ദൈവമില്ലാത്തവന്‍റെ നിലവിളി

ദൈവമില്ലാത്തവന്‍റെ നിലവിളി

"എന്‍റെ ദൈവമേ, എന്‍റെ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?" ഇതു യേശുവിന്‍റെ കുരിശില്‍ കിടന്നുള്ള നിലവിളിയാണ്. ഇതാണ് ഏതു മനുഷ്യന്‍റെയും ഏറ്റവും ദുസ്സഹമായ പ്രാണവേദന – ദൈവമില്ലാത്ത ദുഃഖം. ഈ വേദനിയില്‍ നിരാശനായി ആകാശത്തിലേക്കു കൈകളുയര്‍ത്തിയും മുഖം മണ്ണില്‍ പൂഴ്ത്തിയും നിലവിളിക്കാത്തവര്‍ ആരാണ്? ദൈവം ഉപേക്ഷിച്ച്, ദൈവമില്ലാത്ത, സഹനത്തിന്‍റെ അഗ്നിച്ചൂളയില്‍പ്പെടുന്നവന്‍റെ ഭാഷയില്ലാത്ത നിലവിളി. ഭൂമിയില്‍ ജീവിതത്തിന്‍റെ ഇടം ഇടിഞ്ഞുപോയവന്‍ ആകാശത്തിനും ഭൂമിക്കുമിടയില്‍ കുരിശില്‍ കിടന്നു നടത്തുന്ന അസ്തിത്വപ്രളയത്തിന്‍റെ ആര്‍ത്തനാദം. ദൈവത്തിനു ഗൃഹണം ബാധിച്ചവന്‍റെ ഭാഷയാണ് വിലാപം. കാരണം അവന്‍റെ ഭാഷണം മരിച്ചു; സംഭാഷണം മരിച്ചു.

ജീവിതഭവനം പാറക്കെട്ടില്‍ പണിയണം എന്നു പഠിപ്പിച്ചവന്‍റെ ജീവിത അടിസ്ഥാനങ്ങള്‍ ഇളകി തകര്‍ന്നു. അവന് അഭയം ഇല്ലാതായി, അപ്പനും അമ്മയും തീര്‍ക്കുന്ന അഭയഭവനം നഷ്ടമായി. മനുഷ്യനു വസിക്കാന്‍ ഇടം വേണം. അഭയത്തിന്‍റെ, മാതൃത്വത്തിന്‍റെ അടുക്കളയും പിതൃത്വത്തിന്‍റെ കാവലാളുമുള്ള ഇടം. ഈ ഇടമില്ലാത്തവനായി നാടും വീടും നഷ്ടമായി. ഉള്‍ക്കൊളളാനും ഉറങ്ങാനും കഴിയുന്ന അഭയഗേഹം പൊളിഞ്ഞുപോയി. അവന്‍റെ ഭാഷാഭവനവും തകര്‍ക്കപ്പെട്ടു. മൂല്യങ്ങളുടെ സാംസ്കാരികഭവനവും ഇടിഞ്ഞുതകര്‍ന്നു. ജീവിതംകൊണ്ട് ആശ്ലേഷിച്ചതൊക്കെ മിഥ്യയായി മാറി.

ഇതാണു മനുഷ്യന്‍റെ സ്വത്വപ്രതിസന്ധി, ഗൃഹാതുരത്വം. മനുഷ്യന്‍റെ വേരു പറിഞ്ഞ് അവനു നാടും വീടുമില്ലാതായി. അവന്‍ തന്തയില്ലാത്തവനും തള്ളയില്ലാത്തവനുമായി അനാഥനായി. ആകാശത്തിനും ഭൂമിക്കുമിടയില്‍ ആരുമില്ലാതെ അലയുന്ന നാടോടി. മാത്രമല്ല അവന്‍റെ സര്‍വവിശ്വാസങ്ങളും അഴിഞ്ഞുപോയി. ഉറക്കം നഷ്ടമായ അവന്‍ രാത്രിയും പകലുമില്ലാത്ത അവസ്ഥയില്‍ ദൈവമരണത്തിന്‍റെ മണിനാദം കേള്‍ക്കുന്നു. അതു മരണത്തിന്‍റെ ആധിപത്യമാണ് – കൊലയുടെയും ആത്മഹത്യയുടെയും. ഇതൊരു സാംസ്കാരികവിലാപമാണ്. കാലത്തിന്‍റെ കഥ നിത്യതയുടെ നീങ്ങുന്ന നിഴലിന്‍റെയായിരുന്നു. ആ കഥയില്‍ നിന്നു നിത്യത ചോര്‍ന്നുപോയി. കാലകഥ കഷ്ടകാലമായി. ഭാഷ കൊല ചെയ്യപ്പെട്ടു; മനുഷ്യനു നാണം നഷ്ടമായി. അക്രമത്തിന്‍റെ യുദ്ധഗോദയായി ജീവിതം. ഈ അസ്തിത്വക്ഷീണമാണു നമ്മുടെ സംസ്കാരത്തിന്‍റെ ഏറ്റവും വലിയ പ്രതിസന്ധി. അതുണ്ടാക്കുന്നതു യുദ്ധങ്ങളും മരണവുമാണ്. കമ്പോളത്തിന്‍റെ ആഗോളീകരണഫലം പൊള്ളയായി. മനുഷ്യന്‍റെ പൊള്ളത്തരം തീര്‍ക്കുന്നത് മൗലികവാദങ്ങളും ഭീകരതകളുമാണ്.

ഇവിടെ ഉയരുന്ന ദൈവമില്ലായ്മയുടെ നിലവിളിയില്‍ ഒരു ധര്‍മ്മബോധത്തിന്‍റെ പ്രതിഷേധവുമുണ്ട്. മരണത്തിനു മുമ്പുള്ള വിലാപം ധര്‍മ്മത്തിന്‍റെ അവസാനവിളിയാണ്; അതു പ്രതിഷേധമാണ്. അതില്‍ അസ്തമിക്കാത്ത പ്രതീക്ഷയുണ്ട് – ദൈവത്തിന്‍റെ മരണവിലാപം – ദൈവത്തിനു വേണ്ടിയുള്ള നിലവിളിയുമാണ്. ദൈവം മരിച്ചവന്‍റെ മണല്‍ക്കാട്ടിലെ വനരോദനം ഒരു കാത്തിരിപ്പിന്‍റെ വിളിയാണ്. കാത്തിരിക്കാന്‍ എന്തുണ്ട് എന്ന ചോദ്യത്തിന്‍റെ ഉത്തരമില്ലത്തവന്‍റെ ഭാഷണമരണം. പക്ഷേ, "എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു" എന്നത് ഒരു പ്രാര്‍ത്ഥനയാണ്. പ്രതീക്ഷയ്ക്കു പരിക്ക് പറ്റിയവന്‍റെ അവസാന പ്രാര്‍ത്ഥന.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org