രക്ഷകനെ കാത്തിരിക്കുന്നവരോട്

രക്ഷകനെ കാത്തിരിക്കുന്നവരോട്

എസ്തര്‍ എന്ന ബൈബിള്‍ ഗ്രന്ഥത്തിന്‍റെ പശ്ചാത്തലത്തില്‍ അതില്‍ പ്രതിപാദിക്കപ്പെടുന്ന ഏകാധിപതിയും ഹിറ്റ്ലറിനെപ്പോലുള്ള ആധുനിക പ്രതിഭാസങ്ങളും ഉണ്ടാകുന്നതു രക്ഷകന്‍റെ വരവു പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് എന്ന് എമ്മാനുവേല്‍ ലെവീനാസ് അഭിപ്രായപ്പെടുന്നു. ദുഃഖത്തിന്‍റെയും തിന്മയുടെയും കാലഘട്ടത്തില്‍ നിന്നു കരകയറ്റാന്‍ ദൈവം രക്ഷകനെ അയയ്ക്കും എന്നതു യഹൂദപാരമ്പര്യമാണ്. അങ്ങനെയുള്ള രക്ഷകനാണു യേശുക്രിസ്തു എന്നു ക്രൈസ്തവര്‍ വിശ്വസിക്കുന്നു. ഇനിയൊരു രക്ഷകന്‍ വരാനില്ല എന്നതും ക്രൈസ്തവവിശ്വാസത്തിന്‍റെ ഭാഗമാണ്. യഹൂദരെ സംബന്ധിച്ചിടത്തോളം രക്ഷകന്‍ ഇനിയും വന്നിട്ടുമില്ല. രക്ഷകന്‍റെ വരവിനെക്കുറിച്ചുള്ള ഈ പ്രതീക്ഷ മറ്റു മതങ്ങളിലുമുണ്ട്. "സംഭവാമി യുഗേ യുഗേ" എന്നതു കൃഷ്ണന്‍റെ ഗീതാഭാഗമാണല്ലോ. സാധുക്കളെ പരിരക്ഷിക്കാന്‍ അവതാരങ്ങള്‍ വരും.

ജര്‍മ്മനിയിലെ നാസിപാര്‍ട്ടിയുടെ നേതാവായ ഹിറ്റ്ലര്‍ ജര്‍മ്മനിയുടെ രക്ഷകനായി സ്വയം മനസ്സിലാക്കിയ മനുഷ്യനാണ്. ആദ്യമൊക്കെ രക്ഷകന്‍റെ വരവിനു ചെണ്ട കൊട്ടി വഴിയൊരുക്കുന്ന സ്നാപകയോഹന്നാനായി സ്വയം വിശേഷിപ്പിച്ചു. പിന്നീടു യഥാര്‍ത്ഥ മിശിഹായാണു താന്‍ എന്നും കരുതി. അദ്ദേഹത്തിന്‍റെ ഒരു സുഹൃത്തിന്‍റെ സഹോദരിയെ പ്രേമിക്കുന്നു എന്ന കിംവദന്തി പ്രചരിച്ചപ്പോള്‍ അതിനെക്കുറിച്ചു ചോദിച്ച ആ സുഹൃത്തിനോടു ഹിറ്റ്ലര്‍ പറഞ്ഞു: "ഞാന്‍ ഒരു സ്ത്രീയുമായി ബന്ധപ്പെടുകയോ വിവാഹം കഴിക്കുകയോ ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ വധു എല്ലായ്പ്പോഴും ജര്‍മ്മന്‍ ജനതയാണ്." പക്ഷേ, ക്രിസ്തു അദ്ദേഹത്തിനു ക്രൂശിതനല്ല, കോപാകുലനായി ചാട്ടയെടുക്കുന്ന ക്രിസ്തുവാണ്.

ഇവിടെ രക്ഷകന്‍ എന്ന സങ്കല്പം എനിക്കു പുറത്തുനിന്ന് എന്‍റെ കഷ്ടതകളില്‍നിന്ന് എന്നെ കരകയറ്റുന്നവനാണ്. അതിനു ഞാന്‍ ഒന്നും ചെയ്യാനില്ല, വെറുതെ നിന്ന് അഥവാ കിടന്നു കൊടുത്താല്‍ മതി. ഇങ്ങനെ രക്ഷ പ്രതീക്ഷിക്കുന്നവര്‍ രക്ഷയ്ക്കുവേണ്ടി ഏത് അടിമത്തവും സ്വീകരിക്കും.

പക്ഷേ, അതാണോ രക്ഷ, അങ്ങനെയാണോ രക്ഷ കൈവരിക്കുന്നത്. "രക്ഷകന്‍റെ വരവ്" എന്ന കഥയില്‍ കഫ്ക എഴുതി: "മിശിഹാ ആവശ്യമില്ലാത്തപ്പോള്‍ അവന്‍ വരും. അവന്‍റെ വരവിന്‍റെ പിറ്റേന്ന് അവന്‍ വരും." തികച്ചും ദുരൂഹമായ ഈ വാക്കുകള്‍ രക്ഷയുടെ പിന്നാലെയാണ് അവന്‍റെ വരവ് എന്നാണ്. എന്‍റെ രക്ഷയുടെ പിന്നിലാണു രക്ഷകന്‍, മുന്നിലല്ല. സെന്‍റ് പോള്‍ പറഞ്ഞു: "ഞാനല്ല, ക്രിസ്തു എന്നില്‍ ജീവിക്കുന്നു." എന്‍റെ പ്രത്യക്ഷ ജീവിതത്തിനു പിന്നില്‍ ക്രിസ്തുവാണ്. ഞാന്‍ മുമ്പില്‍ നില്ക്കാതെ രക്ഷകന്‍ എന്നില്‍ വന്നെത്തുകയില്ല. എന്‍റെ രക്ഷാകരമായ നടപടികള്‍ക്കു പിന്നില്‍ രക്ഷകനുണ്ട്. എന്‍റെ കഠിനമായ ശ്രമങ്ങളുടെ പിന്നില്‍ അവനാണ്, അവന്‍റെ രക്ഷയുടെ ദാനം എന്‍റെ അദ്ധ്വാനത്തിനു പിന്നില്‍ ലഭിക്കുന്നു. എന്‍റെ കര്‍മങ്ങളില്ലാതെ എന്‍റെ രക്ഷ എന്നില്‍ വന്നെത്തുകയില്ല. രക്ഷ വന്നെത്തുമ്പോള്‍ അത് എന്‍റെ അദ്ധ്വാനഫലമല്ല, അവന്‍റെ കൃപയാണ് എന്ന് ഞാന്‍ അറിയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org