കാഴ്ചയിലെ കള്ളം

കാഴ്ചയിലെ കള്ളം

ബൈബിളിലെ ദാനിയേലിന്‍റെ പുസ്തകത്തിലാണു സൂസന്നയുടെ കഥ. സൂസന്ന അതീവസുന്ദരിയാണെങ്കിലും ദൈവഭക്തയും ഭാര്യയുമാണ്. സമ്പന്നനും സാംസ്കാരികനേതാവുമായിരുന്നു അവളുടെ ഭര്‍ത്താവ്. വീട് ഉദ്യാനങ്ങള്‍ കൊണ്ടു നിറഞ്ഞതായിരുന്നു. അവിടെ സാമൂഹികവും സാംസ്കാരികവുമായി ആളുകള്‍ സംഘം ചേര്‍ന്നിരുന്നു. വ്യവഹാരങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ന്യായാധിപന്മാരും അവിടെ സമ്മേളിച്ചിരുന്നു. പക്ഷേ, ഇതൊക്കെ സംഭവിക്കുന്നത് അടിമത്തത്തിന്‍റെ നാട്ടിലാണ്. രണ്ടു ശ്രേഷ്ഠരായ ന്യായാധിപന്മാരുടെ പാപത്തിന്‍റെയും അനീതിയുടെയും അക്രമത്തിന്‍റെയും കഥയാണിത്. "ന്യായാധിപന്മാരായ ശ്രേഷ്ഠരില്‍നിന്ന് അകൃത്യം പുറപ്പെട്ടു" എന്നാണു ബൈബിളില്‍ എഴുതിയിരിക്കുന്നത്. അതു തുടങ്ങുന്നത് "അവളില്‍ അവര്‍ക്ക് അഭിലാഷം ജനിച്ചു" എന്ന് എഴുതിക്കൊണ്ടാണ്. ആസക്തി രണ്ടു പേരെയും കീഴ്പ്പെടുത്തി എന്ന് എടുത്തുപറയുന്നു. "ദിനംതോറം അവളെ അവര്‍ നോക്കിക്കൊണ്ടിരുന്നു."

നോട്ടമാണിവിടെ പാപമാകുന്നത്. ബൈബിള്‍ നോട്ടത്തില്‍ വിശ്വസിക്കുന്നില്ല. കണ്ണു വിശ്വസനീയമായ ഇന്ദ്രിയമായി പരിഗണിക്കുന്നില്ല. അവരുടെ നോട്ടമാണു ശ്രദ്ധേയമാകുന്നത്. അവര്‍ നോക്കി. പക്ഷേ, അവര്‍ നോട്ടത്തിന്‍റെ വിഷയത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചത് ഇന്ദ്രിയങ്ങള്‍ കൊണ്ടാണ്. ഇന്ദ്രിയത്തിന്‍റെ ആസക്തി നോട്ടത്തിലുണ്ടായി. ആസക്തിയോടെയുള്ള നോട്ടം, നോട്ടത്തിനു പറ്റിയത് – അവര്‍ കണ്ടില്ല, അവര്‍ അന്ധരായി എന്നതാണ്. അവരുടെ ഇന്ദ്രിയങ്ങളുടെ ആസക്തി അവരുടെ കണ്ണുകളെ സത്യം കാണിച്ചില്ല.

സൂര്യനെ നോക്കുന്നവര്‍ക്ക് അന്ധതയുണ്ടാകുന്നു. സൂര്യന്‍റെ പ്രഭ അന്ധതയുണ്ടാക്കുന്നു. കണ്ണിനെ അധികവെളിച്ചം അന്ധമാക്കി. ഇവിടെ അധികവെളിച്ചകാഴ്ചയുടെ വിഷയത്തില്‍ നിന്നാണു വന്നത്. അതുണ്ടാക്കിയത് അന്ധതയാണ്. പക്ഷേ, ന്യായാധിപന്മാര്‍ക്ക് അന്ധതയുണ്ടായത് ആ സൗന്ദര്യത്തില്‍ നിന്നാണ്. സൗന്ദര്യം അവര്‍ക്ക് ഒരു മതിഭ്രമമാണ് ഉണ്ടാക്കിയത്. ആ മതിഭ്രമം അവരുടെ ഇന്ദ്രിയങ്ങളെ ഭ്രാന്തമാക്കി. അത് ഒരു മിഥ്യാദര്‍ശനമായിരുന്നില്ലേ? അവര്‍ക്കു കാഴ്ച തെറ്റി. എന്തുകൊണ്ട്? തെറ്റ് എപ്പോഴും വിശ്വാസത്തിലാണു വരുന്നത്. കാണുന്നതിലല്ല തെറ്റിയത്, കാണുന്ന ഇച്ഛയിലാണു തെറ്റ്. അപ്പോള്‍ കാഴ്ചയില്‍ നിന്നുള്ള അറിവ് തെറ്റുന്നു. കാഴ്ചയുടെ അന്ധതയില്‍ വീണവര്‍ "ആരും നമ്മെ കാണില്ല…" എന്ന മൂഢതയിലാണ്. നാം കാണപ്പെടാത്തവരായിരിക്കുന്നു എന്ന മൂഢത. അത് ആന്ധ്യം സൃഷ്ടിച്ച മൗഢ്യമാണ്.

ശേഷിക്കുന്നതു മുഴുവന്‍ അവരുടെ അന്ധതയുടെ കഥയാണ്. അവര്‍ക്കു കാഴ്ചയില്ലാതായ കഥ. ദാനിയേല്‍ എന്ന ബാലന്‍റെ "പരിശുദ്ധമായ ആത്മാവിനെ കര്‍ത്താവ് ഉണര്‍ത്തി." ആത്മാവ് ഉണരാതെ ഉറങ്ങിമരിച്ച രണ്ടു പേരുടെ അന്ധതയുടെ നേരെയുള്ള പ്രതിരോധം. അന്ധതയുണ്ടാക്കിയത് ഇരുട്ടാണ്. ആ ഇരുട്ട് കോടതിയില്‍ നിറഞ്ഞു. ആ ഇരുട്ടില്‍ അവള്‍ കല്ലെറിഞ്ഞു കൊല്ലപ്പെടാന്‍ പോകുമ്പോഴാണു ദാനിയേല്‍ ഇടപെടുന്നത്. അതു മറ്റൊരു കാഴ്ചയില്‍ നിന്നാണ്. ഹേഗല്‍ പറയുന്നതുപോലെ മനുഷ്യന്‍റെ ജന്മം പ്രകൃതിയുടെ മരണമാണ്. സൂസന്നയെ നോക്കി കാമത്തിനെ വിഷയമാക്കിയവര്‍ വെറും മൃഗീയതയില്‍ കാഴ്ച ഇല്ലാത്തവരായിപ്പോയി. വെറും കാമത്തിനെ ഇരയാക്കിയ നോട്ടത്തിലാണു കൊല. ആ കൊലയിലാണു ദാനിയേല്‍ ഇടപെടുന്നത്.

അയാള്‍ ചോദിച്ചതു കാഴ്ചയുടെ ചോദ്യമായിരുന്നു. ന്യായാധിപന്മാരുടെ കള്ളക്കഥയാണു പൊളിയുന്നത് "ഏതു മരച്ചുവട്ടില്‍ അവള്‍ ആലിംഗബദ്ധയായി" ഇവളെ കണ്ടു. ഒരാള്‍ കരയാമ്പൂമരം എന്നു പറഞ്ഞപ്പോള്‍ മറ്റേയാള്‍ "കരുവേലകം" എന്നു പറഞ്ഞു. കാമത്തിന്‍റെ കണ്ണ് അന്ധമായപ്പോള്‍ തോട്ടം കാണാതായി. അവര്‍ കാഴ്ചയില്ലാത്തവരായി, കണ്ടു എന്നു പറയുന്നതു കള്ളമായി.

കാഴ്ചയുടെ കള്ളം ഉണ്ടാക്കിയ കള്ളത്തരങ്ങളുടെ പരമ്പരയില്‍ അവര്‍ മരിച്ചു. കാഴ്ച സത്യവും അര്‍ത്ഥവും സൃഷ്ടിക്കുമ്പോള്‍ അതു കള്ളത്തരമാകുന്ന കാഴ്ചയുടെ വിധിയാണു ബൈബിള്‍ അനാവരണം ചെയ്യുന്നത്. കാണാന്‍ പാടില്ലാത്തതു കണ്ടാല്‍ നിങ്ങള്‍ അന്ധരാകും. തിരേസിയൂസിന്‍റെ കഥ ഗ്രീക്ക് നാടകലോകത്തിന്‍റെ കാഴ്ചയുടെ കഥയാണ്. സോഫോക്ലിസിന്‍റെ നാടകം കാഴ്ചയുടെ കളിയാണ്. കാണാന്‍ പാടില്ലാത്തു കണ്ടു. 1) പാമ്പ് ഇണചേരുന്നത്. 2) ആഥേനദേവിയുടെ നഗ്നത. ഇതു രണ്ടും കണ്ടവന്‍റെ കണ്ണ് അന്ധമായി. അയാളാണു തന്നെത്തന്നെ പ്രേമിക്കുന്ന നാര്‍സീസിയുസിനോടു പറയുന്നത്: "നീ നിന്നെ കാണുന്നതുവരെ നീ ജീവിച്ചിരിക്കും." എന്നെ മാത്രം ഞാന്‍ സ്നേഹിക്കണമെങ്കില്‍ ഞാന്‍ മറ്റുള്ളതു കാണുന്നില്ല. ആ കാഴ്ച എന്നിലേക്കു വലിച്ചെടുക്കുന്ന കാഴ്ചയുടെ കൊലപാതകങ്ങളും അതിന്‍റെ ചരക്കാക്കലാണ്. എന്നിലേക്ക് എന്‍റെ കാഴ്ച തിരിയുമ്പോള്‍ ഞാന്‍ എന്നെ കാണും, അതോടെ ഞാന്‍ മരിക്കും. എന്‍റെ മരണമില്ലാതെ എന്‍റെ കണ്ണു തെളിയില്ല. ഞാന്‍ എന്‍റെ ചരക്കുകളുടെ ലോകം മാത്രം കാണും.

ദാനിയേല്‍ സത്യം അവരെ കാണിച്ചു. അവര്‍ സത്യത്തില്‍ തങ്ങളെ കണ്ടതോടെ അവര്‍ മരിക്കാന്‍ വിധിക്കപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org