വായനക്കാരോളം ബൈബിളുകളും

വായനക്കാരോളം ബൈബിളുകളും

ബൈബിള്‍ വായിക്കുന്ന ഓരോരുത്തരും അവരുടേതായ ബൈബിള്‍ ഉണ്ടാക്കുകയാണ്. ജീവതംകൊണ്ടും, ചിന്തയുടെ ആഭിമുഖ്യങ്ങളുടെയും തലത്തിലും. ലോകം വായിക്കുന്നവന്‍ ലോകം കല്പിച്ചുണ്ടാക്കുന്നുമുണ്ട്. ആ ലോകത്തില്‍ ജീവിക്കുന്നു. ബൈബിള്‍ വായിക്കുന്നവന്‍ ബൈബിളില്‍ ജീവിക്കാന്‍ തുടങ്ങുന്നു. അനന്തമായ ലോകംപോലെ ബൈബിളിന്‍റെ ലോകവും അനന്തമാണ്. അവിടെ ഊഹവും കല്പനയും പ്രവര്‍ത്തിക്കും. പൂരണമില്ലാത്തതു പൂരിപ്പിക്കുന്നു, ഊഹിച്ചും കല്പിച്ചും.

ഈ വായനയും വ്യാഖ്യാനവും വസ്തുനിഷ്ഠമോ ശരിയായതോ ആകണമെന്നില്ല. കല്പിത അര്‍ത്ഥങ്ങളും ഊഹിച്ചുള്ള പൂരണങ്ങളും ധാരാളം കടന്നുവരാം. വായനക്കാരന്‍ തന്‍റെതന്നെ ബൈബിള്‍ പതിപ്പാണ് ഉണ്ടാക്കുന്നത്. വായനക്കാരന്‍ എത്ര വിമര്‍ശനപരമായി വായിച്ചാലും അയാള്‍ ജീവിക്കുന്ന ലോകത്തിന്‍റെ ഭാഷയും പൊതുധാരണയും വീക്ഷണവും അയാളുടെ വ്യാഖ്യാനത്തിലും മനസ്സിലാക്കലിലും കടന്നുവരും. കാലസ്ഥലങ്ങളുടെ ബിന്ദുവില്‍ നിന്ന് അയാള്‍ ബൈബിള്‍ വായിക്കുകയായിരിക്കും. കാലത്തിന്‍റെയും സ്ഥലത്തിന്‍റെയും പൊതുധാരയില്‍ അയാള്‍ ബൈബിള്‍ ഭാഷ്യമുണ്ടാക്കും.

എഴുതപ്പെട്ട വി. ഗ്രന്ഥം ഒരു വിഗ്രഹംപോലെയാണ്. വിഗ്രഹത്തോടു ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉത്തരം കിട്ടില്ല. വിഗ്രഹത്തിന്‍റെ പിന്നില്‍ പറയുന്ന വിശുദ്ധനില്ല. ഗ്രന്ഥത്തിന്‍റെ പിന്നില്‍ സംസാരിക്കാന്‍ ഒരു ഗ്രന്ഥകാരനുമില്ല. പരസ്യമായ സംവേദനമില്ലാത്ത മൂകഗ്രന്ഥമാണത്. അതുകൊണ്ടു വായനക്കാരന്‍റെ മനസ്സിലാക്കലും വ്യാഖ്യാനവും അതിന്‍റെ ഭാഷയുടെയും അതു നല്കുന്ന കാഴ്ചയുടെയും പിന്നാലെ പോക്കാണ്. അതു വായനക്കാരന്‍റെ വ്യക്തിപരമായ അനുധാവനവും അനുകരണവുമാണ്. വായനക്കാരന്‍റെ ചോദ്യങ്ങള്‍ക്കും സമസ്യകള്‍ക്കും ഭാഷ നല്കുന്നു എന്നു വായനക്കാരന്‍ ഊഹിക്കുന്നു. അതിന്‍റെ പിന്‍ബലം വായനയുടെ ഭാഷയും വായനക്കാരന്‍റെ ആത്മാവുമാണ്.

അനന്തമായ വനത്തില്‍ പുള്ളിപ്പുലിയുടെ ഗന്ധമുണ്ട്. പക്ഷേ, അതിനെ ഒരിടത്തും കണ്ടെത്താനാകുന്നില്ല. അതിനെ ഭാഷയുടെ വലയില്‍ പിടികൂടാനുള്ള ശ്രമത്തിന്‍റെയും കണ്ടെത്തലിന്‍റെയും കഥകള്‍ ഓരോരുത്തര്‍ക്കും പറയാനുണ്ടാകും.

ബൈബിളിന്‍റെ വായനയുടെ അര്‍ത്ഥതലങ്ങള്‍ വളരുകയാണ്. ഒരു കൃതിക്ക് അത് എഴുതിയപ്പോഴത്തെ അര്‍ത്ഥവും വ്യാപ്തിയും ദിവസവും വികസിതവുമാകും, അര്‍ത്ഥതലങ്ങള്‍ സര്‍ഗാത്മകമായി മാറുകയും ചെയ്യും. എഴുത്തുകാരന്‍റെ ഉദ്ദേശ്യങ്ങളല്ല, എഴുത്തിന്‍റെ ഭാഷയും അതിനു വായനക്കാരന്‍റെ ആന്തരികത സൃഷ്ടിക്കുന്ന സര്‍ഗാത്മകതയും പുതിയ വ്യാഖ്യാന സാദ്ധ്യതകള്‍ നല്കിക്കൊണ്ടിരിക്കും. ഇതൊക്കെ വായനക്കാരന്‍ സൃഷ്ടിക്കുന്ന ബൈബിളിന്‍റെ പതിപ്പുകള്‍ ഭിന്നമാക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org