ആയിരിക്കുന്നതും ആകാമായിരിക്കുന്നതും

ആയിരിക്കുന്നതും ആകാമായിരിക്കുന്നതും

ആയിരിക്കുന്നതില്‍ അധികമായി ചിന്തിക്കാനുണ്ട് എന്നു സമ്മതിക്കാന്‍ വിഷമമുള്ളവരാണു രാജാക്കന്മാര്‍. ആയിരിക്കുന്നതു വളരെ മനോഹരമാണ്. ഇതില്‍ കൂടുതല്‍ ഒന്നും സംഭവിക്കാനില്ല എന്നു ചിന്തിക്കുന്നവര്‍. ആയിരിക്കുന്ന കാഴ്ചപ്പാടിന്‍റെ ആധിപത്യത്തിന്‍റെ കാവല്‍ക്കാരാണു രാജാക്കന്മാര്‍. ലോകത്തെക്കുറിച്ചും അതിന്‍റെ ഏതൊരിടത്തെക്കുറിച്ചും വ്യത്യസ്തമായ വീക്ഷണങ്ങളും കാഴ്ചപ്പാടുകളുമുണ്ടാകാം. അതിലൊന്ന് അംഗീകരിച്ച് അതിനെ ഔദ്യോഗികമാക്കി സ്ഥാപിച്ചു നിലനിര്‍ത്തുന്നവരാണു ഭരണക്കാര്‍. പൗരബോധം എന്നതു വിനീത വിധേയത്വമാണ് എന്നവര്‍ കരുതും.

എന്നാല്‍ ബൈബിളിലെ പ്രവാചകര്‍ ആയിരിക്കുന്നതിനെ എതിര്‍ക്കുകയും ആകാമായിരിക്കുന്നതിനെ സ്വപ്നം കാണുകയും ചെയ്യുന്നു. സ്വപ്നത്തിന്‍റെ മണല്‍ക്കാട്ടിലിരുന്നു സങ്കല്പത്തിന്‍റെ നല്ല നാളെയെക്കുറിച്ച് അവര്‍ വാചാലരാകുന്നു, വട്ടന്മാരാണവര്‍. ഒരാള്‍ മാത്രമാണ് ന്യൂനപക്ഷമാണു ഭ്രാന്തന്‍. ആയിരിക്കുന്നതിനോടു വിയോജിപ്പ് അവര്‍ക്കു പൊതുവാണ്. അതിന്‍റെ പേരില്‍ത്തന്നെ രാജാവും പ്രവാചകനും വിരുദ്ധരായി മാറുന്നു. ഇതുതന്നെയാണു കവിക്കും സംഭവിക്കുക. വര്‍ത്തമാനത്തെ ദൈവത്തിന്‍റെ അസാന്നിദ്ധ്യത്തിന്‍റെ ലോകമായി അവര്‍ കാണുന്നു. യാഥാര്‍ത്ഥ്യത്തെക്കുറിച്ചു കാഴ്ചപ്പാടുകളുടെ അട്ടിമറി അവര്‍ നടത്തുന്നു. ദൈവത്തിന്‍റെ അസാന്നിദ്ധ്യം എല്ലാം അനുവദനീയമാക്കുന്നു. അപ്പോള്‍ നടക്കുന്നത് അക്രമമാണ്. അപ്പോള്‍ രാജാവിന് അക്രമത്തിനു അവകാശം കിട്ടുന്നു. ക്രമസമാധാനം അയാളുടെ ദൈവിക ഉത്തരവാദിത്വമായി അയാള്‍ കാണുന്നു. പിന്നെ നടക്കുന്നതു രാജകീയ അക്രമമാണ്. അതു പ്രവാചകരെ നിശ്ശബ്ദമാക്കലും നാടുകടത്തലുമാണ്.

ഇന്നു കമ്പോളത്തിന്‍റെ ആഗോളീകരണമാണ്. അധികാരത്തിലിരിക്കുന്ന ലോകവീക്ഷണം. പക്ഷേ, അതാണ് ഏറ്റവും നല്ല വീക്ഷണം എന്നു സമ്മതിക്കാത്തവര്‍ അനേകരാണ്. പ്രവാചകര്‍ സങ്കല്പത്തിന്‍റെ ശുശ്രൂഷകരാണ്. വാക്കുകളാണു കവികളെയും പ്രവാചകരെയും തിരഞ്ഞെടുക്കുന്നത്. അവര്‍ ഭാഷയില്‍ ലോകത്തെ വ്യത്യസ്തമായി കാണിക്കുന്നു. സങ്കല്പിക്കല്‍ കല്പിക്കലുമാണ്. നാളെയെക്കുറിച്ചുള്ള കാഴ്ച ഇന്നിനെ പൊളിച്ചടുക്കി അഴിച്ചുപണിയുന്നു. പ്രവാചകന്‍റെ സങ്കല്പത്തിന് സവിശേഷതയുണ്ട് – അതു ദൈവനാമത്തിലാണ്, ദൈവശാസ്ത്രമാണ്. ഭാവിയുടെ ജീവിതനടപടികള്‍ വിവേചിക്കുന്നവരായി പ്രവാചകര്‍ മാറുന്നു. പൊതുവായി അംഗീകൃതമായ ദൈവശാസ്ത്രത്തിന്‍റെ പൊളിച്ചെഴുത്താണ് നിരന്തരം പുതിയ നിയമത്തില്‍ നാം കാണുന്നത്. ദൈവനാമത്തിന്‍റെ ദുരുപയോഗം അധികാരത്തിന്‍റെ മലിനീകരണമാണ്. ദൈവികതയെ അധികാരം സ്വകാര്യസ്വത്താക്കാം. രാജകീയ മതവും അതിന്‍റെ രാഷ്ട്രീയവും അടച്ചമര്‍ത്തുന്നതായി മാറും. അധികാരം അതിന്‍റെ തകര്‍ച്ചയുടെ കാഹളമാക്കി പ്രവാചകര്‍ പ്രത്യക്ഷമാകുമ്പോള്‍ അവര്‍ പുതിയ ദൈവത്തിന്‍റെ വക്താക്കളാകും.

ജോബിന്‍റെ പുസ്തകം പ്രവാചക പുസ്തകമാണ്. കാരണം, ജനസ്വരം ദൈവസ്വരമായി നീതിമാനെ പീഡിപ്പിക്കുന്നു. പീഡിപ്പിക്കപ്പെട്ടവന്‍ നീതിമാനല്ലെന്ന ദൈവസ്വരത്തെയാണു ജോബ് പോലും ചോദ്യം ചെയ്യുന്നത്. ഇതുപോലുളള സംഘര്‍ഷമാണ് ഏലിയായുടെ ജീവിതം, ഇതായിരുന്നു നാഥന്‍റെ ദൗത്യം; ഇതായിരുന്നു ഡാനിയേല്‍ ചെയ്തതും. മോസ്സസിന്‍റെ പുറപ്പാടു ദൈവജനത്തിന്‍റെ ജീവിതയാത്രയുടെ ബിംബമായി. അത് ഒരു കാഴ്ചപ്പാടിനും ദൈവികത കൊടുക്കാതെ എല്ലാ ആധികാരികവീക്ഷണങ്ങളെയും മറികടക്കുന്ന പുറപ്പാടു ജീവിതമാണ്. അത് ഉണ്ടാക്കുന്നതു നിഷേധ ദൈവശാസ്ത്രമാണ്, ദൈവശാസ്ത്രം എല്ലാ താത്ത്വിക മിഥ്യകളെയും നിഷേധിക്കുന്നു. യഹൂദകവി ജാബസ് എഴുതിയതുപോലെ "ദൈവനാമം ഓരോ വാക്കിന്‍റെയും ഹൃദയത്തിലെ ശൂന്യത"യായി മാറുന്നു. "ദൈവം അവിടെയില്ല, ഇവിടെയില്ല; അതാണ് ആത്യന്തികമായി ദൈവനിഷേധം. പ്രഭാതനക്ഷത്രം ആഴിയില്‍ വീണ് അപ്രത്യക്ഷമായി. ആഴിയിലെ അപകടകരമായ വഴി പ്രഭാതനക്ഷത്രം കണ്ട മനസ്സിലെ ഓര്‍മ മാത്രമായിരിക്കുന്നു. വിളക്കുമരങ്ങള്‍ കണ്ണടച്ചപ്പോഴും വിളക്ക് അകത്തെ ഓര്‍മ്മ മാത്രമായിരിക്കുന്നു. ആഴികടക്കാന്‍ വര്‍ത്തകര്‍ക്ക് ലക്ഷ്യം കാണിക്കാന്‍ വിളക്കുമരങ്ങളോ വിളക്കുമാടങ്ങളോ ഇല്ല; ഉള്ളത് ഓര്‍മ മാത്രം. അതുകൊണ്ടു നാടോടിയായവന് ആതിഥ്യം കിട്ടുന്നതു ബൈബിള്‍ എന്ന പുസ്തകത്തിലാണ്. കാലിനടിയില്‍ എപ്പോഴും വഴിയുടെ ചരലും മണ്ണും മാത്രം. പ്രവാചകന്‍ എഴുത്തുകാരനാകുന്നു. പകലിന്‍റെ വെളിച്ചത്തില്‍ കഴുകനെപ്പോലെയും രാത്രിയുടെ ഹൃദയത്തില്‍ മൂങ്ങയെപ്പോലെയും വരുന്നു വചനം. ഞാന്‍ അറിയാത്ത മനുഷ്യനെ അന്വേഷിക്കുന്നു. ഞാന്‍ നോക്കാന്‍ തുടങ്ങിയതു മുതല്‍ അയാള്‍ എന്നേക്കാള്‍ കൂടുതലായിരുന്നില്ല. ഞാന്‍ പിന്നാലെ നടക്കുന്നു. കവിതയും പ്രവാചകവചനവും ഗൗരവമാര്‍ന്ന മൗനത്തിന്‍റെ പ്രതിധ്വനികളാണ്. പ്രവാചകന്‍ വാക്കുകളുടെ ലഹളയുടെ മനുഷ്യനാണ്. അയാള്‍ ലോകത്തിനു ശബ്ദവും ഭാഷയും കൊടുക്കുന്നു. അയാള്‍ ഇവിടെയല്ല, പരദേശത്താണ്. ആ ദേശം വ്യാഖ്യാനിക്കാന്‍ അയാള്‍ കവിതയെഴുതുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org