Latest News
|^| Home -> Pangthi -> ചിന്താജാലകം -> മൂന്നു മോതിരങ്ങള്‍

മൂന്നു മോതിരങ്ങള്‍

ഫാ. പോള്‍ തേലക്കാട്ട്

ജര്‍മന്‍ സാഹിത്യകാരനായ ജി.ഇ. ലെ സ്സിംഗ് (1729-1781) രചിച്ച “വിജ്ഞാനിയായ നാഥാന്‍” (Nathan the Wise) എന്ന നാടകത്തില്‍ മൂന്നു മോതിരങ്ങളുടെ ഉപമ പ്രധാന കഥാപാത്രം പറയുന്നത്. മൂന്നാം കുരിശുയുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണു നാടകം. സുല്‍ത്താന്‍ സലാഡിന്‍റെ ചോദ്യത്തിനുത്തരമായിട്ടാണു സ്ഥലത്തെ ധനാഢ്യനായ വ്യാപാരി നാഥന്‍ ഉത്തരം പറയാന്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നത്. അസാദ്ധ്യമായ ചോദ്യങ്ങളില്‍ കുടുക്കി പണം പറ്റാനുള്ള തന്ത്രമായി സംശയിക്കപ്പെടുന്നു. സുല്‍ത്താന്‍ മധുരതരമായി ചോദിച്ചു: “ഏതു വിശ്വാസം, അഥവാ ധര്‍മവ്യവസ്ഥിതിയാണു താങ്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്ന് എന്നോടു പറയുക?” നാഥന്‍ പറഞ്ഞു: “ഞാന്‍ യഹൂദനാണ്.” സുല്‍ത്താന്‍ പറഞ്ഞു: “ഞാന്‍ മുസ്ലീമാണ്, ക്രൈസ്തവര്‍ നമുക്കിടയിലുണ്ട്. ഈ മൂന്നു മതങ്ങളില്‍ ഏതാണു സത്യമതം? യുക്തിയും അന്തര്‍ദര്‍ശനവുമാണു പ്രധാനമെന്നറിയുന്ന വിജ്ഞാനിയായ താങ്കള്‍ക്ക് അറിയുന്നതാണ്. ചിന്തിക്കാന്‍ സമയമില്ല, വെളിവാക്കുക, തിരഞ്ഞെടുപ്പിന്‍റെ പുതിയ യുക്തികള്‍, തീര്‍ച്ചയായും ധൈര്യം വേണം. അറിഞ്ഞ് എനിക്കും തീരുമാനം എടുക്കാനാണ്.”

സുല്‍ത്താന്‍ പണം ചോദിക്കുമെന്നു കരുതി, ചോദിക്കുന്നതു സത്യമാണ്. സത്യം ഒരു നാണയമെന്ന വിധം, സത്യം പേഴ്സിലിടാവുന്ന പണംപോലെ തലയില്‍ ഇടുന്ന ഒന്നല്ല. സത്യത്തെ ഒരു കെണിയാക്കിയിരിക്കുകയാണ്. കാര്യം നേരെ പറയാനാവില്ല, കഥകളിലൂടെ പറഞ്ഞാലോ? അതാ, അദ്ദേഹം വരുന്നു.

നാഥന്‍ കഥ പറയാന്‍ തുടങ്ങി. കിഴക്കന്‍ നാട്ടിലൊരു മനുഷ്യന് ഒരു വിലപിടിച്ച മോതിരമുണ്ടായിരുന്നു. അയാള്‍ക്കു തലമുറകളിലടെ പൈതൃകമായി ലഭിച്ചതാണ്. അതിലെ വജ്റം നൂറുനൂറു വര്‍ണങ്ങള്‍ ഉണ്ടാക്കി. അതു ധരിക്കുന്നവനു മാന്ത്രികശക്തിയുണ്ടായിരുന്നു; അയാള്‍ക്കു ദൈവത്തിന്‍റെ കൃപാകടാക്ഷങ്ങള്‍ നല്കി, ഐശ്വര്യവും പ്രതാപവും സുസ്ഥിതിയും. അയാള്‍ അതു വീട്ടില്‍ ഭദ്രമായി സൂക്ഷിച്ചു. അയാള്‍ക്കു മൂന്നു പുത്രന്മാരുണ്ടായിരുന്നു. ഇവരില്‍ ആരെയും ഈ മോതിരത്തിന്‍റെ പൈതൃക അനുഗ്രഹങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ അയാള്‍ ആഗ്രഹിച്ചില്ല. പിതാവില്‍ നിന്നു മകനിലേക്കു കൈമാറിയതുപോലെ ഇതു കൈമാറാന്‍ അയാള്‍ ചിന്തിച്ചു. പക്ഷേ, മേതിരം ഒന്നു മാത്രം, രണ്ടു പേരെ എങ്ങനെ ഒഴിവാക്കും? അയാള്‍ ഒരു രത്നവ്യാപാരിയെ സമീപിച്ചു. അയാള്‍ അതിന്‍റെ രണ്ടു പകര്‍പ്പുകളുണ്ടാക്കി. ഇപ്പോള്‍ മൂന്നും വേര്‍തിരിക്കാനാവാത്തവിധം ഒന്നുപോലെ. അയാള്‍ മൂന്നു പേര്‍ക്കും ഓരോന്നു കൊടുത്തു കടന്നുപോയി.

മരണശേഷം യഥാര്‍ത്ഥ മോതിരം ഏതെന്നറിയാതെ മക്കള്‍ തമ്മില്‍ തര്‍ക്കമായി. ആര്‍ക്കാണു യഥാര്‍ത്ഥ മോതിരം കിട്ടിയത് ഒന്നു നിശ്ചയിക്കാനും വഴികളില്ല. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു വിധിയാളനെ വിളിച്ചു. അദ്ദേഹം പറഞ്ഞു: മരിച്ചുപോയ നിങ്ങളുടെ പിതാവു വന്നാലല്ലാതെ ഈ പ്രഹേളികയ്ക്ക് ഉത്തരം കിട്ടില്ല. മരിച്ചയാള്‍ തിരിച്ചുവരികയുമില്ല. അതുകൊണ്ട് ഓരോരുത്തരും തന്‍റേതാണു യഥാര്‍ത്ഥ മോതിരം എന്നു വിശ്വസിക്കട്ടെ. ഒരു മോതിരത്തിന്‍റെ ആധിപത്യം കുടുംബത്തില്‍ ഉണ്ടാകാന്‍ പിതാവ് ആഗ്രഹിച്ചിട്ടില്ല. മൂന്നു പേരെയും പിതാവു സ്നേഹിച്ച് അനുഗ്രഹിച്ചു, ദൈവത്തിലുള്ള ആഴമായ വിധേയത്വത്തോടെ കഴിയുക. എന്നേക്കാള്‍ വിജ്ഞാനിയായ വിധിയാളന്‍ വന്നാല്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ നിങ്ങള്‍ ചെല്ലുക…”

ഈ കഥ പറഞ്ഞ നാഥന്‍ മൂന്നു മതങ്ങളില്‍ യഥാര്‍ത്ഥ സത്യമതം ഏതെന്നു പറഞ്ഞില്ല. “ഇതാണോ എന്‍റെ ചോദ്യത്തിന് ഉത്തരം. ചരിത്രം അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാം. നാം പങ്കുചേരുന്നത് ആരുടെ രക്തമാണ്? നമ്മുടെ പൈതൃക സ്നേഹത്തിന്‍റെ തെളിവുകളാണോ, നാം വഞ്ചിതരാണോ, നിങ്ങളുടെ പിതാമഹന്മാരേക്കാള്‍ കൂടുതല്‍ എന്‍റെ പിതാമഹന്മാരെ വിശ്വസിക്കുന്നത് എന്തുകൊണ്ട്? നിങ്ങളുടെ പിതാമഹന്മാര്‍ നുണയാണ് പൈതൃകമായി തരുന്നത് എന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഈ വക ചോദ്യങ്ങള്‍ക്ക് എന്ത് ഉത്തരം എന്നതു വിവാദപരങ്ങളാകും.

മൂന്നു മോതിരങ്ങളുടെ ഉപമയിലും മാനവികതയുടെ ഏകസ്വഭാവത്തെ ലെസ്സിംഗ് അടിവരയിട്ടു കാണിക്കുന്നു.

“എല്ലാ നാടുകളും നല്ല മനുഷ്യരെ സൃഷ്ടിക്കുന്നു” എന്നു നാഥാന്‍ പറയുന്നു. “പൊതുവായ മണ്ണില്‍ നിന്നു തുടങ്ങുന്നു എന്നത് മറന്നു മുകളിലുള്ള ശിഖരങ്ങള്‍ ഒടിക്കരുത്” എന്ന മാര്‍പാപ്പയുടെ യോദ്ധാക്കളില്‍ ഒരുവനോടു നാഥാന്‍ പറയുന്നു. അദ്ദേഹം ആ ക്രിസ്ത്യാനിയോടു പറഞ്ഞു: “നമ്മള്‍ സുഹൃത്തുക്കളാണ്, ആകണം. ഒരു നാടിനെയും പഴിക്കരുത്. നാം നമുക്കുവേണ്ടി നാടു തിരഞ്ഞെടുക്കുകയല്ല. നാം നമ്മുടെ ദേശങ്ങളിലാണ്. എങ്കില്‍ എന്താണു ദേശം? യഹൂദനും ക്രൈസ്തവനും മനുഷ്യരല്ലേ? മനുഷ്യനായിരിക്കുന്നതു മതി എന്നു ഞാന്‍ നിന്നിലും കണ്ടെത്തിയില്ലേ?” സിംഹത്തിനു നാണക്കേടുണ്ടാക്കുന്നതു കുറുക്കന്‍റെ കൂടെ നായാട്ടിനു പോയി എന്നതല്ല, കുറുക്കന്‍റെ കുറുക്കത്തരത്തില്‍ കൂട്ടുകൂടി എന്നതിലാണ്.

ക്രൈസ്തവ സന്ന്യാസി യഹൂദനായ നാഥാനോടു പറയുന്നു: “നാഥാന്‍ താങ്കള്‍ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയാണ്.” നാഥാന്‍ ഇങ്ങനെ മറുപടി നല്കി: “എന്നെ താങ്കള്‍ ക്രിസ്ത്യാനിയാക്കുന്നത് എന്തോ അതു താങ്കളെ എനിക്കു യഹൂദനാക്കുന്നു.” സത്യം പല രൂപങ്ങളുടെ പിന്നില്‍ ചലിക്കുന്നു എന്ന് ലെസ്സിംഗ് എഴുതിയിട്ടുണ്ട്. ഒരു സത്യത്തിന്‍റെ രൂപങ്ങളായും ചിലര്‍ കണ്ടേക്കും. ഒരു സത്യത്തെ പലതായി കാണുന്ന മിഥ്യയിലാണു നാം എന്നു ചിന്തിക്കുന്നവരുമുണ്ട്. യഥാര്‍ത്ഥ വിശ്വാസം തെളിയിച്ചു കാണിക്കാനാവുമോ എന്ന ചോദ്യവും പ്രസക്തമാണ്. ഇതിനെല്ലാം പുറമെ ലെസ്സിംഗ് അവതരിപ്പിക്കുന്നത് ഒരു പ്രായോഗികസത്യമാണ് അതു മനുഷ്യത്വത്തിന്‍റെ മതമാണ്. മനുഷ്യന്‍ മനഷ്യനോടു പെരുമാറുന്ന വിധത്തിലാണു മതം. അപരന്‍റെ മുഖത്തോടുള്ള പ്രതികരണമായി അതു മാറും. അതിന്‍റെ സത്ത ഒരു ഉന്മാദമായി തെറ്റിദ്ധരിക്കുന്നവരുണ്ട്. ശുദ്ധമായ മതം മനുഷ്യനോടു പുലര്‍ത്തേണ്ട ഉത്തരവാദിത്വമായി കാണാന്‍ എല്ലാവരും പഠിക്കണമെന്ന മനുഷ്യത്വമാണു ലെസ്സിംഗ് വിഭാവനം ചെയ്യുന്നത്.

Leave a Comment

*
*