Latest News
|^| Home -> Pangthi -> ചിന്താജാലകം -> ശകുനിയോടു കളിക്കുമ്പോള്‍

ശകുനിയോടു കളിക്കുമ്പോള്‍

ഫാ. പോള്‍ തേലക്കാട്ട്

രാജാക്കന്മാരുടെ കളിയാണു ചതുരംഗം. അധികാരത്തിന്‍റെ ഈ കളിയില്‍ അസാമാന്യ വൈദഗ്ദ്ധ്യമുള്ളവനാണു ശകുനി. കളിയും അതിന്‍റെ എല്ലാ കള്ളക്കളികളും പഠിച്ചവന്‍. ആ കളിയുടെ പിന്നിലെ വികാരം കളിയല്ല, പകയും ശത്രുതയും അധികാരാധിപത്യവുമാണ്. അതിന്‍റെ കരുക്കള്‍ സ്വന്തം മാതാപിതാക്കളുടെ അസ്ഥികളില്‍ തീര്‍ത്തതാണ് എന്നു പറയുന്നു. മാതാപിതാക്കള്‍പോലും കളിക്കളത്തിലെ കരുക്കളായി. എല്ലാം ചതുരംഗപ്പലകയില്‍ നിശ്ചയിക്കപ്പെടുന്നു. ചതുരംഗം കണക്കുകൂട്ടിയുള്ള കളിയാണ്. അതു നിഷ്കാമമല്ല, കളിയുടെ ലക്ഷ്യം തോല്പിക്കുകയാണ്. കണക്കുകൂട്ടിയുള്ള ബുദ്ധിയുടെ കളിയാണിത്. ഇതിലാണ് അധികാരം ഉണ്ടാകുന്നതും നഷ്ടപ്പെടുന്നതും. ഇതിലാണ് ആധിപത്യം ഉണ്ടാകുന്നതും അടിമയാകുന്നതും. അവിടെ നിര്‍ണായകം ഏതെങ്കിലും ധര്‍മമോ മൂല്യമോ അല്ല. കണക്കു കൂട്ടിയുള്ള വെട്ടിപ്പിടുത്തമാണ്; അഹത്തിന്‍റെ ആധിപത്യം വെട്ടിക്കേറുന്നു. ചതുരംഗബുദ്ധി ആധിപത്യബുദ്ധിയാണ്.

യുധിഷ്ഠിരന്‍റെ കളിഭ്രാന്താണു മഹാഭാരതയുദ്ധത്തിനു കാരണമായത്. ആരോടാണു കളിക്കുന്നത് എന്നുപോലും ചിന്തിക്കാത്ത കളിഭ്രാന്ത്. കളിച്ചു ജയിക്കാമെന്ന് അയാള്‍ ചിന്തിച്ചു. എത്ര കളിച്ചാലും ശകുനിയുടെ കള്ളക്കളിയില്‍ ജയിക്കില്ല എന്നറിഞ്ഞില്ല. സൂത്രശാലിയുടെ കളിയുടെ വെട്ടില്‍ വീണവന്‍ ഭാര്യയെയും വസ്തുവകകളും എല്ലാം വച്ചു കളിച്ചു തുലഞ്ഞു. മഹാഭാരതയുദ്ധം ഈ കളിക്കളത്തിലും ദ്രൗപതിയുടെ വസ്ത്രാക്ഷേപത്തിലും തുടങ്ങുന്നു. അധികാരത്തിന്‍റെ ചൂതുകളിയുടെ യുക്തിസഹമായ അന്ത്യമായിരുന്നു ഇത്.

ഇവിടെ ശ്രദ്ധേയമാകുന്നതു കളിയുടെ യുക്തിയാണ്. ഇത് അധികാരക്കളിയായിരുന്നു. അവിടെ ഉപയോഗിക്കപ്പെടുന്നത് അവശ്യാധിഷ്ഠിത ബുദ്ധിയാണ്. അതു ഗണിതബുദ്ധിയാണ്. എല്ലാം കണക്കാക്കുന്ന ആസക്തിയുടെ ബുദ്ധി. ഈ അവശ്യാധിഷ്ഠിതബുദ്ധിയില്‍ യാഥാര്‍ത്ഥ്യ ചിന്ത ഒളിച്ചോടുന്നു. ഉപകാരമില്ലാത്ത ചിന്തയാണു യാഥാര്‍ത്ഥ്യചിന്ത. മനുഷ്യന്‍റെ അനാസക്തമായ ചിന്ത ഉദാത്ത ചിന്തയാണ്. ഈ ചിന്തയ്ക്കു മൗനം, ധ്യാനം എന്നൊക്ക പറയാറുണ്ട്. അരിസ്റ്റോട്ടല്‍ മനുഷ്യനെ ചിന്തിക്കുന്ന മൃഗം എന്നു വിളിക്കുമ്പോള്‍ അനാസക്തമായ ചിന്തയാണ് അര്‍ത്ഥമാക്കുന്നത്. അതു വക്രബുദ്ധിയല്ല. എമ്മാനുവേല്‍ കാന്‍റ് രണ്ടുതരം ബുദ്ധിയെക്കുറിച്ചു പറഞ്ഞു. ശുദ്ധബുദ്ധി ശാസ്ത്രബുദ്ധിയാണ്. താരനിബിഡമായ ആകാശത്തിന്‍റെ ഗതിവിഗതികള്‍ അറിയുന്ന ബുദ്ധി. രണ്ടാമത്തേത് പ്രായോഗികബുദ്ധി അധമ ധാര്‍മികബുദ്ധിയാണ്. അതു മനുഷ്യനുള്ളിലെ ധാര്‍മികബോധത്തിന്‍റെ ചിന്തയാണ്.

ശാസ്ത്ര-സാങ്കേതികവിദ്യ നമ്മുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന പാതയിലാണ്. അതു കണക്കാക്കി കാര്യങ്ങള്‍ നമുക്കു അനുകൂലവും സുഖപ്രദവുമാക്കുന്ന ചിന്തയാണ്. അതു കൈകാര്യചിന്തയാണ്; അതു സാങ്കേതികവിദ്യകളാണ്. അത് ആധിപത്യചിന്ത തന്നെ. ഈ ഭൗതികലോകത്തിന്‍റെ മേല്‍ ആധിപത്യം പുലര്‍ത്തി അതു ഭംഗിയായി ചൂഷണം ചെയ്യുന്ന ചിന്തയാണ്. ഈ ചിന്തയില്‍ ഒന്നും വിശ്വസിക്കുന്നില്ല, ഒന്നും മൂല്യവത്താകുന്നില്ല. എല്ലാം ഉപയോഗിക്കുന്നു, ഉപേക്ഷിക്കുന്നു. ശാസ്ത്ര-സാങ്കേതിക വിദ്യ എല്ലാം കീഴ്പ്പെടുത്തുന്നു, കീറിമുറിച്ച് ഉപയോഗിക്കുന്നു.

ഒന്നിലും ആ ചിന്തയ്ക്ക് അത്ഭുതമില്ല. നക്ഷത്രങ്ങളെ നോക്കി അത്ഭുതപ്പെടാറില്ല. എല്ലാം നല്കപ്പെട്ട വസ്തുവകകളാണ്. പക്ഷേ, ഞാന്‍ എന്തിന് ഉണ്ടായി, എല്ലാം എങ്ങനെ സംഭവിച്ചു എന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നില്ല.

നക്ഷത്രങ്ങളെ നോക്കി അത്ഭുതപ്പെടുന്ന ഒരു യുക്തിയും ബുദ്ധിയുമുണ്ട്. അത്യുന്നതമായ നക്ഷത്രങ്ങള്‍ അകലവും ഔന്നത്യവും അടുപ്പിക്കുന്നു. മനുഷ്യനിലെ ബാലന്‍ രാത്രിതാരങ്ങളെ അയല്‍ക്കാരാക്കുന്നതു കാണുന്നു. അവയുടെ അകലവും ഒന്നത്യവും അത്ഭുതപ്പെടുത്തുന്നു. ഈ ചിന്ത നക്ഷത്രങ്ങളെ നോക്കി കാത്തിരിക്കുന്നു. മനുഷ്യപ്രകൃതി താരകളെയും സ്വന്തമാക്കുന്നു, അവിടെ നിന്നു നാം വിളിക്കപ്പെടുന്നു. ശാസ്ത്ര-സാങ്കേതികവിദ്യകള്‍ നല്കുന്ന അറിവു പഞ്ചതന്ത്രകഥകള്‍ നല്കില്ല. ഈസോപ്പുകഥകള്‍ തരുന്ന വിജ്ഞാനം ശാസ്ത്രസാങ്കേതികവിദ്യയും തരുന്നില്ല. നാം കഥകളില്‍ വസിക്കുന്നു. വസതിയുണ്ടാക്കുന്ന ചിന്തയാണു പരമപ്രധാനം. കണക്കാക്കുന്ന ചിന്തയില്‍ വസിക്കാനാവില്ല. ശകുനിയുടെ ചതുരരംഗചിന്ത കമ്പോളത്തിലെ ചരക്കാകുന്നു, യുദ്ധത്തിന്‍റെ ഇരയാകുന്നു. ഈ ചിന്തയില്‍ ഇരകളാകാതിരിക്കാന്‍ എല്ലാവരും വേട്ടക്കാരാകുന്നു. ഈ വേട്ടക്കാരുടെ ലോകത്തില്‍ ഓര്‍മകളില്ല, സ്തുതി പാടലില്ല, സ്വപ്നമില്ല, പാട്ടും നൃത്തവും ആരാധനയുമില്ല. ജീവിതത്തിന്‍റെ ഭവനമുണ്ടാക്കുന്ന ചിന്തയില്ലാതെ വസിക്കാനാവില്ല. വാസത്തിന്‍റെ ഭാഷാഭവനം മൂല്യസംസ്കാരത്തിന്‍റെയാണ്. അവിടെ കണക്കാക്കുന്ന ചിന്ത വെറും ഉപയോഗചിന്ത മാത്രമാണ്.

ഇരുപതാം നൂറ്റാണ്ടിന്‍റെ ഏറ്റവും വലിയ ചിന്തകരിലൊരുവനായ മര്‍ട്ടീന്‍ ഹൈഡഗര്‍ പറഞ്ഞു: “ഒരു ദൈവത്തിനു മാത്രമേ നമ്മെ രക്ഷിക്കാനാവൂ.” വളരെ ചിന്തോദ്ദീപകമായി ഈ കാലഘട്ടത്തില്‍ വേണ്ടവിധം നാം ചിന്തിക്കുന്നില്ല എന്ന് അദ്ദേഹം ആവലാതിപ്പെടുന്നു. എനിക്ക് എന്നില്‍നിന്നു സ്വാതന്ത്ര്യം നല്കുന്നത് എന്നിലെ മരണചിന്ത മാത്രമാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Comment

*
*