പേഗനിസം

പേഗനിസം

യഹൂദ-ക്രൈസ്തവ ഇസ്ലാമിക പാരമ്പര്യങ്ങള്‍ക്കു പുറത്തുള്ള മതങ്ങളെ ഒരു കാലത്തു പേഗന്‍ മതങ്ങള്‍ എന്നു വിളിച്ചിരുന്നു. എന്നാല്‍ ഇന്നു മണ്ണിന്‍റെ മക്കള്‍ വാദം, മൗലികവാദങ്ങള്‍, ദേശീയവാദം, വര്‍ഗജാതി മൗലികവാദങ്ങള്‍ ഇവയ്ക്കു പിന്നിലൊക്കെ പണ്ഡിതന്മാര്‍ പേഗനിസം കാണുന്നു. കത്തോലിക്കാചിന്തകനായ റേനെ ജിറാര്‍ഡ് പേഗനിസത്തിന്‍റെ മുഖമുദ്രയായി അതിന്‍റെ ബലിസ്വഭാവവും ബലിമൃഗങ്ങളെ സൃഷ്ടിക്കുന്ന വ്യവസ്ഥിതിയും കാണുന്നു. ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ മൃഗബലികളും നരബലികളും നടന്നു. അക്രമമാണ് അതിന്‍റെ അന്തര്‍ധാര. പക്ഷേ, ഇന്നു ദൈവങ്ങളെ പ്രീതിപ്പെടുത്താനല്ല ബലികളും ബലിമൃഗങ്ങളും. സംസ്കാരത്തിനുളളിലെ അക്രമാസക്തമായ ശക്തികളെ പ്രീതിപ്പെടുത്താനാണ്. അതു സാമ്പത്തികവും ജാതീയവും സാമുദായികവുമാകാം. ബലിയാക്കപ്പെടുന്നത് ആധിപത്യത്തിന്‍റെ ഇരകളാണ്. ഇസ്ലാമിക സ്റ്റേറ്റിന്‍റെ ഇരകളായവരെ കഴുത്തുമുറിച്ചു കുരിശിലേറ്റിയും നരബലി തുടരുന്നു.

നാസി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി റാലിയില്‍ ഹിറ്റ്ലര്‍ ചെയ്ത പ്രസംഗം ശ്രദ്ധിക്കുക: "ക്രിസ്തുവിന്‍റെ മരണശേഷം 12 അപ്പസ്തോലന്മാരുണ്ടായിരുന്നു. പക്ഷേ, അവര്‍ അവനോടു കൂറുപുലര്‍ത്തിയില്ല. എന്നാല്‍ ഹിറ്റ്ലറിനു 70 ദശലക്ഷം പിന്‍ഗാമികളുണ്ട്. നമ്മുടെ ഇടയില്‍ നമ്മുടേതില്‍ നിന്നു ഭിന്നമായ ചൈതന്യത്തോടുകൂടിയ മറ്റൊരു സംഘടന നമുക്ക് അംഗീകരിക്കാന്‍ പറ്റില്ല. നമുക്ക് അതു തകര്‍ക്കണം. നാസി പാര്‍ട്ടി എല്ലാ ആത്മാര്‍ത്ഥയോടെയും പറയുന്നു: "ഞാനാണു നിങ്ങളുടെ ദൈവവും കര്‍ത്താവും. ഞാനല്ലാതെ മറ്റൊരു ദൈവം നിങ്ങള്‍ക്കുണ്ടാകാന്‍ പാടില്ല… അങ്ങനെ നമ്മുടേതാണ് രാജ്യവും മഹത്ത്വവും. നമുക്കു ശക്തമായ സൈന്യവും പ്രതാപവുമുണ്ട്. നാം ആദരണീയ രാഷ്ട്രമാണ്. ദൈവം നമ്മെ വിജയിപ്പിക്കട്ടെ. ഹിറ്റ്ലറിനു സ്തോത്രം." ദശലക്ഷക്കണക്കിനു യഹൂദരും കമ്യൂണിസ്റ്റുകാരും ജിപ്സികളും ഗ്യാസ്ചേമ്പറുകളില്‍ ബലിയായി കൊല്ലപ്പെട്ടു.

അക്രമവും ആധിപത്യവുമാണു പേഗനിസത്തിന്‍റ കാതല്‍; ഞങ്ങള്‍ – നിങ്ങള്‍ എന്ന വിഭജനവും. ബലിയാടുകളായി മുദ്ര കുത്തപ്പെട്ടവര്‍ ഇല്ലായ്മ ചെയ്യപ്പെടുന്നു. പേഗന്‍ ബലികളില്‍ ഈ പ്രവണതയുടെ അപകടത്തെക്കുറിച്ചാണു മിഷല്‍ ഫുക്കോ എഴുതിയത്. "നമ്മുടെ ആദിയുടെ കഥ കാണിക്കുന്നതുപോലെ മനുഷ്യന്‍ എന്നതു പുതിയ കണ്ടുപിടുത്തമാണ്. ആ കണ്ടുപിടുത്തത്തിന്‍റെ അവസാനത്തിലാകാം നാം. അതിന്‍റെ സംവിധാനങ്ങള്‍ പ്രത്യക്ഷപ്പെടുന്നതുപോലെ മനുഷ്യന്‍ അപ്രത്യക്ഷമാകാം… കടല്‍പ്പുറത്തു മണലില്‍ വരച്ച മുഖം പോലെ മനുഷ്യന്‍ എന്നതു മായ്ച്ചുകളയപ്പെടും." ഇതു സംഭവിക്കാതെ മനുഷ്യത്വത്തിന്‍റെ മഹത്ത്വം നിലനില്ക്കണമെങ്കില്‍ ബലിവിരുദ്ധവും മനുഷ്യനെ ദൈവികതയിലേക്കുയര്‍ത്തുന്നതുമായ ക്രൈസ്തവ മാനവികതയുടെ മതം ജീവിക്കുന്ന സമൂഹങ്ങള്‍ വേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org