ചിന്ത വേണ്ടാത്ത സത്യവിശ്വാസം

ചിന്ത വേണ്ടാത്ത സത്യവിശ്വാസം
Published on

"സത്യവിശ്വാസം (Orthodoxy) എന്നാല്‍ ചിന്തിക്കാതിരിക്കലാണ് – ചിന്ത ആവശ്യമില്ല. സത്യവിശ്വാസം അബോധമാണ്." ജോര്‍ജ് ഓര്‍വല്‍ എന്നതു തൂലികാനാമത്തില്‍ അറിയപ്പെടുന്ന എറിക് ആര്‍തര്‍ ബ്ലെയര്‍ തന്‍റെ വിശ്വപ്രസിദ്ധമായ 1984 എന്ന നോവലില്‍ എഴുതി. വ്യക്തിയുടെ സ്വതന്ത്രമായ ചിന്ത ഈ സമഗ്രാധിപത്യ ലോകത്തില്‍ വിലക്കപ്പെട്ട ചിന്ത എന്ന കുറ്റകൃത്യമാണ് (Thought Crime). ഈ ഭരണസംവിധാനത്തെ പരിഹസിക്കുന്ന കൃതിയാണിത്. "അധികാരം മനുഷ്യമനസ്സുകളെ പിച്ചിച്ചീന്തുകയും അവര്‍ ആഗ്രഹിക്കുന്ന നവരൂപങ്ങളില്‍ അതു വീണ്ടും യോജിപ്പിക്കുകയും ചെയ്യുന്നു. പാര്‍ട്ടി അദ്ധ്യക്ഷന്‍ 2+2 = 5 എന്നു പറഞ്ഞാല്‍ പിന്നെ 4 എന്നു പറയുന്ന അഹങ്കാരിയുടെ മനസ്സു ചികിത്സിക്കണം. ചികിത്സ എന്നാല്‍ മനസ്സിനെ ഉടച്ചുവാര്‍ക്കുന്ന നടപടിയാണ്. ആരും ചിന്തിക്കേണ്ടതില്ല; കാരണം ചിന്തിക്കാനുള്ളത് അത് ഏല്പിക്കപ്പെട്ട വകുപ്പുകള്‍ ചെയ്തുകൊള്ളും. വസ്തുനിഷ്ഠമായ സത്യമില്ല. അതു പാര്‍ട്ടി സൃഷ്ടിക്കുന്നതാണ്." ഓര്‍വല്‍ എഴുതി: "സംഘടിതമായ നുണപറച്ചിലാണു സമഗ്രാധിപത്യനാടുകളില്‍ നടക്കുന്നത്. അതു സമഗ്രാധിപത്യത്തിന്‍റെ അവിഭാജ്യ ഘടകമാണെങ്കിലും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളും രഹസ്യപൊലീസും ഇല്ലാതെയും ഇക്കാര്യം തുടരും…. വസ്തുനിഷ്ഠമായ സത്യത്തിന്‍റെ അവിശ്വാസം അതാവശ്യപ്പെടുന്നു." ഈ നോവലിനു മുമ്പ് അദ്ദേഹം എഴുതിയ "ആനിമല്‍ ഫാം" മനുഷ്യരില്‍ നിന്നു വിമോചിതരായ മൃഗങ്ങളുടെ ലോകകഥയാണ്.

അവിടെ അധികാരം പന്നികള്‍ക്കു മാത്രമാണ്. "എല്ലാ മൃഗങ്ങളും തുല്യരാണ്, ചില മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ്." അങ്ങനെ കൂടുതല്‍ തുല്യരായ പന്നികള്‍ ബുദ്ധികൊണ്ടു ജോലി ചെയ്യുന്നവരാണ്. അതുകൊണ്ട് അവര്‍ക്കു മാത്രമുള്ളതാണു പാലും ആപ്പിളും.

ആ ഫാമിന്‍റെ ഉടയവനായ ജോണ്‍സിന്‍റെ വളര്‍ത്തുപക്ഷിയായിരുന്ന മോസസ് എന്ന കാക്കയും ഈ ഫാമിലുണ്ട്. അത് അയാളുടെ ചാരനായിരുന്നു. മധുരഭാഷണക്കാരന്‍, കഥ പറച്ചിലിലും മിടുക്കന്‍, പക്ഷേ, പണിയൊന്നും ചെയ്യില്ല. പലപ്പോഴും ഉലകം ചുറ്റലിലാണ്. ഈ കാക്ക അകലെ കല്‍ക്കണ്ടം വിളയുന്ന മലയുണ്ടെന്നും അവിടെ ചെന്നാല്‍ ജീവിതം സുഖമാണെന്നും മൃഗങ്ങളോടു പറഞ്ഞു. ചില മൃഗങ്ങള്‍ അതു വിശ്വസിച്ചു. പക്ഷേ, പന്നികള്‍ പറഞ്ഞു. അത് അയാളുടെ നുണയാണ്. എങ്കിലും അധികാരികള്‍ മോസസിനെ പണിയെടുക്കാതെ സൗജന്യ റേഷനും പറ്റി അവിടെ കഴിയാന്‍ അനുവദിച്ചു. ഈ കാക്ക ആനിമല്‍ ഫാമിലെ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രതീകമാണ്.

മനുഷ്യമഹത്ത്വത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും വസ്തുനിഷ്ഠമായ സത്യത്തിന്‍റെയും വക്താവായി ഇവയൊക്കെ നിലനിര്‍ത്താന്‍ നടത്തുന്ന ചെറുത്തുനില്പിന്‍റെ കഥനങ്ങളില്‍ ക്രൈസ്തവസഭ പ്രതിക്കൂട്ടിലും പ്രതിപക്ഷത്തുമായി പോകുന്നുണ്ടോ? കമ്യൂണിസവും നാസിസവും സൃഷ്ടിക്കുന്ന സമഗ്രാധിപത്യത്തിനെതിരെ താക്കീത് നല്കി അദ്ദേഹമെഴുതി: "ഞാന്‍ ഇടതുപക്ഷമാണ്, അതില്‍ പ്രവര്‍ത്തിക്കുന്നു. റഷ്യന്‍ സമഗ്രാധിപത്യവും അതിന്‍റെ വിഷലിപ്തമായ സ്വാധീനവും വെറുക്കുന്നു." സമഗ്രാധിപത്യത്തിന്‍റെ ലഹരി അധികാരവും ശത്രുക്കളെ ചവിട്ടിമെതിക്കുന്ന ഉന്മാദവുമാണെന്നു തുറന്നെഴുതി. "നാം അറിഞ്ഞ രൂപത്തിലുള്ള മതവിശ്വാസം ഉപേക്ഷിക്കണ"മെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ 1945-ല്‍ "ആനിമല്‍ ഫാം" എഴുതിക്കഴിഞ്ഞപ്പോള്‍ മതാത്മക വീക്ഷണങ്ങള്‍ വീണ്ടെടുക്കണമെന്നും അദ്ദേഹം എഴുതി. "യൂറോപ്പിലെങ്കിലും അതിന്‍റെ ധാര്‍മ്മികവ്യവസ്ഥിതി ക്രൈസ്തവ തത്ത്വങ്ങളില്‍ ആസ്പദമാക്കിയായിരിക്കണം." എന്നാല്‍ ലോകത്തിന്‍റെ ഭാവിയെക്കുറിച്ചു ചിന്തിച്ചപ്പോള്‍ ഇങ്ങനെയും കുറിച്ചു: "ഭാവിയെക്കുറിച്ചു മൂല്യവത്തായ ഒരു ചിത്രമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ക്രൈസ്തവികതയുടെ അഴിച്ചിലില്‍ എന്തു മാത്രം നഷ്ടമായി എന്നു തിരിച്ചറിയാതെ പറ്റില്ല."

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org