മിണ്ടാതിരിക്കുന്നവര്‍

മിണ്ടാതിരിക്കുന്നവര്‍

ഈ പ്രപഞ്ചത്തിലെ ഭൂരിപക്ഷം ജീവാജീവികളും നിശ്ശബ്ദമാണ്. പൂ വിരിയുന്നതും പൂ വാടുന്നതും ഞാന്‍ കേട്ടു എന്നു പറയുന്നവന്‍ വല്ലതും കേട്ടോ? ആന പ്രസവിക്കുന്നതും ആടു പ്രസവിക്കുന്നതും കേട്ടു എന്നു പറഞ്ഞാല്‍ വിശ്വസിക്കണോ? പറയുന്നതു മനുഷ്യലോകത്തിലാണ്. പക്ഷേ, അവിടെയും ഭൂരിപക്ഷവും അവരവരുടെ സ്ഥലങ്ങളില്‍ മിണ്ടിയും പറഞ്ഞും കഴിയുന്നു. അവര്‍ പറഞ്ഞതൊക്കെ കാക്കയുടെയും ചീവിടിന്‍റെയും ശബ്ദംപോലും അന്തരീക്ഷത്തില്‍ അലിഞ്ഞ് അപ്രത്യക്ഷമായി. സമൂഹത്തില്‍ സ്ഥിരമായി സംസാരിക്കുന്നവര്‍ അധികാരികളാണ്. അധികാരശബ്ദത്തില്‍ മുഖരിതമാണ് അന്തരീക്ഷം. പക്ഷേ, ആര്‍ക്കാണിവിടെ അധികാരം? ബലവാന്, പണംകൊണ്ടും പ്രതാപംകൊണ്ടും അധീശ്വത്വംകൊണ്ടും പിന്നെ എഴുത്തും വായനയും പഠിച്ചുകൊണ്ടും. ഇത്തരക്കാര്‍ പറയുക മാത്രമല്ല എഴുതുന്നു. പറഞ്ഞത് എഴുതി ചരിത്രമുണ്ടാക്കുന്നു. സാധാരണ മനുഷ്യന്‍റെ കഥയല്ല ചരിത്രം. എഴുത്തിന്‍റെ അധികാരം, അധികാരിക്കു കൂലിപ്പണി ചെയ്ത് അധികാരത്തില്‍ പങ്കുകൊള്ളുന്നു. അറിവിന്‍റെയും സംസ്കാരത്തിന്‍റെയും സംഘടിതമായ സംഘം.

മിണ്ടാതിരിക്കുന്നവരാണു മഹാഭൂരിപക്ഷം. അവര്‍ എന്തുകൊണ്ടു പറയുന്നില്ല? കാരണം ലളിതമാണ്, അവര്‍ സാധാരണക്കാരാണ്, സാധാരണ കാര്യങ്ങളാണു പറയുന്നതും ചെയ്യുന്നതും. ഇതൊക്കെ എന്തിനു പറയണം, എഴുതണം? സാധാരണ കാര്യങ്ങളില്‍ ആര്‍ക്കാണു താത്പര്യം! സാധാരണ കാര്യങ്ങളില്‍ അസാധാരണത്വം കാണുന്നവര്‍ ആരാണ്? അവര്‍ അതു പറഞ്ഞിട്ട് എന്തു കാര്യം? അത് ഞാന്‍ എന്തിനു പറയണം? എന്നെപ്പോലെ അവര്‍ക്കും അതു കാണാം, കേള്‍ക്കാം. അവര്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ പറഞ്ഞതുകൊണ്ട് അവര്‍ കാണുമോ, കേള്‍ക്കുമോ? കാര്യങ്ങള്‍ അത്ര വ്യക്തവും പ്രകടവുമല്ലേ? പൂ വിടര്‍ന്ന ശബ്ദം ഉള്ളതോ ഇല്ലാത്തതോ? അത് അത്ര സാധാരണമാണ്. അത് ഇല്ലാത്തതാണ്. ഇങ്ങനെ ഇല്ലാത്തതു കാണുന്നവര്‍ പറയാന്‍ ശങ്കിക്കുന്നു. എനിക്കു ഞാന്‍ കണ്ടു, കേട്ടു എന്നു പറയുന്നു ആ അഹങ്കാരം അവര്‍ വെടിയുന്നു. കാരണം ഉത്തരം പറച്ചില്‍ കാവ്യാത്മകമാണ്, ആത്മീയമാണ്.

അങ്ങനെ പറയുന്നവര്‍ ആത്മാവിനു പറയാന്‍ ഇടം കൊടുക്കുക മാത്രമാണ്. പറയുന്നതില്‍ പറയുന്നവന്‍ ഇല്ലാതെ വരും. ഞാനല്ല അതു കണ്ടത്, അത് എന്നെ കാണിച്ചതാണ്, കേള്‍പ്പിച്ചതാണ്. ദൈവികത കാണുന്നവര്‍, കാണുകയല്ല, അവര്‍ കാണിക്കല്‍ കണ്ടു എന്നു മാത്രം. പത്രോസ് താബോര്‍ മലമുകളില്‍ കണ്ടത് എഴുതുക മാത്രം ചെയ്യുന്നു – അതില്‍ പത്രോസ് ആരുമല്ല. പത്രോസ് അതിനു ഭാഷ കൊടുത്തു. സൃഷ്ടികള്‍ സ്രഷ്ടാവിനെക്കുറിച്ചു പറയുമ്പോള്‍ എങ്ങനെ? സ്രഷ്ടാവിനു വെളിവാകാന്‍ സൃഷ്ടി നിശ്ശബ്ദമാകുന്നു. സൃഷ്ടികള്‍ നിശ്ശബ്ദമാകാതെ സ്രഷ്ടാവു സംസാരിക്കില്ല. അതുകൊണ്ടു സ്രഷ്ടാവ് ഭാഷിക്കുന്നതു നിശ്ശബ്ദതയിലാണ്. സൃഷ്ടികള്‍ നിശ്ശബ്ദമാകുമ്പോള്‍ ആ നിശ്ശബ്ദതയാണു വെളിപാട്. പറയാനാവാത്തതും പ്രപഞ്ചം നിറഞ്ഞുനില്ക്കുന്നതും അതാണു വെളിപാട്. ആ വെളിപാടിനു ഭാഷ കൊടുക്കുന്നവര്‍ അതുണ്ടാക്കുന്നവനല്ല, അതിന്‍റെ ഉടമയല്ല. അതു കാണുകയും കേള്‍ക്കുകയും മാത്രം ചെയ്തവന്‍. ആ ഭാഷയാണു മിസ്സ്റ്റിക്കലും കാവ്യാത്മകവുമാകുന്നത്. ഏതു ദൈവവിചാരവും എല്ലാ ദൈവഭാഷണങ്ങളും അവന്‍റെ കസേരയില്‍ നിന്ന് (Ex cathedra) ആകണം. എന്‍റെ നിശ്ശബ്ദതയില്‍ അവന്‍റെ ഭാഷണം കേള്‍ക്കാം.

പറയാനാവാത്തതു കാണിക്കാനേ പറ്റൂ എന്നു വിറ്റ്ഗന്‍സ്റ്റൈയിന്‍ എഴുതിയതിന്‍റെ പ്രസക്തി ഇതാണ്. ഈ പ്രപഞ്ചത്തില്‍ എന്തെങ്കിലുമുണ്ട് എന്നതാണു മിസ്റ്റിക്കല്‍ എന്ന് അദ്ദേഹം പറഞ്ഞു. ലോകത്തില്‍ അദ്ദേഹം "അത്ഭുതം" കാണുന്നു. ഈ കാഴ്ച പറയാന്‍ പറ്റാതാകുമ്പോള്‍ നിശ്ശബ്ദത തന്നെ ശരണം. പറയാത്ത നിശ്ശബ്ദതയുടെയാണ് അനുദിനജീവിതം. ഈ ജീവിതത്തിലേക്കാണു കച്ചവടത്തിന്‍റെയും അധികാരത്തിന്‍റെയും അധീശത്വം ഭാഷയായി കല്പനയായി വില്പനയുടെ വശ്യതയായി ആക്രമിച്ചു കേറുന്നത് എന്ന് അവര്‍ പറയുന്നു. എന്തു ഭക്ഷിക്കണം, എന്ത് ഉടുക്കണം, എങ്ങനെ സംസാരിക്കണം…. അങ്ങനെ അനുദിനത്തെ കച്ചവടമാക്കുന്ന തന്ത്രകുതന്ത്രങ്ങള്‍. ഈ അധികാരത്തെ എതിര്‍ത്താല്‍ അതിഭീകരമായ ആയുധശക്തിയോടെ കീഴ്പ്പെടുത്തും. അപ്പോള്‍ സാധാരണക്കാരന്‍റെ മിസ്റ്റിക് ജീവിതം കൊണ്ട് എങ്ങനെ സംരക്ഷിക്കാനാവും?

അതിനു വലിയ മാര്‍ഗങ്ങളില്ല, ചെറിയ വഴികള്‍ മാത്രം. ബലഹീനന്‍റെ ചെറിയ വഴികള്‍. അതിന്‍റെ പരിച നിശ്ശബ്ദത തന്നെ. പുല്ലിന്‍റെ ബലഹീനതയില്‍ അതു കൊടുങ്കാറ്റില്‍ വളയും ആടും കുനിയും കിടക്കും – ഒടിയില്ല. എഴുത്തിന്‍റെ ലോകത്തെ അഥവാ ഭാഷയുടെ ലോകത്തെ ലോകത്തിന്‍റെ ഭാഷകൊണ്ടു നേരിടുക. ജീവിതയുക്തിയുടെ മൗനഭാഷ ഭാഷണലോകത്തിനു പുറത്താണ്. ഓരത്താണ്. അത് അനുഷ്ഠാനങ്ങളിലും ആംഗ്യങ്ങളിലും ജീവിതശൈലിയിലുമാണ്.

ആധിപത്യത്തിന്‍റെ ഭാഷയെ നിശ്ശബ്ദ ജീവിതംകൊണ്ടു മാറ്റാനാവും. അതിനു കാവ്യാത്മകമായി വസിക്കണം. കമ്യൂണിസത്തിന്‍റെ അധികാരഭാഷയെ നിഷേധിക്കാതെ തന്നെ ജനം തകര്‍ത്തത് എങ്ങനെ? നാട്ടിലെ ജനങ്ങളുടെ അടുക്കളയില്‍ നടന്ന സംഭാഷണങ്ങളും അടുക്കള കണ്ടെത്തിയ സത്യത്തിന്‍റെ നിശ്ശബ്ദമായ അനുധാവനവും. അവിടെ പ്രവാചകര്‍ ഭാഷയില്ലാത്തവരായി, മുനിയുമായി, മിസ്റ്റിക്കുകളായി. ചെസ്റ്റര്‍ട്ടന്‍ അതിനെ ധര്‍മത്തിന്‍റെ ഗൂഢാലോചന എന്നാണു വിശേഷിപ്പിച്ചത്. അനുദിനജീവിതത്തിന്‍റെ ദിനചര്യയുടെ പ്രതിരോധത്തിലൂടെയുള്ള അട്ടിമറി. ഭാഷ മരിച്ചവരുടെ കൂട്ടായ്മ, അഥവാ, അടുക്കളജീവിതത്തിന്‍റെ കൂട്ടായ്മ. പറയാനാവാത്തതു കാണിക്കുന്ന മിസ്റ്റിക്കുകള്‍ വഴി. അതു മരിച്ചവരുടെ നിശ്ശബ്ദതയുടെ ജീവിതമാണ്. കടന്നുപോയവരുടെ പ്രേതം കൂടിയവരുടെ നിശ്ശബ്ദത. നിശ്ശബ്ദമായി നടക്കുന്ന പ്രേതങ്ങള്‍ ജീവിക്കുന്നവരുടെ അധികാരത്തെ അട്ടിമറിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org