നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍

നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍

നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍, കിട്ടാനുള്ളതു പുതിയൊരു ലോകം എന്ന മുദ്രാവാക്യം പരിചിതമാണ്. പുതിയൊരു ലോകത്തിനുവേണ്ടി വിലങ്ങുകള്‍ പൊട്ടിച്ചെറിയുക എളുപ്പമല്ല. കാരണം അവ അത്രമാത്രം സ്വയം തീര്‍ത്തതും വിശുദ്ധമായ ബന്ധങ്ങളും വസ്തുനിഷ്ഠമായ യാഥാര്‍ത്ഥ്യങ്ങളുമാണ് എന്നത് അവനറിയാം. അടിമത്തത്തിന്‍റെ ചങ്ങല അത്രമാത്രം പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. ചങ്ങലകളുടെ പ്രേമം അവന് ആന്തരികമായ രോഗാവസ്ഥയായിരിക്കുന്നു.

ഒരു പ്രദേശം മുഴുവന്‍ വളച്ചുകെട്ടി വേലികള്‍ തീര്‍ത്ത് ഇതൊക്കെ എന്‍റെയാണ് എന്ന് ഒരുവന്‍ പറഞ്ഞപ്പോഴാണു സ്വകാര്യസ്വത്ത് ഉണ്ടായത് എന്നാണു പറയുക. എന്തുകൊണ്ടാണ് ഒരുവന്‍ അങ്ങനെ ചെയ്തത്? അവന്‍ ചെയ്തത് എന്തുകൊണ്ടാണ് മറ്റുള്ളവര്‍ അംഗീകരിച്ചത്? കാരണം ലളിതമാണ്. മറ്റുള്ളവരേക്കാള്‍ അവന്‍ ഭിന്നനാണ് എന്ന് അവര്‍ക്കു തോന്നി. അതുകൊണ്ട് അവന്‍റെ നടപടി അംഗീകരിച്ചു. കാരണം അവന്‍ എന്തുകൊണ്ടോ ശ്രദ്ധേയനായി. മാത്രമല്ല അവനെ ആകര്‍ഷിക്കുന്ന എന്തോ അവനുണ്ട്. അവന്‍ നന്നായി സംസാരിക്കുന്നു, അവന്‍ എങ്ങനെയോ ശക്തനാണ്, പേശീബലത്തില്‍ മാത്രമല്ല മനസ്സിലും അവന്‍ നമ്മില്‍നിന്നു ഭിന്നനാണ്. അതു സമ്മതിക്കുമ്പോള്‍ അസമത്വം അംഗീകരിക്കുകയാണ്. അവന്‍ മരണത്തെപ്പോലും ചോദ്യം ചെയ്തു ജീവിക്കുന്നു; അവന്‍ മരണവുമായി ഉടമ്പടിയുണ്ടാക്കിയതുപോലെ. അവനു കൂടുതല്‍ ഭാര്യമാര്‍, അവന്‍റെ കഴുത്തില്‍ മറ്റുള്ളവര്‍ക്കില്ലാത്ത തലയോട്ടികള്‍. മനുഷ്യന്‍ സ്വാതന്ത്ര്യം അടിയറ വയ്ക്കുന്നവനുമാണ്. ധാരാളം പേര്‍ക്കു ജീവിക്കാന്‍ അധികാരി വേണം. അവനെ ബന്ധിക്കുന്ന ചങ്ങലകള്‍ അവനുണ്ടാക്കുന്നതാണ്. ജീവിച്ചുപോകാന്‍ വേണ്ടി അവന്‍ കൊടുക്കുന്ന കൈക്കൂലിയാണ് അവന്‍റെ ചങ്ങലകള്‍.

മരണവുമായി മുഖാമുഖം വരുന്ന മനുഷ്യനാണ് അമരത്വത്തിന്‍റെ വിധി സ്വീകരിക്കുന്ന വീരപരാക്രമിയാകുന്നത്. മരണഭയം തീര്‍ക്കുന്നതാണു വീരജീവിതം. അതോടൊപ്പം മരണഭയം തീര്‍ക്കുന്നതാണു ഭീരുവായി അടിമത്തത്തിന്‍റെ ജീവിതത്തിലൂടെ മരണഭയത്തോടെ ജീവിക്കുന്നതും. ഒന്നില്‍ മരണത്തെ വെല്ലുവിളിച്ചു വീരോചിതമായി ജീവിക്കുന്നു, അല്ലെങ്കില്‍ മരണത്തിനു കൈക്കൂലി കൊടുത്തു ചങ്ങലകള്‍ സ്വീകരിച്ച് അടിമയെപ്പോലെ ജീവിക്കുന്നു.

മനുഷ്യനു തന്‍റെ ആത്മമഹത്ത്വവും അതിന്‍റെ ഔന്നത്യവും വേണം. സ്വന്തം കഴിവുകളെ വളര്‍ത്തി അവയ്ക്കതീതമായി അവന്‍ ദൈവികതയിലേക്ക് ഉയരുന്നു. പക്ഷേ, തന്‍റെ പരിമിതമായ കഴിവുകളെ പരിധിവിട്ട് ഊതിവീര്‍പ്പിച്ചാല്‍ എല്ലാം പൊട്ടിത്തകരും എന്ന ഭയവുമുണ്ട്. അപകടകരമായ മറ്റൊരു ലോകത്തിലേക്ക് ഉയരുമ്പോള്‍ ഒളിക്കാനാവാത്ത വിറയല്‍ ഉണ്ടാകും. ആ വിറയലിന് അതീതമായി എടുത്തുചാടുന്നവരുണ്ട്. ആ വിറയല്‍മൂലം ചാടാന്‍ ഭയന്നിരിക്കുന്നവരുമുണ്ട്. മനുഷ്യാതീതമായതിലേക്കു ചാടണോ? ഇവിടെ രണ്ടു വഴികള്‍, വീരന്‍റെയും ഭീരുവിന്‍റെയും. സാഹസികത വീരന്മാരെ ഉണ്ടാക്കും. സാധാരണക്കാരന്‍ ഭയത്തിന്‍റെ മക്കളായി ജീവിച്ചുപോകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org