ദൈവത്തോട് അടുക്കുന്ന അപകടം

ദൈവത്തോട് അടുക്കുന്ന അപകടം

സുഖമാണോ? സുഖമാണ്, സന്തോഷമാണ് എന്ന ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ ക്രിസ്തുവിനോടു ഗൗരവമായി ബന്ധപ്പെട്ടിട്ടില്ല എന്നാണു സോറണ്‍ കീര്‍ക്കെഗോര്‍ പറയുന്നത്. നിങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ശമ്പളമാണ് എന്നു കരുതുക. അതില്‍ പതിനായിരം രൂപ വീതം നിങ്ങള്‍ പാവങ്ങള്‍ക്കു കൊടുക്കുന്നു. ചുറ്റുമുള്ളവര്‍ നിങ്ങളെ ആദരിക്കും. നിങ്ങള്‍ നല്ലവനായി പരിഗണിക്കപ്പെടും. പക്ഷേ, നിങ്ങള്‍ ശമ്പളം മുഴുവന്‍ പാവങ്ങള്‍ക്കു കൊടുത്തു നോക്കൂ. ആളുകള്‍ നിങ്ങളെ വിഡ്ഢി എന്നും വട്ടന്‍ എന്നും വിളിക്കും. കൊഴുത്ത ശമ്പളം പറ്റി നിങ്ങള്‍ സുവിശേഷപ്രസംഗകനാകുന്നു. ചുറ്റുമുള്ളവര്‍ നിങ്ങളെ ബഹുമാനിക്കും. എന്നാല്‍ ശമ്പളമില്ലാതെ അതേ പണി ചെയ്യൂ; നിങ്ങള്‍ അവമതിക്കപ്പെടും.

ദൈവത്തോടടുക്കുന്നതു സുഖപ്രദമല്ല. ക്രൈസ്തവികത ആവശ്യപ്പെടുന്നതില്‍ ഭ്രാന്തമായ വൈരുദ്ധ്യമുണ്ട്. അതു നിങ്ങളുടെ മാനസികാരോഗ്യം നശിപ്പിക്കുമെന്നല്ല. നിങ്ങള്‍ ഒറ്റയാളായ ന്യൂനപക്ഷമാകും. നിങ്ങളെ ആരും മനസ്സിലാക്കില്ല. അതാണു നിങ്ങളുടെ ഭ്രാന്ത്. ലോകവും ക്രൈസ്തവികതയും തമ്മിലുള്ള എതിര്‍പ്പു വല്ലപ്പോഴും ഉണ്ടാകുന്നതല്ല. ക്രൈസ്തവികത വാഗ്ദാനം ചെയ്ത് എപ്പോഴും സംഭവിക്കും-നിന്ദനവും പരിഹാസവും.

ദൈവം വല്ലാത്ത കെണിയാണ്. അതിനെ പിടികൂടുന്നവന്‍ അതിനാല്‍ പിടിക്കപ്പെടുന്നു. സത്യം പിടികൂടിയവനു സത്യത്തിന്‍റെ അധികാരമുണ്ട്. അതു രാജാവിന്‍റെ അധികാരമോ ഫരിസേയരുടെ അധികാരമോ അല്ല. സത്യത്തിനുവേണ്ടി ജീവന്‍ പോലും ബലി ചെയ്യും എന്ന നിശ്ചയത്തിലാണ്. അയാളെ ഒന്നും ഭയപ്പെടുത്തുന്നില്ല. അയാള്‍ക്കു മനഃസാക്ഷി മാത്രം മതി. സത്യത്തിന്‍റെ ബലം മാത്രം. സത്യം ധരിക്കാന്‍ മറ്റ് എല്ലാ ഉടുപ്പുകളും ഉരിഞ്ഞുമാറ്റണം.

ക്രിസ്തു ലോകത്തിലായിരുന്നു, കൊവേന്തയിലോ മണല്‍ക്കാട്ടിലോ ആയിരുന്നില്ല. ശരിയാണ്. ലോകത്തിലായിരിക്കുക എന്ന ആനുകൂല്യമല്ലാതെ ലോകത്തിന്‍റെ ഒരാനുകൂല്യവും യേശു സ്വീകരിച്ചില്ല. അവന്‍ ലോകത്തിലെ പ്രവാസിയായി. ലോകത്തില്‍ ലോകമില്ലാത്തവന്‍. സഹനത്തില്‍ നിന്ന് ഒഴിഞ്ഞു മാറാത്തവന്‍. സത്യാഗ്രഹത്തില്‍ സഹനം അവകാശമാക്കിയവന്‍. അസാദ്ധ്യമായതിനു ശ്രമിച്ചു നിരന്തരം സമ്മര്‍ദ്ദത്തിലായവന്‍, ദൈവത്തെ തിരഞ്ഞെടുത്തു സ്വസ്ഥത നഷ്ടമാക്കിയവന്‍. ദൈവം പിടികൂടി ശാന്തി പോയവന്‍റെ ജീവിതം അപകടകരമായി നഗ്നമായിരുന്നു.

വലതു കയ്യില്‍ സത്യവും ഇടതു കയ്യില്‍ സത്യത്തിനായുള്ള അന്വേഷണവും വച്ചു ദൈവം പറഞ്ഞു, "തിരഞ്ഞെടുക്കുക." അവന്‍ ഇടതു കൈയുടെ മുമ്പില്‍ പ്രാര്‍ത്ഥിച്ചു. "ഇതു തരിക, ശുദ്ധസത്യം നിനക്കു മാത്രമുള്ളതാണ്. മനുഷ്യനായ എനിക്ക് അതിന്‍റെ അന്വേഷണമാണു സാധിക്കുക. അത് അബദ്ധങ്ങളിലൂടെ, അര്‍ദ്ധസത്യങ്ങളിലൂടെ വേദനിച്ചു മുറിപ്പെട്ടും രക്തമൊലിച്ചും മുന്നോട്ടുള്ള വഴിയാണ്." ആ വഴിയുടെ അപകടത്തില്‍ നിന്ന് അവനു മോചനമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org