യുഗാന്തജീവിതം

യുഗാന്തജീവിതം

യഹൂദജനത്തെ സംബന്ധിച്ചിടത്തോളം ചരിത്രം സംഭവിച്ച മണല്‍ക്കാടുകളാണു സ്ഥലങ്ങള്‍. ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും ദൈവം വെളിവാകുന്നതു ചരിത്രത്തിലൂടെയാണ്. അവര്‍ ഈജിപ്തില്‍ അടിമകളായിരുന്നു. എന്നാല്‍ അവിടത്തെ അടിമത്തത്തോടെ അവിടെ സംഭവിച്ച വസന്തകളുടെ ഉത്തരവാദികളായ ബലിയാടുകളായി അവര്‍ മാറ്റപ്പെട്ടപ്പോള്‍ അതിനോടോ അവര്‍ രാജിയായില്ല. വിധികളോടു ശണ്ഠകൂടിയ അവരെ ദൈവം വിമോചിപ്പിച്ചു. എന്നാല്‍ അതിന്‍റെ ദൈവിക ഇടപെടല്‍ പ്രവാചകനായ മോസസിലൂടെ സംഭവിച്ചു. സ്വാതന്ത്ര്യത്തിന്‍റെ പുറപ്പാട് യാത്ര നാടോടികളായിട്ടായിരുന്നു. പിന്നെ അവര്‍ കാനാന്‍കാരുടെ ഇടയില്‍ വസിച്ചു കൃഷി ചെയ്തു. കാനാന്‍ എന്നതു ഭിന്നമായ സംസ്കാരവും ലോകവീക്ഷണവുമായി. അതായിരുന്നു ആധിപത്യത്തിലിരുന്ന ലോക കാഴ്ചപ്പാട്, ആധികാരികമായിത്തീര്‍ന്ന കാഴ്ചപ്പാട്, ബലിയാടുകളെ സൃഷ്ടിക്കുന്ന അക്രമത്തിന്‍റെയായിരുന്നു. രാജവാഴ്ചകള്‍ വിശ്വാസപ്രതിസന്ധികളുടെ പേഗനിസത്തിലേക്കു കൂപ്പുകുത്താന്‍ കാരണമായി. അവര്‍ ബാബിലോണിലേക്കു അടിമകളായി നാടുകടത്തപ്പെട്ടു.

നാടുകടത്തി എന്നതു സ്ഥലം സ്വന്തമല്ലാത്തതായി എന്നതു മാത്രമല്ല. പ്രവാസികളായതു സാംസ്കാരികവും സാമൂഹികവുമായ പ്രതിസന്ധിയായിരുന്നു. വസിക്കാന്‍ മണ്ണില്ലാതായതു മാത്രമല്ല, വേരു പറിഞ്ഞു എന്നതുമല്ല സംസ്കാരത്തില്‍നിന്നു പുറത്താക്കപ്പെട്ടു. ഇസ്രായേലിന്‍റെ സംസ്കാരം നശിച്ചു; ക്ഷേത്രമില്ലാതായി, ബലികളും ആരാധനയും ഇല്ലാതായി. അവര്‍ പ്രവാസികളും പുറപ്പാടുകാരുമായി.

ഇതു യഹൂദരുടെ മാത്രം പ്രതിസന്ധിയാണോ? ഇന്ന് ഇത് ഏതു മലയാളിയുടെയും ഏതു ക്രിസ്ത്യാനിയുടെയും പ്രശ്നമാണ്. മണ്ണില്‍നിന്നു നാം പുറത്തായി, നാടില്ലാത്തവരായി, അഥവാ നാടുകടത്തപ്പെട്ടവരായി. മണ്ണില്‍ നിന്നു വേരു പറിഞ്ഞ കൃഷിക്കാരനായിരുന്ന നാബോത്തിന്‍റെ പ്രശ്നം നീതിയുടെ പ്രതിസന്ധി മാത്രമല്ല. മണ്ണില്‍നിന്നു പുറത്തായ പ്രതിസന്ധിയാണ്. സംസ്കാരത്തില്‍നിന്ന് അന്യമായ വേദന, ഗൃഹാതുരത്വം. അതു മണ്ണില്ലാതാകുന്നതു മാത്രമല്ല, അധികാരത്തിലിരിക്കുന്ന ലോകവീക്ഷണം അന്യമായി. കമ്പോളത്തിന്‍റെ ഒരു സാംസ്കാരികാധിനിവേശം അതു പരസ്പര സ്പര്‍ദ്ദയുടെയും മത്സരത്തിന്‍റെയും പരസ്പര ശണ്ഠയുടെയുമാണ്. ശക്തന്‍റെ ആധിപത്യത്തിന്‍റെയാണ്. അവിടെ ചെകുത്താന്‍റെ ഭരണം അക്രമത്തെ അക്രമംകൊണ്ടു നിയന്ത്രിക്കുന്ന വ്യവസ്ഥയാണ്. ഇരയാകാതിരിക്കാന്‍ വേട്ടക്കാരനാകുന്ന സ്ഥിതിവിശേഷം. മുതലാളിത്ത കമ്പോളത്തിന്‍റെ നാടോടി സംസ്കാരം.

ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ചരിത്രം രാജിയാവാത്ത ചരിത്രമാണ്. അവര്‍ വര്‍ത്തമാനത്തില്‍ തമ്പടിച്ചില്ല അവര്‍ പുറപ്പാടുയാത്രികരായി. ഭാവിയിലേക്കു നടക്കാന്‍ തീരുമാനിച്ചു. ആയിരിക്കുന്നതില്‍ അടയിരിക്കാതെ ആകാമായിരിക്കുന്നത് അന്വേഷിക്കുന്ന വിലാപത്തിന്‍റെ മനഷ്യരായി. അസന്നിഹിതമായത് അന്വേഷിക്കുന്ന വിലാപം. വര്‍ത്തമാനത്തില്‍ വസന്ത ബാധിക്കുന്നു എന്ന തിരിച്ചറിവ് തകര്‍ച്ചയുടെ ബോധമാണ്. അതു പ്രവാസികളുടെ ബാബിലോണ്‍ അടിമത്തമാണ്. വീടില്ലാത്തവന്‍റെ അപകടകരമായ ഇടങ്ങളില്‍ വസിക്കുന്ന പ്രതിസന്ധിയാണ്.

ഇവിടെയാണു വസിക്കാന്‍ പ്രാവചികബിംബങ്ങളും ഭാഷയും ഉണ്ടാക്കേണ്ടിവരുന്നത്. ഭാഷാഭവനമാണു നഷ്ടമാകുന്നത്. അതു കല്ലിലും മരത്തിലും കോണ്‍ക്രീറ്റിലും പണിയുന്ന കെട്ടിടമല്ല. സ്ഥലരഹിതമായ സാങ്കേതിക സംസ്കാരത്തിലാണു നാം. ഏതു സ്ഥലവും ഒന്നുപോലെ മണല്‍ക്കാടായി. ബൈബിള്‍ ഒരു ഭാഷാഭവനമാണ്. നാളെയുടെ ഭാഷ ഉണ്ടാക്കുന്ന പ്രവാചക ചൈതന്യം അവിടെയുണ്ട്. നാടില്ലാത്ത ശാപവും നിരാശയും നിസ്സഹായതയുമുണ്ട്. അതു പുത്തന്‍ഭാഷയുണ്ടാക്കുന്നു; പ്രവാചകചൈതന്യത്തിന്‍റെ കാവ്യഭാഷ. അവിടെ മതം സ്വകാര്യതയുടെ അടുക്കളയിലേക്കു പിന്‍വലിയേണ്ടതല്ല. ബൈബിളിന്‍റെ ഭാഷാഭവനത്തില്‍ വസിച്ചവര്‍ പ്രവാസികളായിരുന്നു. പക്ഷേ, അവരുടെ സാഹചര്യത്തെ ദൈവശാസ്ത്രപരമായി വ്യാഖ്യാനിച്ചു വാക്കുകളുടെ ഒരു നാട് അവര്‍ സ്വപ്നം കണ്ടു. അതു ഭൗതികമല്ല, ജീവിതമായിരുന്നു. കെട്ടുകഥകളുടെയും അക്രമത്തിന്‍റെയും അടിസ്ഥാനത്തിലുള്ള ആധുനികതയുടെ സിദ്ധാന്തത്തില്‍ ചെകുത്താനെ കാണാം. ആധിപത്യത്തിന്‍റെ ലോകവീക്ഷണങ്ങള്‍. ബലിയാടുകളെ സൃഷ്ടിക്കുന്ന രാജത്വത്തിന്‍റെ സിദ്ധാന്തം തിന്മയുടെയാണ്. അതിലേക്കു കൂപ്പുകുത്തുന്ന മതസ്ഥാപനങ്ങളും സ്ഥാപിത മതസംഘങ്ങളും ഉണ്ടായിപ്പോകാം. പ്രവാസത്തിന്‍റെ ബാബിലോണിലും ഇസ്രായേല്‍ പ്രഭാപൂര്‍ണവും ദൈവികവും സാഹിത്യകൃതികള്‍ രക്ഷയുടെ ഭാവി ഉണ്ടാക്കി; അവര്‍ ബൈബിളിലെ പ്രവാസികളുടെ പുസ്തകങ്ങള്‍ രചിച്ചു.

ദൈവത്തിന്‍റെ രക്ഷയും സാന്നിദ്ധ്യവും പ്രവാചകവചനങ്ങളിലൂടെ വെളിവാകുന്നു. ദൈവികത സ്ഥലമല്ല, അതു മനുഷ്യവ്യക്തിയിലാണു ദൃശ്യമാകുന്നത്. യഹൂദജനം പ്രകൃതിക്കു ദൈവികത നിഷേധിച്ചു. ദൈവികത ധര്‍മജീവിതത്തിലാണ്, അതിന്‍റെ മൂര്‍ത്തമായ മൂല്യബിംബം നീതിയാണ്. മനുഷ്യനാണ് ആത്മീയതയുടെ ഇടം. ദൈവരാജ്യം ആന്തരികതയിലാണ്, അത് അര്‍ത്ഥങ്ങളുടെ ശബ്ദങ്ങളുടെ കവിതകളും ഉണ്ടാക്കും. അസന്നിഹിതമായ ഭാവി വിശുദ്ധിയുടെ ഭാഷ രചിക്കും. രക്ഷ എന്നത് ഒരു സ്ഥലപ്രശ്നമല്ല, വേരുകള്‍ മനുഷ്യന് ആവശ്യമില്ല. അവന്‍ ചരിക്കുന്നവനാണ്. അവന്‍ പാലങ്ങള്‍ ഉണ്ടാക്കുന്നു. പാലങ്ങളുടെ പുതിയ ഭാഷകളില്‍ സംബന്ധങ്ങളും പുത്തന്‍ സമ്മേളനങ്ങളും സംഭവിക്കണം. ദേവഭാഷയുടെ വിശുദ്ധ ഭവനങ്ങള്‍ ഉണ്ടാകും. റോമില്‍ പോകുന്നതു പ്രയാസകരമാണ്, ലാഭകരമല്ല, നീ അന്വേഷിക്കുന്ന കര്‍ത്താവ് റോമിലുണ്ട്, വീട്ടിലുമുണ്ട്. വെറുതെ അന്വേഷിച്ചു നടക്കല്ലേ. വ്യക്തിയിലാണു വിശ്വാസം, സ്ഥലത്തല്ല. രണ്ടോ മൂന്നോ പേര്‍ കൂടുന്നിടത്തു "ഞാനുണ്ട്." പിശാചും മാലാഖയും മനുഷ്യരെപ്പോലെ ചരിക്കുന്നു. അവര്‍ സ്ഥലങ്ങളല്ല. പ്രവാസ ഇടങ്ങളില്‍ ചരിത്രം സംഭവിക്കുന്ന സ്ഥലങ്ങളാകും, ദൈവം സംഭവിക്കട്ടെ. ഭവനങ്ങളുണ്ടാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org