടമാണ് അസത്യം”

"ക്രൈസ്തവികതയാണ് നന്മയിലേക്കുള്ള വഴി എന്നു ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ടു ഞാന്‍ ചോദിക്കുന്നു. ക്രൈസ്തവികതയുമായി യഥാര്‍ത്ഥ ബന്ധം എങ്ങനെ ഞാന്‍ സ്ഥാപിക്കും?" ഈ ചോദ്യം ഡെന്മാര്‍ക്കിലെ പ്രശസ്ത ക്രൈസ്തവ ചിന്തകനായ സോറണ്‍ കീര്‍ക്കെഗോറിന്‍റേതാണ്. ആള്‍ക്കൂട്ടത്തില്‍ ആരവത്തിനനുസരിച്ചു ജീവിതം ആത്മാര്‍ത്ഥതയുടെയോ സത്യത്തിന്‍റെയോ അല്ല എന്നതില്‍ അദ്ദേഹത്തിനു സന്ദേഹമില്ല. "വില കുറഞ്ഞ അഹത്തിന് അനാവശ്യ സ്ഥാനം നല്കുന്നത്" ശുദ്ധ വിഡ്ഢിത്തമാണ് എന്നും അദ്ദേഹം എഴുതി. അദ്ദേഹത്തിന് അഹത്തിലേക്കുള്ള വഴി ആന്തരികതയുടെ വഴിയല്ല. സത്യത്തിലേക്കുള്ള യാത്ര അകത്തേക്കാണ്. സത്യം വസ്തുനിഷ്ഠമല്ല; അത് ആന്തരികവും വ്യക്തിനിഷ്ഠവുമാണ്. വ്യക്തിയാകുന്നതാണു സത്യത്തിന്‍റെ വഴി. "വ്യക്തിനിഷ്ഠമായ നിശ്ചയത്തിലാണു സത്യം. സത്യവും ഭ്രാന്തും അന്തിമവിശകലനത്തില്‍ വേര്‍തിരിക്കാനാവാത്തതാണ്."

"പ്രപഞ്ചത്തെ ഒരു സ്വപ്നമായി പരിഗണിച്ചാല്‍ നികുതി സംബന്ധമായ ചോദ്യവും സ്വപ്നമാണ്. പ്രപഞ്ചം എന്നത് ഒരു തമാശയാണെങ്കില്‍ സെന്‍റ് പോള്‍ കത്തിഡ്രലും ഒരു തമാശയാണ്" – ചെസ്റ്റര്‍ട്ടന്‍റെ വാക്കുകളാണിവ. ജീവിക്കാന്‍ കല്പിച്ചുണ്ടാക്കുന്ന ലോകങ്ങള്‍ ആന്തരികതയുടെ കല്പനകളാണ്. സത്യം സംജാതമാകുന്നതു വ്യാഖ്യാനങ്ങളിലാണ്. പ്രപഞ്ച യാഥാര്‍ത്ഥ്യത്തെ നോക്കി മനുഷ്യന്‍ നടത്തിയ വ്യാഖ്യാനകഥനത്തിലാണു പ്രായോഗികമായ കാഴ്ചപ്പാടുകളും വീക്ഷണ മൂല്യങ്ങളും ഉണ്ടാകുന്നത്. വസ്തുതകളെ ആസ്പദമാക്കിയുള്ള വ്യാഖ്യാനങ്ങള്‍ ആന്തരികതയുടെ പരികല്പനകളാണ്. ചിന്തയ്ക്ക് അതീതമായ ചിന്തയാണ് ദൈവികചിന്ത എന്ന ആന്‍സലത്തിന്‍റെ നിലപാടും ഇതു സാധൂകരിക്കുന്നു. ആന്തരികതയുടെ മണ്ഡലത്തിലെ സത്യമാണ് ഈശ്വരന്‍. ആന്തരികതയില്‍ ദൈവികത വെളിപാടായി, ദാനമായി വന്നുചേരുന്നു.

ആ ദൈവത്തോടുള്ള പ്രാര്‍ത്ഥന ഒരു മാന്ത്രിക ടെക്നിക്കല്ല. സ്നേഹത്തിന്‍റെയും പ്രതീക്ഷയുടെയും കരുതലിന്‍റെയും ആവിഷ്കാരമാണ്. ഭാവിക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ഭാവിയുടെ വ്യാകരണമാണ്. ദൈവതിരുമുമ്പിലെ ജീവിതം, കാലം, ഭാഷ, വികാരങ്ങള്‍, മരണം എന്നിവയോടുള്ള സാധകബന്ധത്തിലൂടെ മാത്രമേ രക്ഷ സാദ്ധ്യമാകൂ. ഇവയില്‍ നിന്നുള്ള ഓടി ഒളിക്കലല്ല ജീവിതമെന്ന കുത്തൊഴുക്കില്‍ പൂര്‍ണമായി ആമഗ്നമായി തലയുയര്‍ത്തി നില്ക്കാന്‍ കഴിയുമ്പോഴാണ് അര്‍ത്ഥപൂര്‍ണമായി ജീവിക്കുന്നത്.

ദൈവരാജ്യം വരുന്നതു സാധാരണ ജീവിതത്തിലെ വിനാഴികകളില്‍ ദൈവരാജ്യം ഉണ്ടാക്കിയാണ്. ദൈവം വസിക്കുന്ന ആത്മാവിന്‍റെ വാഴ്ച ഏറ്റെടുക്കുന്നതിലാണ്. സഭ നവീനജീവിതശൈലികളുടെ നഴ്സറിയാണ്. മതമാകട്ടെ സര്‍ഗാത്മകകലയാണ്. നന്മയുടെ ലോകം ഉണ്ടാക്കുന്ന കല – ജീവിതത്തിന്‍റെ അര്‍ത്ഥപ്രസക്തികള്‍ ഉണ്ടാക്കപ്പെടുന്നു എന്നതിനേക്കാള്‍ നല്കപ്പെടുകയാണ്. ആന്തരികതയുടെ സത്യം അകത്ത് ഉണ്ടാക്കുന്നതും ലഭിക്കുന്നതുമായ പ്രസാദമായ കല്പനയാണ്. അതു ക്രൈസ്തവികതയുടെ കഥനമാണ് – ക്രിസ്തുവിന്‍റെ കഥനസത്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org