“ഇതാ ഞാന്‍”

“ഇതാ ഞാന്‍”

ഹീബ്രു ബൈബിളില്‍ ദൈവം മനുഷ്യനെ വിളിക്കുമ്പോള്‍ മനുഷ്യന്‍ നല്കുന്ന മറുപടിയാണ് "ഇതാ ഞാന്‍." ഇതു സന്നദ്ധനായ ദാസന്‍റെ മറുപടിയാണ്. ആദവും ഹവ്വയും ഈ മറുപടി നല്കുന്നു. അബ്രാഹം ഇസഹാക്കിനെ ബലി ചെയ്യാന്‍ വിളിച്ചപ്പോഴും ഇതേ മറുപടി നല്കുന്നു (ഉത്പ. 22:1). മുള്‍പ്പടര്‍പ്പില്‍ നിന്ന് വിളിക്കുന്ന ദൈവത്തിനു മോസസ് ഇതേ ഉത്തരം നല്കുന്നു (പുറ. 3:4). യാക്കോബും സാമുവേലും ഏശയ്യായും ഇതേ വാക്കുകളില്‍ ദൈവത്തോടു പ്രത്യുത്തരിക്കുന്നു.

"ഇതാ ഞാന്‍" എന്നതു പ്രത്യക്ഷത്തില്‍ എന്നിലേക്കുള്ള തിരിച്ചുപോക്കാണ്. എന്നാല്‍ ഓരോ പ്രവാശ്യവും ഞാന്‍ തിരിച്ചുപോകുമ്പോള്‍ എന്നെ ഒഴിവാക്കുകയും ഉരിഞ്ഞു മാറ്റുകയും നിന്നെ അംഗീകരിക്കുകയുമാണ്. ഞാന്‍ ഞാനാകുന്നതു നിന്നിലൂടെയും നിങ്ങളിലൂടെയുമാണ്. ഞാന്‍ അവരിലൂടെ അവര്‍ക്കായി ജീവിക്കുന്ന ഒരു മാനസികാവസ്ഥയാണിത്.

ദൈവത്തിനു നല്കുന്ന ഈ മറുപടി മതപരമായ സംഭാഷണല്ല. മറിച്ച് അപരനു കൊടുക്കുന്ന ഒരു വാക്കും അതുള്‍ക്കൊള്ളുന്ന ഉത്തരവാദിത്വവുമാണ്. ഈ ഉത്തരവാദിത്വമേല്പിക്കല്‍ എവിടെനിന്നു വരുന്നു? അതിന്‍റെ അടിസ്ഥാനം മറ്റൊരാളാകാം, പൂര്‍വികരാകാം, സന്നിഹിതനോ അസന്നിഹിതനോ ആയ ദൈവമാകാം; പേരില്ലാത്ത ഏതോ സ്രോതസ്സാകാം. അതു ദൈവത്തിന്‍റെ വിളിയായി വ്യാഖ്യാനിക്കപ്പെടുന്നു.

യഹൂദ വെളിപാടു കല്പനയുടെ സ്വഭാവമെടുക്കുന്നു. ഭക്തി എന്നാല്‍ അപ്പോള്‍ അനുസരണമാണ്. ദൈവത്തിന്‍റെ വെളിപാട് ഒരു ലിഖിതത്തില്‍ മരവിച്ചു കിടക്കുകയല്ല. അതു ലിഖിതവും വായനക്കാരനും തമ്മിലുള്ള ബന്ധത്തിന്‍റെ വിഷയമാണ്. ദൈവത്തിന്‍റെ കല്പന കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതും ദൈവവും മനുഷ്യനും സംബന്ധിക്കുന്നതുമായ ഇടമാണു മനഃസാക്ഷി. വിശ്വാസം ന്യായീകരിക്കപ്പെടുന്ന മാനുഷികവേദിയാണത്. വ്യക്തിയുടെ ആന്തരികതയും അപരന്‍റെ ശബ്ദവും ഇവിടെ സന്ധിക്കുന്നു. ഉത്തരവാദിത്വമേല്ക്കുമ്പോള്‍ അതു വ്യക്തമാക്കുന്നത് എന്നെ വിശ്വസിക്കാം എന്നതു മാത്രമല്ല; എനിക്കു സ്ഥിരതയുണ്ട് എന്ന വാഗ്ദാനമാണ്. ഇതാ ഞാന്‍ – എന്നെ ഉറപ്പായി പരിഗണി ക്കാം എന്ന വാഗ്ദാനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org