വാക്കുകളുടെ തിരശ്ശീലയ്ക്കുള്ളില്‍

വാക്കുകളുടെ തിരശ്ശീലയ്ക്കുള്ളില്‍

"…പ്രതിമയോ സ്വരൂപമോ നിര്‍മ്മിക്കരുത്" (പുറ. 20:4) എന്നതു ബൈബിളിലെ ഏറ്റവും ഉദാത്തമായ വാചകമാണ് എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഈ കല്പനയാണു ദൈവത്തിനു രൂപം ഇല്ലാതാക്കുന്നത്. ഒരു രൂപവുമില്ല എന്നത് എല്ലാ രൂപങ്ങളുടെയും നിഷേധമാണ്. ദൈവം കേവല മൂല്യമാണ്. അതില്‍ നിന്നാണ് എല്ലാ ജീവിതമൂല്യങ്ങളും സത്യങ്ങളും ഉരുത്തിരിയുന്നത്. കേവലമായതിന്‍റെ രൂപീകരണവും ചിത്രീകരണവുമാണു നിരോധിക്കപ്പെട്ടത്. കാരണം ഭാഷയും വാക്കുകളും രൂപങ്ങളും എല്ലാം ആപേക്ഷികമാണ്. സ്ഥലകാലബന്ധിയായ എല്ലാം ആപേക്ഷികമാണ്. അതുകൊണ്ട് ആപേക്ഷികതയുടെ രൂപങ്ങളിലോ പദങ്ങളിലോ പേരുകളിലോ കേവലമായതു പ്രകടിപ്പിക്കാനാവില്ല. കേവലത്തിനു പേരില്ല, രൂപമില്ല. അങ്ങനെ കേവലമായ സത്യത്തെ പേരിലാക്കിയാല്‍ രൂപത്തിലാക്കിയാല്‍ അതു വിഗ്രഹമാകും, നിഷിദ്ധമാകും. പേരിടല്‍ കേവല സത്യത്തെ കൊല്ലുന്നു, ഇല്ലാതാക്കുന്നു.

പക്ഷേ, മനുഷ്യനെന്ന ആദത്തിന്‍റെ ആദ്യനടപടി എല്ലാത്തിനും പേരിടുന്നതായിരുന്നു. കാരണം മനുഷ്യന്‍ ഭാഷയുടെ ഭവനത്തിലാണു വസിക്കുക. അവന്‍ പേരുകള്‍ ഇട്ടുകൊണ്ടേയിരിക്കുന്നു. വിഗ്രഹവത്കരണം തന്നെയല്ലേ പേരിടുന്ന കര്‍മ്മത്തിലും നടക്കുക? പേരു പദമാണ്, രൂപമാണ്, ഒരു ആപേക്ഷകമായ ചട്ടക്കൂടാണ്. അതില്‍ നിബന്ധിക്കുമ്പോള്‍ എല്ലാം പേരിട്ടു കൊല്ലപ്പെട്ടു. മനുഷ്യന്‍ സ്ഥിരം കഥ പറയുകയും കാര്യങ്ങള്‍ കഥകളാക്കുകയുമാണ്. ജീവിതത്തില്‍ പേരിന്‍റെ ഭാഷണരൂപീകരണത്തില്‍ നിന്ന് ഒഴിവാകാന്‍ പറ്റില്ല. പേരിടണം, പക്ഷേ, പേരുകള്‍ എപ്പോഴും തിരശ്ശീലയിട്ടു മറയ്ക്കലുമാണ്.

സത്യം എപ്പോഴും കേവലമാണ്, പേരിനതീതമാണ്. പക്ഷേ, സത്യം എന്ന വാക്കുപോലും സത്യത്തിന്‍റെ പേരായി മാറുന്ന പ്രതിസന്ധി. പേരിന്‍റെ പിന്നില്‍ സത്യത്തെ ഒതുക്കാനാവില്ല. വാക്കുകളും പേരുകളും ഭാഷയിലെ വ്യാഖ്യാനമാണ്, അവ മറയ്ക്കുകയാണ്. അവ കാണിക്കുന്നു എന്നു കരുതുന്നതു കാണിക്കുന്നുമില്ല. അഥവാ കാണിക്കല്‍ കബളിപ്പിക്കലാണ്. ദൈവത്തിന്‍റെ എല്ലാ പേരുകളും തിരശ്ശീലയ്ക്കുള്ളിലേക്കു മറയ്ക്കലും കബളിപ്പിക്കുന്ന വെളിവാക്കലുമാണ്. പല പേരുകളുടെയും തിരശ്ശീലയ്ക്കുള്ളിലെ ഒരു സത്യം ആ തിരശ്ശീല മാറ്റിയാല്‍ അതു ശൂന്യമാണ്. കേവല സത്യത്തിനു കേവല പ്രസ്താവങ്ങളില്ല. ഒരു പ്രസ്താവവും കേവലമാകില്ല.

മനുഷ്യന്‍ ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടു എന്നു ബൈബിള്‍ പറയുന്നു. ദൈവത്തിനു പേരില്ലെങ്കില്‍ ദൈവത്തിന്‍റെ രൂപത്തില്‍ സൃഷ്ടിക്കപ്പെട്ടവനു പേരുണ്ടോ? മനുഷ്യനു കൊടുക്കുന്ന എല്ലാ പേരുകളും ഒളിപ്പിക്കുന്ന തിരശ്ശീലകളാണ്. ദൈവത്തെപ്പോലെ മനുഷ്യത്വത്തെയും പേരിട്ടു വിഗ്രഹമാക്കുകയും കൊല്ലുകയും ചെയ്യുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org