നാട്യവേദം

നാട്യവേദം

ഞാന്‍ നൃത്തം കാണുകയാണ്. പത്തു പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നു. നൃത്തം മൂത്തപ്പോള്‍ പെണ്‍കുട്ടികള്‍ എത്ര? ഒരാള്‍തന്നെ പലതായി, പലര്‍ ഒന്നായി; പെണ്‍കുട്ടികള്‍ ഇല്ലാതായി നൃത്തം മാത്രമായി. നൃത്തം കണ്ടു. നര്‍ത്തകിമാരെ കണ്ടോ? അതു കാണിക്കലായിരുന്നു; കാഴ്ച കണ്ടു, കാണിക്കല്‍ കണ്ടോ? കാഴ്ചയുടെ പിന്നില്‍ കാണിക്കല്‍ ഉണ്ടല്ലോ. ആരാണ് നൃത്തമാടുന്നത്? ആരാണീ കാണിക്കല്‍ നടത്തുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം അനായാസമല്ല.

"സംഭവാമി" – ഞാന്‍ സംഭവിക്കുന്നു. എല്ലാം സംഭവിക്കലാണ്. എന്താണു സംഭവിക്കുന്നത്? കാണിക്കല്‍ സംഭവിക്കുന്നു. കാണിക്കലില്‍ കാണാനാകാത്തതു വല്ലതുമുണ്ടോ? ഉണ്ടല്ലോ. അതു കാണുന്നില്ല. ഞാന്‍ സംഭവിക്കുന്നതു കാണുന്നില്ലല്ലോ? സംഭവമേ കാണുന്നുളളൂ. ആരു സംഭവിക്കുന്നു; എങ്ങനെ സംഭവിക്കുന്നു എന്നതൊന്നും കാണുന്നില്ല.

ലോകത്തില്‍ എല്ലാം സംഭവിക്കുകയാണ്. സംഭവം ദീര്‍ഘവീക്ഷണത്തോടെ നിശ്ചയിക്കപ്പെട്ടതാണ്. അതിനു കര്‍ത്താവുണ്ട്. ലോകം എപ്പോഴും കാണിക്കലിലാണ്. കാഴ്ചയുടെ നൃത്തം കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. നാട്യത്തിന്‍റെ തുടര്‍ച്ചയായി നടനം നടക്കുന്നു – അതു കാലമായി സംഭവിക്കുന്നു – സംഭവങ്ങള്‍ കാലത്തില്‍ കോര്‍ക്കപ്പെടുന്നു. ആരാണീ കാണിക്കല്‍ നടത്തുന്നത്? അതു താനേ സംഭവിക്കുന്നതാണോ? എന്തിനാണി സംഭവിക്കല്‍? കാണിക്കല്‍ ഒരു വിധത്തിലളള കൊടുക്കലാണ്; കാണിക്കുന്നവന്‍ തന്നെത്തനെ കൊടുക്കുന്നവനുമാക്കുന്നു. കാണിക്കലില്‍ പ്രദാനമുണ്ടെങ്കില്‍ പ്രദാനം ചെയ്യാതെ കാണിക്കാതെ പിടിച്ചുവയ്ക്കുന്നതുമുണ്ട്. പിടിച്ചുവയ്ക്കുന്നതു കാണിക്കലില്‍ പരോക്ഷമായി പ്രകടമാകും. അതു കാണലല്ല, കാണലിനപ്പുറം കാണലാണ്. നാട്യത്തിലെ വേദം കാണിക്കലിനെ കാണാതാക്കുന്നതാണ്.

ഈ ചോദ്യങ്ങള്‍ കാഴ്ചയില്‍ കണ്ടതിനെക്കുറിച്ചല്ല, കാണാതെ പോയതിനെക്കുറിച്ചാണ്. നാട്യശാസ്ത്രക്കാരന്‍ നാട്യവേദത്തെക്കുറിച്ചു പറഞ്ഞു: ജീവിതത്തിലേക്കു കണ്ണു തുറക്കുമ്പോള്‍ കാണുന്നതു മുഴുവന്‍ നാട്യമാണ് – ജീവിതം തന്നെ കാണിക്കലാണ് – ജീവിതം സംഭവിക്കുകയാണ്. അതിലെവിടെ വേദം, എന്താണ് അതിലെ വേദം? വേദം നാട്യത്തിലാണ്; കാണിക്കലിന്‍റെ പിന്നിലാണ് അതിന്‍റെ സത്യം, അഥവാ വേദം. കാഴ്ചയില്‍ കാണിക്കുന്നവനില്ല, കാണിക്കലുമില്ല. പക്ഷേ, ഇതില്ലാതെ കാഴ്ചയുണ്ടാകുമോ? എന്തിനു കാണിക്കുന്നു, എന്തു കാണിക്കുന്നു? നാട്യം അതിന്‍റെ പിന്നിലെ സത്യം കാണിക്കുന്നുണ്ടോ? കാണിക്കലില്‍ ഇല്ലാത്തതാണ് അത്. അത് എന്തു പറയുന്നു? കാലം കടന്നുപോകുന്നതുപോലെ അതു നിശ്ശബ്ദമാണ്. നിശ്ശബ്ദതയിലാണു വേദം. നാട്യത്തില്‍ അവന്‍റെ സംഭവിക്കലും അവന്‍റെ നടനവും കാണാന്‍ സാധിക്കുന്നുണ്ടോ? അതു കാഴ്ചയില്‍ പ്രകടമല്ലാത്തതാണ്. കാഴ്ചയുടെ വിഷയമല്ലാത്തതു കാണാന്‍ സാധിക്കുമോ? അതിനു കണ്ണു പോരാ; അകക്കണ്ണു വേണം – അന്തര്‍ദര്‍ശനം. പുറത്തു കാണിക്കുന്നതിന്‍റെ പൊരുള്‍ അകത്താണു കാണേണ്ടത്. നാട്യം വെളിപാടാണ്, സംഭവമാണ്, നാട്യത്തിന്‍റെ സത്യത്തിന്‍റെ വെളിപാട്. ആ വെളിപാടില്‍ നാട്യക്കാരനെക്കുറിച്ചും വെളിവാക്കുന്നുണ്ട്. നാട്യത്തില്‍ കണ്ടതില്‍ നിന്നു കാണാത്തതിലേക്കു കടന്നു ചിന്തിക്കാനും സങ്കല്പിക്കാനും കഴിയാത്തവര്‍ക്കു നാട്യ വേദം അടഞ്ഞുകിടക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org