എനിക്കു ബോറടിക്കുന്നു

എനിക്കു ബോറടിക്കുന്നു

കാശില്ലാത്ത എന്‍റെ സ്ഥിതിയില്‍ ഞാന്‍ മണ്‍പാത്രത്തില്‍ ആഹരിച്ചു. എനിക്കു സന്തോഷിക്കാന്‍ എന്തുണ്ട്? ഞാന്‍ അദ്ധ്വാനിച്ചു സ്ഫടികപാത്രങ്ങള്‍ വാങ്ങി അവയില്‍ ശാപ്പിട്ടു. പക്ഷേ, എനിക്കു സന്തോഷിക്കാനായില്ല, ആളുകള്‍ വെള്ളിപാത്രങ്ങളില്‍ ഉണ്ണുന്നു. പിന്നെ വെള്ളിപ്പാത്രത്തിലാക്കി എന്‍റെ സദ്യ. പക്ഷേ, സന്തോഷം അകലെ. സ്വര്‍ണപ്പാത്രത്തിലാക്കിയിട്ടും സന്തോഷം വന്നില്ല; ബോറടിച്ചു. എനിക്കു നീറോയെപ്പോലെ ട്രോജന്‍ നഗരത്തിന്‍റെ തീപിടുത്തം കണ്ടാസ്വദിക്കണമെന്നു തോന്നി. നഗരത്തിനു തീയിട്ടു. വല്ലാത്ത ബോറന്‍ കാഴ്ചകള്‍.

കല്യാണം കഴിച്ചാല്‍ ദുഃഖിക്കില്ല, സന്തോഷമുണ്ടാകും എന്നു കേട്ടു. പക്ഷേ, കല്യാണം കഴിച്ചാല്‍ ദുഃഖിക്കും എന്നും പറയുന്നു. രണ്ടും ബോറടിക്കുമെങ്കില്‍ എന്തു ചെയ്യും? ചിരിച്ചാലും കരഞ്ഞാലും ബോറടിക്കാന്‍ തുടങ്ങിയാല്‍ എന്തു ചെയ്യും? തൂങ്ങിച്ചത്താലും വെറുതെ കിടന്നാലും ബോറടിക്കുമെന്നായി.

ദൈവങ്ങള്‍ക്കു ബോറടിച്ചപ്പോള്‍ മനുഷ്യരെ സൃഷ്ടിച്ചു. ആദം വെറുതെയിരുന്നപ്പോള്‍ ബോറടിച്ചു. ആദത്തിന് ഒരു കൂട്ടുകാരിയെ കൊടുത്തു. അതോടെ ബോറടി ലോകത്തിലേക്കു വന്നു. ഏകാന്തതയില്‍ ബോറടിച്ചവനു കല്യാണവും ബോറടിച്ചു. ആദവും ഹവ്വയും കായേനും ആബേലും കൂടിയ വീട്ടിലും ബോറടിച്ചു. അതു രാജ്യങ്ങളിലേക്കു സമൂഹങ്ങളിലേക്കു പ്ലേഗായി വ്യാപിക്കുന്നു.

ബോറടിയുടെ കഥകള്‍ തന്നോടു പറയുന്നതു സ്പാനിഷ് ചിന്തകനായ സോറണ്‍ കീര്‍ക്കെഗോറാണ്. അദ്ദേഹം എഴുതി: "ബോറടിയാണു തിന്മയുടെ വേര്." എന്തുകൊണ്ടാണ് ജീവിതം ബോറടിയാകുന്നത്? പുറത്ത് എന്തോ ആണു സന്തോഷം സൃഷ്ടിക്കുന്നത് എന്നു വിശ്വസിക്കുമ്പോള്‍ ആ വിഷയം റാഞ്ചിയെടുത്ത് ആസ്വദിക്കുന്നു. അപ്പോള്‍ കാമം വീണ്ടും കരയുന്നു – അടുത്ത വിഷയത്തിനുവേണ്ടി. അന്ത്യമില്ലാത്ത റാഞ്ചലും ആസ്വദിക്കലും, ഒന്നിലും തൃപ്തിയെന്നത് ഉറയ്ക്കാതെ മരീചികയായി ഓടിമറയുന്നു. കഴുകന്‍ അന്തമില്ലാതെ ഇരകളെ റാഞ്ചുന്നു. റാഞ്ചല്‍ അര്‍ത്ഥമില്ലാത്ത വെറും ആവര്‍ത്തനമായി വിരസമാകുന്നു. ഈ ആവര്‍ത്തനം കാലത്തിനു പുറത്തുകടക്കുന്ന ഒളിച്ചോട്ടമായി. ആസ്വാദനത്തിന്‍റെ നിമിഷങ്ങള്‍ തമ്മില്‍ ബന്ധമില്ല. വ്യതിചലനത്തിന്‍റെയും വേട്ടയാടലിന്‍റെയും ബോറടിയില്‍ കേന്ദ്രമില്ലാതാകുന്നു. ഇരപിടുത്തക്കാരനെ ഇരകള്‍ പിടിക്കുകയാണ്. അയാള്‍ അയാളില്‍ നിന്ന് ആഖ്യാനിക്കപ്പെടുന്നു. പുറംലോകത്തിന്‍റെ ഇരകള്‍ക്കു സ്വയം വിറ്റു. സ്വന്തം ജീവിതംകൊണ്ടു ഷട്ടില്‍ കോക്ക് കളിക്കുന്നു.

ജീവിതത്തിലേക്കു മടങ്ങുക, തന്നെ കണ്ടെത്തുക. തന്നില്‍നിന്ന് ഓടി ഒളിക്കാതെ. ആത്മാവബോധത്തിന്‍റെ ജീവിതത്തിലാണ് ആത്മാവുള്ളത്. ജീവിതത്തിന്‍റെ ആസ്വാദനം അകത്താണ് പുറത്തല്ല. ആത്മാവിന്‍റെ നഷ്ടബോധമാണു ബോറടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org