ആയുസ്സിന്‍റെ കാത്തിരിപ്പ്

ആയുസ്സിന്‍റെ കാത്തിരിപ്പ്

"നാം ഇവിടെ എന്തു ചെയ്യുന്നു-അതാണു ചോദ്യം. നമുക്ക് ഉത്തരം അറിയാം എന്നതിലാണു നാം ഭാഗ്യവാന്മാരായിരിക്കുന്നത്. ബ്രഹത്തായ ഈ അവ്യക്തതയില്‍ ഒരു കാര്യം വ്യക്തമാണ്. "നാം ഗോദോയെ കാത്തിരിക്കുകയാണ്." "നാം നമ്മുടെ കരാര്‍ പാലിച്ചിരിക്കുന്നു; കാര്യത്തിന്‍റെ അവസാനം ഇതാണ്. നാം പുണ്യവാന്മാരല്ല, പക്ഷേ, കരാര്‍ നാം കാത്തു, എത്ര പേര്‍ക്ക് അഭിമാനത്തോടെ അതു പറയാന്‍ കഴിയും?" സാമുവല്‍ ബെക്കറ്റിന്‍റെ ഗോദോയെ കാത്തിരിപ്പ് മടുപ്പിക്കുന്നു, കാരണം ഗോദോ വരുന്നില്ല. "നാം കാത്തിരിക്കുന്നു; നമുക്കു ബോറടിക്കുന്നു. നാം നീഷേധിക്കുന്നില്ല, നാം ബോറടിച്ചു മരിക്കുകയാണ്…" ആയുസ്സിന്‍റെ കാത്തിരിപ്പിന്‍റെ കഥയാണ് ഇത്, സത്യസന്ധമാണ്. പക്ഷേ, പ്രതീക്ഷയില്ല.

പക്ഷേ, സുവിശേഷങ്ങളിലെ പത്തു കന്യകമാരുടെ കാത്തിരിപ്പ് വലിയ പ്രതീക്ഷയിലാണ്. വിളക്കില്‍ എണ്ണയുമായി വിളക്കു കത്തിച്ചു കാത്തിരിക്കുക. കന്യകയാകുന്ന വിളക്കു കത്തിയിരിക്കട്ടെ. വിളക്കില്‍ എണ്ണയ്ക്കായി പ്രാര്‍ത്ഥിച്ചിരിക്കുക. ആയുസ്സിന്‍റെ വിളക്കു കാണിച്ചു കാത്തിരിക്കുക. എവിടെ മണവാളന്‍, എവിടെ ദൈവം ഓരോ നിമിഷവും ഞാന്‍ മരിക്കുകയാണ്, ഞാന്‍ ജീവിക്കുന്ന ദിവസങ്ങളും വര്‍ഷങ്ങളും വാടിവീണു പോകുന്നു. എന്‍റെ തീരുമാനങ്ങളിലൂടെയാണ് എന്‍റെ ആയുസ്സിന്‍റെ കഥ ഞാന്‍ എഴുതുന്നത്. അവിടെ എനിക്കുള്ളില്‍ ചെറിയ ഒരു വിളക്കുണ്ട്, എന്‍റെ ബോധത്തിന്‍റെ ആ അല്പപ്രകാശത്തിലാണു തീരുമാനങ്ങള്‍. പക്ഷേ, അല്പവെളിച്ചത്തിനു പുറത്ത് ഇരുട്ടാണ്, എല്ലാം അവ്യക്തം. അതുകൊണ്ട് എന്തു തീരുമാനിച്ചാലും കുറ്റബോധമുണ്ടാക്കുന്നു. തെറ്റിന്‍റെ വഴുതുന്ന വഴിയില്‍ നടക്കുന്നവന്‍റെ പാളിച്ചയുടെ വേദന ഒഴിവാകുന്നില്ല.

എന്നിലെ എന്‍റെ വെളിച്ചം. അതു ശരിക്കും എന്‍റെയാണോ? അത് എന്‍റെ സ്വാതന്ത്ര്യം എനിക്കു തരുന്ന വെളിച്ചമാണ്. സാദ്ധ്യതകളുടെ മദ്ധ്യത്തിലാണു ഞാന്‍, ഭൂതകാലവും ചുറ്റുപാടുകളും വിധികള്‍ തീര്‍ക്കുന്നു, സാദ്ധ്യതകള്‍ തരുന്നു. വിധികള്‍ക്കു വിധേയപ്പെടണോ, സാദ്ധ്യതകള്‍ എത്തിപ്പിടിക്കണോ? മനുഷ്യന്‍റെ ബോധത്തിന്‍റെ ചിന്ത എപ്പോഴും മറികടക്കുന്ന ധിക്കാരത്തിലാണ്. ഗ്രീക്കുകാരുടെ ഇടയില്‍ ഒരു കഥയുണ്ട്. അവരുടെ ആദ്യത്തെ തത്ത്വചിന്തകന്‍ പ്രൊമിത്തിയുസാണ് എന്ന്. അറിവുകൊണ്ടു വിധിയെ നേരിടുന്നവനായിരുന്നു ആ പുരാണ പുരുഷന്‍. അതിന്‍റെ പേരില്‍ അസഹനീയമായ പീഡകള്‍ക്കു വിധേയനായി. പീഡകള്‍ വിധി തീര്‍ക്കുന്ന അധികാരിയോ സംവിധാനമോ പ്രകൃതിയോ ആവാം. വിധിയുടെ അനിവാര്യതയും അറിവും ഏറ്റുമുട്ടുമ്പോള്‍ വിധിയുടെ മുമ്പില്‍ യുക്തി വളരെ ബലഹീനമാണ്. അതുകൊണ്ടു സഹിക്കുന്ന ധീരരെ ഉണ്ടാക്കുന്നത് ആരാണ് എന്നു ചോദിച്ചുപോകും.

സോഫോക്ലിസിന്‍റെ ആന്‍റിഗണി തന്‍റെ സഹോദരനെ മാന്യമായി അടക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മരണംകൊണ്ട് അതിനെ തടുക്കുന്ന ക്രയോണ്‍ രാജാവിന്‍റെ വിധിയെ ചെറുക്കാന്‍ അവള്‍ക്കു ധീരത നല്കിയത് എന്താണ്? അതെ സോഫോക്ലിസിന്‍റെ നാടകത്തില്‍ അവള്‍ പറയുന്നതു തന്നിലെ "ദുര്‍ഗ്രഹമായ വന്യത" എന്നാണ്. അന്യവും വന്യവുമായതു തന്നില്‍ വന്നിരുന്ന് ഉണ്ടാക്കുന്ന ധീരത, സോക്രട്ടീസിനെക്കൊണ്ടു വിഷം കുടിപ്പിച്ചു. തന്‍റെ ആന്തരികതയോടു വിശ്വസ്തത പുലര്‍ത്താന്‍ പ്രേരിപ്പിക്കുന്ന "ദൈവികത" തന്നെയാണു പ്ലേറ്റോയിലെ "നന്മ" എന്നു ഹൈഡഗര്‍ നിരീക്ഷിക്കുന്നു.

ഗ്രീക്കു ക്ഷേത്രത്തെക്കുറിച്ചു ഹൈഡഗര്‍ നല്കുന്ന വിശദീകരണം ക്ഷേത്രം അതിനെയും ലോകത്തെയും പ്രകാശിപ്പിച്ചുകൊണ്ടു നിലകൊള്ളുന്നു എന്നാണ്. ആ പ്രകാശംതന്നെയാണ് അദ്ദേഹം വ്യക്തികളുടെ ആന്തരികതയിലെ മനഃസാക്ഷിയായി കരുതുന്നതും. മനഃസാക്ഷിയുടെ ശബ്ദത്തെക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട്. എന്നിലെ ഞാനല്ലാത്ത ശബ്ദമാണത്, അജ്ഞതയും അവര്‍ണനീയവുമായതു "വീട്ടിലില്ലാത്തതാണ്." ആന്‍റിഗണിയിലെ ഗായകന്‍ പാടുന്നതു പോലെ "എന്‍റെ അടുപ്പില്‍ ഏല്പിക്കാവുന്നതല്ലാത്തതും എന്‍റെ അറിവിന്‍റെ മിഥ്യയില്‍ പങ്കുചേരുന്നതും എന്നാല്‍ എന്നില്‍ നിക്ഷേപിച്ചിരിക്കുന്നതു"മായത്.

ഇതു നിശ്ശബ്ദതയില്‍ മാത്രം കേള്‍ക്കാവുന്നതും അറിയാവുന്നതുമാണ്. നിശ്ശബ്ദത എന്നത് ആള്‍ക്കൂട്ടത്തിന്‍റെ ആരവത്തില്‍നിന്ന് എന്നെ സംരക്ഷിക്കുന്നതാണ്. നിശ്ശബ്ദതയില്‍ ഞാന്‍ എന്നിലേക്കു മടങ്ങി ആള്‍ക്കൂട്ടത്തില്‍ മുങ്ങിത്താഴാതെ എന്നെ വീണ്ടെടുക്കുന്നതു ശ്രദ്ധയിലാണ്. ശ്രദ്ധ മൗലികമായി ശ്രവണമാണ്. നിശ്ശബ്ദത കാത്തിരിപ്പാണ് – എന്നെ നിശ്ശബ്ദതയില്‍ നിന്നു വിളിക്കുന്നതു കേള്‍ക്കാന്‍. ആ വിളി വരുന്നത് എന്നിലാണ്, പക്ഷേ, എന്നില്‍നിന്നു വളരെ അകലെനിന്നാണ്. അതു കേള്‍ക്കാന്‍ ഞാന്‍ എന്നെ തുറന്നിരിക്കലാണു സര്‍ഗാത്മകമായ നിശ്ശബ്ദത. ഈ നിശ്ശബ്ദതയല്‍ കവിതയും കഥയും ആശയങ്ങളും അരുളപ്പാടുകളും വീണുകിട്ടുന്നു. അതിനു കവികളും കലാകാരന്മാരും പ്രചോദനം എന്നു വിളിക്കുന്നു. അതിനു പ്രവാചകര്‍ വെളിപാട് എന്നു വിളിക്കും.

എന്‍റെ അഹത്തില്‍ നിന്നാണു ഞാന്‍ ഉണര്‍ത്തപ്പെടുന്നതും വിളിക്കപ്പെടുന്നതും. എന്‍റെ അഹം എന്നില്‍ ശ്രദ്ധിക്കുകയും എന്നിലെ ആദിയില്‍ ചെവി വയ്ക്കുകയും ചെയ്യുന്ന മൗനത്തില്‍ സംഭവിക്കുന്ന ശ്രദ്ധയുടെ ശ്രവണം. അഹത്തില്‍നിന്ന് ഉണരാന്‍ ഞാന്‍ എന്നെ മറന്ന് എന്നെ കേള്‍ക്കണം – അതൊരു മണലാരണ്യാനുഭവമാണ്. എല്ലാം നിഷേധിക്കുന്ന മൗനത്തിന്‍റെ നിശ്ശബ്ദത. എല്ലാത്തിനെയും നിശ്ശബ്ദമാക്കുന്ന മൗനം. സംഗീതജ്ഞന്‍ വലിയ മൗനത്തില്‍ സംഗീതം ആദിയില്‍നിന്നു കേള്‍ക്കുകയാണ്. ആദി എന്നിലെ മുറിവാണ്, എന്നിലെ ഏതോ അസാന്നിധ്യമാണ്. അസാന്നിദ്ധ്യത്തിന്‍റെ സാന്നിദ്ധ്യത്തില്‍ നിന്ന് അയയ്ക്കപ്പെടുന്നത് എന്നിലേക്കല്ല, എനിക്കു പുറത്തേയ്ക്കാണ്. ഞാന്‍ ഈ മൗനത്തിന്‍റെ ആദിയില്‍ കണ്ടെത്തുന്നത് അഥവാ കേള്‍ക്കുന്നതു 'പോകുക', 'ചെയ്യുക', 'സമര്‍പ്പിക്കുക' എന്നു മാത്രം. ഞാന്‍ ഒന്നും തെരഞ്ഞെടുക്കുകയല്ല, ഞാന്‍ വിളിക്കപ്പെടുകയാണ്. ഞാന്‍ സേവനത്തിനിറങ്ങുകയല്ല, എന്‍റെ സേവനത്തിനു വിളിക്കപ്പെടുകയാണ്. എന്‍റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ പോകുകയല്ല, എന്നെ ഉപേക്ഷിച്ചിറങ്ങുകയാണ്. ഞാന്‍ ഒന്നുമാത്രം ചെയ്യുന്നു – ശ്രദ്ധയോടെ എഴുന്നേറ്റു നില്ക്കുന്നു, കാത്തിരിക്കുന്നു, കാണുന്നു-എന്നെ എന്തിന് കൊള്ളാമെന്ന്.

ബെക്കറ്റിന്‍റെ 'ഗോദോയെ കാത്തു' എന്ന നാടകത്തില്‍ പ്ലഡ്മെര്‍ ചോദിക്കുന്നു: "എങ്ങനെ നിനക്കതു കഴിയും, കഷ്ടം, ഇത്ര നല്ല ഗുരു! അവനെ അങ്ങനെ ക്രൂശിക്കുകയോ? ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം."

പൊസ്സൊയുടെ മറുപടി: "അദ്ദേഹം വളരെ കരുണാമയനായിരുന്നു, വളരെ സഹായകരവും. രസികനും എന്‍റെ നല്ല മാലാഖ. ഇപ്പോള്‍ അയാള്‍ എന്നെ കൊല്ലുകയാണ്."

എന്നിലെ "നല്ല മാലാഖ" എന്നെ കൊല്ലണോ, ഞാന്‍ മാലാഖയെ കൊല്ലണോ? രണ്ടിലൊന്നു മാത്രമേ സാദ്ധ്യമാകൂ. ഒന്നുകില്‍ ദൈവത്തിനുവേണ്ടി മരിക്കുക, അഥവാ ദൈവത്തെ കൊല്ലുക – ഇതാണു മനുഷ്യന്‍റെ ഭാഗധേയം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org