വചനത്തിനു പിന്നില്‍

വചനത്തിനു പിന്നില്‍

എഴുത്തിനു പിന്നില്‍ ആരെങ്കിലുമുണ്ടോ? എഴുത്തിനു പിന്നിലുള്ളത് അസാന്നിദ്ധ്യമാണ്. എഴുത്തുകാരന്‍ എഴുത്തിന്‍റെ പിന്നിലില്ല. എന്നാല്‍ അയാളുടെ സാന്നിദ്ധ്യം ഒരു യാഥാര്‍ത്ഥ്യവുമാണ്. അയാള്‍ അസന്നിഹിതനായി പിന്നിലുണ്ട്. അയാളുടെ അസാന്നിദ്ധ്യത്തിനു ശബ്ദമോ അര്‍ത്ഥമോ നല്കാന്‍ ആരുണ്ട്? ഭാഷയല്ലാതെ മറ്റൊന്നുമില്ല. ഭാഷ എഴുതിയ ആളുടെയാണോ? അല്ല അതു അയാള്‍ക്കുമുമ്പുള്ളതും എല്ലാവര്‍ക്കും അവകാശപ്പെട്ടതുമായ ഒരു ഭാഷാഭവനമാണ്. പക്ഷേ എഴുത്തുകാരന്‍ എഴുതിയത് ആ ഭാഷയിലാണ്. അത് അയാളുടെ ഒരു സ്വകാര്യവും പറയുന്നില്ല. ഭാഷ സ്വാകാര്യമല്ല. പക്ഷേ, എഴുതിയ ഭാഷയാണ് അത്. അയാളുടെ ഉപയോഗത്തിന്‍റെ ചില പാടുകളും സൂചനകളും അതിലുണ്ടാകും.

എഴുത്തിന്‍റെ ഭാഷയും എഴുത്തുകാരനും തമ്മിലുള്ള ബന്ധംപോലെയാണ് – വേദവചനങ്ങളുടെ കാര്യവും. വേദഭാഷയുടെ പിന്നില്‍ ദൈവത്തിന്‍റെ നിശ്ശബ്ദതയുണ്ട്. എഴുത്തുകാരന്‍റെ നിശ്ശബ്ദത എഴുത്തിലുള്ളതുപോലെ വേദഭാഷയില്‍ ദൈവമുണ്ട്. പണ്ട് ഹെരാക്ലീറ്റസ് പറഞ്ഞു: "വെളിപാടുഭാഷ ഒന്നും പറയുന്നില്ല, ഒന്നും ഒളിക്കുന്നുമില്ല; അതു ചൂണ്ടുക മാത്രം ചെയ്യുന്നു." അതു ചൂണ്ടുന്നതു ഭാവിയിലേക്കാണ്. കാരണം വെളിപാടു ഭാവിയുടെ ഭാഷയാണ്. എല്ലാറ്റിന്‍റെയും ആദി ഭാഷയിലൂടെ സംസാരിക്കുന്നു. അതുകൊണ്ട് അതു പ്രവാചികമാണ്.

ഭാഷയാണ് അസാന്നിദ്ധ്യത്തിനു ശബ്ദം കൊടുക്കുന്നത്. അസാന്നിദ്ധ്യം വായിച്ചറിയുന്നവനാണു കലാകാരന്‍. അത് എനിക്കു സാധിക്കണമെങ്കില്‍ ഞാന്‍ എന്നെ ഉപേക്ഷിക്കണം. ഒളിക്കല്‍ തട്ടിപ്പാണ്, ഒളിക്കലല്ല, ഒഴിവാക്കലാണു വേണ്ടത്. എന്‍റെ വെളിച്ചം കെടുത്തി വേണം ഞാന്‍ എന്നെ ഒഴിവാക്കാന്‍. അപ്പോള്‍ എഴുത്തുകാരന്‍ അയാളുടെ പകലില്‍നിന്നു രാത്രിയിലേക്കു പ്രവേശിക്കുന്നു. അത് ഒരു ഉറക്കമാണ്. പക്ഷേ ഉറക്കം എപ്പോഴും ഉറങ്ങുന്നില്ല. രാത്രിയുടെ ഉണര്‍വ്, രാത്രി മൊഴിയുന്നതു കേള്‍ക്കാം. രാത്രിയുടെ വെളിപാടാണ് എഴുത്ത്. അത് അബോധത്തിന്‍റെ എഴുത്താകും. അബോധം ദൈവമാണോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org