കഥയാകാന്‍ കഥ പറയുക

കഥയാകാന്‍ കഥ പറയുക

കുട്ടികള്‍ കഥകള്‍ വായിക്കുന്നു, കഥകള്‍ വായിച്ചു കേള്‍പ്പിക്കുന്നു. മനുഷ്യന്‍ കഥ പറയുന്നവനാണ്. സാഹിത്യം മനുഷ്യന്‍റെ കഥ പറച്ചിലാണ്. കഥ പറയുന്നതും കേള്‍ക്കുന്നതും എന്തെങ്കിലും വിവരം അറിയാനല്ല. ഒരു വിവരവും അറിവുമല്ല കഥയുടെ ലക്ഷ്യം. കഥയാണു നമ്മളെ ഉണ്ടാക്കുന്നത്. നാം കഥയില്‍ സംഭവിക്കുകയാണ്. കഥയുടെ ഭാഷയില്‍ കഥ സംഭവിക്കുന്നു. ഞാന്‍ കഥ കേള്‍ക്കുമ്പോഴും കാണുമ്പോഴും വായിക്കുമ്പോഴും അതിലെ ഒരു കഥാപാത്രമാകുന്നു. അതു പിന്നെ എന്നെക്കുറിച്ചുള്ള കഥയായി ഞാന്‍ കാണുന്നു. കഥയിലാണു കണക്കില്ലാത്ത സാദ്ധ്യതകള്‍ കൊണ്ടുവരുന്നത്. കഥയില്‍ നിന്നാണ് ഈ സാദ്ധ്യതകളുടെ ബൃഹത്തായ ചക്രവാളം വിരിയുന്നതും. അതൊക്കെ എന്നെ സംബന്ധിക്കുന്നത് "അങ്ങനെ ആയാല്‍" എന്ന മട്ടിലാണ്. ഞാന്‍ എന്നെ സങ്കല്പിക്കുന്നു – ഞാന്‍ എന്‍റെ ഭാവി കണ്ടുപിടിക്കുന്നു. എനിക്ക് എന്നെ കണ്ടെത്താന്‍ ഞാന്‍ ആയിരിക്കുന്ന കഥ കാരണമാകുന്നു.

ഒരു കഥയുണ്ടാകുന്നത് എപ്പോഴാണ്? ഒരു സംഭവം ഒരു കഥയല്ല. കഥകള്‍ ഉണ്ടാകുകയല്ല, ഉണ്ടാക്കുകയാണ്. മനുഷ്യനാണു കഥ പറയുന്നത്. മനുഷ്യനില്ലാത്തിടത്തു കഥയില്ല. മനുഷ്യന്‍ കഥ പറയുന്നു, കഥയുണ്ടാക്കുന്നു, കഥയാകുന്നു. നിരവധി സംഭവങ്ങളെ കോര്‍ത്തിണക്കിയാണു കഥയുണ്ടാക്കുക. സംഭവങ്ങള്‍ നിശ്ശബ്ദമാണ്. കാലദേശങ്ങളില്‍ സംഭവിക്കുന്നതും മനുഷ്യന്‍റെ അനുഭവങ്ങളും തമ്മില്‍ ചേര്‍ത്താണു കഥയുണ്ടാക്കുക. പരസ്പരബന്ധത്തില്‍ സംഭവങ്ങള്‍ ആഖ്യാനിക്കപ്പെടുകയാണ്. അവയെ സംയോജിപ്പിക്കുന്നത് ഒരു ഘടനയിലാണല്ലോ. ഈ സംയോജനത്തിന്‍റെ കര്‍മത്തില്‍ ഒരു കഥാവൃത്തം ഉണ്ടാക്കുന്നു. അവിടെ ആദിമധ്യാന്തങ്ങള്‍ യോജിപ്പിക്കപ്പെടുന്നു – അതാണ് ഇതിവൃത്തം.

കാലദേശങ്ങളിലെ അനുഭവഖണ്ഡങ്ങളാണു പലപ്പോഴും മറവില്‍ ഒളിഞ്ഞുകിടക്കുന്നത്. വര്‍ത്തമാന സൗഹൃദങ്ങള്‍ എല്ലാം നഷ്ടപ്പെട്ടു ഭൂതകാലത്തിലേക്കു മടങ്ങുന്നു. ഈ അനുഭവങ്ങള്‍ വ്യക്തികളും സമ്മര്‍ദ്ദങ്ങളും സമയങ്ങളുമായി ബന്ധപ്പെട്ടവയാണ്. പലതും എനിക്കു സംഭവിച്ചതും ഞാന്‍ അനുഭവിച്ചതും കണ്ടതും കേട്ടതുമാണ്. ഈ അനുഭവങ്ങളില്‍പ്പെട്ടു പോയവനാണു ഞാന്‍ – അതിലെ കഥാപാത്രമായവന്‍. അനുഭവങ്ങളെ പഴമയില്‍ നിന്നാണു വീണ്ടെടുക്കുന്നത്. അതു വെള്ളത്തില്‍ മുങ്ങി ആഴത്തില്‍ നിന്നു വീണ്ടെടുക്കുകയാണ്. പഴയതിലേക്ക് ഒരു മടങ്ങലുണ്ടെങ്കിലും അതു വര്‍ത്തമാനത്തിലേക്കാണു കൊണ്ടുവരുന്നത്. ഈ വീണ്ടെടുപ്പില്‍ അവയ്ക്ക് ഉടമസ്ഥന്‍ ഉണ്ടാകുന്നു. അഥവാ അതു കഥനത്തിന്‍റെ വിഷയമാകുന്നു. അങ്ങനെ വിഷയമാക്കുമ്പോള്‍ ആ സംഭവം തന്നെ മാറുന്നുണ്ട്. ആ മാറ്റം അതു കഥയുടെ ഭാഗമാകുമ്പോഴാണ്. പഴമയില്‍ നിന്നു വീണ്ടെടുത്തുകൊണ്ട് അതു കഥയാക്കാനവന്‍ കഥ കല്പിച്ചുണ്ടാക്കുകയാണ്.

ഈ കല്പിച്ചുണ്ടാക്കല്‍ സാദ്ധ്യതകളുടെ ചക്രവാളത്തില്‍ നിന്നാണു വരുന്നത്. അനുഭവങ്ങള്‍ പഴയതാകാം. പക്ഷേ, അവയെ വീണ്ടെടുക്കുമ്പോള്‍ അവ സാദ്ധ്യതകള്‍ നല്കുന്നു. ഈ സാദ്ധ്യത ഭാവിയാണ്. അതു സങ്കല്പിക്കുകയാണ്. പഴമയെ കല്പനയ്ക്കു വിധേയമാക്കുന്നു. പഴമയുടെ അവസ്ഥകളോട് ആജ്ഞാപിക്കുന്നു. അതു കല്പനയാണ്. ആജ്ഞാപിക്കുന്നവന്‍ ദീര്‍ഘവീക്ഷണത്തിലാണു കല്പിക്കുന്നത്. ദീര്‍ഘവീക്ഷണം ഉള്‍ക്കാഴ്ചയാണ്. അകലെ കാണല്‍ അകത്തു കാണലാണല്ലോ. അകത്തു നിന്നു ഭാവി പ്രക്ഷേപണം ചെയ്യുകയാണ്. ഇല്ലാത്തതാണു പറഞ്ഞുണ്ടാക്കുന്നത്.

വിദ്യാഭ്യാസകാലത്തു ധാരാളം പനമ്പു നെയ്തിട്ടുള്ളവനാണു ഞാന്‍. മൂന്ന് അളിയിലാണ് ഒരു പനമ്പിന്‍റെ സൃഷ്ടി തുടങ്ങുന്നത്. ഈറ്റ പൊളിച്ചുകീറിയാണ് അളികള്‍ ഉണ്ടാക്കുന്നത്. അളികള്‍കൊണ്ട് പനമ്പ്, അഥവാ കൂട, കൂട് എന്നിങ്ങനെ ഘടനകള്‍ ഉണ്ടാക്കുകയാണ്. മൂന്ന് അളിയില്‍ നിന്ന് അതു വ്യാപിക്കുന്നു. ആ വ്യാപനത്തിന്‍റെ രൂപമാണു കല്പിച്ചുണ്ടാക്കുന്നത്. ഈ കല്പനാവൈഭവമാണു മനുഷ്യന്‍റെ ധര്‍മ്മം, ആത്മീയത എന്നിവയില്‍ പ്രകടമാകുന്നത്. ധര്‍മം എന്നതു ഭാവിക്കു വര്‍ത്തമാനത്തിന്‍റെ മേലുള്ള അവാകാശമാണ്.

ഭിന്നമായ അനുഭവശകലങ്ങള്‍കൊണ്ട് ഉണ്ടാക്കുന്ന കല്പനയിലെ രൂപം ഇല്ലാത്തതാണു സൃഷ്ടിക്കുന്നത്. ഇല്ലാത്തത് അളിയല്ല, അളികള്‍കൊണ്ട് ഉണ്ടാക്കുന്ന രൂപമാണ്. ഉണ്ടാകട്ടെ എന്നു ദൈവം പറഞ്ഞു, ഉണ്ടായി. ഉണ്ടായതൊന്നും നിത്യമല്ല കാലികമാണ്, കടന്നുപോകുന്നതാണ്. അങ്ങനെ ഉണ്ടായതു കാലമാണ്. ഭാഷണത്തില്‍ നിന്നു ഉണ്ടായി. ഉണ്ടായതിനെ ഭാഷണത്തില്‍ ഒന്നിപ്പിക്കുന്നു. നിത്യമായ ആത്മാവിനെ ഭാഷയില്‍ പൂനര്‍ജീവിപ്പിക്കുന്ന വിധമാണു കാവ്യാത്മകമായ സങ്കല്പം. കാവ്യത്തിലാണ് ആന്തരികയാഥാര്‍ത്ഥ്യം ബാഹ്യലോകത്തെ ഭീഷണിപ്പെടുത്തുന്നതും മാറ്റിമറിക്കുന്നതും.

സമയം ഒഴുകുകയല്ല. സമയത്തിന്‍റെ ഒഴുക്കുതന്നെ ഒരു രൂപത്തിലാണ്. എല്ലാം കാലത്തില്‍ സംഭവിക്കുകയാണ്. സ്ഥലകാലങ്ങളുടെ ഊടിലും പാവിലും സംഭവങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. എല്ലാം അപ്രത്യക്ഷമാകുന്ന, പ്രത്യക്ഷങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കാനും സംഭവിക്കലിനും മനുഷ്യന്‍ പേരിടുന്നു. ഈ പേരിടല്‍ ഭാഷണമാണ്. അപ്പോള്‍ കാലം നിത്യതയുടെ നീങ്ങുന്ന നിഴലാക്കി അവന്‍ കണ്ടുപോകുന്നു. ഇല്ലാത്തതാണു വരുന്നത്. ഇല്ലാത്തതാണ് കാവ്യവും കഥനവും പറഞ്ഞുണ്ടാക്കുന്നത്. ഇല്ലാത്തു പറഞ്ഞു നടക്കുന്നവന്‍ ഭാവി ഉണ്ടാക്കുന്നവാണ്. എല്ലാ കഥകളും അഴിഞ്ഞുപോയവയെക്കൊണ്ട് കെട്ടിയുണ്ടാക്കി അഴുകാത്തതു സംരക്ഷിക്കുന്ന പണിയാണ്. അപ്പോഴാണു കഥകള്‍ അര്‍ത്ഥപൂര്‍ണവും പ്രസക്തവും വീണ്ടും വീണ്ടും പറയുന്നതുമായി മാറുന്നത്. ഭാവി ദൈവികഭാഷയായി മാറാം. ദൈവത്തെക്കുറിച്ചു പറയുന്നത് ഇല്ലാത്തതിനെക്കുറിച്ചുള്ള പറച്ചിലാണ്. ഉള്ളതൊന്നും ദൈവമല്ല. ഇല്ലാത്തതാണ് ദൈവം – അതീതമായി സങ്കല്പ്പിക്കുന്നു, അതിനായി കാത്തിരിക്കുന്നു, അതിനായി ദാഹിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org