ദൈവത്തിന്‍റെ പിന്നാലെ

ദൈവത്തിന്‍റെ പിന്നാലെ

"മോസസ് ദൈവത്തിന്‍റെ മുഖം (പുറ. 33:22) അഥവാ ആ "മഹത്ത്വം" (പുറ. 33:18) കാണാന്‍ ആഗ്രഹിച്ചു. പക്ഷേ അത് അവനു നിഷേധിക്കപ്പെട്ടു. ദൈവദര്‍ശനം അനുസരിച്ച് "പിന്നില്‍ നിന്നു മാത്രം. "ദൈവത്തിന്‍റെ പിന്നില്‍, ദൈവത്തിന്‍റെ പോക്കിന്‍റെ വഴിയില്‍, പാറയുടെ വിള്ളലില്‍ അവന്‍റെ കൈപിടിച്ചു." ഹാന്‍സ് ബല്‍ത്താസര്‍ എഴുതി: "നാം അന്വേഷിക്കുന്ന ദൈവത്തെ പിന്നില്‍ നിന്നേ കാണാനാവൂ." കാണപ്പെടാതെ കാണിക്കുന്നവന്‍. ദൈവത്തിന്‍റെ പിന്നില്‍ നോക്കുക, പിന്നാലെ പോകുക. കാഴ്ചയുടെ അന്ധതയില്‍ മാത്രമുള്ള കാണല്‍. പ്രാതിഭാസികതയുടെ പരിധികള്‍ക്കുള്ളില്‍ മാത്രം, അജ്ഞതയുടെ മേഘങ്ങളിലൂടെ മാത്രം സാന്നിദ്ധ്യമില്ലാത്തതും ശക്തിയില്ലാത്തതും ദൈവമല്ലാത്തതുമായ ദൈവം.

ഹൈഡഗറിന്‍റെ ചിന്തയില്‍ ദൈവം അവസാനമാണ്. ലെവിനാസിനു ദൈവം നിത്യതയാണ്; ഡറീഡയ്ക്കു ദൈവം തീര്‍ത്തും അപരനാണ്. മറ്റു ചിലര്‍ക്ക് ഉള്ളത്തില്‍ ഇല്ലാത്തവനാണ്.

ലോകവും അതിലുള്ളവയും പരിഗണിക്കുമ്പോള്‍ അവയിലൊന്നല്ല ദൈവം. അസ്തിത്വമുള്ളവരില്‍ ദൈവം പെടില്ല. അങ്ങനെ ദൈവത്തെ കാണുന്നതു ദൈവത്തോടു ചെയ്യുന്ന വലിയ അപരാധമായിരിക്കും. ലോകത്തിലെ പശുവിനെയോ എലിയെയോ ദൈവമാക്കുന്നതുപോലെ. ലോകവും അതിലുള്ളതുമാണു നാം കാണുന്നതും കേള്‍ക്കുന്നതും സ്പര്‍ശിക്കുന്നതും അനുഭവിക്കുന്നതും.

അസ്തിത്വവും അസ്തിത്വമുള്ള സാധനവും സംഭവങ്ങളും തമ്മില്‍ വ്യത്യാസമുണ്ട് അസ്തിത്വമുള്ളതൊക്ക അസ്തിത്വത്തിന്‍റെ കാണിക്കലിന്‍റെ സംഭവങ്ങളായി മാറുന്നു. കാണിക്കലിലെ കാഴ്ചകളാണു നാം കാണുന്നത്. കാണിക്കലിന്‍റെ വിഷയവും കാണിക്കല്‍ എന്ന കര്‍മ്മവും രണ്ടാണ്. ഈ ലോകനടനം നാം കാണുന്നു. പക്ഷേ, നാട്യം എന്ന കര്‍മ്മം നടനത്തില്‍ കാണുന്നില്ല. ഈ വ്യത്യാസം മറന്നുള്ള കാണല്‍ അസ്തിത്വം മറന്ന കാഴ്ചയാണ്.

കാണുന്നതൊക്കെ നല്കപ്പെടുന്നതാണ്. വെറുതെ കാണുകയാണ്. കാണല്‍ ഒരു സ്വീകരണമാണ്. നല്കപ്പെടുന്നതു സ്വീകരിക്കുന്നു. നമുക്കു ചുറ്റും നല്കപ്പെട്ട അസ്തിത്വമാണ്. ദാനങ്ങളുടെ ലോകത്തിലാണു നാം.

കാണുന്നതിന്‍റെ പിന്നിലെ കാണിക്കല്‍ കാണാന്‍ തുടങ്ങുമ്പോള്‍ കാണല്‍ അതിഭൗതികമാകും. കാഴ്ചകള്‍ സംഭവങ്ങളുടെ സംഭവിക്കലാണ്. സംഭവമല്ല, സംഭവിപ്പിക്കലാണു കാണേണ്ടത്.

ഏതു വ്യക്തിയും പ്രത്യക്ഷമാണ്, അവന്‍ അഥവാ അവള്‍, അല്ലെങ്കില്‍ അത്. സംഭവിക്കുന്നതിനു മുഖമുണ്ട്. പക്ഷേ, സംഭവിപ്പിക്കുന്നതിനു മുഖമില്ല. അതിഭൗതികമായതിന്‍റെ അടയാളമായി മുഖം മാറാം. അങ്ങനെയാണ് "ഈ ചെറിയവരില്‍ ഒരുവനായി" അവന്‍ പ്രത്യക്ഷമാകുന്നത്. സംഭവത്തിന്‍റെ മുഖം ഒരു അസാന്നിദ്ധ്യം വിളിച്ചു പറയുന്നു. സംഭവം ഉണ്ടാകുന്നതിനു കാരണം സംഭവത്തിന്‍റെ മുഖമല്ല. അതു പിന്നിലാണ്. അതു മുഖത്ത് അസാന്നിദ്ധ്യമായി അടയാളപ്പെടുന്നു.

പുല്ലിലും പൂവിലും ദൈവമിരിക്കുന്നു എന്നു പറയുന്നതിന്‍റെ അര്‍ത്ഥമിതാണ്. ഉള്ളതിലൂടെ ദൈവം കാണിക്കപ്പെടുന്നു. പക്ഷേ, പലരും കാണുന്നില്ല. കാണിക്കുന്നതു സാന്നിദ്ധ്യമായിട്ടല്ല, അസാന്നിദ്ധ്യമായിട്ടാണ്. അതുകൊണ്ടു ദൈവം അസ്തിത്വത്തിനു പിന്നിലാണ്. എല്ലാറ്റിന്‍റെയും പിന്നില്‍. നോക്കുക. ഏറ്റവും നിസ്സാരമായ വനപുഷ്പത്തിന്‍റെ പിന്നിലും വില്യം ബ്ലേക്ക് സ്വര്‍ഗം കാണുന്നത് അതുകൊണ്ടാണ്. ഈ കാഴ്ച അകക്കണ്ണുകൊണ്ടാണ്. അതുകൊണ്ടു ദൈവം ആരുമല്ല, ഏതൊരുവന്‍റെയും പിന്നിലാണ്. മോസസ് മുള്‍ച്ചെടിയില്‍ ദൈവസാന്നിദ്ധ്യം കണ്ടതുപോലെ.

കാണുന്നവനെ ഈ കാഴ്ച മാറ്റുന്നു. പിന്നില്‍ നോക്കി പിന്തിരിയുകയല്ല. പക്ഷേ, അതു തിരിയലാണ്. അറിഞ്ഞുകൂടാ എന്ന അറിവിന്‍റെ അത്ഭുതബോധത്തില്‍നിന്നും ആധരങ്ങളില്‍ നിന്നുമുള്ള തിരിയല്‍. അറിഞ്ഞുകൂടാ എന്ന അറിവ് – വലിയ അറിവാണ് – അന്തര്‍ദര്‍ശനമാണ്. അതു ജീവിതത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ അറിയുന്നതാണ്. പ്രത്യക്ഷങ്ങളുടെ ഉള്ളിലും പിന്നിലും കടന്നു കാണുന്നവര്‍ കാര്യങ്ങളുടെ അര്‍ത്ഥപ്രസക്തികള്‍ അറിയുന്നു. ഇതു ലോകത്തെ രണ്ടാമതു കാണലായി പരിണമിക്കുന്നു. ജെയിംസ് ജോയ്സ് യുളീസിസില്‍ എഴുതി "അതു ദൈവമാണ്… എന്ത്? തെരുവിലെ ഒരു വിളി." ആ കാഴ്ചയുടെ ഫലമാണ് അഗസ്റ്റിന്‍റെ കുമ്പസാരം. "നമ്മള്‍ ഒന്നിച്ചു കണ്ട സ്ഥലങ്ങള്‍ ഞാന്‍ വെറുക്കുന്നു. കാരണം അവയില്‍ അവനുണ്ടായിരുന്നില്ല. "ഇതാ അവന്‍ വരുന്നു" എന്ന് അവ മന്ത്രിക്കുന്നില്ല. അവന്‍ അവയില്‍ ഉണ്ടായിരുന്നു, ഇപ്പോള്‍ അവന്‍ അസന്നിഹിതനാണ്. ഞാന്‍ എനിക്കൊരു പ്രഹേളികയായി" (conf. 4.4).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org