കഴുതയെ തേടി കിരീടം കിട്ടി

കഴുതയെ തേടി കിരീടം കിട്ടി

പഴയ നിയമത്തില്‍ സാമുവലിന്‍റെ ഒന്നാം പുസ്തകത്തില്‍ ബെഞ്ചമിന്‍ ഗോത്രത്തിലെ കിഷ് എന്നയാളിന്‍റെ മകനായ സാവൂളിന്‍റെ ഒരു സവിശേഷതയായി ബൈബിള്‍ പറയുന്നത് "ഇവനേക്കാള്‍ കോമളനായി ഇസ്രായേലില്‍ മറ്റാരുമില്ലായിരുന്നു" എന്നാണ്. അവനു നല്ല ഉയരമുണ്ടായിരുന്നു. പിതാവിന്‍റെ കഴുതകളെ കാണാതായി. അവയെ അന്വേഷിക്കാന്‍ ഭൃത്യനെയും കൂട്ടി സാവൂളിനെ അയച്ചു. അന്വേഷണം വഴിമുട്ടിയപ്പോള്‍ പിന്തിരിയാന്‍ ശ്രമിച്ചെങ്കിലും കാര്യം സാധിക്കാന്‍ സൂഫ് പട്ടണത്തിലെ "ദൈവപുരുഷനെ" സമീപിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചു. അവര്‍ ആ മനുഷ്യന്‍ "ദീര്‍ഘദര്‍ശി"യാണ് എന്നു മനസ്സിലാക്കി. മൂന്നു ദിവസംമുമ്പു കാണാതായ കഴുതകളെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല എന്നു പറഞ്ഞു കൂടെ ഭക്ഷണത്തിനു ക്ഷണിച്ചു. പിറ്റേന്നു പ്രഭാതത്തില്‍ സാവൂളിനെ വിളിച്ച് "നീ പേകേണ്ട വഴി ഞാന്‍ കാണിച്ചുതരാം" എന്നു പറഞ്ഞു.

തുടര്‍ന്നു സാവൂളിനെ സാമുവല്‍ അഭിഷേകം ചെയ്തു. "കര്‍ത്താവ് തന്‍റെ ജനത്തിന്‍റെ ഭരണാധികാരിയായി നിന്നെ അഭിഷേചിച്ചിരിക്കുന്നു" എന്നാണു പറഞ്ഞത്. അങ്ങനെ പിതാവിന്‍റെ നഷ്ടപ്പെട്ട കഴുതകളെ അന്വേഷിച്ചു പോയവന്‍ "രാജാവായി" വാഴിക്കപ്പെട്ടു. അന്വേഷിച്ചതു കഴുതകളെയായിരുന്നു, കണ്ടെത്തിയതു രാജത്വമായി. ജീവിതയാത്രയില്‍ പലര്‍ക്കും ഇതു പോലുള്ള അനുഭവങ്ങള്‍ ഉണ്ടാകാം. അന്വേഷിക്കുന്നത് ഒന്ന്, കണ്ടെത്തുന്നതു മറ്റൊന്ന്. അടിസ്ഥാനപരമായി മനുഷ്യന്‍ അന്വേഷകനാണ്. എന്ത്? അതിനു പല പേരുകള്‍ പറയാം. പണം, പദവി, സമ്പത്ത്, അഭയം… അന്തമില്ലാത്ത ലക്ഷ്യങ്ങള്‍. പക്ഷേ, അന്വേഷിക്കേണ്ടതും കണ്ടെത്തേണ്ടതും എന്താണ്? ഞാന്‍ ആരാണ്, ആരായിരിക്കണം എന്നാണോ? പക്ഷേ, അന്വേഷിക്കുന്നതു മറ്റു പലതുമാകാം. സാവൂള്‍ അന്വേഷിച്ചതല്ല കണ്ടെത്തിയത്. അതു മറ്റൊരുവന്‍റെ അന്വേഷണത്തിന്‍റെയും കഥയാണ്. സാമുവലും അന്വേഷിക്കുകയായിരുന്നു.

സാമുവലിന്‍റെ അന്വേഷണം ദൈവനിവേശിതമായിരുന്നു എന്നാണു ബൈബിള്‍ സൂചിപ്പിക്കുന്നത്. ദൈവം തന്‍റെ ജനത്തെ ഭരിക്കാന്‍ ഒരുവനെ അന്വേഷിക്കുന്നു, സാമുവലിലൂടെ. ഇസ്രായേലിനു രാജാവുണ്ടാകുന്നത് സാമുവല്‍ ആഗ്രഹിച്ചതല്ല. രാജാധികാരം ഉണ്ടാക്കാവുന്ന വിപത്തിനെക്കുറിച്ചു വ്യക്തമായ മുന്നറിയിപ്പ് അദ്ദേഹം നല്കുന്നുണ്ട്. "രാജാവു നിമിത്തം നിങ്ങള്‍ വിലപിക്കും" (1 സാമു. 8:18). പക്ഷേ, ജനങ്ങള്‍ രാജാവിനുവേണ്ടി മുറവിളി കൂട്ടി. അപ്പോഴാണു രാജാവിനുവേണ്ടി അന്വേഷണം തുടങ്ങുന്നത്. ദൈവത്തിന്‍റെ അന്വേഷണം നമ്മിലൂടെയാണു നടക്കുന്നത്. അന്നത്തെപ്പോലെ ഇന്നും ഞാനും നിങ്ങളും നടക്കുന്ന മണ്ണില്‍ ദൈവം നടക്കുന്നില്ല. സാമുവലിനു കിട്ടിയ വിളി – രാജാവിനെ കണ്ടെത്താനുള്ള വിളിപോലെ വിളികള്‍ നമ്മെ തേടിവരുന്നു. ഞാനും നിങ്ങളും അങ്ങനെ അന്വേഷകരാകും. മകള്‍ക്കു ഭര്‍ത്താവിനെ അന്വേഷിക്കുന്ന മാതാപിതാക്കള്‍. വഴക്കുകള്‍ പറഞ്ഞുതീര്‍ക്കാന്‍ പറ്റിയവനെ അന്വേഷിക്കുന്നവരില്ലേ? പറ്റിയ ഉപദേശം തേടുന്നവരില്ലേ? ദൈവം നിശ്ചയിച്ച മരുമകളെയും മരുമകനെയും അന്വേഷിക്കും.

കഴുതയെ അന്വേഷിച്ചു ചെന്നവനെ സാമുവല്‍ കണ്ടെത്തുകയായിരുന്നു. ഇത്തരം അന്വേഷണങ്ങളും കണ്ടെത്തലുകളും നിരന്തരം നടക്കുന്നു. പക്ഷേ, കണ്ടെത്തലുകള്‍ തെറ്റിപ്പോകാം. സാവൂള്‍ രാജ്യത്തിന്‍റെ രാജാവിനു പറ്റിയവനായിരുന്നോ? കഴുതയെ അന്വേഷിച്ചവനെ രാജാവാക്കിയവന്‍ തന്നെ തന്‍റെ പുസ്തകാവസാനത്തില്‍ കുറിച്ചു: "എന്നിലും അരുളിച്ചെയ്തതുപോലെ കര്‍ത്താവു പ്രവര്‍ത്തിക്കുന്നു. അവിടുന്നു രാജ്യം നിന്നില്‍ നിന്നെടുത്തു നിന്‍റെ അയല്‍ക്കാരനായ ദാവീദിനു കൊടുത്തിരിക്കുന്നു." "കര്‍ത്താവിന്‍റെ സ്വരം നീ ശ്രവിച്ചില്ല… അതിനാലാണു കര്‍ത്താവ് നിന്നോട് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് (28:18). കഴുതയെ അന്വേഷിച്ചു രാജാവായവന്‍ ആത്മഹത്യയില്‍ അവസാനിക്കുന്നു. ആകസ്മികമായി രാജാവായി. പക്ഷേ, അവന്‍ അവനെ കണ്ടെത്തിയോ? ജീവിതം സാര്‍ത്ഥകമാക്കിയോ? രാജവായതില്‍ കഥ അവസാനിക്കുന്നില്ല. സാവൂള്‍ എന്തായിത്തീര്‍ന്നു? രാജാവായി, പക്ഷേ, എന്തു രാജാവ്? എങ്ങനെയുള്ള രാജാവ്? ഇതാണു സാവൂളിന്‍റെ കഥയിലെ പ്രസക്തമായ ചോദ്യം. ഇതിന്‍റെ ഉത്തരം സാവൂളിന്‍റെ ഉത്തരവാദിത്വത്തിന്‍റെ കഥയാണ്. അതുണ്ടാക്കാന്‍ സാമുവലിന്‍റെ അഭിഷേകതൈലത്തിനു കഴിയില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org