Latest News
|^| Home -> Pangthi -> ചിന്താജാലകം -> രാജകീയ സന്ദേശം

രാജകീയ സന്ദേശം

ഫാ. പോള്‍ തേലക്കാട്ട്

കത്തോലിക്കര്‍ ഭൂരിപക്ഷമുള്ള ഓസ്ട്രിയയില്‍ ജീവിച്ച ഫ്രാന്‍സ് കഫ്ക യഹൂദനായിരുന്നു. അദ്ദേഹം ഒരു ചെറിയ കഥയെഴുതി. ചക്രവര്‍ത്തി അവശനായി കിടപ്പിലാണ്. തന്‍റെ പ്രജകള്‍ക്ക് അടിയന്തിര സന്ദേശമയയ്ക്കാന്‍ സന്ദേശവാഹകനെ വിളിച്ചുവരുത്തി സന്ദേശം ചെവിയില്‍ ഓതിക്കൊടുത്തു. അയാള്‍ അടിയന്തിര സന്ദേശവുമായി യാത്രയായി. സന്ദേശവാഹകന്‍റെ ജീവിതം സന്ദേശവുമായി നടപ്പാണ്, വലംകയ്യും ഇടംകയ്യും വീശി അയാള്‍ നടന്നു. പിന്നെ ഓടി. ഓടിയും നടന്നും അയാള്‍ വര്‍ഷങ്ങള്‍ ചെലവഴിച്ചു. പക്ഷേ, സന്ദേശം ജനങ്ങളിലെത്തിയില്ല. അയാള്‍ നടപ്പു തുടങ്ങിയിട്ട് ആയിരം വര്‍ഷങ്ങളായി. അയാള്‍ നടന്നിടത്തെല്ലാം ആള്‍ക്കൂട്ടമായിരുന്നു, അരമനയായിരുന്നു. ആയിരം വര്‍ഷം നടന്നിട്ടും ആള്‍ക്കൂട്ടം വിട്ടില്ല, അരമന കടന്നില്ല, അപ്പോഴും അയാള്‍ സന്ദേശവുമായി നടക്കുകയാണ്. പക്ഷേ, സന്ദേശം മാത്രം എത്തേണ്ടിടത്ത് എത്തിയില്ല.

കഫ്കയുടെ കഥയുടെ അര്‍ത്ഥമെന്ത്? “വളരെ അകലെനിന്നുള്ള സന്ദേശം, പക്ഷേ, അതു സന്ദേശമായി വേദത്തില്‍ കിടക്കുന്നു.” അദ്ദേഹം എഴുതി: വേദത്തില്‍ നിന്നും ജനങ്ങളില്‍ എത്താതെ കിടക്കുന്ന സന്ദേശം ദൈവത്തിന്‍റെയാണ്. അതു വേദത്തില്‍ അടച്ചുപൂട്ടപ്പെട്ടത് എന്തുകൊണ്ട്? അതു ആളുകളിലേക്ക് ആയിരം വര്‍ഷം കഴിഞ്ഞിട്ടും എത്താത്തത് എന്തേ? ആര്‍ക്കായി ദൈവത്തിന്‍റെ വചനം പിറന്നോ അവിടെയൊന്നും വചനം എത്തിയിട്ടില്ല. ഒറ്റക്കാരണം വചനം അറിയിക്കേണ്ടവന്‍ എത്തിയില്ല. അവന്‍ വചനവുമായി നടക്കുന്നു അരമനലയിലൂടെ ആള്‍ക്കൂട്ടത്തിലൂടെ, അവയെ വിട്ട് എത്തേണ്ടിടത്ത് അത് എത്തിയില്ല. അരമനയും ആള്‍ക്കൂട്ടവും വചനമെത്താന്‍ തടസ്സമായി. വചനദൂതന്‍ യാത്ര ചെയ്യുന്നുണ്ട് – ജീവിതം മുഴുവന്‍ യാത്രയായിരുന്നു. പക്ഷേ, എവിടെ? അരമനയില്‍, സുഖസൗകര്യങ്ങളുടെ ഇടയിലൂടെ നടക്കുന്നു. ആള്‍ക്കൂട്ടത്തില്‍, അധികാരപടവുകളിലൂടെ അതിന്‍റെ ആരവങ്ങളില്‍, അതിന്‍റെ ലഹരിയില്‍ അതു വിട്ടുപോകാനാവാത്തവിധം സന്ദേശത്തിന്‍റെ ശത്രുവായി മാറുന്നു.

നൂറു പ്രസുദേന്തിമാര്‍ ദാനം ചെയ്തു പെരുന്നാള്‍ മഹാമഹമായി നടത്തി. തിരുനാള്‍ കഴിഞ്ഞു; തിരുനാള്‍ കമ്മിറ്റി വിലയിരുത്തല്‍ യോഗം ചേര്‍ന്നു. “അയാള്‍ നമ്മുടെ തിരുനാള്‍ പൊളിച്ചു” – ആരോപണം. ആരാണയാള്‍, എന്തു ചെയ്തു? ഇടവകക്കാരില്‍ ഒരാള്‍, അയാള്‍ തിരുനാളിനു മദ്യം തൊടരുത് എന്നു നാടുനീളെ നടന്നു പോസ്റ്റര്‍ ഒട്ടിച്ചു. ഒരു മദ്യനിരോധന പ്രസ്ഥാനക്കാരന്‍റെ തീക്ഷ്ണത. അയാള്‍ മൂലം പെരുന്നാളിന്‍റെ ലഹരി നശിച്ചു. അയാളെ ശിക്ഷിക്കണം? മുറവിളിയായി. പക്ഷേ, ശിക്ഷിക്കാന്‍ അയാള്‍ പള്ളിയുടെ ഒരു സ്ഥാനവും വഹിക്കുന്നില്ലല്ലോ! പിന്നെ എങ്ങനെ ശിക്ഷിക്കാന്‍, അദ്ധ്യക്ഷനായ വചനാഭിഷേകം കിട്ടിയവനു വല്ലാത്ത നിസ്സഹായത! പക്ഷേ, ഒരാള്‍ പറഞ്ഞു. അയാളുടെ മകന്‍ വേദപാഠം പഠിപ്പിക്കുന്നുണ്ട്, അവനെ പിരിച്ചുവിടണം. അപ്പനെ ശിക്ഷിക്കാന്‍ മകനെ മതാദ്ധ്യാപനത്തില്‍നിന്നു പിരിച്ചുവിട്ടു. അങ്ങനെ യോഗം സമംഗളം അവസാനിച്ചു.

വചനാഭിഷേകം കിട്ടിയവന്‍ നടന്നു – പക്ഷേ, ആള്‍ക്കുട്ടങ്ങള്‍ കടന്നില്ല. ആള്‍ക്കട്ടത്തില്‍ വചനം ചോര്‍ന്നുപോയി. ഉത്തരവാദിത്വരാഹിത്യത്തിന്‍റെ ആള്‍ക്കൂട്ടത്തിനും സുഖസൗകര്യങ്ങളുടെ അധികാരത്തിന്‍റെയും അരമനയ്ക്കും അഭിഷിക്തരെ ഷണ്ഡരാക്കാനാകും – ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു നടക്കുന്ന – ആയിരക്കണക്കിനു വര്‍ഷങ്ങള്‍! എസ്രയുടെ പുസ്തകത്തില്‍നിന്ന് ഉദ്ധരിച്ചുകൊണ്ടു തോമസ് അക്വിനാസ് ചോദിച്ചു: “സത്യത്തിനു കാമിനി, കനകം, സിംഹാസനം എന്നിവയേക്കാള്‍ ശക്തിയുണ്ടോ?” ഇല്ല എന്നു തെളിയിക്കുന്ന സത്യത്തിന്‍റെ വാക്കുകളും സത്യത്തിനുവേണ്ടി അഭിഷേകം സ്വീകരിച്ചവരുമുണ്ടാകും.

സ്വന്തം ദൗത്യം നിര്‍വഹിക്കാതെ ജീവിതം നടന്നുതീര്‍ക്കുന്നവരുണ്ടാകാം. അവരോടു യേശു ചോദിച്ചു: “ആത്മാവിനു പകരമായി എന്തു കൊടുക്കും?” അവര്‍ ജീവിതംകൊണ്ടു കഴിച്ച യാത്രയില്‍ അവര്‍ക്ക് ആത്മാവു പോയ കാര്യം അവര്‍ അറിഞ്ഞില്ല. ജീവിതം പാഴാക്കിയ നടത്തങ്ങള്‍!

Leave a Comment

*
*